തെരുവുകളിലും ഗ്രാമങ്ങളിലും ഉയര്‍ന്നുപാറുന്ന ചെമ്പതാകകള്‍ , നാട്ടിന്‍പുറം മുതല്‍ നഗരത്തില്‍ വരെ കമനീയമായ സംഘാടകസമിതി ഓഫീസുകള്‍ , നേതാക്കളുടെയും വിപ്ലവകാരികളുടെയും വര്‍ണചിത്രങ്ങളുമായി പ്രചാരണ ബോര്‍ഡുകള്‍ .....കോഴിക്കോട് ചുവപ്പിലേക്കും ആവേശത്തിലേക്കും ഉണരുകയായി, സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാന്‍ .
കോഴിക്കോട്ടെ പ്രധാന സ്വാഗതസംഘം ഓഫീസുമുതല്‍ മലയോരങ്ങളിലും വയലേലകളിലുമായുള്ള സംഘാടകസമിതി ഓഫീസുകള്‍വരെ എല്ലായിടത്തും പാര്‍ടി പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്. വര്‍ണാഭമായ ബോര്‍ഡുകള്‍വെച്ച്, ചുവരുകളെഴുതി, ബ്രാഞ്ചുകള്‍ തോറും കുടുംബസംഗമങ്ങള്‍ നടത്തി പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മത്സരാധിഷ്ഠിതമായ പ്രകടനമാണ് ഓരോ പാര്‍ടിഘടകവും കാഴ്ചവെക്കുന്നത്. പാര്‍ടി കോണ്‍ഗ്രസിന്റെ ബോര്‍ഡ് ജില്ലയിലെ 2301 ബ്രാഞ്ചുകളിലും ഉയര്‍ന്നതായി സ്വാഗതസംഘം ജനറല്‍ സെക്രട്ടറികൂടിയായ പാര്‍ടി ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ബ്രാഞ്ച്തല സംഘാടകസമിതി രൂപീകരണം 29ന് പൂര്‍ത്തിയാകും. കേളു ഏട്ടന്‍ പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 151 ലോക്കലുകളിലും ബഹുജന വിദ്യാഭ്യാസക്ലാസും ആരംഭിച്ചു.
"എന്തുകൊണ്ട് മാര്‍ക്സിസം, എന്തുകൊണ്ട് സിപിഐ എം" എന്ന വിഷയത്തിലാണ് ക്ലാസുകള്‍ . രക്തദാന ക്യാമ്പുകള്‍ , അവയവദാന ബോധവല്‍ക്കരണം, മദ്യാസക്തിക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ പ്രചാരണം, ഗ്രാമോത്സവങ്ങള്‍ തുടങ്ങി പുതുമയാര്‍ന്ന പ്രചരണത്തിലാണ് ശ്രദ്ധ. വളണ്ടിയര്‍മാരെ സേവനരംഗത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് തുടക്കം കുറിച്ച് ബഹുജനങ്ങളും വളണ്ടിയര്‍മാരും ചേര്‍ന്ന് മാര്‍ച്ച് 16ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ശുചീകരിക്കും. 27നാണ് ജില്ലയിലാകെ ശുചീകരണ പരിപാടി. പാര്‍ടികോണ്‍ഗ്രസ് സമാപിക്കുന്ന ഏപ്രില്‍ ഒമ്പതിന് കാല്‍ലക്ഷം ചുവപ്പുവളണ്ടിയര്‍മാരുടെ മാര്‍ച്ച് നടക്കും.
പാര്‍ടി കോണ്‍ഗ്രസിന്റെ സന്ദേശമുയര്‍ത്തി ഏരിയാതലത്തില്‍ നാലു സെമിനാര്‍ പൂര്‍ത്തിയായി. ഇനി ഒമ്പതു സെമിനാറുകള്‍ കൂടി നടക്കും. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ സാര്‍വദേശീയ-ദേശീയ ശ്രദ്ധയാകര്‍ഷിച്ച പ്രതിഭകളും ബുദ്ധിജീവികളും അണിനിരക്കുന്ന സെമിനാറുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. രക്തസാക്ഷി കുടുംബങ്ങള്‍ , നാടക കലാകാരന്മാര്‍ , സാംസ്കാരിക പ്രവര്‍ത്തകര്‍ , പഴയകാല നേതാക്കള്‍ , ആദ്യകാല പ്രവര്‍ത്തക കുടുംബങ്ങള്‍ , പ്രവാസികള്‍ , യുവജന-വിദ്യാര്‍ഥി-മഹിളാ-തൊഴിലാളി പ്രവര്‍ത്തകര്‍ , അടിയന്തരാവസ്ഥയില്‍ പീഡനമേറ്റവര്‍ തുടങ്ങി വിവിധ മേഖലകളിലെ പോരാളികളുടെയും പ്രവര്‍ത്തകരുടെയും സംഗമങ്ങള്‍ക്കുള്ള തയാറെടുപ്പുകളും സജീവമാണ്.
