Monday, February 20, 2012

കോച്ച് ഫാക്ടറി കല്ലിലൊതുങ്ങും

മൂന്ന് പതിറ്റാണ്ടത്തെ കാത്തിരിപ്പിനുശേഷം പാലക്കാടിന് അനുവദിച്ച കോച്ച് ഫാക്ടറിക്ക് ചൊവ്വാഴ്ച ശിലയിടുമ്പോള്‍ നടപ്പാകുമോ എന്നതിന് ഇപ്പോഴും ഉറപ്പില്ല. പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തത് കഞ്ചിക്കോടാണെങ്കിലും തറക്കല്ലിടുന്നത് പത്ത് കിലോമീറ്റര്‍ അകലെ പാലക്കാട് കോട്ടമൈതാനിയിലാണ്. ബജറ്റില്‍ ഒരു രൂപ പോലും നീക്കിവയ്ക്കാതെയാണ് നിര്‍മാണം ആരംഭിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് കേന്ദ്രമന്ത്രിസഭ കോച്ച് ഫാക്ടറിക്ക് അനുമതി നല്‍കിയത്. കേന്ദ്രപ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന് കഞ്ചിക്കോടാണ് തറക്കല്ലിട്ടത്. ഫാക്ടറിക്ക് പാലക്കാട് ടൗണില്‍ തറക്കല്ലിടുന്നത് പ്രചാരണതന്ത്രം മാത്രമാണെന്ന് വ്യക്തം. വരുന്ന റെയില്‍വേ ബജറ്റില്‍ കോച്ച് ഫാക്ടറിക്ക് പണം അനുവദിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടുമില്ല.

പാലക്കാടിനെ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ പകരം നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു 900 ഏക്കറില്‍ വിപുലമായ ടൗണ്‍ഷിപ്പോടുകൂടിയ കോച്ച് ഫാക്ടറി. എന്നാല്‍ , ഇപ്പോള്‍ തറക്കല്ലിടുന്നത് ചെറുകിട ഫാക്ടറിക്കാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ താല്‍പ്പര്യമെടുത്ത് നടപടി പൂര്‍ത്തിയാക്കിയ കോച്ച് ഫാക്ടറിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ആഗോള ടെന്‍ഡറും സ്വകാര്യ പങ്കാളിത്തവുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരില്‍ റെയില്‍വേയുടെ ചുമതല വഹിച്ചിരുന്ന മുന്‍ മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. പൂര്‍ണമായും പൊതുമേഖലയില്‍ വേണമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രധാന ആവശ്യം. 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സൗജന്യമായി റെയില്‍വേയ്ക്ക് നല്‍കിയപ്പോള്‍ സ്ഥലവിലയ്ക്ക് ആനുപാതികമായ ഓഹരി സംസ്ഥാന സര്‍ക്കാരിന് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതെല്ലാം ഉപേക്ഷിച്ചു. സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നാണ് റെയില്‍വേയുടെ നിലപാട്. 76 ശതമാനം പങ്കാളിത്തവും സ്വകാര്യ മേഖലയിലാണ്.
(വേണു കെ ആലത്തൂര്‍)

deshabhimani 200212

No comments:

Post a Comment