Thursday, February 2, 2012

പ്രഭാതമുണര്‍ന്നു ചെങ്കൊടിയുടെ അരുണിമയുമായി

തലസ്ഥാനം ബുധനാഴ്ച ഉണര്‍ന്നത് മൂന്നുലക്ഷം രക്തപതാകയുമേന്തി. സിപിഐ എം സംസ്ഥാന സമ്മേളന പതാക ദിനാചരണത്തിന്റെ ഭാഗമായി തലസ്ഥാന ജില്ലയില്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ മൂന്നുലക്ഷത്തില്‍പ്പരം വീടുകളിലും സ്ഥാപനങ്ങളിലുമാണ് ചെങ്കൊടി ഉയര്‍ന്നത്. ആ ബാലവൃദ്ധം ജനങ്ങളുംപുലര്‍ച്ചെ മുദ്രാവാക്യമുയര്‍ത്തി വീട്ടുമുറ്റങ്ങളില്‍ പതാക ഉയര്‍ത്തി ദിനാചരണത്തില്‍ പങ്കാളിയായി. ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ഏരിയ സെക്രട്ടറി ആര്‍ രാമു പതാക ഉയര്‍ത്തി. കിളിമാനൂര്‍ സിപിഐ എം കിളിമാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ച് സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. മടവൂര്‍ അനില്‍ പതാക ഉയര്‍ത്തി. വര്‍ക്കല ഏരിയയിലെ 124 ബ്രാഞ്ചുകളിലും 11 ലോക്കല്‍ കേന്ദ്രങ്ങളിലും ആയിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലുമടക്കം പതിനായിരത്തില്‍പ്പരം കുടുംബങ്ങളില്‍ ചെങ്കൊടി ഉയര്‍ത്തി.

വഞ്ചിയൂര്‍ ഏരിയയിലെ എട്ട് ലോക്കല്‍കമ്മിറ്റി കീഴിലുള്ള 101 ബ്രാഞ്ചിലും പതാകദിനം ആചരിച്ചു. ചാക്ക ജങ്ഷനില്‍ നിര്‍മിച്ച കാറല്‍ മാര്‍ക്സ് സ്ക്വയര്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വിതുര ഏരിയയിലെ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലെയും പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകള്‍ക്കുമുന്നില്‍ പതാക ഉയര്‍ന്നു. ആദിവാസിമേഖലകളിലും തോട്ടം മേഖലയിലും ചെമ്പതാകകള്‍ ഉയര്‍ന്നു. വിളപ്പില്‍ ഏരിയയിലെ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും ചുവപ്പ്സേനയുടെ പരേഡും റെഡ്സല്യൂട്ട് സ്വീകരിക്കലും നടന്നു. വെഞ്ഞാറമൂട് ഏരിയയില്‍ പതാകദിനം ആചരിച്ചു. ഏരിയയിലെ 12 ലോക്കല്‍കമ്മിറ്റികളില്‍ 114 ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാവിലെ പതാക ഉയര്‍ത്തി. ഏരിയയിലെ 12,000 വീടുകളിലും പതാക ഉയര്‍ത്തി. വെഞ്ഞാറമൂട് ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണത്തില്‍ മുതിര്‍ന്ന നേതാവ് കെ മീരാന്‍ പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി ഡി കെ മുരളി ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ചു.

