Wednesday, February 22, 2012

പൊലീസിനെ നിഷ്ക്രിയമാക്കി ഭരണകക്ഷി അഴിഞ്ഞാട്ടം

കണ്ണൂര്‍ : പട്ടുവത്ത് അക്രമികളെ നിലയ്ക്കുനിര്‍ത്തുന്നതില്‍ മൂന്നാംദിവസവും പൊലീസ് പരാജയപ്പെട്ടു. ഞായറാഴ്ച തുടങ്ങിയ~അക്രമങ്ങള്‍ ചൊവ്വാഴ്ചയും തുടര്‍ന്നു. ജില്ലയുടെ പല ഭാഗങ്ങളിലും ലീഗ് അക്രമികള്‍ അഴിഞ്ഞാടി. ഭരണകക്ഷിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതിയാണ്്. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പട്ടുവം സന്ദര്‍ശിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചിട്ടും സുരക്ഷാസംവിധാനം ഒരുക്കാതിരുന്നത് ബോധപൂര്‍വമാണെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിച്ചു. രാഷ്ട്രീയ സമ്മര്‍ദത്തിന് ഉപരിയായി നാട്ടില്‍ സമാധാനം കാക്കാന്‍ ചുമതലപ്പെട്ട പൊലീസ് സംവിധാനവും നേതൃത്വവും ഇല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ഭരണകക്ഷിക്കാര്‍ നഗ്നമായി പൊലീസ് ഭരണത്തില്‍ ഇടപെടുകയും രാഷ്ട്രീയ പകപോക്കലിന്റെ ചട്ടുകമായി ഉപയോഗിക്കുകയും ചെയ്യുന്നതിന്റെ ഒട്ടേറെ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടാലും ഭരണകക്ഷി നേതാക്കളുടെ സഹായത്താല്‍ രക്ഷപ്പെടുമ്പോള്‍ നിസാരകേസുകളില്‍ സ്റ്റേഷനില്‍ ഹാജരായവരെ വിലങ്ങുവച്ച് തെരുവിലൂടെ നടത്തിച്ച സംഭവം ഈയിടെ കണ്ണൂരിലുണ്ടായി. ഇതിനെതിരെ സിറ്റി പൊലീസ് സ്റ്റേഷനില്‍ ബഹുജനസമരം നടത്തേണ്ടിവന്നു. മുഖ്യമന്ത്രിക്ക് പൊലീസ് അസോസിയേഷന്റെ പേരില്‍ അഭിവാദ്യബോര്‍ഡ് വച്ചതും തുടര്‍ന്നുള്ള സംഭവങ്ങളും ജില്ലയിലെ പൊലീസ് സംവിധാനത്തിന്റെ ആത്മവീര്യത്തെ തകര്‍ക്കുംവിധം വഷളായിരുന്നു. കോണ്‍ഗ്രസിന്റെ ഗ്രൂപ്പു രാഷ്ട്രീയത്തില്‍ പൊലീസിനെ കരുവാക്കിയതിനെതിരെ സേനക്കകത്തുതന്നെ രോഷമുയര്‍ന്നു. ഇതിനിടെയാണ് പൊലീസിന്റെ നിഷ്ക്രിയത്വംമൂലം ജില്ലയില്‍ അക്രമം പടരുന്നത്.

തളിപ്പറമ്പ് തീവ്രവാദിസംഘത്തിന്റെ പിടിയില്‍

കണ്ണൂര്‍ : മുസ്ലിംലീഗിന്റെ കുടക്കീഴില്‍ വളരുന്ന തീവ്രവാദ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രം തളിപ്പറമ്പ്. വര്‍ഷങ്ങളായി ഇവിടെ സിപിഐ എമ്മിനെതിരെ നടക്കുന്ന അക്രമങ്ങളുടെ നേതൃത്വം ഈ തീവ്രവാദ സംഘത്തിനാണ്. നേതൃത്വം പറഞ്ഞാല്‍ ഇവര്‍ അനുസരിക്കില്ലെന്ന് ലീഗ് നേതാക്കള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം യുവാക്കളെ പണവും പ്രലോഭനവും നല്‍കി അക്രമവഴിയിലേക്ക് നയിക്കുന്ന എന്‍ഡിഎഫ് ലീഗ് നേതൃത്വത്തിന് തലവേദനയാകുന്നു.

