Wednesday, February 22, 2012

പ്രതിഷേധങ്ങള്‍ക്കിടെ കോച്ച് ഫാക്ടറിക്ക് ശിലയിട്ടു


വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ കഞ്ചിക്കോട്ട് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച റെയില്‍വേ കോച്ച് ഫാക്ടറിക്ക് കേന്ദ്ര റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി ശിലയിട്ടു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയും ജനപ്രതിനിധികളെയും അവഗണിച്ചതിലുള്ള പ്രതിഷേധത്തില്‍ ഉദ്ഘാടനച്ചടങ്ങ് ജനങ്ങളുടെ ശുഷ്കമായ പങ്കാളിത്തംകൊണ്ട് നിറം മങ്ങി. ഇ ടി മുഹമ്മദ്ബഷീര്‍ എംപിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ചടങ്ങ് നടന്ന കോട്ടമൈതാനത്തിനുപുറത്ത് പ്രകടനം നടത്തി, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കാര്‍ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 12 ലീഗ്പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തു.

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഒന്നാം യുപിഎ സര്‍ക്കാരാണ് കേരളത്തിന് 5000 കോടിയുടെ റെയില്‍വേ കോച്ച്ഫാക്ടറി വാഗ്ദാനംചെയ്തത്. ഇതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ 439 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ യുപിഎ സര്‍ക്കാര്‍ പദ്ധതി 560 കോടിയുടേതാക്കി ചുരുക്കുകയും 239 ഏക്കര്‍ സ്ഥലം മതിയെന്ന് തീരുമാനിക്കുകയുമാണ് ഉണ്ടായത്. പദ്ധതി നടപ്പിലാകാതിരിക്കാന്‍ പരമാവധി ശ്രമിച്ചശേഷം പിറവം ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ തിരക്കിട്ട് ശിലാസ്ഥാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ത്തന്നെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള എംഎല്‍എമാരെയും പി കെ ബിജു, ഇ ടി മുഹമ്മദ് ബഷീര്‍ എന്നീ എംപിമാരെയും ഉചിതമായ രീതിയില്‍ ക്ഷണിച്ചില്ല. ഇതില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നു.

കോച്ച്ഫാക്ടറി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കഞ്ചിക്കോടുനിന്ന് 15 കിലോമീറ്ററകലെ പാലക്കാട് കോട്ടമൈതാനത്ത് ശിലാസ്ഥാപനച്ചടങ്ങ് സംഘടിപ്പിച്ചതില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായി. റെയില്‍വേ സഹമന്ത്രി കെ എച്ച് മുനിയപ്പ, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്, എംപിമാരായ എം ബി രാജേഷ്, കെ ഇ ഇസ്മയില്‍ , ഷാഫി പറമ്പില്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ടി എന്‍ കണ്ടമുത്തന്‍ , പുതുശേരി പഞ്ചായത്ത് പ്രസിഡന്റ്് കെ എന്‍ ശ്രീദേവി എന്നിവര്‍ സംസാരിച്ചു. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ , മെമ്പര്‍ സഞ്ജീവ് ഹണ്ട എന്നിവര്‍ പങ്കെടുത്തു. ദക്ഷിണ റെയില്‍വേ ജനറല്‍മാനേജര്‍ ദീപക് കൃഷ്ണന്‍ സ്വാഗതവും പാലക്കാട് ഡിആര്‍എം പിയൂഷ് അഗര്‍വാള്‍ നന്ദിയും പറഞ്ഞു.

