Monday, February 20, 2012

പി ജയരാജനെ ലീഗുകാര്‍ ആക്രമിച്ചു; വണ്ടി തകര്‍ത്തു

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സഞ്ചരിച്ച വാഹനം ലീഗുകാര്‍ ആക്രമിച്ചു. തളിപ്പറമ്പിനടുത്ത് അരിയില്‍ വച്ചാണ് അമ്പതോളം ലീഗുകാര്‍ സംഘടിതമായെത്തി കല്ലും ഇരുമ്പുവടിയും മറ്റുമായി ആക്രമണം നടത്തിയത്. വണ്ടി തല്ലിപ്പൊളിച്ചു. ആക്രമണത്തില്‍ ജയരാജനും ടി വി രാജേഷ് എംഎല്‍എയും അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തങ്ങളെ വധിക്കാനാണ് ലീഗുകാര്‍ ശ്രമിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. ഡ്രൈവര്‍ സമര്‍ഥമായി വണ്ടി ഓടിച്ചുകൊണ്ടുപോയതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

വണ്ടി തടഞ്ഞാണ് ലീഗ് സംഘം ആക്രമണം നടത്തിയത്. വണ്ടി നിര്‍ത്തി ജയരാജന്‍ ഇറങ്ങിയ സമയത്താണ് തല്ലിപ്പൊളിച്ചത്. രാജേഷിന്റെ മുതുകില്‍ കല്ലുകൊണ്ട് ഇടിച്ചു. കഴിഞ്ഞ ദിവസം സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കുന്നോല്‍ രാജനെ വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ഞായറാഴ്ച രാത്രി ഡിവൈഎഫ്ഐ നേതാവ് ഉമേഷിന്റെ വീട് ലീഗുകര്‍ തല്ലിപ്പൊളിച്ചു. ഇവിടം സന്ദര്‍ശിക്കാന്‍ പോയതാണ് പി ജയരാജന്‍ . പാര്‍ട്ടി എരിയ സെക്രട്ടറി പി വാസുദേവന്‍ , ഏ സി അംഗം സി മുകുന്ദന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ഇവര്‍ക്ക് മുന്നിലായി ഓട്ടോയില്‍ പോയ ഏരിയ കമ്മറ്റിയംഗം കെ ബാലകൃഷ്ണന്‍ ,ദേശാഭിമാനി ലേഖകന്‍ രാജീവന്‍ എന്നിവരെയും ആക്രമിച്ചു. ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ദിലീപ്, കൈരളി ടിവി പ്രവര്‍ത്തകരായ ഷിജിത്, ബാബുരാജ്, ജയന്‍ തുടങ്ങിയവര്‍ക്കും പരിക്കുണ്ട്. ജയരാജനടക്കം പരിക്കേറ്റവരെയെല്ലാം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക ചാനലായ സീല്‍ ടിവി സംഘം സഞ്ചരിച്ച വാഹനവും ആക്രമിക്കപ്പെട്ടു.