ഞായറാഴ്ച അരിയില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിരാജനെതിരെ നടന്ന മുഖംമൂടി ആക്രമണം മുതല്‍ എല്ലാ സംഭവങ്ങളിലും തീവ്രവാദി സംഘങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ആക്രമണങ്ങളെല്ലാം തീവ്രവാദി മോഡലിലുള്ളതായിരുന്നു. പരണൂലില്‍ ചൊവ്വാഴ്ച ആക്രമിക്കപ്പെട്ട മോഹനന്‍ രാഷ്ട്രീയ ബന്ധമൊന്നുമില്ലാത്ത കാര്‍പെന്ററി തൊഴിലാളിയാണ്. ആളില്ലാത്ത മേഖലകളില്‍ പെട്ടെന്ന് കടന്നുകയറി മാരകമായ ആക്രമണം നടത്തി കടന്നുകളയുകയെന്നതാണ് ഇവരുടെ തന്ത്രം. അക്രമം കുത്തിയിളക്കുക, പിന്നീട് നാടെങ്ങും വ്യാപിപ്പിക്കുക എന്നതാണ് ഇവരുടെ തന്ത്രം. ഈ ഉദ്ദേശ്യത്തോടെയാണ് വന്‍ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ച് സിപിഐ എം ജില്ലാ സെക്രട്ടറിക്ക് നേരെ ആക്രമണം നടത്തിയത്. രാജനുനേരെ നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറയുന്ന ജില്ലാ നേതൃത്വത്തിന് അക്രമികള്‍ തങ്ങളുടെ ചിറകിനടിയലാണെന്ന സത്യം നിഷേധിക്കാനാവുന്നില്ല.

പയ്യന്നൂരില്‍ സിപിഐ എം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങിയ വളണ്ടിയര്‍മാര്‍ക്കുനേരെ മന്നയില്‍ തീവ്രവാദി സംഘം നടത്തിയ ആക്രമണത്തില്‍ വനിതാ വളണ്ടിയര്‍മാരായ രണ്ട് സഹോദരിമാര്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ലീഗ് നേതൃത്വം തങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത തീവ്രവാദസംഘം തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഐ എം നേതാക്കളോട് തുറന്നു സമ്മതിച്ചു. സംഭവങ്ങളുടെ നിജസ്ഥിതി മനസിലാക്കിയതിനാലാണ് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ മൗലവി സമാധാനാന്തരീക്ഷമൊരുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. തീവ്രവാദ രാഷ്ട്രീയത്തെ തള്ളിപ്പറയാന്‍ ലീഗ് തയ്യാറായാലേ അക്രമത്തിന് അറുതി വരുത്താനാവൂ.


കണ്ണൂരില്‍ 3 പേര്‍ക്കു വെട്ടേറ്റു; 11 വീട് തകര്‍ത്തു

മുസ്ലിംലീഗ് ക്രിമിനല്‍ സംഘം കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചൊവ്വാഴ്ചയും അഴിഞ്ഞാടി. തിങ്കളാഴ്ച അക്രമം നടന്ന പട്ടുവം അരിയില്‍ ഒരു കുടുംബത്തിലെ സ്ത്രീയും കുട്ടിയുമടക്കം മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പതിനൊന്ന് വീട് തകര്‍ത്തു. മുസ്ലിംലീഗിന്റെ സ്വാധീന കേന്ദ്രങ്ങളില്‍ വ്യാപക അക്രമവും കൊള്ളയുമാണ്് നടന്നത്്. സിപിഐ എം ഓഫീസുകള്‍ , കടകള്‍ , വീടുകള്‍ , കള്ളുഷാപ്പുകള്‍ , ബസ്ഷെല്‍ട്ടറുകള്‍ , വാഹനങ്ങള്‍ തുടങ്ങിയവ തല്ലിത്തകര്‍ത്തു. പ്രതിഷേധ പ്രകടനത്തിന്റെ മറവില്‍ മലപ്പുറം നഗരത്തിലും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. സിപിഐ എം, ഡിവൈഎഫ്ഐ കൊടികളും ബാനറുകളും ബോര്‍ഡുകളും തകര്‍ത്തശേഷം കൂട്ടിയിട്ട് കത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് അക്രമം. കണ്ണൂരിലെ അരിയില്‍ സിപിഐ എം അനുഭാവി വള്ളേരി മോഹനനെ(47)യാണ് രാവിലെ 8.30ന് വെട്ടിപ്പരിക്കേല്‍പിച്ചത്. ഭാര്യ രാധ(36), മകന്‍ മിഥുന്‍(15) എന്നിവരെയും ആക്രമിച്ചു. തലക്കു ഗുരുതരമായി പരിക്കേറ്റ മോഹനനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയക്ക് വിധേയമാക്കി.

