സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംയുക്ത ട്രേഡ് യൂണിയന്‍ പ്രസിഡന്റുമായ എം എം ലോറന്‍സ് അധ്യക്ഷനായി. എഐടിയുസി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത ഉദ്ഘാടനം ചെയ്തു. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എ കെ പത്മനാഭന്‍ , സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ , ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ , ബിഎംഎസ് അഖിലേന്ത്യ പ്രസിഡന്റ് സി കെ സജി നാരായണന്‍ , സംസ്ഥാന സെക്രട്ടറി കെ വിജയകുമാര്‍ , ടിയുസിസി അഖിലേന്ത്യ പ്രസിഡന്റ് ജി ആര്‍ ശിവശങ്കര്‍ , യുടിയുസി സംസ്ഥാന സെക്രട്ടറി ഫിലിപ്പ് കെ തോമസ്, എച്ച്എംഎസ് ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, എഐയുടിയുസി ദേശീയ വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ , ടിയുസിഐ സംസ്ഥാന സെക്രട്ടറി ചാള്‍സ് ജോര്‍ജ്, എന്‍എല്‍ഒ സംസ്ഥാന പ്രസിഡന്റ് ജി ബി ഭട്ട്, എന്‍സിപി സംസ്ഥാന സെക്രട്ടറി ഉഴവൂര്‍ വിജയന്‍ , സേവ സംസ്ഥാന സെക്രട്ടറി സോണിയ ജോര്‍ജ്, കെടിയുസി സംസ്ഥാന പ്രസിഡന്റ് എ എ എബ്രഹാം, എസ്ടിയു സംസ്ഥാനക്കമ്മിറ്റി അംഗം എംപിഎം സാലി എന്നിവര്‍ സംസാരിച്ചു.
വിലക്കയറ്റം തടയുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഏര്‍പ്പെടുത്തുക, ദേശീയ സാമൂഹ്യ സുരക്ഷാനിധി രൂപീകരിക്കുക, ഓഹരിവിറ്റഴിക്കല്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 28ന് സംയുക്ത ട്രേഡ് യൂണിയന്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നത്.
പൊതുപണിമുടക്ക് തൊഴിലാളികളുടെ വന്‍ മുന്നേറ്റമാകും: എ കെ പത്മനാഭന്‍
കൊച്ചി: ഫെബ്രുവരി 28നു നടക്കുന്ന പൊതുപണിമുടക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത തൊഴിലാളി മുന്നേറ്റമാകുമെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികളുടെയും ഐക്യത്തിന്റെ ആഹ്വാനമാണ് പണിമുടക്കില്‍ ഉയര്‍ന്നിരിക്കുന്നത്. ജീവിതം വഴിമുട്ടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്ന് തൊഴിലാളികള്‍ ഒരുമിച്ചുനിന്ന് ആവശ്യപ്പെടുന്നു. ഇതു ചെവിക്കൊള്ളാന്‍ ഭരണാധികാരികള്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭമായിരിക്കും വരുന്നതെന്ന് എ കെ പത്മനാഭന്‍ പറഞ്ഞു. അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച എറണാകുളം രാജേന്ദ്രമൈതാനിയില്‍ നടന്ന തൊഴിലാളിസംഘടനകളുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ട്രേഡ്യൂണിയനുകള്‍ ശക്തമായ സമരത്തിലൂടെയാണ് അവകാശങ്ങള്‍ നേടിയെടുത്തത്. പൊതുമേഖലയെന്നോ, സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ കരാര്‍തൊഴില്‍ വ്യാപകമാകുന്നു. ഇന്ത്യയില്‍ പൊതുമേഖലയില്‍ 50 ശതമാനത്തിലധികം കരാര്‍തൊഴിലാളികളാണ്. കരാര്‍തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും വളരെ പ്രധാനമാണ്. തമിഴ്നാട്ടില്‍ ഒരു സ്ഥിരംതൊഴിലാളിപോലുമില്ലാത്ത കാപ്പാറോ ഗ്രൂപ്പിന്റെ കമ്പനിയില്‍ സമരം നടത്തി. ഇതിലൂടെ 800 തൊഴിലാളികളില്‍ ഒരുവിഭാഗത്തെ സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞുവെന്നും എ കെ പത്മനാഭന്‍ പറഞ്ഞു.
ഇത് രണ്ടാം സ്വാതന്ത്ര്യസമരം: ഗുരുദാസ് ദാസ് ഗുപ്ത
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ മുതലാളിത്ത പ്രീണനത്തിനെതിരെ ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുന്ന തൊഴിലാളി ഐക്യം സ്വാതന്ത്ര്യസമരത്തിന്റെ രണ്ടാംഘട്ടമാണെന്ന് എഐടിയുസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത എംപി പറഞ്ഞു. അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച എറണാകുളം രാജേന്ദ്രമൈതാനിയില്‍ നടന്ന തൊഴിലാളിസംഘടനകളുടെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുഴുവന്‍ അംഗീകൃത തൊഴിലാളിസംഘടനകളും ചേര്‍ന്നു പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്. രാഷ്ട്രീയ-ഭരണ വ്യവസ്ഥകളെ കോര്‍പറേറ്റുകള്‍ ഭയക്കുന്നില്ല. അവര്‍ നിശ്ചയിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. രാജ്യത്തിന്റെ വളര്‍ച്ച താഴുന്നു, പുതിയ നിക്ഷേപം വരുന്നില്ല. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. രൂപയുടെ മൂല്യവും അനുദിനം ഇടിയുകയാണ്. എങ്കിലും സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ല. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന ട്രേഡ്യൂണിയന്‍ നേതാക്കളെ കാണാന്‍ പ്രധാനമന്ത്രിക്ക് സമയമില്ല. എന്നാല്‍ , കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രതിസന്ധി തീര്‍ക്കാന്‍ ഉടമയെ അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചു. അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ മുതലാളിത്തത്തിനെതിരെ ശക്തമായ തൊഴിലാളി ഐക്യം രൂപപ്പെട്ടിരിക്കുന്നു. ഇതില്‍നിന്ന് ഇന്ത്യയിലെ തൊഴിലാളികളും പ്രചോദനമുള്‍ക്കൊള്ളണമെന്നും ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു.
തൊഴിലാളിയുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: ആര്‍ ചന്ദ്രശേഖരന്‍
കൊച്ചി: ഗവണ്‍മെന്റ് ഏതായാലും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍ . സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. രാജ്യപുരോഗതി ലക്ഷ്യംവയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുടെ പുരോഗതിക്കുവേണ്ടികൂടി പ്രവര്‍ത്തിക്കണം. തൊഴിലാളികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. തൊഴില്‍നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നില്ല. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് യോജിച്ചുള്ള പ്രവര്‍ത്തനവുമായി ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നിരിക്കുതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
deshabhimani 020212
ഫെബ്രുവരി 28ന് നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച കൊച്ചിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പൊതുസമ്മേളനം തൊഴിലാളികളുടെ സംഘശക്തിയുടെ വിളംബരമായി. തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധവുമായി പതിനായിരങ്ങളാണ് സമ്മേളന വേദിയായ എറണാകുളം രാജേന്ദ്രമൈതാനിയിലേക്ക് ഒഴുകിയെത്തിയത്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എച്ച്എംഎസ്, യുടിയുസി, എഐടിയുസി, എഐസിടിയു, ടിയുസിസി, എല്‍പിഎഫ്, എസ്ടിയു, കെടിയുസി, ടിയുസിഐ തുടങ്ങി 18 ട്രേഡ് യൂണിയനുകളാണ് അണിചേര്‍ന്നത്
ReplyDelete