ലീഗ് ആക്രമണ പരമ്പര  സമാധാന ജീവിതത്തിന് വെല്ലുവിളി: സിപിഐ എം

മുസ്ലീം ലീഗ് അക്രമികള്‍ കണ്ണൂര്‍ ജില്ലയില്‍ ഭരണത്തണലില്‍ നടത്തുന്ന ആക്രമണ പരമ്പര കേരളത്തിലെ സമാധാന ജീവിതത്തിന് വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണം നടന്ന തളിപ്പറമ്പ് സന്ദര്‍ശിക്കാനെത്തിയ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ലീഗ് അക്രമികള്‍ അഴിഞ്ഞാടി. ജയരാജനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും സഞ്ചരിച്ച കാറ് അക്രമികള്‍ തകര്‍ക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് ജയരാജനും മറ്റും രക്ഷപ്പെട്ടത്. ജയരാജനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് രാജേഷിന് അക്രമികളില്‍നിന്ന് ഗുരുതരമായ പരിക്കുമേറ്റു. ദേശാഭിമാനി, കൈരളി, പ്രാദേശിക ടി.വി സംഘം എന്നിവയുടെ പ്രതിനിധികള്‍ സഞ്ചരിച്ച വാഹനങ്ങളും ആക്രമിക്കുകയും മാധ്യമപ്രവര്‍ത്തകരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ദേശാഭിമാനി സബ് എഡിറ്റര്‍ എം രാജീവന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. തളിപ്പറമ്പിനടുത്ത് പട്ടുവം അരീലില്‍ വച്ചാണ് അമ്പതോളം ലീഗുകാര്‍ സംഘടിതമായി എത്തി ഇരുമ്പുവടിയും കല്ലും ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ആക്രമണം നടത്തിയത്. കാര്‍ ഡ്രൈവറുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ് നേതാക്കളുടെ ജീവന്‍ രക്ഷപ്പെട്ടത്. രണ്ടു ദിവസമായി തളിപ്പറമ്പില്‍ ലീഗ് അക്രമം തുടരുകയാണ്. ദേശാഭിമാനി പത്രം വിതരണം ചെയ്ത സിപിഐ എം മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജന്റെ രണ്ട് കാലും വെട്ടിമാറ്റുന്ന നിലയില്‍ ക്രൂരമായ ആക്രമണം നടത്തി. ഇതില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രകടനത്തെയും ആക്രമിച്ചു. ഞായറാഴ്ച രാത്രി ഡിവൈഎഫ്ഐ നേതാവ് ഉമേഷിന്റെ വീട് ലീഗുകാര്‍ തല്ലിപ്പൊളിച്ചു.
സംഭവങ്ങള്‍ മനസ്സിലാക്കാനാണ് പാര്‍ടി ഏരിയാ സെക്രട്ടറി പി വാസുദേവന്‍ , എസി അംഗം മുകുന്ദന്‍ എന്നിവരോടൊപ്പം പി ജയരാജന്‍ സ്ഥലത്തെത്തിയത്. വീണ്ടുവിചാരമില്ലാത്ത ആക്രമണ നടപടികളില്‍നിന്നും ലീഗ് അടിയന്തരമായി പിന്മാറണം. യു.ഡി.എഫ് ഭരണത്തിന്റെ ബലത്തിലും പോലീസിന്റെ സഹായത്താലും കേരളത്തിലെ മുഖ്യ രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ അക്രമരാഷ്ട്രീയം അഴിച്ചുവിടുന്ന മുസ്ലീം ലീഗ് നടപടി എത്രയും വേഗം അവസാനിപ്പിക്കാന്‍ ലീഗ് നേതൃത്വവും യുഡിഎഫും തയ്യാറാകണം. യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിട്ട ലീഗിന്റെ അഴിഞ്ഞാട്ടത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ള നേതാക്കളെ മുസ്ലിം ലീഗുകാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ചൊവ്വാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍

deshabhimani news

1 comment:

  1. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സഞ്ചരിച്ച വാഹനം ലീഗുകാര്‍ ആക്രമിച്ചു. തളിപ്പറമ്പിനടുത്ത് അരിയില്‍ വച്ചാണ് അമ്പതോളം ലീഗുകാര്‍ സംഘടിതമായെത്തി കല്ലും ഇരുമ്പുവടിയും മറ്റുമായി ആക്രമണം നടത്തിയത്. വണ്ടി തല്ലിപ്പൊളിച്ചു. ആക്രമണത്തില്‍ ജയരാജനും ടി വി രാജേഷ് എംഎല്‍എയും അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തങ്ങളെ വധിക്കാനാണ് ലീഗുകാര്‍ ശ്രമിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. ഡ്രൈവര്‍ സമര്‍ഥമായി വണ്ടി ഓടിച്ചുകൊണ്ടുപോയതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

    ReplyDelete