Wednesday, February 22, 2012

ടിടിഇമാരുടെ സസ്പെന്‍ഷന്‍ ഏകപക്ഷീയമായി പിന്‍വലിച്ചു

തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ യാത്രക്കാരി ജയഗീതയെ മാനസികമായി പീഡിപ്പിച്ച ടിടിഇമാരായ ജാഫര്‍ , പ്രവീണ്‍ എന്നിവര്‍ക്കെതിരായ സസ്പെന്‍ഷന്‍ റെയില്‍വേ ഏകപക്ഷീയമായി പിന്‍വലിച്ചു. പരാതി നിലനില്‍ക്കുന്നതല്ലെന്നു കണ്ടാണ് നടപടി പിന്‍വലിച്ചതെന്ന് അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ വി രാജീവന്‍ അറിയിച്ചു. ടിടിഇമാരുടെ അപമര്യാദയായ പെരുമാറ്റത്തെ കുറിച്ച് വകുപ്പുതല അന്വേഷണം നടത്താനും റെയില്‍വേ തയ്യാറായില്ല. റെയില്‍വേ അധികൃതരുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

സ്ത്രീകളോട് ചില ടിടിഇമാര്‍ അപമര്യാദയായി പെരുമാറുന്ന വിവരം ബോധ്യമായിട്ടും അതൊന്നും പരിഗണിക്കാതെയാണ് സസ്പെന്‍ഷനിലായ ടിടിഇമാരെ രണ്ടുദിവസത്തിനകം തിരിച്ചെടുത്തത്. മാനസിക പീഡനത്തിന് ഇരയായ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ആസൂത്രണബോര്‍ഡ് ഗവേഷക ഉദ്യോഗസ്ഥയുമായ ജയഗീതയുടെ പരാതിയില്‍ കേരള സര്‍ക്കാരിന്റെ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തുടരുമെന്ന് റെയില്‍വേ മാനേജര്‍ പറഞ്ഞു.

ഇതിനിടെ, കേസില്‍ പ്രതികളായ രണ്ട് ടിടിഇമാര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ചുമതല വഹിക്കുന്ന ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) ടി പി അനീഷ്കുമാര്‍ ആണ് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ജയഗീതയോട് ടിടിഇമാര്‍ മോശമായി പെരുമാറിയത്. തന്റെ സമീപത്തിരുന്ന് മോശമായി സംസാരിക്കുകയും ടിടിഇമാരുടെ കൂപ്പയിലേക്ക് ക്ഷണിക്കുകയുമായിരുന്നെന്ന് ജയഗീത പരാതിയില്‍ പറഞ്ഞു. സംഭവം മൊബൈല്‍ ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് അഡ്വ. ശിവപ്രസാദിനോടും ടിടിഇമാര്‍ മോശമായി പെരുമാറി. വ്യാപക പ്രതിഷേധമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ അധികൃതര്‍ ജാഫറിനെയും പ്രവീണിനെയും സസ്പെന്‍ഡ് ചെയ്തത്. ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റുകാര്‍ക്ക് വേണാട്, പരശുറാം ട്രെയിനുകളില്‍ മാത്രമേ യാത്ര അനുവദിച്ചിട്ടുള്ളൂവെന്നും ഇതിനുവിരുദ്ധമായി തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ യാത്ര ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഡിആര്‍ഇയു ഡിവിഷണല്‍ സെക്രട്ടറി കെ ശശിധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജയഗീത നിയമപോരാട്ടത്തിന്

കൊല്ലം: ട്രെയിനില്‍ സ്ത്രീ യാത്രക്കാര്‍ക്ക് എന്ത് പീഡനമുണ്ടായാലും സഹിക്കണം. പ്രതികരിച്ചാല്‍ അപമാനിച്ച് ഇല്ലായ്മ ചെയ്യും എന്നാണ് ടിടിഇ മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കലിലൂടെ വെളിപ്പെടുത്തിയിരിക്കുന്നതെന്ന് എഴുത്തുകാരി ജയഗീത പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനസമിതി അംഗം കൂടിയായ തന്നെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ മാനസികമായി പീഡിപ്പിച്ച ടിടിഇമാരായ ജാഫര്‍ , പ്രവീണ്‍ എന്നിവര്‍ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെക്കുറിച്ച് "ദേശാഭിമാനി"യോട് പ്രതികരിക്കുകയായിരുന്നു അവര്‍ .