ചാല ഏരിയയിലെ അഗ്രഹാരങ്ങളിലും തീരപ്രദേശത്തും മറ്റ് ജനനിബിഡ കേന്ദ്രങ്ങളിലും ചെങ്കൊടി നിറഞ്ഞു. കോട്ടയ്ക്കകം, കരമന, വലിയശാല, പുത്തന്‍തെരുവുകള്‍ തടുങ്ങിയ അഗ്രഹാരങ്ങളില്‍ ചെങ്കൊടിയാല്‍ നിറഞ്ഞത് ഏറെ ശ്രദ്ധേയമായി. മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചു. സിപിഐ എം ചാല ഏരിയ കമ്മിറ്റി ഓഫീസായ ബി ടി ആര്‍ ഭവനില്‍ മുതിര്‍ന്ന നേതാവ് കെ അനിരുദ്ധനാണ് പതാക ഉയര്‍ത്തിയത്. മണക്കാട് എംഎസ്കെ നഗറിലുള്ള എല്ലാ വീടുകളിലും പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ പരിപാടി ഉദ്ഘാടനംചെയ്തു. പാളയം ഏരിയയിലെ 92 ബ്രാഞ്ചിലും ആചരിച്ചു. ഏരിയയിലെ ഏഴ് ലോക്കലിലെ പ്രധാന മേഖലകളിലും പതിനൊന്നായിരം വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ചെങ്കൊടി ഉയര്‍ന്നു. ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ഏരിയ സെക്രട്ടറി അഡ്വ. എ എ റഷീദ് പതാക ഉയര്‍ത്തി. റെഡ് വളന്റിയര്‍ സല്യൂട്ട് സ്വീകരിച്ചു. പേരൂര്‍ക്കട ഏരിയയില്‍ 15,000 വീടുകളിലും നിരവധി സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി. കേശവദാസപുരം, പേരൂര്‍ക്കട, കരകുളം, വട്ടപ്പാറ, കുടപ്പനക്കുന്ന്, നാലാഞ്ചിറ, നെട്ടയം, വാഴോട്ടുകോണം എന്നീ എട്ട് ലോക്കല്‍ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. കാട്ടാക്കട ഏരിയയില്‍ സമുചിതമായി ആചരിച്ചു. കാട്ടാക്കട, മാറനല്ലൂര്‍ , പ്ലാവൂര്‍ , വീരണകാവ്, കള്ളിക്കാട്, കുറ്റിച്ചല്‍ , പൂവച്ചല്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിളംബര റാലികളും റെഡ് വളന്റിയര്‍ പരേഡും സംഘടിപ്പിച്ചു. സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ഏരിയ സെക്രട്ടറി ഐ ബി സതീഷ് പതാക ഉയര്‍ത്തി. റെഡ് വളന്റിയര്‍മാര്‍ സല്യൂട്ട് നല്‍കി.

കോവളം ഏരിയയില്‍ പതിനായിരത്തിലധികം ഭവനങ്ങളില്‍ പതാക ഉയര്‍ത്തി. ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ഏരിയ സെക്രട്ടറി പി രാജേന്ദ്രകുമാര്‍ പതാക ഉയര്‍ത്തി. നെടുമങ്ങാട് ഏരിയ കേന്ദ്രത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് കെ ആശാരി പതാക ഉയര്‍ത്തി. പാറശാല ഏരിയയില്‍ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ഏരിയ സെക്രട്ടറി വട്ടവിള തങ്കയ്യന്‍ പതാക ഉയര്‍ത്തി. നെയ്യാറ്റിന്‍കരയില്‍ കെട്ടിനിര്‍മാണതൊഴിലാളികള്‍ , മോട്ടോര്‍ തൊഴിലാളികള്‍ , കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയ വിവിധ തൊഴിലാളി കുടുംബങ്ങളിലും പതാക പാറി. ബാലരാമപുരം ഏരിയ കമ്മിറ്റി ഓഫീസിനുമുന്നില്‍ ജില്ലാ കമ്മിറ്റി അംഗം വെങ്ങാനൂര്‍ പി ഭാസ്കരന്‍ പതാക ഉയര്‍ത്തി. റെഡ് വളന്റിയേഴ്സ് സല്യൂട്ട് നല്‍കി.

