Monday, February 20, 2012

തളിപ്പറമ്പില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം

അരിയില്‍ ലോക്കലിലെ മുതലപ്പാറയില്‍ ദേശാഭിമാനി പത്രവിതരണത്തിനിടെ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ മുസ്ലിംലീഗ് ശ്രമം. സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകിട്ട് സിപിഐ എം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനവും ലീഗുകാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. രാത്രിയിലുണ്ടായ അക്രമത്തില്‍ വീടുകളും പാര്‍ടി ഓഫീസും പീടികയും തകര്‍ന്നു. പത്രവിതരണത്തിനിടെ വെട്ടേറ്റ സിപിഐ എം മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജനെ (42) മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. രണ്ടുബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം പത്രവിതരണത്തിനിടെ വടിവാള്‍കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ഇരുകാലുകളും അറ്റനിലയിലാണ്. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രഥമശുശ്രൂഷക്ക് ശേഷം മംഗളൂരുവിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രാജന്‍ അപകടനില തരണംചെയ്തിട്ടില്ല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കണ്ണങ്കീല്‍ സക്കറിയ, മുഹമ്മദ് സാലി, എം കെ സജീര്‍ , എം കെ ഷൗക്കത്ത്, സുബൈര്‍ എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി തളിപ്പറമ്പ് പൊലീസ് അറിയിച്ചു. രാജനെ വധിക്കാന്‍ ശ്രമിച്ചതിനെതിരെ പറപ്പൂലില്‍നിന്നാരംഭിച്ച പ്രകടനം അരിയില്‍ എത്തിയ ഉടന്‍ ലീഗുകാര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ പരിക്കേറ്റ മുള്ളൂലിലെ കെ സരിത്തിനെ (26) തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രകടനത്തിന്റെ പിന്നില്‍ രണ്ടും മുന്നില്‍ ഒന്നും വാഹനത്തില്‍ പൊലീസ് അകമ്പടിയുണ്ടായിരുന്നു. കല്ലെറിയുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി. ദാവൂദ്, ഷെഫീഖ്, സാലി, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ കഴിയുന്ന സരിത്തിനെ ജെയിംസ് മാത്യു എംഎല്‍എ, സിപിഐ എം ഏരിയാ കമ്മിറ്റിയംഗം കെ മുരളീധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സിപിഐ എം അരിയില്‍ ബ്രാഞ്ച് ഓഫീസും റെഡ്സ്റ്റാര്‍ വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടം ലീഗുകാര്‍ വീണ്ടും ആക്രമിച്ചു. സിപിഐ എം പ്രതിഷേധ പ്രകടനത്തിനുനേരെ കല്ലെറിഞ്ഞശേഷമാണ് വായനശാലാ കെട്ടിടം തകര്‍ത്തത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഇത് അഞ്ചാംതവണയാണ് വായനശാലയും പാര്‍ടി ഓഫീസും തകര്‍ക്കുന്നത്. ഫര്‍ണിച്ചറും ടെലിവിഷനുമുള്‍പ്പെടെയുള്ളവ മുമ്പ് നശിപ്പിച്ചിരുന്നു. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു ആക്രമണം.

അരിയില്‍ ഞായറാഴ്ച രാത്രി ഒമ്പതരയോടെ അക്രമിസംഘം വീടും പീടികയും തകര്‍ത്തു. അരിയില്‍ ബ്രാംഞ്ചംഗം വി ഉമേഷിന്റെ വീടാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. ഉമേഷിന്റെ അച്ഛമ്മ വേലിക്കകത്ത് പാറുവിന് (81) സാരമായി പരിക്കേറ്റു. ഉമേഷിന്റെ അച്ഛന്‍ ഗോപാലന്റെ പീടിക കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയും വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി അരിയില്‍ മുസ്ലിംലീഗ് ക്രിമിനല്‍ സംഘത്തിന്റെ അക്രമം രൂക്ഷമാണ്. പട്ടുവം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം ചന്ദ്രന്‍ , സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം വി വി ചന്ദ്രന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ അക്രമത്തിനിരയായി. മുള്ളൂല്‍ എ കെ ജി മന്ദിരം, അരിയില്‍ പാര്‍ടി ഓഫീസ് എന്നിവ പലതവണ ആക്രമിക്കപ്പെട്ടു. പറപ്പൂല്‍ , അരിയില്‍ , മുള്ളൂല്‍ , കൂത്താട് എന്നിവിടങ്ങളില്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഉയര്‍ത്തിയ കൊടികളും പ്രചാരണങ്ങളും പലതവണ നശിപ്പിച്ചു.

deshabhimani 200212

1 comment:

  1. അരിയില്‍ ലോക്കലിലെ മുതലപ്പാറയില്‍ ദേശാഭിമാനി പത്രവിതരണത്തിനിടെ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ മുസ്ലിംലീഗ് ശ്രമം. സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകിട്ട് സിപിഐ എം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനവും ലീഗുകാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. രാത്രിയിലുണ്ടായ അക്രമത്തില്‍ വീടുകളും പാര്‍ടി ഓഫീസും പീടികയും തകര്‍ന്നു. പത്രവിതരണത്തിനിടെ വെട്ടേറ്റ സിപിഐ എം മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജനെ (42) മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ReplyDelete