റെയില്‍വേയുടെ ക്ഷണം മാന്യമായല്ല: ഉമ്മന്‍ചാണ്ടി

തിരൂര്‍ : പാലക്കാട് കോച്ച് ഫാക്ടറി ശിലാസ്ഥാപന ചടങ്ങിന് റെയില്‍വേ തന്നെ ക്ഷണിച്ചത് മാന്യമായ രീതിയിലല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ക്ഷണിച്ചതിനേക്കാള്‍ മോശമായരീതിയാണ് തന്നോട് കാണിച്ചതെന്ന് തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. റെയില്‍വേ ചെന്നൈ ജനറല്‍ മാനേജരുടെ പേരിലുള്ള ക്ഷണക്കത്ത് റെയില്‍വേ പിആര്‍ഒ മുഖാന്തരം ഓഫീസില്‍ എത്തിക്കുകയായിരുന്നു. ചടങ്ങിന്റെ സംഘാടകര്‍ റെയില്‍വേയാണ്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലായതിനാല്‍ റെയില്‍വേക്ക് കുറച്ചുകൂടി ഉത്തരവാദിത്തം വേണമായിരുന്നു. എന്നെയും പ്രതിപക്ഷ നേതാവിനെയും റെയില്‍വേയുടെ ചുമതലയുള്ള ആര്യാടന്‍ മുഹമ്മദിനെയും ഒരേപോലെയാണ് ക്ഷണിച്ചത്. പദ്ധതിക്കായി സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളെടുത്ത കലക്ടറെപ്പോലും മാറ്റിനിര്‍ത്തി. പ്രോട്ടോകോള്‍ എന്ന ന്യായമാണ് റെയില്‍വേ പറയുന്നത്. ഇ ടി മുഹമ്മദ്ബഷീര്‍ , പി കെ ബിജു എന്നീ എംപിമാരെയും ക്ഷണിച്ചില്ല. പിന്നീട് താനാണ് ഇവരെ വിളിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ സിപിഐ എം നേതാക്കളെ ആക്രമിച്ച ലീഗ് നിലപാട് നിര്‍ഭാഗ്യകരമായിപ്പോയി. കര്‍ശന നടപടിയെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളീയരെ അപമാനിച്ചു: വി എസ്

കോഴിക്കോട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പൊതുമൈതാനത്ത് തറക്കല്ലിടുന്നത് കേരളീയരെ അപമാനിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . 5000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നത്. അതിപ്പോള്‍ 500 ആക്കി ചുരുക്കി. 5000 കോടി മുടക്കുമെന്നുപറഞ്ഞത് 560 കോടിയാക്കി മാറ്റിയെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. റെയില്‍വേയുടെ കാര്യത്തില്‍ എന്തോ വലിയ കാര്യം ചെയ്തെന്ന് വരുത്തിത്തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. കേരളീയരെ വഞ്ചിക്കുന്ന ഇക്കാര്യത്തിന് കൂട്ടുനില്‍ക്കുന്നത് വലിയ അപരാധമാണ്. അതിനാലാണ് കോച്ച് ഫാക്ടറി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാത്തത്. തിരുകേശ പ്രശ്നത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. എന്നാല്‍ കേരളീയരുടെ പൗരാവകാശം ഇല്ലാതാവുന്നില്ല. കൂടിയാലോചിച്ച് മതസൗഹാര്‍ദം തകരാത്ത നിലയില്‍ തീരുമാനമെടുക്കുകയാണ് വേണ്ടത്. ആരെയും വെറുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി എസ് പറഞ്ഞു.

കോച്ച് ഫാക്ടറി: ലക്ഷ്യം പിറവം തെരഞ്ഞെടുപ്പ്- വിഎസ്

കോഴിക്കോട്: പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളെ പറഞ്ഞു പറ്റിക്കാനാണ്് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത്തരം അപ്പൂപ്പന്‍താടി കാട്ടി ഉമ്മന്‍ചാണ്ടി രക്ഷപ്പെടാന്‍ നോക്കേണ്ട- വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെ സിപിഐ എം നേതൃത്വത്തില്‍ മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച ബഹുജന സത്യഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

മമത ബാനര്‍ജിയുടെ ദ്രോഹപദ്ധതിയാണ് ഉമ്മന്‍ചാണ്ടി അംഗീകരിച്ചത്. 25 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധി ഉറപ്പുനല്‍കിയ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിശ്രമംകൊണ്ട് തിരികെ ലഭിച്ചത്. അന്ന് പറഞ്ഞുപറ്റിച്ച് കോണ്‍ഗ്രസിന്റെ താല്‍പ്പര്യാര്‍ഥം കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ടുപോയി. താനും എംപിമാരും സിപിഐ എം രാജ്യസഭാ പാര്‍ടി ലീഡര്‍ സീതാറാം യെച്ചൂരിയും ലാലുപ്രസാദ് യാദവിനെ കണ്ട് ചര്‍ച്ച നടത്തിയാണ് കോച്ച് ഫാക്ടറി കേരളത്തിന് അനുവദിച്ചുകിട്ടിയത്. 10,000 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭ്യമാക്കുമെന്നും പദ്ധതി പൊതുമേഖലയില്‍ ആകുമെന്നുമായിരുന്നു ഉറപ്പ്. അതെല്ലാം മമത അട്ടിമറിച്ചു. ഇപ്പോള്‍ പൊതുമേഖല എവിടെപ്പോയി. ഉമ്മന്‍ചാണ്ടി ഉത്തരം പറയണം. 10,000 പേര്‍ക്ക് പോയിട്ട് അതിലൊന്ന് പേര്‍ക്കേ തൊഴില്‍ ലഭിക്കൂ. കോച്ച് ഫാക്ടറിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരം ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കി. ഈ സ്ഥലത്തുനിന്ന് മാറ്റി ഒരു മൈതാനത്താണിപ്പോള്‍ കല്ലിടുന്നത്. ഇതിനെ അഭിനന്ദിക്കാന്‍ ആവാത്തതുകൊണ്ടാണ് തറക്കല്ലിടല്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നത്.

