Sunday, February 19, 2012

കൊഞ്ചലും ചിരിയുമായി മെറിന്‍ ; മക്കളെ ഇനി വിട്ടുപിരിയില്ലെന്ന് അമ്മ


അമ്മയെയും അച്ഛനെയും ഒരുമിച്ചു കണ്ടപ്പോള്‍ മെറിന്റെ നിഷ്കളങ്കമായ മുഖം പൂ പോലെ വിടര്‍ന്നു. അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞനുജന്‍ ടോണിക്കും ചേച്ചിയെ കണ്ടതിന്റെ ആഹ്ലാദം. അനുജനെ കെട്ടിപ്പിടിച്ച മെറിന്‍ അവന്റെ കവിളത്ത് മുത്തം നല്‍കി. കോട്ടയം കലക്ട്രേറ്റ് അങ്കണത്തിലായിരുന്നു അമ്മയുമായുള്ള മെറിന്റെ പുനഃസമാഗമത്തിന് വേദിയൊരുങ്ങിയത്. അമ്മ ഒറ്റയ്ക്കാക്കി വീടുവിട്ടു പോയതിന്റെ സങ്കടമൊന്നും ഇപ്പോള്‍ മെറിന്റെ മുഖത്തില്ല. അമ്മ ഉപേക്ഷിച്ചു പോയ ശേഷം രണ്ടു ദിവസമായി മെറിന്‍ ശിശുക്ഷേമസമിതിയുടെ നിയന്ത്രണത്തില്‍ തോട്ടയ്ക്കാട്ടെ ഇന്‍ഫന്റ്ജീസസ് ശിശുഭവനിലായിരുന്നു. അവിടത്തെ അമ്മമാര്‍ അവള്‍ക്ക് സ്നേഹം പകര്‍ന്നു. അന്തേവാസികളായ കുട്ടികള്‍ കളിക്കൂട്ടുകാരുമായി. അമ്മയുടെ ചാരത്ത് അണയാന്‍ ഓടിയെത്തിയ മെറിനു മുന്നില്‍ ക്യാമറാ ഫ്ളാഷുകള്‍ മിന്നിമറഞ്ഞു.

പാലാ രാമപുരം നെച്ചിപ്പൂഴൂര്‍ കളത്തിനാനി കോളനി പൈകയില്‍ വീട്ടില്‍ നീതു (24)വാണ് മകള്‍ നാലര വയസുകാരി മെറീനെ തനിച്ചാക്കി ഒന്നര വയസുകാരനായ ഇളയ മകനെയും കൂട്ടി തിങ്കളാഴ്ച രാത്രി വീടുവിട്ടത്. ഒരു രാത്രി മുഴുവന്‍ വീട്ടില്‍ തനിച്ചിരുന്ന മെറിനെ അടുത്ത ദിവസം ഉച്ചയ്ക്കാണ് അയല്‍ക്കാര്‍ കാണുന്നത്. രാത്രി മുഴുവന്‍ വീട്ടില്‍ ഒറ്റക്കിരുന്ന് തളര്‍ന്ന് ഉറങ്ങിപ്പോയ മെറിന്‍ പിറ്റേന്നും അമ്മയെ കാണാതെ കരഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കലക്ടര്‍ മിനി ആന്റണിയെ വിവരം അറിയിച്ചത്. കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി എം എസ് സോമന്‍ കുട്ടിയെ ഏറ്റെടുത്ത് ഇന്‍ഫന്റ്ജീസസ് ശിശുഭവനില്‍ സംരക്ഷണത്തിനായി എത്തിക്കുകയായിരുന്നു. കുട്ടിയെ ഏറ്റുവാങ്ങാന്‍ കലക്ടറുടെ ചേംബറില്‍ എത്തിയ നീതുവും ഭര്‍ത്താവ് ജിജിയും ഇനിയൊരിക്കലും പരസ്പരം പിരിയില്ലെന്നും മക്കളെ പൊന്നുപോലെ സംരക്ഷിക്കുമെന്നും കലക്ടര്‍ക്ക് ഉറപ്പു നല്‍കി. ജിജിയുടെ കുമളിയിലെ വീട്ടിലേക്കാണ് ഇവര്‍ തിരിച്ചത്. പോകും മുന്‍പ് കലക്ടറുടെ ഓര്‍മ്മപ്പെടുത്തല്‍ .

