Saturday, February 18, 2012

ജനനായകന് ജന്മനാട്ടില്‍ വീരോചിത വരവേല്‍പ്


തൊഴിലാളിവര്‍ഗത്തിന്റെ പടനായകന് ജന്മനാട്ടില്‍ വീരോചിത വരവേല്‍പ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി തലശേരിയിലെത്തിയ പിണറായി വിജയനെ നാട് ഹൃദയപൂര്‍വം വരവേറ്റു. നിസ്വവര്‍ഗത്തിന്റെ മോചനപോരാട്ടത്തിന്റെ അമരക്കാരനായ ജനനേതാവിനെ ചുകപ്പ് സേന ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കിയാണ് ചരിത്രഭൂമിയിലേക്ക് സ്വീകരിച്ചത്.

തലസ്ഥാനത്തുനിന്ന് കണ്ണൂര്‍ എക്സ്പ്രസില്‍ വെള്ളിയാഴ്ച രാവിലെ 7.26നാണ് പിണറായി തലശേരിയിലെത്തിയത്. പിണറായി എത്തുന്നതറിഞ്ഞ് റെയില്‍വേ സ്റ്റേഷന്‍ പരിസരം അതിരാവിലെ ജനനിബിഡമായി. പ്രിയസഖാവിന്റെ ചിത്രം പതിച്ച ബോര്‍ഡുകളുമായാണ് പലരും എത്തിയത്. വണ്ടിയില്‍നിന്ന് പിണറായി ഇറങ്ങിയതോടെ ചെങ്കൊടികളുമായി ജനക്കൂട്ടം ഇളകിമറിഞ്ഞു. സ്നേഹം ചൊരിഞ്ഞും പരിചയം പുതുക്കിയും ജനം പ്രിയനേതാവിന് ചുറ്റുംകൂടി. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പുഷ്പഹാരമണിയിച്ചു. ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ടി പ്രവര്‍ത്തകരും മാലയിട്ടും പൂക്കള്‍ നല്‍കിയും ഷാള്‍ അണിയിച്ചും വരവേറ്റു. ബാന്‍ഡ്വാദ്യത്തിന്റെ അകമ്പടിയോടെയാണ് സ്റ്റേഷന് പുറത്തെത്തിച്ചത്. സ്റ്റേഷനുമുന്നില്‍ ചുകപ്പ്വളണ്ടിയര്‍മാര്‍ ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കി. പിന്നീട് വാഹനങ്ങളുടെ അകമ്പടിയോടെ വിപ്ലവപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പിണറായി ഗ്രാമത്തിലേക്ക് ആനയിച്ചു. ആവേശത്തിന്റെ അലമാലകളുയര്‍ത്തിയ സ്വീകരണത്തിന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍ , കെ കെ രാഗേഷ്, ജില്ലാകമ്മിറ്റി അംഗങ്ങളായ പുഞ്ചയില്‍ നാണു, എം സുരേന്ദ്രന്‍ , കാരായി രാജന്‍ , പി ബാലന്‍ , എ എന്‍ ഷംസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുഖ്യമന്ത്രിതന്നെ നിയമവാഴ്ച തകര്‍ക്കുന്നു: പിണറായി

കണ്ണൂര്‍ : കേരളത്തില്‍ നിയമവാഴ്ച തകര്‍ക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേതൃത്വം നല്‍കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാമൊലിന്‍ കേസ് ഇതിന് ഏറ്റവും വലിയ തെളിവാണ്. പുനരന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി കേസ് ഇല്ലാതാക്കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. ഫലത്തില്‍ അന്വേഷണം അദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് നടക്കുന്നത്. നിയമ വ്യവസ്ഥയോടുള്ള ഉമ്മന്‍ചാണ്ടിയുടെ പുച്ഛമാണ് ഇതിലൂടെ തെളിയുന്നത്. ഇത്തരത്തില്‍ നിയമവാഴ്ച തകര്‍ത്താല്‍ അരാജകത്വമായിരിക്കും ഫലമെന്നും പിണറായി കണ്ണൂരില്‍ മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു.

പാമൊലിന്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട ജഡ്ജിക്ക് സംഭവിച്ചത് എല്ലാവര്‍ക്കും അറിയാം. പത്ത് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഉത്തരവിട്ടത്. ഇതോടെ നിയമത്തിനു പുറത്തുനിന്ന് വലിയ ഇടപെടലുകളുണ്ടായി. മുഖ്യമന്ത്രിക്കുവേണ്ടിയായിരുന്നു പി സി ജോര്‍ജിന്റെ ഇടപെടല്‍ . ജഡ്ജിയെ അപമാനിച്ച് കേസില്‍നിന്ന് ഒഴിയാനിടയാക്കിയത് കേരളത്തിലാദ്യമാണ്. ഇപ്പോഴും ബോധപൂര്‍വം കേസ് അട്ടിമറിക്കുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിനിര്‍ത്തി അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചു. ഇരുത്തി അപമാനിച്ചു. സഹികെട്ട് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത് അദ്ദേഹം തുടരേണ്ടതായിരുന്നുവെന്നാണ്.