രാധയും മിഥുനും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണ്. രാധയെ ഇരുമ്പുവടികൊണ്ട് അടിച്ചു വീഴ്ത്തിയ അക്രമികള്‍ വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന മോഹനനെ എടുത്തുകൊണ്ടുപോയി വെട്ടിയശേഷം കാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ ഓടിയെത്തിയപ്പോഴാണ് മിഥുനെ വെട്ടിയത്. ഭാര്യയും അടുത്ത വീട്ടിലെ സ്ത്രീകളും ഒരു മണിക്കൂറോളം അന്വേഷിച്ച ശേഷമാണ് മോഹനനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ മോഹനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ക്രിമിനല്‍ സംഘം അനുവദിച്ചില്ല. മോഹനന്റെ പ്രായമായ അമ്മ കല്യാണി, അവരുടെ സഹോദരിമാരായ ജാനകി, മാധവി എന്നിവരെയും മര്‍ദ്ദിച്ചു. തളിപ്പറമ്പ് ഹരിഹര്‍ നഗര്‍ തിയറ്ററിന് സമീപം പറമ്പത്ത് രമാദേവിയുടെ വീട് തകര്‍ത്ത അക്രമികള്‍ മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ കത്തിച്ചു. പരിക്കേറ്റ രമാദേവിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഐ എം ഇരിക്കൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസ് കത്തിച്ചു. നാറാത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസും സമീപത്ത് സ്ത്രീകള്‍ നടത്തുന്ന പുലരി ഹോട്ടലും പൂര്‍ണമായും തകര്‍ത്തു. ലീഗ് അക്രമണ ഭീഷണി നിലനില്‍ക്കുന്ന ബക്കളത്തെ എ കെ ജി മന്ദിരത്തിന് കാവല്‍നിന്ന സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. വെങ്ങര മൂലക്കീലില്‍ കോമ്രേഡ് വായനശാലയും തകര്‍ത്തു. 3000 പുസ്തകങ്ങളും വായനശാലയോട് ചേര്‍ന്ന അങ്കണവാടിയും നശിപ്പിച്ചു. പറപ്പൂല്‍ ജങ്ഷനിലെ എല്‍ഐസി ഏജന്റ് രാമചന്ദ്രന്റെ വീടും കാറും തകര്‍ത്തു. തളിപ്പറമ്പ് ഹരിഹര്‍ നഗറിലെയും മന്നയിലെയും കള്ളുഷാപ്പുകളും എറിഞ്ഞുതകര്‍ത്തു. കമ്പില്‍ മുല്ലക്കൊടി റൂറല്‍ ബാങ്കിന്റെ സായാഹ്നശാഖ, സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം എന്നിവയും ആക്രമിച്ചു. മാട്ടൂലില്‍ സിപിഐ എം മൊട്ടമ്മല്‍ ബ്രാഞ്ച് സെക്രട്ടറി പി രാജേഷിന്റെ വീട് തകര്‍ത്തു. മലപ്പുറത്ത് അക്രമം തടയാന്‍ ശ്രമിച്ച മഞ്ചേരി സിഐ, മലപ്പുറം എസ്ഐ എന്നിവര്‍ക്കുനേരെ കൈയേറ്റശ്രമം ഉണ്ടായി.

എന്നും കാണുന്നവര്‍ കൊലക്കത്തിയുമായി

തളിപ്പറമ്പ്: എന്നും കാണുന്നവര്‍ കിടക്കപ്പായയില്‍നിന്ന് മോഹനനെ എടുത്തുകൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് കാണേണ്ടിവന്ന നടുക്കത്തിലാണ് ഭാര്യ രാധയും മകന്‍ മിഥുനും. പട്ടുവം അരിയില്‍ ചൊവ്വാഴ്ച രാവിലെയാണ് ആശാരിപ്പണിക്കാരനായ വള്ളേരി മോഹനനെ ലീഗ് അക്രമികള്‍ എടുത്തുകൊണ്ടുപോയി വെട്ടിനുറുക്കി കാട്ടില്‍ ഉപേക്ഷിച്ചത്. "ആശാരിപ്പണിക്ക് എന്നും വിളിക്കാന്‍ വരുന്നവരാണ് ചൊവ്വാഴ്ച അക്രമികളുടെ കുപ്പായമണിഞ്ഞുവീട്ടില്‍ എത്തിയത്. അവരും ഉമ്മമാരും വീട്ടില്‍ വരും. കുടുംബത്തെപ്പോലെയാണ് കഴിഞ്ഞിരുന്നത്. എന്നിട്ടും." മോഹനന്റെ ഭാര്യ രാധക്ക് വിശ്വസിക്കാനാവുന്നില്ല. ലീഗുകാരുടെ അക്രമം ഭയന്ന് അരിയിലുളള പുരുഷന്മാരെല്ലാം സ്ഥലം വിട്ടുപോയപ്പോള്‍ മോഹനന്‍ പോകാതിരുന്നത് സിപിഐ എം സജീവ പ്രവര്‍ത്തകനല്ലല്ലോ എന്ന വിശ്വാസത്തിലാണ്. എല്ലാവരുമായും നല്ല ബന്ധത്തിലുമായിരുന്നു.

