Wednesday, February 22, 2012

ഗള്‍ഫിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റില്ല; യാത്രക്കാര്‍ പ്രയാസത്തില്‍

കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമല്ലാത്തത് യാത്രക്കാരെ വിഷമത്തിലാക്കി. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന വിമാനങ്ങളില്‍പ്പോലും ഉയര്‍ന്ന നിരക്കിലേ ടിക്കറ്റ് ലഭ്യമാകൂ. ആഗസ്തുവരെ ഈ സ്ഥിതി തുടര്‍ന്നേക്കും. എയര്‍ ഇന്ത്യ കൂട്ടത്തോടെ സര്‍വീസുകള്‍ പിന്‍വലിച്ചിരിക്കയാണ്. ഇതോടെയാണ് തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള ഗള്‍ഫ് സര്‍വീസുകളില്‍ കുറഞ്ഞ നിരക്കിലെ ടിക്കറ്റിന് ദൗര്‍ലഭ്യംനേരിട്ടത്. ഉംറ സീസണ്‍ ആരംഭിച്ചതിനാല്‍ ഇക്കോണമി ക്ലാസുകള്‍ തീര്‍ഥാടകര്‍ക്കായി മാറ്റിവച്ചതും കരിപ്പൂരില്‍നിന്നുള്ള സാധാരണ യാത്രക്കാര്‍ക്ക് അടിയായി. കരിപ്പൂരില്‍നിന്നുള്ള ആഭ്യന്തര സര്‍വീസുകളുടെ നിരക്കും സാധാരണക്കാരന്റെ കീശ കാലിയാക്കുംവിധമാണ്.

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍നിന്നും സര്‍വീസ് നടത്തുന്ന വിദേശ കമ്പനികളുടെ വിമാനങ്ങള്‍ക്കെല്ലാം നിലവില്‍ ഒരേനിരക്കാണ്. യുഎഇ സെക്ടറില്‍ സര്‍വീസ് നടത്തുന്ന ഇത്തിഹാദ് എയര്‍ ലൈന്‍സ്, എമിറേറ്റ്സ്, എയര്‍ അറേബ്യ എന്നീ വിമാനങ്ങളില്‍ കരിപ്പൂരില്‍നിന്ന് പറക്കാന്‍ നിലവില്‍ 14,000 മുതല്‍ 16,000 രൂപവരെയാണ് നിരക്ക്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നുള്ള നിരക്കിലും വലിയ മാറ്റമില്ല. തുടക്കത്തില്‍ 6000ത്തിനും 7000ത്തിനും ലഭിച്ചിരുന്ന ടിക്കറ്റിനാണ് ഇരട്ടിയിലധികം വര്‍ധന. 6000 രൂപയായിരുന്നു റാസല്‍ഖൈമയിലേക്ക് സര്‍വീസ് നടത്തിയിരുന്ന റാക്ക് എയര്‍വേഴ്സിന്റെ നിരക്ക്. ഇപ്പോള്‍ 12,000ത്തിനും 13,000ത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. ബഹറൈന്‍ എയറും ഒമാന്‍ എയറും ദിവസവും വ്യത്യസ്തരീതിയിലുള്ള നിരക്കുകളാണ് ഈടാക്കുന്നത്. കരിപ്പൂരില്‍നിന്ന് 13,000 രൂപവരെ നിലവില്‍ നിരക്കുണ്ട്. കൊച്ചി, തിരുവനന്തപുരം നിരക്ക് 11,000-12,000 ഇടയിലാണ്.

സൗദി സെക്ടറിലാണ് യാത്രാക്ലേശം രൂക്ഷം. സൗദിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന നാസ് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിയതാണ് ഇതിനുകാരണം. 420 പേര്‍ക്ക് കയറാവുന്ന ജംബോ വിമാനം പിന്‍വലിച്ചതും ഈ സെക്ടറില്‍ തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി. സൗദി സെക്ടറില്‍ ഇപ്പോള്‍ 19,000 രൂപവരെ ടിക്കറ്റിന് നല്‍കേണ്ടിവരികയാണ് യാത്രക്കാര്‍ . സൗദി സെക്ടറില്‍ ഇക്കോണമി ക്ലാസുകളില്‍ നിലവില്‍ ടിക്കറ്റും ലഭ്യമല്ല. ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്.
(ബഷീര്‍ അമ്പാട്ട്)

deshabhimani 220212

2 comments:

  1. കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമല്ലാത്തത് യാത്രക്കാരെ വിഷമത്തിലാക്കി. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന വിമാനങ്ങളില്‍പ്പോലും ഉയര്‍ന്ന നിരക്കിലേ ടിക്കറ്റ് ലഭ്യമാകൂ.

    ReplyDelete
  2. if you make enough job opportunities in kerala, why you need to travel... keep making enough strike in kinden-garten onwards. so that every one will go out and we can make strike for reducing flight charge :)

    ReplyDelete