Monday, February 20, 2012
വിദേശ വാര്‍ത്തകള്‍ - സ്പെയിന്, ഗാസ, ഇറാന്, റഷ്യ
സ്പെയിനില്‍ വന്‍ തൊഴിലാളി പ്രതിഷേധം
മാഡ്രിഡ്: സ്പെയിനില്‍ തൊഴില്‍നിയമ പരിഷ്കാരത്തിനും ക്ഷേമാനുകൂല്യങ്ങള്‍ കവരുന്ന സര്‍ക്കാരിന്റെ ചെലവുചുരുക്കല്നയത്തിനുമെതിരെ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകളായ സിസിഒഒയും യുജിടിയുമാണ് പ്രതിഷേധത്തിന് ആഹ്വാനംചെയ്തത്. ബാഴ്സലോണ അടക്കം 57 നഗരങ്ങളില്‍ വന്‍ റാലികള്‍ നടന്നു.
നിലവിലുള്ള സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും മറികടക്കാനെന്നപേരില്‍ സ്പെയിനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളാണ് വന്‍ പ്രതിഷേധത്തിന് വഴിവച്ചത്. തൊഴിലാളികളെ പിരിച്ചുവിടാനും ലേ-ഓഫിനും അടക്കം തൊഴിലുടമകള്‍ക്ക് അധികാരം നല്‍കുന്നതാണ് പരിഷ്കാരങ്ങളെന്ന് യൂണിയനുകള്‍ വ്യക്തമാക്കുന്നു. "നീതിരഹിതവും അനാവശ്യവുമായ പരിഷ്കാരം വേണ്ട" എന്ന മുദ്രാവാക്യമെഴുതിയ ബാനറിനുകീഴിലാണ് മാഡ്രിഡില്‍ പതിനായിരങ്ങള്‍ റാലി നടത്തിയത്. ജനങ്ങളുടെ പ്രവാഹത്തില്‍ നഗരവീഥികള്‍ അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്ചെയ്തു. ചെലവുചുരുക്കലിന്റെപേരില് വിദ്യാഭ്യാസത്തിനുള്ള തുക വെട്ടിക്കുറയ്ക്കുന്നതില്‍ പ്രതിഷേധിച്ച് അധ്യാപകരും റാലിയില്‍ അണിചേര്‍ന്നു. "അവര്‍ ഇങ്ങനെയാണ് തുടക്കമിടുന്നത്. ക്രമേണ അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കും" നിര്‍മാണത്തൊഴിലാളിയായ വിക്ടര്‍ ഒര്ഗാന്ഡോ പറഞ്ഞു. ഫെബ്രുവരി 11നാണ് പ്രധാനമന്ത്രി മരിയാനോ റജോയുടെ സര്‍ക്കാര്‍ പരിഷ്കാരങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
പുടിനെതിരെ ഡ്രൈവര്‍മാര്‍ മോസ്കോ വളഞ്ഞു
മോസ്കോ: അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിനെതിരെ വീണ്ടും പ്രതിഷേധ കാഹളം. മോസ്കോയില്‍ നൂറുകണക്കിന് ടാക്സി ഡ്രൈവര്‍മാര്‍ വാഹനങ്ങളുമായി റാലി നടത്തിയാണ് പ്രതിഷേധിച്ചത്. മൂന്നാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഓട്ടോ റാലിയാണിത്. മറ്റ് നഗരങ്ങളിലും വാഹനത്തൊഴിലാളികള്‍ സമാനമായ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നു.
16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗാര്ഡന് റിങ് റോഡിലൂടെ നീങ്ങിയ വാഹനങ്ങള്‍ മോസ്കോയ്ക്ക് വലയം തീര്‍ത്തു. വെള്ള ബലൂണുകളും നാടകളും കെട്ടി അലങ്കരിച്ച വാഹനങ്ങളാണ് റാലിയില്‍ അണിനിരത്തിയത്. വിവിധ രംഗങ്ങളിലെ പ്രശസ്തരും റാലിക്ക് പിന്തുണയുമായെത്തി. വീണ്ടും പ്രസിഡന്റാകാന്‍ ഒരുങ്ങുന്ന പുടിന് പുറത്തുപോകണമെന്ന് റാലിയില്‍ പങ്കെടുത്തവര്‍ വിളിച്ചുപറഞ്ഞു. മാര്‍ച്ച് നാലിനാണ് റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. മുന്‍ പ്രസിഡന്റായ പുടിന് വീണ്ടം പ്രസിഡന്റാകാന്‍ മത്സരിക്കുന്നുണ്ട്. തന്റെ അനുയായിയായ നിലവിലെ പ്രസിഡന്റ് ദിമിത്രി മെദ്വദെവിനെ പ്രധാനമന്ത്രിയാക്കാനാണ് പുടിന് ലക്ഷ്യമിടുന്നത്.