രാവിലെ എട്ടിന് ഒരാളാണ് വന്നത്. തുടര്‍ന്നു പത്തോളം പേര്‍ മുറിയിലേക്ക് ഇടിച്ചു കയറി. ജനല്‍ ചില്ലുകളും വീട്ടുസാധനങ്ങളും അടിച്ചുടച്ചു. പുറത്തുനിന്ന് കല്ലേറുമുണ്ടായി. സ്കൂള്‍ അവധിയായതിനാല്‍ അഛനോട് ചേര്‍ന്നു കിടക്കുകയായിരുന്ന മകന്‍ മിഥുന്‍ . അവനെ തട്ടിയെറിഞ്ഞാണ് മോഹനനെ എടുത്തുകൊണ്ടുപോയത്. മോഹനനെ ബലമായി എടുത്തുപുറത്തേക്ക് കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ രാധയെ മര്‍ദിച്ചു. ഇരുമ്പുവടികൊണ്ട് അടിച്ചു. മോഹനന്റെ അമ്മ കല്യാണി(78), അമ്മയുടെ സഹോദരങ്ങളായ ജാനകി(62), മാധവി(55)എന്നിവരും വീട്ടിലുണ്ടായിരുന്നു. അവര്‍ അസുഖം ബാധിച്ചു കിടപ്പിലാണെന്നും എഴുന്നേല്‍ക്കാനാവില്ല എന്നും അക്രമിസംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാം. അവരെയും മര്‍ദിച്ചു. തലക്കും ശരീരമാകെയും വെട്ടി നുറുക്കിയശേഷം കാട്ടില്‍ ഉപേക്ഷിച്ച മോഹനനെ ഒരുമണിക്കൂറോളം തെരഞ്ഞശേഷമാണ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ കൊണ്ടുപോകാനും അനുവദിച്ചില്ല. ഒടുവില്‍ മറ്റൊരു വഴിയിലുടെ ചുമന്നുകൊണ്ടുവന്നു പുറത്തുള്ളവരുമായി ബന്ധപ്പെട്ട് ആംബുലന്‍സ് വരുത്തിയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നല്‍കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അബ്ദുള്ളകുറ്റ്യേരി, എം കെ മുഹമ്മദ് സലിം, എം കെ ഹബീബ് റഹ്മാന്‍ , റഫീഖ്, പി സി മുഹമ്മദ്കുഞ്ഞി തുടങ്ങി 15 പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്.

അരിയിലും തളിപ്പറമ്പിലും ലീഗ് അക്രമവും കൊള്ളയും

തളിപ്പറമ്പ്: സിപിഐ എം നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച പട്ടുവം അരിയിലും തളിപ്പറമ്പിലും ചൊവ്വാഴ്ചയും ലീഗുകാരുടെ അക്രമവും കൊള്ളയും. അരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പതിമൂന്നോളം വീടുകള്‍ തകര്‍ത്തു. ആശാരിപ്പണിക്കാരനായ വള്ളേരി മോഹനന്‍ , ഭാര്യ രാധ, മകന്‍ മിഥുന്‍ എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മോഹനന്റെ നില ഗുരുതരമാണ്. മോഹനന്റെ വീട് കൊള്ളയടിക്കുകയും ചെയ്തു. അരിയില്‍ ലീഗ് ക്രിമിനലുകളുടെ അക്രമം ഭയന്നു പുരുഷന്മാര്‍ മഴുവന്‍ വീടുവിട്ടുപോയി. കെ പി കുഞ്ഞിക്കണ്ണന്‍ , കൊയ്യല്‍ സജീവന്‍ , കെ വി നാരായണി, കെ വി കുഞ്ഞിരാമന്‍ , പി പങ്കജം, രാജീവന്‍ , പി സതീശന്‍ , വി മോഹനന്‍ , പറപ്പൂല്‍ ജങ്ഷനില്‍ രതീശന്‍ , പറയത്തില്‍ രാഘവന്‍ നമ്പ്യാര്‍ , റിട്ട. ഫാര്‍മസിസ്റ്റ് ഹരികൃഷ്ണന്‍ എന്നിവരുടെ വീടാണ് ആക്രമിച്ചു തകര്‍ത്തത്. തിങ്കളാഴ്ച മരിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിന്റെ കബറടക്കത്തിന് ശേഷമാണ് അക്രമം വ്യാപിപ്പിച്ചത്.