ചോരപൊടിയുന്നു ഈ ഫ്രെയിമുകളില്‍

ഇരുപതാം നൂറ്റാണ്ടിന്റെ കറുപ്പും വെളുപ്പും വാര്‍ന്നുവീണ ചിത്രങ്ങള്‍ പോയ കാലത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്കാണ് നമ്മെ കൈപിടിച്ചുകൂട്ടിക്കൊണ്ടുപോകുന്നത്. രക്തം ചിന്തലും അധിനിവേശവേട്ടയും ഇവയ്ക്കിടയിലൂടെ മുന്നേറുന്ന മാനവചരിത്രവും കോറിയിട്ട ഓരോ ചിത്രങ്ങളിലും നിറയുന്നത് തീവ്രമായ വൈകാരികത. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഇ കെ നായനാര്‍ പാര്‍ക്കില്‍ തയ്യാറാക്കിയ പ്രദര്‍ശന നഗരി ഒരു നൂറ്റാണ്ടിന്റെ കാഴ്ചയാണ് സമ്മാനിക്കുന്നത്.

മോസ്കോയിലെ തെരുവില്‍ ബോള്‍ഷെവിക്കുകാരും ഗവണ്‍മെന്റ് സൈനികരും തമ്മില്‍ 1917ല്‍ നടന്ന പോരാട്ടമാണ് ഒരു ഫോട്ടോയില്‍ . തുടര്‍ന്ന് കാണുന്നത് വിപ്ലവകാരികളെ അഭിവാദ്യംചെയ്യുന്ന ലെനിന്റെ ചിത്രം. രണ്ടാം ലോകയുദ്ധത്തിലെ കൂട്ടക്കൊലകളുടെ ഫോട്ടോഗ്രാഫുകള്‍ സ്വയംസംസാരിക്കുന്ന ഭീകരതയാണ്. നാസികള്‍ നടത്തിയ നരമേധവും ഇരകളുടെ പിടച്ചിലും ഫ്രെയിമില്‍ നിറയുന്നു. കൂമിന്താങ്ങുകാര്‍ കമ്യൂണിസ്റ്റുകാരെ തോക്കിനിരയാക്കുന്ന ഫോട്ടോ ചൈനയുടെ രക്തം കിനിയുന്ന ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. 1949ലെ ഈ കൂട്ടക്കൊലയ്ക്ക് ദിവസങ്ങള്‍ക്കു ശേഷം ജനങ്ങള്‍ അധികാരം പിടിച്ചെടുത്തു എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്. ദക്ഷിണകൊറിയന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയകൊലപാതകം പുറംലോകത്തെ അറിയിച്ച ബര്‍ട് ഹാര്‍ഡിയുടെ 1950ലെ ചിത്രം പ്രദര്‍ശനത്തിലുണ്ട്. സ്റ്റാലിന്റെ മകന്‍ നാസി സൈനികരുടെ പിടിയിലാകുന്ന ചിത്രം മറ്റൊന്ന്. മകന് വേണ്ടി മോചനദ്രവ്യം നല്‍കാന്‍ സ്റ്റാലിന്‍ വിസമ്മതിച്ചു എന്നത് ചിത്രത്തിന്റെ ബാക്കി. വടക്കന്‍ കൊറിയന്‍ വിപ്ലവകാരിയുടെ ഛേദിച്ച തല പ്രദര്‍ശിപ്പിക്കുന്ന തെക്കന്‍ കൊറിയന്‍ സൈനികന്റെ ചിത്രവും ശ്രദ്ധേയം.

ബാറ്റിസ്റ്റയെ അധികാരഭ്രഷ്ടനാക്കിയതിന്റെ ആഹ്ലാദംപങ്കിടുന്ന ക്യൂബന്‍ പുരുഷാരത്തില്‍നിന്ന് ഒരു പെണ്‍കുഞ്ഞിനെ വാരിയെടുക്കുന്ന ഫിദല്‍ കാസ്ട്രോ, വിയറ്റ്നാമിന്റെ മഹാവിപ്ലവകാരി ഹോചിമിന്‍ , കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ജനറല്‍ പിനോഷെയുടെ സൈനികബലം വീക്ഷിക്കുന്ന ചിലിയന്‍ ഭരണാധികാരി അലന്‍ഡെ, അധികാരമേറ്റയുടന്‍ സീയൂസ് കനാല്‍ ദേശസാല്‍ക്കരിക്കുന്നതായി പ്രഖ്യാപിക്കുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ തുടങ്ങി നിറം മങ്ങാത്ത ഫോട്ടോകളുടെ വലിയ ശേഖരം പ്രദര്‍ശനത്തിലുണ്ട്. മാവോയുടെ മരണചിത്രം, ചതിയില്‍ കൊന്ന ചെഗുവേരയെ അപമാനിക്കാന്‍ ബൊളീവിയന്‍ കൊലയാളികള്‍ പ്രചരിപ്പിച്ച ഫോട്ടോ എന്നിവയും കാണാം.

