Wednesday, February 22, 2012

ഭൂമി ഏറ്റെടുക്കല്‍: നെല്‍വയല്‍ നീര്‍ത്തട നിയമം യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി നല്‍കാനെന്ന പേരില്‍ നെല്‍വയല്‍ നീര്‍ത്തട നിയമം അട്ടിമറിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം.  റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഭൂമിയേറ്റെടുക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ബോര്‍ഡ് രൂപീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ പാരിസ്ഥിതിക ആഘാത തോതും കണക്കക്കിലലെടുക്കണമെന്ന് ഹൈക്കോടതി ഇന്നലലെ വ്യക്തമാക്കിയിരുന്നു.പുതിയ സംവിധാനം പ്രാവര്‍ത്തികമായാല്‍ നിലവിലുള്ള നിയമം അട്ടിമറിക്കപ്പെടുമെന്ന് മാത്രമല്ല അനിയന്ത്രിതമായി നെല്‍വയല്‍ നികത്തുന്ന പ്രവണത വര്‍ധിക്കും. ഇത് ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രശ്‌നം സൃഷ്ടിക്കും. ഭൂമിയേറ്റെടുക്കലിലെ വേഗതക്കുറവൊഴിവാക്കി സംസ്ഥാനത്തിന്റെ വികസനം ത്വരിതപ്പെടുത്താനാണ് പുതിയ നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിന്റെ മറവില്‍ പല ഘട്ടങ്ങളിലായി നികത്തപ്പെട്ട പാടങ്ങള്‍ക്ക് നിയമസാധുത നല്‍കാനാണ് സര്‍ക്കാരിന്റെ അണിയറ നീക്കം.നിയമത്തിന്റെ പ്രായോഗിക വശം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവശേഷിക്കുന്ന നീര്‍ത്തടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടണം. എന്നാല്‍ കൃഷിക്ക് അനുയോജ്യമല്ലാതെ മാറുകയും  തരിശു കിടക്കുന്നതുമായ ഭൂമി വികസന ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തണമെന്നതാണ് സര്‍ക്കാര്‍ നിലാപാട്. ഒരു തിയതി നിശ്ചയിക്കുകയും അതിനുമുമ്പ് നികത്തപ്പെട്ട ഭൂമിക്ക് നിയമസാധുത നല്‍കുകയും വേണമെന്നതാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് അഭിപ്രായം ആരായുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ നയം സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങള്‍ പോലും പരിഗണിക്കാതെയാണ് നടപ്പിലാക്കുന്നത്. ഭൂമിയേറ്റെടുക്കുമ്പോള്‍ ഭൂവിനിയോഗ ബാങ്കില്‍ നിന്ന് ലഭ്യമാക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടിലുടെ ഭൂമിയുടെ ഉടമക്ക് വികസനത്തിന്റെ ഗുണഭോക്താവാകാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഭൂമിയേറ്റെടുത്തു കഴിഞ്ഞാല്‍ ഭൂമിയുടെ ജന്മാവകാശം ഭൂദാതാവില്‍ തന്നെ നിലനില്‍ക്കില്ല എന്നതാണ് പുതിയ നിയമത്തിലൂടെ യു ഡി എഫ് സര്‍ക്കാര്‍ സൃഷ്ടിക്കുന്ന കുരുക്ക്.  യോഗത്തില്‍ മന്ത്രിമാരായ  പി കെ കുഞ്ഞാലിക്കുട്ടി എം കെ മുനീര്‍ എന്നിവരും പങ്കെടുത്തു.

janayugom 220212

1 comment:

  1. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി നല്‍കാനെന്ന പേരില്‍ നെല്‍വയല്‍ നീര്‍ത്തട നിയമം അട്ടിമറിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഭൂമിയേറ്റെടുക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ബോര്‍ഡ് രൂപീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ പാരിസ്ഥിതിക ആഘാത തോതും കണക്കക്കിലലെടുക്കണമെന്ന് ഹൈക്കോടതി ഇന്നലലെ വ്യക്തമാക്കിയിരുന്നു.

    ReplyDelete