Thursday, February 2, 2012

ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും തരംതാഴ്ത്താന്‍ നീക്കം

ആലപ്പുഴ: റവന്യൂ വകപ്പില്‍ 45 തഹസില്‍ദാര്‍മാരെ തരം താഴ്ത്തിയതിന് പിന്നാലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും തരം താഴ്ത്താന്‍ നീക്കം. തരം താഴ്ത്തിയതിനെതിരെ ചില തഹസില്‍ദാര്‍മാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെതുടര്‍ന്നാണ് പുതിയനീക്കം. അതേസമയം സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാസം റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ ഇത്തരത്തില്‍ തരംതാഴ്ത്തല്‍ നടത്തുന്നത് റവന്യുവരവിനെ പ്രതികൂലമായി ബാധിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു. തരംതാഴ്ത്തിയാല്‍ ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷ വിജയിച്ച് സ്ഥാനകയറ്റം കിട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായവര്‍ വീണ്ടും വില്ലേജ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ടിവരും. അതേസമയം ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷയില്‍ വിജയിച്ചില്ലെങ്കിലും സര്‍വീസ് കൂടുതലുള്ളവര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുമാകും. തഹസില്‍ദാര്‍മാരെ മാത്രമല്ല ഒരേമാനദണ്ഡത്തില്‍ എല്ലാ വിഭാഗത്തിലും തരംതാഴ്ത്തിയെന്ന് ട്രിബ്യൂണലിനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണിത്.

എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്റെ ഭര്‍ത്താവ് ഉസ്മാനടക്കമുള്ളവരെ തഹസില്‍ദാരാക്കാനാണ് കഴിഞ്ഞ ദിവസം 45 തഹസില്‍ദാര്‍മാരെ നോട്ടീസ് പോലും കൊടുക്കാതെ തരം താഴ്ത്തിയത്. സ്ഥാനകയറ്റം കിട്ടിയവരുടെ പട്ടികയില്‍ ഉസ്മാന്‍ 45-ാമനുമായിരുന്നു. കോടതിയില്‍ പോകാന്‍ അവസരം പോലും കൊടുക്കാതെ രാത്രി 11.57നാണ്് ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഇതേ മാനദണ്ഡപ്രകാരം ഡെപ്യൂട്ടി കലക്ടര്‍മാരായവരെ തരംതാഴ്ത്തിയിട്ടുമില്ല. സര്‍വീസ് കൂടുതലുണ്ടായിട്ടും തഹസില്‍ദാര്‍മാരാകാന്‍ കഴിയാതിരുന്നവരുടെ കേസ് കൂടി പരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ നിലവിലുള്ള തഹസില്‍ദാര്‍മാരെ തരംതാഴ്ത്താന്‍ പറഞ്ഞിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തരംതാഴ്ത്തപ്പെട്ടവര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. സര്‍ക്കാര്‍ നീക്കം ജീവനക്കാരില്‍ പരക്കെ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. തരംതാഴ്ത്തല്‍ താഴേയ്ക്ക് കൂടി വരുന്നതോടെ റവന്യൂപിരിവിനെ ഇത് സാരമായി ബാധിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളായതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വരുമാനത്തെയും ബാധിക്കും.

deshabhimani 020212

No comments:

Post a Comment