മാനവചരിത്രത്തിലെ വെള്ളിരേഖകളായി തിളക്കമുള്ള കുറേ ഫോട്ടോകള്‍ . 1936ലെ ബര്‍ലിന്‍ ഒളിമ്പിക്സില്‍ വെള്ളി നേടിയ ജര്‍മന്‍താരം ലൂസ്ലാങ്ങും സ്വര്‍ണം നേടിയ കറുത്ത വംശജനായ യുഎസ് താരം ജസി ഓവന്‍സും സൗഹൃദം പങ്കിടുന്ന ഫോട്ടോ അതിലൊന്ന്. ഗോര്‍ണിക്ക എന്ന വിഖ്യാതമായ യുദ്ധവിരുദ്ധചിത്രം പൂര്‍ത്തിയാക്കുന്ന പിക്കാസോയുടെ പടത്തിന്റെ അടിക്കുറിപ്പിങ്ങനെ: "അദ്ദേഹത്തിന്റെ മഹത്തായ രാഷ്ട്രീയപ്രഖ്യാപനം". പിക്കാസോയുടെ സുഹൃത്ത് ഡോറാമറാണ് 1937ല്‍ ചിത്രം പകര്‍ത്തിയത്.

ഷാജി എന്‍ കരുണ്‍ തെരഞ്ഞെടുത്ത വിഖ്യാതമായ പത്ത് ലോകചിത്രങ്ങളാണ് ഫോട്ടോകളുടെ വലിയ ലോകത്തേക്ക് നയിക്കുന്നത്. പൊരുതുന്ന ബംഗാളും ലാറ്റിന്‍ അമേരിക്കയുടെ ചെറുത്തുനില്‍പ്പും ഇ എം എസിന്റെ ലോകവും അഴീക്കോടിന്റെ വ്യത്യസ്ത ചിത്രങ്ങളും പ്രദര്‍ശനത്തിലെ കാഴ്ചകള്‍ . ഇന്ത്യയിലും ലോകത്തിലും അധ്വാനിക്കുന്ന ജനവിഭാഗം സംഘടിത വര്‍ഗമാകുന്നതിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തുന്നു പ്രദര്‍ശനം. ദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനം. പത്തിന് സമാപിക്കും.

ജനനായകരുടെ സ്മരണകളുയര്‍ത്തി ചത്വരങ്ങള്‍

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബോര്‍ഡുകളും കമാനങ്ങളും പോസ്റ്ററുകളും ബാനറുകളുമെല്ലാമായി നാടാകെ ചെമ്പട്ടണിഞ്ഞു. മണ്‍മറഞ്ഞ നേതാക്കളുടെയും സാംസ്കാരികനായകരുടെയും ഉള്‍പ്പെടെയുള്ളവരുടെ പ്രോജ്വല സ്മരണകളുമായി നഗരചത്വരങ്ങള്‍ തലയുയര്‍ത്തി. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നില്‍ തയ്യാറാക്കിയ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ചത്വരം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിബസു നഗറില്‍ (വിജെടി ഹാള്‍) ബുധനാഴ്ച സാംസ്കാരികോത്സവം ആരംഭിച്ചു. പ്രതിഭാവന്ദനവും നവോത്ഥാന നായകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. തുടര്‍ന്ന് "പാട്ടബാക്കി" നാടകം അരങ്ങേറി.