ദേശീയവോളിക്ക് ബാലുശ്ശേരിയിലും കൊയിലാണ്ടിയില്‍ എകെജി ഫുട്ബോളിനും ആരവമുയര്‍ന്നു. ദേശീയ ടീമുകള്‍ പങ്കെടുക്കുന്ന നായനാര്‍ ഫുട്ബോളിന് കോഴിക്കോട് സ്റ്റേഡിയം സജ്ജമാവുകയാണ്. മാര്‍ച്ച് 1ന് ടൂര്‍ണമെന്റ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. താമരശ്ശേരിയില്‍ ജില്ലാകായികോത്സവം, നഗരത്തില്‍ പുസ്തകമേള, നാടക-സാംസ്കാരികോത്സവം തുടങ്ങി സമ്മേളനം ജനകീയ സര്‍ഗോത്സവമാക്കാനുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇനിയുള്ള ദിവസങ്ങളില്‍ . ജനമുന്നേറ്റത്തിന്റെ ത്രസിപ്പിക്കുന്ന ഓര്‍മകള്‍ പങ്കിടുന്ന ചരിത്രപ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പ് അന്തിമഘട്ടത്തിലാണ്. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാര്‍ച്ച് അഞ്ചിന് ഉദ്ഘാടനം ചെയ്യുന്ന പ്രദര്‍ശനം ഒരു മാസം നീളും.
പ്രചാരണത്തിന്റെ ഒരുക്കങ്ങള്‍ സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വിലയിരുത്തി. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം, എന്‍ കെ രാധ, പി സതീദേവി, എ പ്രദീപ്കുമാര്‍ , വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറിയറ്റംഗങ്ങളും സബ്കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു.
(പി വി ജീജോ)
പ്രക്ഷോഭങ്ങളിലെ മലയാളക്കരുത്തിന്റെ നേര്‍ക്കാഴ്ചകള്‍ ...
സ്വകാര്യവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനുമെതിരായ സമരമുന്നേറ്റങ്ങള്‍ സാര്‍വദേശീയമായി തെരുവുകളെ ഇളക്കിമറിക്കയാണ്. വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രക്ഷോഭത്തിലൂടെ കമ്പോളത്തിന്റെ കൊള്ളക്കെതിരെ ജീവിക്കാനായി സ്വാതന്ത്ര്യ-അവകാശബോധമുള്ള മനുഷ്യരൊന്നാകെ ഉണരുകയാണ്. ഭൂരിപക്ഷത്തെ ന്യൂനപക്ഷം ചൂഷണംചെയ്യുന്നതിനെതിരായ പ്രതിഷേധം മുതലാളിത്ത ഭരണകൂടങ്ങളെ ഉലയ്ക്കുമ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന തൊഴിലാളി പോരാട്ടങ്ങളുടെ ആവേശകരമായ അനുഭവങ്ങള്‍ വായിച്ചും കണ്ടുമറിയാം ചരിത്രപ്രദര്‍ശനത്തില്‍ .
ലോകത്തെ പിടിച്ചുലയ്ക്കുന്ന സ്വകാര്യവല്‍ക്കരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ ചോര കിനിയുന്ന ഏടുകള്‍ക്കൊപ്പം കേരളത്തിന്റെ മഹത്തായ സമരോത്സുകതയും പ്രദര്‍ശനത്തില്‍ ഒരുക്കുന്നു. ഏഴരപ്പതിറ്റാണ്ട് മുമ്പ് നടന്ന മലയാളക്കരയിലെ സ്വകാര്യവല്‍ക്കരണവിരുദ്ധ സമരമാണിതില്‍ ശ്രദ്ധേയം. 1936-ല്‍ തൃശൂരില്‍ നടന്ന സ്വകാര്യവല്‍ക്കരണവിരുദ്ധ സമരമാണത്. നഗരത്തിലെ വൈദ്യുതിവിതരണം കൊച്ചി ദിവാന്‍ ഷണ്‍മുഖം ചെട്ടി സ്വകാര്യ കമ്പനിയെ ഏല്‍പിച്ചതിനെതിരെ തൃശൂരില്‍ ബഹുജനസമരം അരങ്ങേറി. ഇക്കണ്ട വാരിയര്‍ , ഡോ. എ ആര്‍ മേനോന്‍ , സി കുട്ടന്‍നായര്‍ എന്നിവരായിരുന്നു നേതൃത്വം. വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിനെതിരെ ഇന്ത്യയിലെ ആദ്യത്തെ സമരമായാണ് ഇത് അറിയപ്പെടുന്നത്. ജനകീയ പ്രതിഷേധത്തിനൊടുവില്‍ അധികാരികള്‍ക്ക് സ്വകാര്യവല്‍ക്കരണം പിന്‍വലിക്കേണ്ടിവന്നു. വൈദ്യുതി വിതരണം തൃശൂര്‍ നഗരസഭയെ ഏല്‍പ്പിച്ചത് ചരിത്രപാഠം.