പറപ്പൂല്‍ ജങ്ഷനിലെ എല്‍ഐസി ഏജന്റ് രാമചന്ദ്രന്റെ വീടും കാറും തകര്‍ത്തു. ഹരിഹര്‍ തിയറ്റിന് സമീപത്തുളള പറമ്പത്ത് രമാദേവി(50)യെ അടിച്ചു പരിക്കേല്‍പിച്ചു. അവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ക്രിമിനല്‍ സംഘം വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും ജനല്‍ ഗ്ലാസുകളും നശിപ്പിച്ചു. മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകളും കത്തിച്ചു. ഹരിഹര്‍നഗറില്‍ എന്‍ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ ഹോട്ടല്‍ തകര്‍ത്തു. ഫ്രിഡ്ജ് കസേര, മേശ പാത്രങ്ങള്‍ തുടങ്ങിയവയും നശിപ്പിച്ചു. മന്ന കള്ളുഷാപ്പ് പകല്‍ രണ്ടരയോടെ ബൈക്കിലെത്തിയ സംഘമാണ് എറിഞ്ഞുതകര്‍ത്തത്. ഹരിഹര്‍ നഗറിന് സമീപത്തെ കള്ളുഷാപ്പും തകര്‍ത്തു. മാന്തംകുണ്ടില്‍ യുവധാര ക്ലബ്ബിന് മുന്നിലെ ബസ് വെയിറ്റിങ് ഷെല്‍ട്ടര്‍ പൊലീസ് പൊളിച്ചു. ഷെല്‍ട്ടറിലിരുന്നവര്‍ റോഡ് തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് പൊലീസ് ഷെല്‍ട്ടര്‍ തകര്‍ത്തത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ഷട്ടില്‍ കോര്‍ട്ടും നാല് ട്യൂബുകളും പൊലീസ് നശിപ്പിച്ചു. സിപിഐ എം, ഡിവൈഎഫ്ഐ കൊടിമരങ്ങളും പൊലീസ് അറുത്തുമാറ്റി.

പള്ളിക്കമ്മിറ്റി സെക്രട്ടറിയെ ലീഗുകാര്‍ മര്‍ദിച്ചു

മയ്യില്‍ : മദ്രസയിലെ മതപഠനക്ലാസിന് ശല്യമായ മൈക്ക് അനൗണ്‍സ്മെന്റ് നിര്‍ത്താനാവശ്യപ്പെട്ട പള്ളിക്കമ്മിറ്റി സെക്രട്ടറിയെയും സുഹൃത്തിനെയും മുസ്ലിംലീഗുകാര്‍ മര്‍ദിച്ചു. കടൂര്‍ പള്ളി സെക്രട്ടറി എ പി സൈനുദ്ദീന്‍(31), സി പി നാസര്‍(32) എന്നിവരെയാണ് മര്‍ദ്ദിച്ചത്. ഇരുവരെയും എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പകല്‍ പതിനൊന്നരയോടെയാണ് സംഭവം. പള്ളിക്കു സമീപം ലീഗുകാര്‍ എസ്കെഎസ്എസ്എഫ് ജാഥയ്ക്ക് സ്വീകരണം ഏര്‍പ്പാടാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള മൈക്ക് അനൗസണ്‍സ്മെന്റ് മദ്രസയിലെ പഠനത്തിന് ശല്യമായതിനെ തുടര്‍ന്നാണ്് സൈനുദ്ദീന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അനൗണ്‍സ്മെന്‍റ് തുടര്‍ന്നു. സ്വീകരണ പരിപാടിക്കിടെ കെ കെ നൂറുദ്ദീന്‍ എന്നയാളുടെ വാഹനത്തിലെത്തിയ ലീഗ് ഗുണ്ടകള്‍ സൈനുദ്ദീനെ ആക്രമിക്കുകയായിരുന്നു. വാഹനം ഇടിച്ചുകയറ്റാനും ശ്രമിച്ചു. വാഹനത്തില്‍ കരുതിയ പട്ടികകൊണ്ടാണ് അടിച്ചത്. തടയാനെത്തിയ ഡിവൈഎഫ്ഐ ചെറുപഴശി വില്ലേജ് ജോയിന്റ് സെക്രട്ടറി സി പി നാസറിനെയും അടിച്ചു. നൂറുദ്ദീന്‍ , സി പി മജീദ് വേശാല, പി പി ജാബീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്.