ശരത്ചന്ദ്രലാലിന്റെ ചിത്രകവിതകളുടെ പ്രദര്‍ശനം കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്തു. ഗാന്ധിപാര്‍ക്കില്‍ തേവര്‍തോട്ടം സുകുമാരന്‍ "വേഗത പോരാ പോരാ" എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. എം കെ പന്ഥെ നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) ചരിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തില്‍ പ്രിയനന്ദനന്റെ നെയ്ത്തുകാരന്‍ , ഷെറിയുടെ ഹ്രസ്വചിത്രം കടല്‍ത്തീരത്ത് എന്നിവ പ്രദര്‍ശിപ്പിച്ചു. ചരിത്രപ്രദര്‍ശനത്തിലും ചിന്ത പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പുസ്തകോത്സവത്തിലും നാടന്‍ഭക്ഷ്യമേളയിലും ജനപ്രവാഹമാണ്. ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ മുഖചിത്രങ്ങളുടെ പ്രദര്‍ശനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ അധ്യക്ഷനായി. കുട്ടികളുടെ തായമ്പകയും സര്‍വകലാശാല കലാപ്രതിഭകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സമ്മേളനത്തിന് വരവേല്‍പ്പുമായി രക്തദാനക്യാമ്പും സംഘടിപ്പിച്ചു. സിപിഐ എം നെടുങ്കാട് ബ്രാഞ്ചാണ് "രക്തദാനം നടത്തൂ ജീവന്‍ രക്ഷിക്കൂ" എന്ന സന്ദേശവുമായി ക്യാമ്പ് സംഘടിപ്പിച്ചത്.