കേരളസമൂഹത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രതിഷേധത്തെ റെയില്‍വേ അവഗണിക്കില്ല എന്നാണ് പ്രതീക്ഷിച്ചത്. റെയില്‍വേ മന്ത്രി കേരളത്തിലെത്തിയ ദിവസംതന്നെ ശിക്ഷാനടപടി പിന്‍വലിച്ചത് ദുരൂഹമാണ്. ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങള്‍ക്കു പിന്നിലും ചില റെയില്‍വെ ഉദ്യോഗസ്ഥരുടെ പിന്‍ബലമുണ്ട്. വലിയ വേരുകളുള്ള ഈ ലോബിയുടെ ചെയ്തികള്‍ പുറത്തുവരുമെന്ന് ആശങ്ക ഉയര്‍ന്നപ്പോഴാണ് നിരുപാധികം ശിക്ഷാനടപടി പിന്‍വലിച്ചത്. പരാതിയിന്മേല്‍ പ്രാഥമികമായ അന്വേഷണം പോലും നടത്താതെ അടിസ്ഥാനരഹിതമെന്ന് വിധി പ്രസ്താവിച്ചു.

പരാതിക്ക് ആധാരമായ സംഭവമുണ്ടായപ്പോള്‍ ആദ്യം പ്രതികരിച്ചത് മുന്‍ മന്ത്രി പി കെ ഗുരുദാസന്‍ എംഎല്‍എയും മുന്‍ സ്പീക്കര്‍ വി എം സുധീരനുമാണ്. ബഹുമാന്യരായ ഇവരെയും റെയില്‍വേ അപമാനിച്ചിരിക്കുകയാണ്. റെയില്‍വേ വിജിലന്‍സ് എന്നു പറഞ്ഞ് കബളിപ്പിക്കാന്‍ എത്തിയ മെക്കാനിക്കല്‍ സ്റ്റാഫിനെക്കുറിച്ച് ഒരു അന്വേഷണവും റെയില്‍വേ നടത്തിയില്ല. മുഖ്യമന്ത്രി, വനിതാ കമീഷന്‍ , ദേശീയ വനിതാ കമീഷന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പരാതി നല്‍കി. ചില റെയില്‍വേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘത്തെ വെളിച്ചത്തു കൊണ്ടുവരാന്‍ അവസാനംവരെ നിയമപോരാട്ടം നടത്തുമെന്നും ജയഗീത പറഞ്ഞു.

deshabhimani 220212

1 comment:

  1. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ യാത്രക്കാരി ജയഗീതയെ മാനസികമായി പീഡിപ്പിച്ച ടിടിഇമാരായ ജാഫര്‍ , പ്രവീണ്‍ എന്നിവര്‍ക്കെതിരായ സസ്പെന്‍ഷന്‍ റെയില്‍വേ ഏകപക്ഷീയമായി പിന്‍വലിച്ചു. പരാതി നിലനില്‍ക്കുന്നതല്ലെന്നു കണ്ടാണ് നടപടി പിന്‍വലിച്ചതെന്ന് അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ വി രാജീവന്‍ അറിയിച്ചു. ടിടിഇമാരുടെ അപമര്യാദയായ പെരുമാറ്റത്തെ കുറിച്ച് വകുപ്പുതല അന്വേഷണം നടത്താനും റെയില്‍വേ തയ്യാറായില്ല. റെയില്‍വേ അധികൃതരുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

    ReplyDelete