ഗാസയില്‍ വീണ്ടും ഇസ്രയേലി ആക്രമണം
ഗാസ സിറ്റി: പലസ്തീന് പ്രദേശമായ ഗാസാമുനമ്പിലേക്ക് വീണ്ടും ഇസ്രയേലി വ്യോമാക്രമണം. ഗാസ സിറ്റിക്കുസമീപമുള്ള സെയ്തൂണിലെ വീടിനും വര്‍ക്ക്ഷോപ്പിനും നാശമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി മെഡിക്കല്‍ സംഘാംഗങ്ങള്‍ പറഞ്ഞു. ആയുധനിര്‍മാണ കേന്ദ്രമാണ് തങ്ങള്‍ ആക്രമിച്ചതെന്ന് ഇസ്രയേലി സൈന്യം അവകാശപ്പെട്ടു. ഗാസയില്‍നിന്ന് റോക്കറ്റാക്രമണം ഉണ്ടായെന്നും ഇസ്രയേല്‍ ആരോപിച്ചു. ഗാസയില്‍നിന്നുള്ള ആക്രമണത്തിനെതിരെ തങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി കഴിഞ്ഞദിവസം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
2008 ഡിസംബറില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 1400ലേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഭൂരിപക്ഷവും കുട്ടികളായിരുന്നു. സ്വതന്ത്ര രാഷ്ട്രപദവിക്കായി ഐക്യരാഷ്ട്രസഭയിലടക്കം നയതന്ത്രനീക്കവുമായി പലസ്തീന് മുന്നോട്ടുപോകവേയാണ് ഇസ്രയേല്വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്. അതിനിടെ, സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് നതാന്‍ ഇഷേല്‍ പുറത്തേക്കുള്ള വഴിയിലാണ്. ഇഷേല്‍ ഉടന്‍ രാജിവയ്ക്കുമെന്ന് നീതിന്യായമന്ത്രാലയം അറിയിച്ചു. കേസില്‍ സിവില്‍ സര്‍വീസ് കമീഷന്റെ അന്വേഷണം പൂര്‍ത്തിയായതിനു പിന്നാലെയാണ് നടപടി.
ബ്രിട്ടനും ഫ്രാന്‍സിനും എണ്ണ നല്‍കുന്നത് ഇറാന് നിര്‍ത്തി
തെഹ്റാന് : പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബ്രിട്ടനും ഫ്രാന്‍സിനുമുള്ള എണ്ണവിതരണം ഇറാന് നിര്‍ത്തി. പാശ്ചാത്യ എണ്ണ ഉപരോധം നിലവില്‍ വരുന്നതിന് മാസങ്ങള്‍ അവശേഷിക്കയാണ് ഇറാന് സ്വയം വിതരണം നിര്‍ത്തിയത്. മറ്റ് രാജ്യങ്ങളിലെ കമ്പനികള്‍ക്ക് എണ്ണ നല്കാന് നടപടി സ്വീകരിച്ചതായും എണ്ണ മന്ത്രാലയ വക്താവ് അലി റെസ നിക്സാദ് പറഞ്ഞു.
ബ്രിട്ടനും ഫ്രാന്‍സുമടക്കം ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ എണ്ണയ്ക്ക് മറ്റ് കമ്പോളം കണ്ടെത്താന്‍ കഴിയുമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാകും അവരുടെ ഉപരോധം വിനയാവുകയെന്നും ഇറാന് വ്യക്തമാക്കിയിരുന്നു.
deshabhimani 200212
Labels:
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)
സ്പെയിനില്‍ തൊഴില്‍നിയമ പരിഷ്കാരത്തിനും ക്ഷേമാനുകൂല്യങ്ങള്‍ കവരുന്ന സര്‍ക്കാരിന്റെ ചെലവുചുരുക്കല്നയത്തിനുമെതിരെ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകളായ സിസിഒഒയും യുജിടിയുമാണ് പ്രതിഷേധത്തിന് ആഹ്വാനംചെയ്തത്. ബാഴ്സലോണ അടക്കം 57 നഗരങ്ങളില്‍ വന്‍ റാലികള്‍ നടന്നു.
ReplyDeleteഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാന്‍ ഇന്ത്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മേല്‍ അമേരിക്ക സമ്മര്‍ദ്ദം തുടരുന്നു. ഇറാനു മേലുള്ള ആശ്രയത്വം കുറയ്ക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി അമേരിക്ക ഗൗരവമേറിയ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന് പറഞ്ഞു. യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിക്കു മുന്‍പാകെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ReplyDeleteഇന്ത്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി തുറന്ന ചര്‍ച്ചകളാണ് അമേരിക്ക നടത്തിവരുന്നത്.
ഇതു സംബന്ധിച്ച് ഒട്ടേറെ നടപടിക്രമങ്ങള്‍ യുഎസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇവ ഈ രാജ്യങ്ങള്‍ നടപ്പിലാക്കുമെന്നു തന്നെയാണ് അമേരിക്ക കരുതുന്നതെന്നും ഹിലാരി വ്യക്ത മാക്കി. അമേരിക്കയുടെ ആവശ്യം ചൈന നേരത്തെ തന്നെ തള്ളിയിരുന്നു. ഇന്ത്യയും ഇറാനുമായുള്ള എണ്ണ ഇറക്കുമതി പഴയരീതിയില്‍ തന്നെ തുടരുമെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.