സംസ്ഥാനത്തിന്റെ വികസനമാകെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. വിഴിഞ്ഞം പദ്ധതിയുടെ പ്രാഥമിക ചെലവുകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ബാങ്കുകള്‍ വഴി 2500 കോടി ലഭ്യമാക്കിയിരുന്നു. അതിപ്പോള്‍ എവിടെപ്പോയി. തികയാത്ത പണം ലഭ്യമാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തോ. കേരളത്തില്‍ പത്ത് പുതിയ ഐടി പാര്‍ക്കുകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. അതിന്റെ ഗതി എന്തായെന്ന് ഉമ്മന്‍ചാണ്ടി പറയുമോ. അടച്ചിട്ട ഫാക്ടറികള്‍ ഓരോന്നായി എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നു. യുഡിഎഫ് സര്‍ക്കാര്‍ ഇവയെല്ലാം പൂട്ടുന്നതിനാണ് ശ്രമിക്കുന്നത്. 1500 കോടിയുടെ കുട്ടനാട് പാക്കേജും യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. മഴവെള്ളം കയറി കായലുകള്‍ നശിക്കുന്നത് ഒഴിവാക്കാന്‍ കോണ്‍ക്രീറ്റ് ബണ്ടുകള്‍ നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു. ഇതിനുപകരം മണ്ണും ചെളിയും ഉപയോഗിച്ചുള്ള കല്‍കെട്ടിനാണ് ഇപ്പോഴത്തെ നീക്കം. ഇതുവഴി പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും വി എസ് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. നോര്‍ത്ത് ഏരിയാ സെക്രട്ടറി പി ലക്ഷ്മണന്‍ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം എം ഭാസ്കരന്‍ നന്ദിയും പറഞ്ഞു.

കോച്ച് ഫാക്ടറി പൊതുമേഖലയിലാക്കുക

പാലക്കാട്: ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളോടും ഡിഎംടിഇയു പാലക്കാട് ജില്ലാ കണ്‍വന്‍ഷന്‍ അഭ്യര്‍ഥിച്ചു.കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പൊതുമേഖലയില്‍ നടപ്പിലാക്കണമെന്നും ബന്ധപ്പെട്ടവരോട് കണ്‍വന്‍ഷന്‍ അഭ്യര്‍ഥിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ഉണ്ണി ഉദ്ഘാടനം ചെയ്തു. ഷണ്‍മുഖന്‍ അധ്യക്ഷനായി. എം അബ്ദുള്‍ അസീസ് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് എം എസ് സ്കറിയ, മാധവന്‍ നായര്‍ , പി ജി മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. അപ്പുമണി സ്വാഗതവും അനന്തനാരായണന്‍ നന്ദിയും പറഞ്ഞു. 35അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍ : വി ഷണ്‍മുഖന്‍(പ്രസിഡന്റ്). സക്കറിയ, രാധാകൃഷ്ണന്‍ , മുരുകന്‍(വൈസ്പ്രസിഡന്റുമാര്‍) എം അബ്ദുള്‍അസീസ്(സെക്രട്ടറി), എം കെ രാജേന്ദ്രന്‍ , അബ്ദുള്‍സത്താര്‍ , സിദ്ധാര്‍ഥന്‍(ജോയിന്റ് സെക്രട്ടറിമാര്‍), സതീഷ്കുമാര്‍(ട്രഷറര്‍).

deshabhimani 220212

1 comment:

  1. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ കഞ്ചിക്കോട്ട് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച റെയില്‍വേ കോച്ച് ഫാക്ടറിക്ക് കേന്ദ്ര റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി ശിലയിട്ടു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയും ജനപ്രതിനിധികളെയും അവഗണിച്ചതിലുള്ള പ്രതിഷേധത്തില്‍ ഉദ്ഘാടനച്ചടങ്ങ് ജനങ്ങളുടെ ശുഷ്കമായ പങ്കാളിത്തംകൊണ്ട് നിറം മങ്ങി. ഇ ടി മുഹമ്മദ്ബഷീര്‍ എംപിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ചടങ്ങ് നടന്ന കോട്ടമൈതാനത്തിനുപുറത്ത് പ്രകടനം നടത്തി, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കാര്‍ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 12 ലീഗ്പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തു.

    ReplyDelete