Tuesday, February 21, 2012

അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ യുഡിഎഫ് തകര്‍ക്കുന്നു: പിണറായി

സംസ്ഥാനത്തെ സമസ്ത മേഖലയെയും യുഡിഎഫ് സര്‍ക്കാര്‍ പിറകോട്ടടിപ്പിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ ബഹുജന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ യുഡിഎഫ് ഒന്നൊന്നായി തകര്‍ക്കുകയാണ്. 2006ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ ശാപമായാണ് കണ്ടത്. ഓരോ മേഖലയിലും ആ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനങ്ങളെ ദുരിതക്കയത്തിലാഴ്ത്തിയതാണ് ഇതിന് കാരണം. ഒരുതരത്തിലും രക്ഷിക്കാന്‍ കഴിയില്ലെന്നു വിചാരിച്ചിടത്തുനിന്നാണ് 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോ മേഖലയെയും കൈപിടിച്ചുയര്‍ത്തിയത്. കര്‍ഷക ആത്മഹത്യ തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദ നടപടിയാണ് സ്വീകരിച്ചത്. ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങളെ പ്രത്യേകമായി പരിഗണിച്ച് ഒട്ടേറെ നടപടിയെടുത്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പെട്ടെന്ന് കാര്യങ്ങള്‍ മാറി. യുഡിഎഫ് സര്‍ക്കാര്‍ വന്ന് കുറച്ചുദിവസത്തിനകം കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന ജില്ലയായി വയനാട് മാറി. യുപിഎ സര്‍ക്കാരിന്റെ നയം യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നതാണ് കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് കാരണം. കൃഷിക്കാര്‍ക്കുള്ള സബ്സിഡി എടുത്തുകളഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് സബ്സിഡി നല്‍കുകയാണ് യുപിഎ സര്‍ക്കാര്‍ . ഈ മാതൃക യുഡിഎഫ് പിന്തുടരുന്നതിന്റെ ഫലമായി കേരളത്തിലെ കാര്‍ഷിക മേഖല പൂര്‍ണമായി തകര്‍ന്നു.

പൊതുമേഖല- പരമ്പരാഗത വ്യവസായ മേഖലയുടെയും സ്ഥിതി ഭിന്നമല്ല. നഷ്ടത്തിലുള്ള പൊതുമേഖലയായിരുന്നു 2006ലെങ്കില്‍ , 2011ല്‍ നഷ്ടമുള്ള ഒരു പൊതുമേഖലാ സ്ഥാപനവുമില്ലെന്ന നില വന്നു. വര്‍ഗീയ ശക്തികളെ താലോലിക്കുകയും അവരോട് സമരസപ്പെടുകയും ചെയ്യുകയാണ് ഇപ്പോഴും യുഡിഎഫ് സര്‍ക്കാര്‍ . ക്രമസമാധാന രംഗം അതിവേഗത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. ഹൈക്കോടതി ഉത്തരവുകള്‍ക്കുപോലും യുഡിഎഫ് സര്‍ക്കാര്‍ വില കല്‍പ്പിക്കുന്നില്ല. പാമൊലിന്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ വന്നപ്പോള്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ തെറിവിളിച്ച് സ്ഥാനത്തുനിന്ന് മാറ്റി. പിന്നീട് വിജിലന്‍സ് അന്വേഷണമെന്ന പൊറാട്ടുനാടകം അരങ്ങേറി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാനിക്കാതെ അവര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് രാജിവച്ച് ഒഴിയേണ്ടിവന്നു. നിയമവാഴ്ചയെപ്പോലും സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും പിണറായി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ പിണറായിയെ വിവിധ പാര്‍ടി ഘടകങ്ങള്‍ ഹാരാര്‍പ്പണം നടത്തി.എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി.

deshabhimani 210212

1 comment:

  1. TUESDAY, FEBRUARY 21, 2012

    അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ യുഡിഎഫ് തകര്‍ക്കുന്നു: പിണറായി
    സംസ്ഥാനത്തെ സമസ്ത മേഖലയെയും യുഡിഎഫ് സര്‍ക്കാര്‍ പിറകോട്ടടിപ്പിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ ബഹുജന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

    ReplyDelete