ഫറോക്കിലും കല്ല്യാശേരിയിലും ആലപ്പുഴയിലും ആലുവയിലുമായി കേരളത്തിന്റെ തെരുവുകളില്‍ തൊഴിലാളിസംഘടനകള്‍ ജ്വലിച്ചുയര്‍ന്നതിന്റെ ചരിത്രവും അറിയാം പ്രദര്‍ശനത്തില്‍ . വസ്തുതകളുടെ വിവരണം, ചിത്രങ്ങള്‍ , ത്രിമാനദൃശ്യങ്ങള്‍ , വിശദാംശങ്ങള്‍ അറിയാന്‍ പുസ്തകങ്ങള്‍ , വിവരവും വസ്തുതകളും നല്‍കാന്‍ വളണ്ടിയര്‍മാര്‍ എന്നിങ്ങനെ നാളിതുവരെ ദൃശ്യമല്ലാത്ത പുതുമകള്‍ക്കും വൈവിധ്യത്തിനുമാണ് മാര്‍ച്ച് അഞ്ചിന് കോഴിക്കോട്ട് തുടക്കമാകുക.
ആദ്യകാല കലാസാംസ്കാരിക പ്രവര്‍ത്തക സംഗമം
സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആദ്യകാല കലാസാംസ്കാരിക പ്രവര്‍ത്തകരുടെ സംഗമം നടക്കും. സംഗമം വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. യോഗം സിപിഐ എം ജില്ലാ സെക്രട്ടിയറ്റ് അംഗം എം ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ ചന്ദ്രന്‍ അധ്യക്ഷനായി. എ കുഞ്ഞമ്മദ്കുട്ടി, എം രാധാകൃഷ്ണന്‍ , വിത്സണ്‍ സാമുവല്‍ എന്നിവര്‍ സംസാരിച്ചു. ബാബു പറശേരി സ്വാഗതവും വി ടി സുരേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : കെ ചന്ദ്രന്‍ (ചെയര്‍മാന്‍),ബാബു പറശേരി, വിത്സണ്‍ സാമുവല്‍ , ജാനമ്മ കുഞ്ഞുണ്ണി, ടി ശിവദാസ് (വൈസ് ചെയര്‍മാന്മാര്‍), വി ടി സുരേഷ്(ജനറല്‍ കണ്‍വീനര്‍), എം എ നാസര്‍ , യു ഹേമന്ത്കുമാര്‍ , പി എം വി പണിക്കര്‍ , കെ സുരേഷ്കുമാര്‍ (കണ്‍വീനര്‍മാര്‍)പുരുഷന്‍ കടലുണ്ടി എംഎല്‍എ(ട്രഷറര്‍)
തെരുവു നാടക മത്സരം
20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി തെരുവു നാടക മത്സരം സംഘടിപ്പിക്കുന്നു. അര മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ളതായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങളുടെ അവതരണ ചെലവായി 3,000 രൂപ നല്‍കും. സ്ക്രിപ്റ്റുകള്‍ മാര്‍ച്ച് 10 നു മുമ്പ് സ്വാഗതസംഘം ഓഫീസ്, സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ്, ബാങ്ക്റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തില്‍ ലഭിക്കണം.
deshabhimani 210212
തെരുവുകളിലും ഗ്രാമങ്ങളിലും ഉയര്‍ന്നുപാറുന്ന ചെമ്പതാകകള്‍ , നാട്ടിന്‍പുറം മുതല്‍ നഗരത്തില്‍ വരെ കമനീയമായ സംഘാടകസമിതി ഓഫീസുകള്‍ , നേതാക്കളുടെയും വിപ്ലവകാരികളുടെയും വര്‍ണചിത്രങ്ങളുമായി പ്രചാരണ ബോര്‍ഡുകള്‍ .....കോഴിക്കോട് ചുവപ്പിലേക്കും ആവേശത്തിലേക്കും ഉണരുകയായി, സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാന്‍ .
ReplyDelete