ചരിത്രത്തിന്റെ കര്‍ട്ടണ്‍ ഉയര്‍ന്നു; വീണ്ടും പാട്ടബാക്കി

അടിയാളവര്‍ഗത്തിന്റെ തിളയ്ക്കുന്ന കണ്ണീരുവീണ് പൊള്ളിയ ചരിത്രത്തിന്റെ കര്‍ട്ടണ്‍ വീണ്ടും ഉയര്‍ന്നു. ജീവിതത്തിന്റെ തീപിടിച്ച അരങ്ങില്‍ നിന്ന് തെരുവുകളിലേക്കും വയലേലകളിലേക്കും പടര്‍ന്ന് കേരളത്തെ ചുവപ്പിച്ച ആദ്യ കമ്യൂണിസ്റ്റ് നാടകം "പാട്ടബാക്കി" പുതിയ കാലത്തിന്റെ അരങ്ങിലും ഹിറ്റ്. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിജെടി ഹാളില്‍ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിലാണ് നിറഞ്ഞുകവിഞ്ഞ സദസ്സില്‍ "പാട്ടബാക്കി" വീണ്ടും അരങ്ങേറിയത്. വിജെടി ഹാള്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത തിരക്കിനാണ് ബുധനാഴ്ച വൈകിട്ട് സാക്ഷ്യംവഹിച്ചത്. മലയാളത്തിലെ ആദ്യ രാഷ്ട്രീയനാടകമെന്ന് സി ജെ തോമസും ജീവല്‍സാഹിത്യസംഘത്തിന്റെ ആദ്യസന്തതിയെന്ന് ഇ എം എസും വിശേഷിപ്പിച്ച പാട്ടബാക്കി മലയാള നാടകചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. 1937ല്‍ പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനത്തിനു വേണ്ടിയാണ് കെ ദാമോദരന്‍ നാടകം എഴുതിയത്. നിലവിലുള്ള വ്യവസ്ഥിതിയാണ് പ്രശ്നങ്ങളുടെ മൂലകാരണമെന്നും അതിനെ മാറ്റിമറിക്കാന്‍ അടിസ്ഥാനവര്‍ഗം സംഘടിക്കേണ്ടതിന്റെ ആവശ്യകതയുമാണ് നാടകം ചൂണ്ടിക്കാട്ടുന്ന്. ഇതാണ് മുഖ്യപ്രമേയം. പണ്ടത്തെ "പാട്ടബാക്കി"യില്‍ എ കെ ജി പൊലീസ് ഇന്‍സ്പെക്ടറുടെ റോളില്‍ അഭിനയിച്ചിട്ടുണ്ട്. കര്‍ഷകരെ അണിനിരത്തുന്നതില്‍ "പാട്ടബാക്കി" വളരെ സഹായകമായതായി എ കെ ജി ആത്മകഥയില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് വന്‍ തിരക്ക്
സിപിഐ എം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് ചിന്ത പബ്ലിഷേഴ്സിന്റെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ലോകപ്രശസ്ത എഴുത്തുകാരുടെ രചനകള്‍ക്ക് പ്രിയമേറുന്നു. പ്രസിദ്ധ മാര്‍ക്സിസ്റ്റ് ചിന്തകനായ എറിക് ഹോബ്സ്ബാമിന്റെ ഹൗ ടു ചേഞ്ച് ദ വേള്‍ഡ്, ദ ഏജ് ഓഫ് കാപ്പിറ്റല്‍ , ഇന്ററസ്റ്റിങ് ടൈംസ് തുടങ്ങി എല്ലാ ഗ്രന്ഥങ്ങള്‍ക്കും ആവശ്യക്കാരേറെ. സ്ലാവേജ് സീസെക്ക്, എഡ്വാര്‍ഡോ ഗലീനിയോ ഷിറീന്‍ മൂസ്വി മിഷേല്‍ ഫൂക്കോ, ഡെല്യൂസ്, ഗത്താരി, ബോഡ്യൂ, സമീര്‍ അമീന്‍ , ഐജാസ് അഹമ്മദ്, അരുന്ധതി റോയ്, അമര്‍ത്യാസെന്‍ , ക്യൂബ എ ഹിസ്റ്ററി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഹ്യൂഗ് തോമസ്, ഇര്‍ഫാന്‍ ഹബീബ്, പ്രഭാത് പട്നായിക് തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും കൂടുതല്‍ വിറ്റഴിയുന്നു. വിഖ്യാത എഴുത്തുകാരായ മാര്‍ക്വസ്, മാരിയോ വര്‍ഗാസ് ലോസ, തസ്ലീമ നസ്രീന്‍ , ഹരോള്‍ഡ് പിന്റര്‍ എന്നിവരുടെ രചനകളും നന്നായി വില്‍ക്കുന്നു.

പിരപ്പന്‍കോട് മുരളിയുടെ വിപ്ലവഗാനങ്ങള്‍ പ്രകാശനം ചെയ്തു

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പിരപ്പന്‍കോട് മുരളിയുടെ വിപ്ലവഗാനങ്ങളുടെ മൂന്ന് സിഡി പ്രകാശനം ചെയ്തു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിജെടി ഹാളില്‍ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തില്‍ പി ഗോവിന്ദപ്പിള്ള യുവഗായിക നാരായണി ഗോപന് നല്‍കിയാണ് സിഡികള്‍ പ്രകാശനംചെയ്തത്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി.

deshabhimani 020212

1 comment:

  1. തലസ്ഥാനം ബുധനാഴ്ച ഉണര്‍ന്നത് മൂന്നുലക്ഷം രക്തപതാകയുമേന്തി. സിപിഐ എം സംസ്ഥാന സമ്മേളന പതാക ദിനാചരണത്തിന്റെ ഭാഗമായി തലസ്ഥാന ജില്ലയില്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ മൂന്നുലക്ഷത്തില്‍പ്പരം വീടുകളിലും സ്ഥാപനങ്ങളിലുമാണ് ചെങ്കൊടി ഉയര്‍ന്നത്. ആ ബാലവൃദ്ധം ജനങ്ങളുംപുലര്‍ച്ചെ മുദ്രാവാക്യമുയര്‍ത്തി വീട്ടുമുറ്റങ്ങളില്‍ പതാക ഉയര്‍ത്തി ദിനാചരണത്തില്‍ പങ്കാളിയായി.

    ReplyDelete