Sunday, February 19, 2012

ഹിന്ദുത്വ ഭീകരശൃംഖലയെ കുറിച്ച് വിവരം ലഭിച്ചു

സംഝോത എക്സ്പ്രസ് സ്ഫോടന കേസില്‍ അറസ്റ്റിലായ ഹൈന്ദവഭീകരന്‍ കമാല്‍ ചൗഹാനില്‍നിന്ന് രാജ്യത്തെ ഹൈന്ദവ ഭീകരശൃംഖലയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) ലഭിച്ചു. 68 പേര്‍ കൊല്ലപ്പെട്ട സ്ഫോടനം ആസൂത്രണം ചെയ്ത രീതി ചൗഹാന്‍ വെളിപ്പെടുത്തി. ഭീകരപ്രവൃത്തിയില്‍ ഒരു ഖേദവുമില്ലെന്ന നിലപാടാണ് ഈ ആര്‍എസ്എസുകാരന്. സ്ഫോടനത്തിന്റെ അഞ്ചാംവാര്‍ഷികത്തിന് തൊട്ടുമുമ്പാണ് ചൗഹാന്‍ പിടിയിലായത്. നാലുപേര്‍ ചേര്‍ന്ന് നാല് ബോംബുകളാണ് ട്രെയിനില്‍ വച്ചതെന്ന് ചൗഹാന്‍ വെളിപ്പെടുത്തി. രണ്ടുപേരടങ്ങുന്ന രണ്ട് സംഘമായി ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലെത്തി സംഝോത എക്സ്പ്രസില്‍ കയറുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്തുകയെന്ന ലക്ഷ്യത്തോടെ ആറുവര്‍ഷം മുമ്പാണ് ഹൈന്ദവ ഭീകര സംഘടന ആസൂത്രണവും പരിശീലനവും ആരംഭിച്ചത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലുള്ള ബാഗ്ളിയിലായിരുന്നു ആദ്യ പരിശീലന ക്യാമ്പ്. 11 പേര്‍ ഇവിടെ സായുധപരിശീലനം നേടി. പിന്നീട് 2006 ഏപ്രിലില്‍ ഡല്‍ഹിക്കടുത്ത് ഫരീദാബാദില്‍ തോക്കുപയോഗിക്കാനുള്ള പരിശീലനം നല്‍കി. കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് സുനില്‍ ജോഷിയായിരുന്നു ക്യാമ്പിന്റെ സംഘാടകന്‍ . ഇപ്പോള്‍ ഒളിവിലുള്ള രാമചന്ദ്ര കല്‍സങ്ര, സന്ദീപ് ഡാങ്കെ, ജയിലില്‍ കഴിയുന്ന ലോകേഷ് ശര്‍മ്മ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. സ്ഫോടനത്തിന് മൂന്നുദിവസം മുമ്പ് ലോകേഷ് ശര്‍മ ഫോണില്‍ വിളിച്ച് ഇന്‍ഡോറില്‍ എത്താന്‍ ആവശ്യപ്പെട്ടെന്ന് ചൗഹാന്‍ പറഞ്ഞു. ജോലിക്കുള്ള സമയമായെന്നും തന്നോടൊപ്പം യാത്രയില്‍ പങ്കാളിയാകണമെന്നും ലോകേഷ് ശര്‍മ അറിയിച്ചു.

ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ലോകേഷിനെ കണ്ടു. കൈയില്‍ രണ്ട് സ്യൂട്ട്കേസുകളുണ്ടായിരുന്നു. ഡല്‍ഹിയിലെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്തിരുന്നു. ചുറ്റും യാത്രക്കാരുള്ളതിനാല്‍ ദൗത്യത്തെ കുറിച്ച് സംസാരിച്ചില്ല. അടുത്ത ദിവസം പുലര്‍ച്ചെ നിസാമുദീനിലെത്തി. അവിടെനിന്ന് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലേക്ക്. ഒരു ഡോര്‍മിറ്ററി ബുക്ക് ചെയ്ത് സ്യൂട്ട്കേസുകള്‍ സൂക്ഷിച്ചു. പിന്നെ നഗരത്തില്‍ കറങ്ങി പദ്ധതി ചര്‍ച്ച ചെയ്തു. വൈകിട്ട് സ്റ്റേഷനിലെത്തി സംഝോത എക്സ്പ്രസ് പ്ലാറ്റ്ഫോമിലേക്ക് വരാന്‍ കാത്തിരുന്നു. ട്രെയിന്‍ എത്തിയപ്പോള്‍ ഒരു സ്യൂട്ട്കേസുമായി ലോകേഷ് കയറി. കംപാര്‍ട്ട്മെന്റില്‍ എവിടെയോ സ്യൂട്ട്കേസ് വച്ചശേഷം തിരിച്ചിറങ്ങി. പിന്നീട് തന്റെ കൈയിലെ സ്യൂട്ട്കേസുമായി മറ്റൊരു കംപാര്‍ട്ട്മെന്റില്‍ കയറി. പെട്ടി വച്ച ശേഷം പുറത്തിറങ്ങിയ ലോകേഷ് തന്നെയും കൂട്ടി പെട്ടെന്ന് തന്നെ പുറത്തുകടന്നു. സ്റ്റേഷനില്‍ വച്ച് ബോംബുകളുമായെത്തിയ മറ്റ് രണ്ട് കൂട്ടാളികളെ കണ്ടെങ്കിലും സംസാരിച്ചില്ല. രാംജിയെന്ന രാമചന്ദ്രയാണ് ബോംബുകള്‍ ഒരുക്കിയത്- എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ ചൗഹാന്‍ പറഞ്ഞു.

ബോംബ് സ്ഥാപിച്ച മറ്റ് രണ്ട് പേരുടെ വിവരവും ലഭിച്ചെന്ന് എന്‍ഐഎ പറഞ്ഞു. സ്വാമി അസീമാനന്ദ്, സുനില്‍ ജോഷി, രാമചന്ദ്ര കല്‍സങ്ര, സന്ദീപ് ഡാങ്കെ, ലോകേഷ് ശര്‍മ എന്നിവരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

deshabhimani 190212

1 comment:

  1. സംഝോത എക്സ്പ്രസ് സ്ഫോടന കേസില്‍ അറസ്റ്റിലായ ഹൈന്ദവഭീകരന്‍ കമാല്‍ ചൗഹാനില്‍നിന്ന് രാജ്യത്തെ ഹൈന്ദവ ഭീകരശൃംഖലയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) ലഭിച്ചു. 68 പേര്‍ കൊല്ലപ്പെട്ട സ്ഫോടനം ആസൂത്രണം ചെയ്ത രീതി ചൗഹാന്‍ വെളിപ്പെടുത്തി. ഭീകരപ്രവൃത്തിയില്‍ ഒരു ഖേദവുമില്ലെന്ന നിലപാടാണ് ഈ ആര്‍എസ്എസുകാരന്. സ്ഫോടനത്തിന്റെ അഞ്ചാംവാര്‍ഷികത്തിന് തൊട്ടുമുമ്പാണ് ചൗഹാന്‍ പിടിയിലായത്. നാലുപേര്‍ ചേര്‍ന്ന് നാല് ബോംബുകളാണ് ട്രെയിനില്‍ വച്ചതെന്ന് ചൗഹാന്‍ വെളിപ്പെടുത്തി. രണ്ടുപേരടങ്ങുന്ന രണ്ട് സംഘമായി ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലെത്തി സംഝോത എക്സ്പ്രസില്‍ കയറുകയായിരുന്നു.

    ReplyDelete