1990ല്‍ കുറ്റപത്രം കൊടുത്ത കേസില്‍ നിയമപരമായ ഒട്ടേറെ പരിശോധനകള്‍ നടന്നു. കെ കരുണാകരന്‍ മൂന്നുതവണ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും ഇറക്കുമതി നയപരമായ തീരുമാനമല്ലെന്നായിരുന്നു എല്ലാവരുടെയും മൊഴി. എന്നാലിപ്പോള്‍ ഇറക്കുമതി നയപരമായ തീരുമാനമാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍ . ക്യാബിനറ്റ് നോട്ടിലുള്ള എല്ലാ കാര്യങ്ങളും കണക്കിലെടുത്തായിരുന്നു തീരുമാനമെന്ന് ആദ്യം പറഞ്ഞ ടി എച്ച് മുസ്തഫ ഇപ്പോള്‍ പറയുന്നു ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന്. കുറഞ്ഞ നിരക്കില്‍ പാമൊലിന്‍ കൊടുക്കാന്‍ തയ്യാറായ കമ്പനികളെ ഒഴിവാക്കിയത് ഗൂഢാലോചനയാണെന്നാണ് കുറ്റപത്രം. തുടരന്വേഷണ റിപ്പോര്‍ട്ടില്‍ അത് നിഷേധിച്ചു. സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങള്‍ പാലിച്ചില്ല എന്നായിരുന്നു കുറ്റപത്രത്തില്‍ . ആഗോള ടെന്‍ഡര്‍ പ്രായോഗികമല്ലെന്ന് വിജിലന്‍സ് ഇപ്പോള്‍ കണ്ടെത്തിയത് നേര്‍വിപരീതമാണ്. മന്ത്രിസഭയ്ക്ക് ചട്ടങ്ങള്‍ മറികടക്കാന്‍ അധികാരമുണ്ടെന്ന് പറയുന്നു. അത് രഹസ്യമായി ചെയ്യേണ്ട കാര്യമല്ല. പ്രത്യേക സാഹചര്യം ഉയര്‍ന്നുവന്നാല്‍ ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തിവേണം തീരുമാനമെടുക്കാന്‍ .

ശിശുക്ഷേമസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി വിലക്കിയിട്ടും സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഉത്തരവുമായിവന്ന ഭാരവാഹികളെ പൊലീസ് തടഞ്ഞു. ഒടുവില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുമായി എത്തിയപ്പോള്‍ അറസ്റ്റുചെയ്തു. ഹൈക്കോടതി ഉത്തരവുപോലും വിലവയ്ക്കാത്ത പൊലീസ് സംവിധാനം ജനാധിപത്യത്തെ എവിടെ എത്തിക്കുമെന്നും പിണറായി ചോദിച്ചു.

ദേശീയ പണിമുടക്ക് ചരിത്രമാകും: പിണറായി

കോടിയേരി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ 28ന് നടക്കുന്ന ദേശീയ പണിമുടക്ക് ചരിത്രപ്രാധാന്യമുള്ള ജനമുന്നേറ്റമാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ തിരുത്തിക്കാന്‍ ഐഎന്‍ടിയുസിയടക്കം യോജിച്ച് പ്രക്ഷോഭത്തിനിറങ്ങുകയാണ്. മാടപ്പീടികക്കടുത്ത പാര്‍സിക്കുന്നില്‍ സിപിഐ എം ബ്രാഞ്ചിന് നിര്‍മിച്ച പി ടി ബാലന്‍ - വി പി നാണു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി തട്ടിപ്പറിക്കുകയാണ്. ബാങ്കിങ് സ്ഥാപനങ്ങളിലടക്കം വിദേശമൂലധനം കൊണ്ടുവരുന്നു. കുഴപ്പമില്ലാതെ നിലനില്‍ക്കുന്ന ബാങ്കുകളും ഇതിന്റെ ഫലമായി തകരും. പൊതുതാല്‍പര്യം അപകടപ്പെടുത്തുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവ ഉദാരവല്‍ക്കരണനയത്തിന്റെ മറവില്‍ ഏറ്റവും വലിയ അഴിമതിരാജ്യമായി ഇന്ത്യ മാറുകയാണ്. വിദേശബാങ്കുകളിലെ 25 ലക്ഷം കോടിരൂപയുടെ കള്ളപ്പണ്ണം തിരിച്ചുകൊണ്ടുവരാനുള്ള ഒരുനടപടിയും സ്വീകരിക്കുന്നില്ല. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ലഭിക്കുന്ന ആദ്യഅവസരമാണ് പിറവം ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ചിലവികാരങ്ങള്‍ ഉയര്‍ത്തിതെറ്റായവഴിക്ക് കാര്യങ്ങള്‍ നീക്കാന്‍ ശ്രമിക്കുന്നുണ്ട്. സൂത്രവിദ്യകള്‍ നടത്തിയാലൊന്നും പിറവത്ത് രക്ഷപ്പെടില്ലെന്നും പിണറായി പറഞ്ഞു. ജില്ലാ സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനായി. ഫോട്ടോ അനാഛാദനം കാരായി രാജന്‍ നിര്‍വഹിച്ചു. പുഞ്ചയില്‍ നാണു, സി കെ രമേശന്‍ , വി സതി, എം വി ജയരാജന്‍ എന്നിവരും സംസാരിച്ചു. എ ശശി സ്വാഗതം പറഞ്ഞു. മാടപ്പീടികയില്‍നിന്ന് ഘോഷയാത്രയായാണ് പിണറായിയെ പാര്‍സിക്കുന്നിലേക്ക് ആനയിച്ചത്.

deshabhimani 180212

2 comments:

  1. തൊഴിലാളിവര്‍ഗത്തിന്റെ പടനായകന് ജന്മനാട്ടില്‍ വീരോചിത വരവേല്‍പ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി തലശേരിയിലെത്തിയ പിണറായി വിജയനെ നാട് ഹൃദയപൂര്‍വം വരവേറ്റു. നിസ്വവര്‍ഗത്തിന്റെ മോചനപോരാട്ടത്തിന്റെ അമരക്കാരനായ ജനനേതാവിനെ ചുകപ്പ് സേന ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കിയാണ് ചരിത്രഭൂമിയിലേക്ക് സ്വീകരിച്ചത്.

    ReplyDelete
  2. ജനനായകന് വിപ്ലവാഭിവാദ്യങ്ങള്‍ .......

    ReplyDelete