വെങ്ങരയില്‍ ലീഗുകാര്‍ വായനശാലയും അങ്കണവാടിയും തകര്‍ത്തു

പഴയങ്ങാടി: വെങ്ങര മൂലക്കീലില്‍ ലീഗുകാര്‍ വായനശാലയും അങ്കണവാടിയും തകര്‍ത്തു. മൂവായിരത്തോളം പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ജീപ്പിലും ബൈക്കിലുമായെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം അഴിഞ്ഞാടിയത്. സിപിഐ എം മൂലക്കീല്‍ ഈസ്റ്റ്, വെസ്റ്റ് ചെമ്പനാല്‍ ബ്രാഞ്ച് ഓഫീസുകളും തകര്‍ത്തു. ഇ എം എസ് മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന കോമ്രേഡ് വായനാശല, ക്ലബ്, അങ്കണവാടി എന്നിവ പൂര്‍ണമായും തകര്‍ത്തു. വായനശാലയിലെ പുസ്തകങ്ങള്‍ വാരിവലിച്ചിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. വായനശാലക്കും ക്ലബ്ബിനും കിട്ടിയ അമ്പതോളം ഷീല്‍ഡുകളും കപ്പുകളും സര്‍ട്ടിഫിക്കറ്റുകളും നശിപ്പിച്ചു. റീഡിങ് റൂം പാടേ തകര്‍ത്തിട്ടുണ്ട്. ടി വി പുറത്തേക്കെടുത്തെറിഞ്ഞ് നശിപ്പിച്ചു. കെട്ടിടത്തിന്റെ ജനല്‍ ക്ലാസുകള്‍ പൂര്‍ണമായും തകര്‍ത്തു. സിപിഐ എം കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇരുപതോളം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയാണ് തകര്‍ത്തത്. ഇവിടത്തെ പഠന സാമഗ്രികളും കുട്ടികള്‍ക്കു ഭക്ഷണം നല്‍കുന്ന പാത്രങ്ങളുംവരെ നശിപ്പിച്ചു. കെട്ടിടത്തിന്റെ ഇരുമ്പുഗേറ്റുകള്‍ തകര്‍ത്താണ് അക്രമികള്‍ അകത്തുകയറിയത്. ഇരുമ്പുപാര, വടിവാള്‍ മുതലായ മാരകായുധങ്ങളുമായാണ് പുലര്‍ച്ചെ രണ്ടോടെ ഇവര്‍ എത്തിയത്. അക്രമികള്‍ തകര്‍ത്ത വായനശാലയും അങ്കണവാടിയും സിപിഐ എം നേതാക്കളായ ഒ വി നാരായണന്‍ , പി പി ദാമോദരന്‍ , വി വിനോദ്, പി ജനാര്‍ദനന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പാര്‍ടി ഓഫീസുകളും വായനശാലയും അങ്കണവാടിയും തകര്‍ത്ത ലീഗ് അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിപിഐ എം മാടായി ലോക്കല്‍ സെക്രട്ടറി വി വിനോദ് ആവശ്യപ്പെട്ടു.

ഇരിക്കൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ലീഗുകാര്‍ തകര്‍ത്തു

ശ്രീകണ്ഠപുരം: ഇരിക്കൂറിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ മുസ്ലിം ലീഗ് അക്രമം. അക്രമത്തില്‍ ഓഫീസിന്റെ വാതിലും ജനാലകളും തകര്‍ന്നു. ഫയലുകളും പുസ്തകങ്ങളും ലീഗ് അക്രമിസംഘം അഗ്നിക്കിരയാക്കി. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അക്രമികള്‍ പാര്‍ടിഓഫീസിന് തീയിട്ടത്. ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു. ജനലിലൂടെ അകത്തെ അലമാരയിലേക്ക് തീ കത്തിച്ചെറിഞ്ഞു. ഇതേ തുടര്‍ന്നാണ് പുസ്തകങ്ങളും ഫയലുകളും കത്തിനശിച്ചത്. വാതിലിനും തീയിട്ടു. ഓഫീസ് ബോര്‍ഡും തോരണങ്ങളും നശിപ്പിച്ചു. തീ പടരാതിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടായില്ല. മട്ടന്നൂര്‍ സിഐ സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച ടൗണില്‍ പ്രകടനം നടത്തിയവരാണ് അക്രമത്തിന് പിന്നില്‍ . ലീഗ് പ്രവര്‍ത്തകരായ കെ ടി നസീര്‍ , കെ പി മൊയ്തീന്‍കുഞ്ഞി, മുക്രീന്റകത്ത് അനസ്, കുന്നത്ത് ബഷീര്‍ , തായലെപ്പുര ജബ്ബാര്‍ , കെ ടി അബ്ദുള്‍ ഗഫൂര്‍ , സി എന്‍ വി ഷബീര്‍ , പി കെ ഷംസീര്‍ , കെ പി അബ്ദുള്‍ സലാം എന്നിവരാണ് അക്രമം നടത്തിയതെന്ന് കാണിച്ച് സിപിഐ എം ഇരിക്കൂര്‍ ലോക്കല്‍ കമ്മിറ്റി ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ബി രാമചന്ദ്രന്റെ ടൗണിലുള്ള കടയുടെനേരെയും അക്രമം ഉണ്ടായി. ബോര്‍ഡ് നശിച്ചു. അക്രമത്തെ സിപിഐ എം ഇരിക്കൂര്‍ ലോക്കല്‍ കമ്മിറ്റി അപലപിച്ചു.

