Thursday, February 2, 2012

ബംഗാളില്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യം നിരോധിക്കുന്നു

പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യവും പണിമുടക്കാനുള്ള അവകാശവും നിരോധിച്ച് മമത സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. ഇതിനായി നിലവിലുള്ള സര്‍വീസ് ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്ന് സംസ്ഥാന തൊഴില്‍മന്ത്രി പൂര്‍ണേന്ദു ബസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇടതുമുന്നണി ഭരണകാലത്ത് അനാവശ്യകാര്യങ്ങള്‍ക്കുവരെ അരാജകത്വസമരം നടത്തി ഭരണസ്തംഭനം സൃഷ്ടിക്കാന്‍ ശ്രമിച്ച മമത ബാനര്‍ജി അധികാരത്തില്‍ വന്നതോടെ ജീവനക്കാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍പോലും നിഷേധിക്കുകയാണ്. മമത സര്‍ക്കാര്‍ ഭരണത്തില്‍വന്ന് ഒരു മാസത്തിനുള്ളില്‍ പൊലീസ് അസോസിയേഷന്റെ അംഗീകാരം പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ രാഷ്ട്രീയവിമുക്തമാക്കാനാണ് നടപടിയെന്ന് മന്ത്രി അവകാശപ്പെട്ടു. ബംഗാളിലെ സംസ്ഥാനജീവനക്കാരില്‍ 75 ശതമാനവും ഇടതുപക്ഷ അനുഭാവമുള്ള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളാണ്. അവരെ പ്രലോഭിപ്പിച്ചും ഭീഷണിയിലൂടെയും സ്വന്തം സംഘടനയിലാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

ബംഗാളില്‍ 1967ല്‍ സിപിഐ എം പങ്കാളിത്തത്തോടെ അധികാരത്തില്‍ വന്ന ഐക്യമുന്നണി സര്‍ക്കാരാണ് സംസ്ഥാന ജീവനക്കാരുടെ സംഘടനയ്ക്ക് അംഗീകാരം നല്‍കിയത്. 1972ല്‍ സിദ്ധാര്‍ദ്ധ ശങ്കര്‍ റേയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അംഗീകാരം എടുത്തുകളഞ്ഞു. പിന്നീട് സിപിഐ എം നേതൃത്വത്തില്‍&ലവേ;ഇടതുമുന്നണി അധികാരത്തില്‍ വന്നതിനുശേഷം 1980ല്‍ പണിമുടക്കിനുള്ള അവകാശത്തോടെ അംഗീകാരം നല്‍കി. അതാണ് മമത സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. ജനാധിപത്യം ഹനിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്ലാ സംഘടനകളും രംഗത്തുവന്നു. ജീവനക്കാര്‍ നേടിയെടുത്ത അവകാശം തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ശക്തമായി നേരിടുമെന്നും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അനന്ത ബന്ദോപാധ്യായ പറഞ്ഞു. മറ്റ് സംഘടനകളും പ്രതിഷേധം അറിയിച്ചു. സംസ്ഥാനജീവനക്കാരുടെ സമരംചെയ്യാനുള്ള അവകാശം എടുത്തുകളയാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണന്നും അത് അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണെന്നുംഇടതുമുന്നണി സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
(ഗോപി)

deshabhimani 020212

1 comment:

  1. പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യവും പണിമുടക്കാനുള്ള അവകാശവും നിരോധിച്ച് മമത സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. ഇതിനായി നിലവിലുള്ള സര്‍വീസ് ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്ന് സംസ്ഥാന തൊഴില്‍മന്ത്രി പൂര്‍ണേന്ദു ബസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

    ReplyDelete