"ഇടുക്കി കലക്ടറുമായി ബന്ധപ്പെട്ട് നിങ്ങളുടെ വിവരങ്ങള്‍ ഞങ്ങള്‍ അന്വേഷിക്കും. കുട്ടിയെ നന്നായി വളര്‍ത്തണം." സമ്മതമറിയിച്ച് ബന്ധുക്കള്‍ക്കൊപ്പം പടിയിറക്കം.

നീതുവിന്റെ മാതാപിതാക്കള്‍ അകന്നു കഴിയുന്നവരാണ്. നീതുവിനെ കുമളിയിലാണ് വിവാഹം ചെയ്തിരുന്നത്. എന്നാല്‍ , ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുമൂലം നെച്ചിപ്പുഴൂരില്‍ അമ്മ ആലീസിന്റെ അടുത്തായിരുന്നു നീതു. നിലവില്‍ മറ്റൊരാളോടൊപ്പമാണ് ആലീസ് കഴിഞ്ഞിരുന്നത്. ഒരാഴ്ച മുന്‍പ് ആലീസ് വിദേശത്ത് ജോലിക്കായി പോയി. ഇതോടെ നീതുവും മക്കളും വീട്ടില്‍ തനിച്ചായി. തിങ്കളാഴ്ച രാത്രിയോടെ രണ്ടാനച്ഛന്‍ വീട്ടിലെത്തി നീതുവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളില്‍ നിന്നും രക്ഷപ്പെടാനാണ് ഇളയ കുഞ്ഞിനെയുമെടുത്ത് വീടുവിട്ടിറങ്ങിയതെന്നാണ് നീതു പറഞ്ഞത്. ഇവിടെ നിന്നും ഒരു കൂട്ടുകാരിയുടെ അടുത്തേക്കാണ് ആദ്യം പോയത്. പിന്നീട് സ്വന്തം അച്ഛന്‍ ജോസിന്റെ വീട്ടിലെത്തി. ജോസും ഭാര്യയും ചേര്‍ന്നാണ് ജിജിയെയും തുടര്‍ന്ന് കുമളി പൊലീസിലും വിവരം അറിയിച്ചത്. കലക്ടര്‍ മിനി ആന്റണിയുടെയും സബ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെയും സാന്നിധ്യത്തിലാണ് മെറിനെ കൈമാറിയത്.

deshabhimani 190212

1 comment:

  1. അമ്മയെയും അച്ഛനെയും ഒരുമിച്ചു കണ്ടപ്പോള്‍ മെറിന്റെ നിഷ്കളങ്കമായ മുഖം പൂ പോലെ വിടര്‍ന്നു. അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞനുജന്‍ ടോണിക്കും ചേച്ചിയെ കണ്ടതിന്റെ ആഹ്ലാദം. അനുജനെ കെട്ടിപ്പിടിച്ച മെറിന്‍ അവന്റെ കവിളത്ത് മുത്തം നല്‍കി. കോട്ടയം കലക്ട്രേറ്റ് അങ്കണത്തിലായിരുന്നു അമ്മയുമായുള്ള മെറിന്റെ പുനഃസമാഗമത്തിന് വേദിയൊരുങ്ങിയത്. അമ്മ ഒറ്റയ്ക്കാക്കി വീടുവിട്ടു പോയതിന്റെ സങ്കടമൊന്നും ഇപ്പോള്‍ മെറിന്റെ മുഖത്തില്ല. അമ്മ ഉപേക്ഷിച്ചു പോയ ശേഷം രണ്ടു ദിവസമായി മെറിന്‍ ശിശുക്ഷേമസമിതിയുടെ നിയന്ത്രണത്തില്‍ തോട്ടയ്ക്കാട്ടെ ഇന്‍ഫന്റ്ജീസസ് ശിശുഭവനിലായിരുന്നു. അവിടത്തെ അമ്മമാര്‍ അവള്‍ക്ക് സ്നേഹം പകര്‍ന്നു. അന്തേവാസികളായ കുട്ടികള്‍ കളിക്കൂട്ടുകാരുമായി. അമ്മയുടെ ചാരത്ത് അണയാന്‍ ഓടിയെത്തിയ മെറിനു മുന്നില്‍ ക്യാമറാ ഫ്ളാഷുകള്‍ മിന്നിമറഞ്ഞു.

    ReplyDelete