തകര്‍ത്തത് 10 കുടുംബങ്ങളുടെ ജീവിതോപാധികമ്പില്‍ ലക്ഷങ്ങളുടെ നഷ്ടം

മയ്യില്‍ : കമ്പില്‍ ടൗണില്‍ മുസ്ലിംലീഗ് അക്രമത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ഹോട്ടലും വായനശാലയും കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. ടൗണിലെ സിപിഐ എം നാറാത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ ഫര്‍ണിച്ചറുകള്‍ മുഴുവന്‍ തകര്‍ത്തു. ചടയന്‍ ഗോവിന്ദനുള്‍പ്പെടെയുള്ള നേതാക്കളുടെ ഫോട്ടോകളും നശിപ്പിച്ചു. ചടയന്‍ സ്മാരക മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യുവജന വായനശാലയും പൂര്‍ണമായും തകര്‍ത്തു. വാതില്‍ പൊളിച്ച് അകത്തുകടന്നവര്‍ മേശ കുത്തിത്തുറന്ന് സംഭാവനയായി ലഭിച്ച 25,000 രൂപ കൊള്ളയടിച്ചു. അലമാരകള്‍ തകര്‍ത്ത് പുസ്തകങ്ങള്‍ വാരി വലിച്ച് റോഡിലിട്ട് നശിപ്പിച്ചു. റേഡിയോ, ടെലിവിഷന്‍ , മേശ, കസേര എന്നിവയും തകര്‍ത്തു. വായനശാലയ്ക്ക് സമീപത്തെ പുലരി വനിത ഹോട്ടല്‍ പൂര്‍ണമായി തകര്‍ത്തു. നാലു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഷട്ടര്‍ കുത്തിക്കീറി അകത്തുകടന്ന് ഫ്രിഡ്ജ്, മിക്സി, ഗ്രൈന്റര്‍ , പാത്രങ്ങള്‍ , വാട്ടര്‍ടാങ്ക്, കസേര, മേശ എന്നിവ തകര്‍ത്തു. മേശ കുത്തിത്തുറന്ന് 5100 രൂപ കൊള്ളയടിച്ചു.

പത്തു വനിതകള്‍ ചേര്‍ന്ന് ഡിഡബ്ല്യുഎസ്ആര്‍ പദ്ധതി പ്രകാരം ആരംഭിച്ചതാണ് 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പുലരി ഹോട്ടല്‍ . എട്ടുലക്ഷം രൂപ വായ്പയെടുത്ത് ഈയിടെയാണ് ഹോട്ടല്‍ നവീകരിച്ചത്. ഹോട്ടലില്‍നിന്നുള്ള വരുമാനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത് പത്തു കുടുംബങ്ങളാണ്. ഈ കുടുംബങ്ങളുടെ അന്നമാണ് ലീഗുകാര്‍ മുട്ടിച്ചത്. കഴിഞ്ഞ മാസം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത സംഘമിത്ര കലാസാംസ്കാരിക കേന്ദ്രവും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുല്ലക്കൊടി സഹകരണ റൂറല്‍ ബാങ്കിന്റെ കമ്പില്‍ വനിതാശാഖയ്ക്കുനേരെയും അക്രമം നടന്നു. സംഘമിത്രയുടെ നെയിംബോര്‍ഡ്, റൂഫീങ് ഷീറ്റ് എന്നിവയും ബാങ്കിന്റെ ജനല്‍ ഗ്ലാസുകളും കല്ലേറില്‍ തകര്‍ന്നു. ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ട്.

തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് ലീഗ് അക്രമപരമ്പരക്ക് തുടക്കമിട്ടത്. ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിനുനേരെ ആദ്യം കല്ലെറിഞ്ഞു. നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലാണ്. കല്ല്, സോഡക്കുപ്പി എന്നിവ ശേഖരിച്ച് പ്രകടനത്തിനുനേരെ എറിയുകയായിരുന്നു. വാഹനങ്ങളെയും യാത്രക്കാരെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ അക്രമികള്‍ മണിക്കൂറുകളോളം ഭഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്വകാര്യബസുകളുടെ ചില്ലും തകര്‍ത്തു. കമ്പില്‍ സ്വദേശികളായ എം കെ സൈഫുദ്ദീന്‍ , ടി പി മഹ്റൂഫ്, നാറാത്തെ കെ പി സഫാദ്, കെ വി നാസര്‍ , ടി പി സമീര്‍ , കെ പി സിയാദ്, എം പി സൈനുദ്ദീന്‍ , ടി പി സുഹൈല്‍ , എം കെ സൈനുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പേരാണ് അക്രമം നടത്തിയത്. ലീഗുകാര്‍ തകര്‍ത്ത പാര്‍ടി ഓഫീസും സ്ഥാപനങ്ങളും ഹോട്ടലും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സഹദേവന്‍ , കെ കെ രാഗേഷ്, ജില്ലാകമ്മിറ്റി അംഗങ്ങളായ അരക്കന്‍ ബാലന്‍ , പി ബാലന്‍ , കെ ചന്ദ്രന്‍ , ഏരിയാസെക്രട്ടറി കെ സി ഗോവിന്ദന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

