Monday, February 20, 2012

വൈദ്യുതി ആസൂത്രണം പാളി; കേരളം ഇരുട്ടിലാകും

ആസൂത്രണത്തിലെ പാളിച്ചയെ തുടര്‍ന്ന് സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ . പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കായംകുളം താപനിലയത്തില്‍ ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ തീരുമാനമുണ്ട്. ഇത് വൈദ്യുതി ബോര്‍ഡിനെ സാമ്പത്തികമായി തകര്‍ക്കും. കടുത്ത വൈദ്യുതി നിയന്ത്രണങ്ങളുടെ ഫലമായി ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളം ഇരുട്ടിലാകുമെന്ന് ഉറപ്പായി. വേനലിനു മുമ്പേ ഇടുക്കിയില്‍ അമിതോല്‍പ്പാദനം നടത്തിയതാണ് വിനയായത്. ചെറുകിട പദ്ധതികളില്‍നിന്ന് പരമാവധി ഉല്‍പ്പാദനം നടത്തിയും പുറമേനിന്ന് വൈദ്യുതി വാങ്ങിയും മഴക്കാലത്ത് വൈദ്യുതി ആവശ്യകത നിറവേറ്റുകയാണ് പതിവ്. മഴക്കാലത്ത് കുറഞ്ഞവിലയ്ക്ക് പുറമേനിന്ന് വൈദ്യുതി വാങ്ങാനും കഴിയും. എന്നാല്‍ , അതിനു തയ്യാറാകാതെ ഇടുക്കിയില്‍ അമിത ഉല്‍പ്പാദനം നടത്തി. മഴക്കാലത്ത് മൂന്നുമുതല്‍ നാലുവരെ ദശലക്ഷം യൂണിറ്റാണ് ഇടുക്കിയില്‍നിന്ന് പരമാവധി ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ , ഈ വര്‍ഷം എട്ടുമുതല്‍ ഒമ്പതുവരെ ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചു. സെപ്തംബറില്‍ ആരംഭിച്ച അമിതോല്‍പ്പാദനം മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്താനെന്ന പേരില്‍ തുടരുകയും ചെയ്തു. ഇടുക്കിയില്‍ നിന്ന് 13 ദശലക്ഷം യൂണിറ്റ് വരെ ഉല്‍പ്പാദിപ്പിച്ചാണ് കേരളം ഇപ്പോള്‍ ഇരുട്ടകറ്റുന്നത്. സംഭരണശേഷിയുടെ 32 ശതമാനം വെള്ളം മാത്രമാണ് ഇടുക്കിയിലുള്ളത്. ഒമ്പതുമുതല്‍ 10 വരെ ദശലക്ഷം യൂണിറ്റ് പുറമേനിന്ന് വാങ്ങേണ്ടിയും വരുന്നു.

സ്വകാര്യനിലയങ്ങളുടെ വൈദ്യുതി വില്‍പ്പന കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചതും പ്രസരണ ലൈനുകള്‍ ആന്ധ്രപ്രദേശും തമിഴ്നാടും മുന്‍കൂട്ടി ബുക്ക്ചെയ്തതും മൂലം പുറമേനിന്നുള്ള വൈദ്യുതിയുടെ ലഭ്യത അടുത്തമാസങ്ങളില്‍ കുത്തനെ കുറയും. പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കാന്‍ കായംകുളത്തെ ഉല്‍പ്പാദനം പുനരാരംഭിക്കുന്നത് വൈദ്യുതി ബോര്‍ഡിനെ സാമ്പത്തികമായി തകര്‍ക്കും. ഇപ്പോഴത്തെ നിരക്കനുസരിച്ച് താപവൈദ്യുതി ഉല്‍പ്പാദനത്തിന് യൂണിറ്റിന് 10.60 രൂപയാണ് ചെലവ്. പൂര്‍ണതോതില്‍ നിലയം പ്രവര്‍ത്തിപ്പിച്ചാല്‍ ഏഴര ദശലക്ഷം യൂണിറ്റ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കാം. ഇതിലൂടെ ബോര്‍ഡിന് പ്രതിമാസം നഷ്ടമാകുന്നത് 250 കോടിയോളം രൂപയാണ്.

കഴിഞ്ഞമാസം വൈദ്യുതി വാങ്ങാന്‍ 460 കോടി ചെലവിട്ട ബോര്‍ഡിന് കായംകുളത്തെ ഉല്‍പ്പാദനം പുനരാരംഭിക്കുന്നതോടെ ചെലവ് 700 കോടിയിലെത്തും. ശമ്പളം അടക്കമുള്ള ചെലവുകള്‍ ഇതിനു പുറമേയാണ്. വൈദ്യുതിനിരക്ക് ഇനത്തില്‍ പ്രതിമാസം 550 കോടി മാത്രം പിരിഞ്ഞുകിട്ടുന്ന സാഹചര്യത്തില്‍ ബോര്‍ഡ് കടക്കെണിയിലേക്ക് നീങ്ങുമെന്ന് വ്യക്തം. വേനലില്‍ വൈദ്യുതി ഉപയോഗവും വര്‍ധിക്കും. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പവര്‍കട്ടും മണിക്കൂറുകള്‍ നീളുന്ന ലോഡ്ഷെഡിങ്ങും ഏര്‍പ്പെടുത്തിയും നിരക്ക് ഉയര്‍ത്തിയും മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ എന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്.
(ആര്‍ സാംബന്‍)

deshabhimani 200212

1 comment:

  1. ആസൂത്രണത്തിലെ പാളിച്ചയെ തുടര്‍ന്ന് സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ . പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കായംകുളം താപനിലയത്തില്‍ ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ തീരുമാനമുണ്ട്. ഇത് വൈദ്യുതി ബോര്‍ഡിനെ സാമ്പത്തികമായി തകര്‍ക്കും. കടുത്ത വൈദ്യുതി നിയന്ത്രണങ്ങളുടെ ഫലമായി ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളം ഇരുട്ടിലാകുമെന്ന് ഉറപ്പായി.

    ReplyDelete