കലാപത്തിന് ലീഗ് ശ്രമം

മലപ്പുറം: കണ്ണൂര്‍ സംഭവത്തിന്റെ മറവില്‍ ജില്ലയില്‍ കലാപം അഴിച്ചുവിടാന്‍ മുസ്ലിംലീഗ് ശ്രമം. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് മലപ്പുറം നഗരത്തില്‍ അഴിഞ്ഞാടിയ യൂത്ത് ലീഗ്, എംഎസ്എഫ് അക്രമികള്‍ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രചാരണ ബോര്‍ഡുകളും കൊടികളും തകര്‍ത്തശേഷം കൂട്ടിയിട്ട് കത്തിച്ചു. പൊലീസുകാര്‍ക്കുനേരെയും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കൈയേറ്റശ്രമവും നടന്നു. രണ്ടുമണിക്കൂറോളം നഗരത്തില്‍ അഴിഞ്ഞാടിയ സംഘം നാട്ടുകാര്‍ക്കുനേരെയും കയര്‍ത്തു. പ്രകോപനംസൃഷ്ടിച്ച് ജില്ലയിലെങ്ങും കലാപത്തിന് മുതിരാനായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ ശ്രമം. അക്രമവുമായി ബന്ധപ്പെട്ട് നാല് യൂത്ത്ലീഗ് പ്രവര്‍ത്തകരെ മലപ്പുറം പൊലീസ് അറസ്റ്റുചെയ്തു. പി കെ ബാവ, ഊരോത്ത് പറമ്പന്‍ അഫ്സല്‍ , മാടമ്പി സാലിഹ്, ഷാഫി കാടേങ്ങല്‍എന്നിവരെയാണ് രാത്രി ഒമ്പതോടെ മലപ്പുറം എസ്ഐ എ പ്രേംജിത്ത് കോട്ടപ്പടിയില്‍വച്ച് അറസ്റ്റുചെയ്തത്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തു.

ഡിവൈഎഫ്ഐ 23ന് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് വളയല്‍ സമരത്തിന്റെ പ്രചാരണാര്‍ഥം മലപ്പുറം നഗരത്തില്‍ കോട്ടപ്പടി മുതല്‍ കുന്നുമ്മല്‍വരെ ഉയര്‍ത്തിയ നൂറുകണക്കിന് ബോര്‍ഡുകളും ബാനറുകളും കൊടികളുമാണ് വലിച്ചുകീറി നശിപ്പിച്ചത്. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഉയര്‍ത്തിയ ബോര്‍ഡുകളും നശിപ്പിച്ചു. പ്രകടനമായെത്തിയ എംഎസ്എഫ്-യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച വൈകിട്ട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമമഴിച്ചുവിട്ടത്. സിപിഐ എം നേതാക്കന്‍മാരെയുള്‍പ്പടെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളുമായെത്തിയ സംഘം തുടര്‍ന്ന് നശിപ്പിച്ച ബോര്‍ഡുകളും മറ്റും എടുത്ത് റോഡില്‍ കൂട്ടിയിട്ട് കത്തിച്ചു. ഈ സമയത്തെല്ലാം മഞ്ചേരി സിഐയും മലപ്പുറം എസ്ഐയും ഉള്‍പ്പെടെയുള്ള പൊലീസ് കൈയുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. പരസ്യമായി അക്രമത്തിന് നേതാക്കള്‍ ആഹ്വാനവും നല്‍കി. ഇതോടെ പ്രകോപിതരായ ഒരുസംഘം വീണ്ടും ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചു.

ഇതിനിടെ ചില പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേതാക്കന്‍മാരെ സമീപിച്ച മഞ്ചേരി സിഐയെ തെറിവിളിച്ച് കൈയേറ്റംചെയ്തു. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നേതാക്കന്‍മാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അണികളെക്കൂട്ടി നേതാക്കള്‍ തിരികെ മടങ്ങുന്നതിനിടെ വീണ്ടും അക്രമം നടത്തി. ഇത് തടയുന്നതിനിടെ കൊടികെട്ടിയ വടികൊണ്ട് എസ്ഐയുടെ തലക്കടിച്ചു. പിരിഞ്ഞുപോവാന്‍ കൂട്ടാക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് നിര്‍ബന്ധപൂര്‍വം മടക്കി അയക്കുകയായിരുന്നു.

deshabhimani 220212

1 comment:

  1. പട്ടുവത്ത് അക്രമികളെ നിലയ്ക്കുനിര്‍ത്തുന്നതില്‍ മൂന്നാംദിവസവും പൊലീസ് പരാജയപ്പെട്ടു. ഞായറാഴ്ച തുടങ്ങിയ~അക്രമങ്ങള്‍ ചൊവ്വാഴ്ചയും തുടര്‍ന്നു. ജില്ലയുടെ പല ഭാഗങ്ങളിലും ലീഗ് അക്രമികള്‍ അഴിഞ്ഞാടി. ഭരണകക്ഷിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതിയാണ്്. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പട്ടുവം സന്ദര്‍ശിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചിട്ടും സുരക്ഷാസംവിധാനം ഒരുക്കാതിരുന്നത് ബോധപൂര്‍വമാണെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിച്ചു. രാഷ്ട്രീയ സമ്മര്‍ദത്തിന് ഉപരിയായി നാട്ടില്‍ സമാധാനം കാക്കാന്‍ ചുമതലപ്പെട്ട പൊലീസ് സംവിധാനവും നേതൃത്വവും ഇല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

    ReplyDelete