Thursday, February 2, 2012

സൗരോര്‍ജ പദ്ധതിക്ക് മറവിലും വന്‍അഴിമതി

2ജി സ്പെക്ട്രം മാതൃകയില്‍ വീണ്ടുമൊരു വന്‍ അഴിമതി. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ സൗരോര്‍ജദൗത്യത്തിന്റെ (ജെഎന്‍എന്‍എസ്എം) പേരിലാണ് അഴിമതി അരങ്ങേറിയത്. മാനദണ്ഡം മറികടന്ന് കോണ്‍ഗ്രസ് എംപിയുടെ ഊര്‍ജകമ്പനിയെ കേന്ദ്രം വഴിവിട്ട് സഹായിക്കുകയായിരുന്നു. ആന്ധ്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി എല്‍ രാജഗോപാലിന്റെ ലാന്‍കോ ഇന്‍ഫ്രാടെക്കിന് 235 മെഗാവാട്ട് സൗരോര്‍ജ ഉല്‍പ്പാദനത്തിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയത്. ഇതോടെ പൊതുഖജനാവില്‍നിന്ന് 13,000 കോടി രൂപയാണ് സബ്സിഡിയായി ലാന്‍കോ കമ്പനിക്ക് കൈവരുന്നത്. മാത്രമല്ല സൗരോര്‍ജ ഉല്‍പ്പാദനരംഗത്ത് കുത്തകയ്ക്കുള്ള അവസരവും ലഭിച്ചു.

ജെഎന്‍എന്‍എസ്എം പ്രകാരം 2022 ഓടെ 20,000 മെഗാവാട്ട് സൗരോര്‍ജ ഉല്‍പ്പാദനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായി 2013 ഓടെ 1000 മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള കരാര്‍ 2010 നവംബറിലും 2011 നവംബറിലുമായി ടെന്‍ഡര്‍ വിളിച്ച് കേന്ദ്രം വിവിധ കമ്പനികള്‍ക്ക് നല്‍കി. ഒരു കമ്പനിക്ക് പരമാവധി 105 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള കരാര്‍ മാത്രമേ നല്‍കാവൂവെന്ന് ജെഎന്‍എന്‍എസ്എമ്മിന്റെ മാനദണ്ഡങ്ങളില്‍ പറയുന്നുണ്ട്. സൗരോര്‍ജമേഖലയില്‍ കുത്തകവല്‍ക്കരണം ഒഴിവാക്കുക, എല്ലാവര്‍ക്കും അവസരം ലഭിക്കുക, മേഖലയില്‍ പരമാവധി മത്സരം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയായിരുന്നു ചട്ടങ്ങള്‍ .

2010 നവംബറില്‍ 620 മെഗാവാട്ടിനുള്ള ഉല്‍പ്പാദനകരാറുകള്‍ ടെന്‍ഡര്‍ വിളിച്ച് നല്‍കി. ലാന്‍കോയടക്കം ഒട്ടനവധി കമ്പനികള്‍ക്ക് കരാറുകള്‍ ലഭിച്ചു. ലാന്‍കോയുടെ നിയന്ത്രണത്തിലുള്ള ദിവാകര്‍ സോളര്‍ കമ്പനിക്ക് 100 മെഗാവാട്ടും അവരുടെ ഉപകമ്പനിയായ ഖായ സോളാര്‍ കമ്പനിക്ക് അഞ്ച് മെഗാവാട്ടും ഉല്‍പ്പാദിക്കാനുള്ള കരാര്‍ ലഭിച്ചു. ചട്ടപ്രകാരം പരമാവധി 105 മെഗാവാട്ട് എന്ന തത്വം ഇവിടെ പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍ , ലാന്‍കോയുടെ ബിനാമി കമ്പനികളായ മറ്റ് ഏഴ് സ്ഥാപനങ്ങള്‍ കൂടി ടെന്‍ഡറില്‍ പങ്കെടുക്കുകയും 130 മെഗാവാട്ട് ഉല്‍പ്പാദനത്തിനുള്ള കരാറുകള്‍ കൂടി നേടിയെടുക്കുകയും ചെയ്തു. ക്ലാരിയോണ്‍ പവര്‍ , ഋത്വിക്ക് എനര്‍ജി, ഫൈന്‍ഹോപ്പ്, കെവികെ എനര്‍ജി, സെയ്ദാം, വസവി എന്നീ പേരുകളിലുള്ള ലാന്‍കോയുടെ ബിനാമി സ്ഥാപനങ്ങളാണ് ഉല്‍പ്പാദനകരാറുകള്‍ നേടിയെടുത്തത്. ലാന്‍കോയുടെ തന്നെ ജീവനക്കാരുടെ മക്കളും മറ്റുമാണ് ബിനാമി സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍ . ഇവരില്‍ പലരും കൗമാര പ്രായം പോലും കടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സൂര്യവെളിച്ചം സുലഭമായി ലഭിക്കുന്ന രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് ടെന്‍ഡര്‍ പിടിച്ച കമ്പനികള്‍ക്ക് പദ്ധതിക്കുള്ള സ്ഥലം ലഭിച്ചത്. ഇവിടെ ഏതാണ്ട് ആയിരം ഹെക്ടര്‍ സ്ഥലമാണ് ജെഎന്‍എന്‍എസ്എമ്മിന് നീക്കിവച്ചിരിക്കുന്നത്. ടെന്‍ഡര്‍ പ്രകാരം ഏതാണ്ട് ഒമ്പതോളം കമ്പനികള്‍ക്ക് ഇവിടെ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ലാന്‍കോയുടെ ബോര്‍ഡ് മാത്രമാണ് കാണാനാവുക. നിര്‍മാണപ്രവര്‍ത്തനങ്ങളുടെയെല്ലാം കരാര്‍ കമ്പനിയും ലാന്‍കോ തന്നെ. പ്രവര്‍ത്തനത്തിന് ആവശ്യമായ പണം നല്‍കുന്നത് കേന്ദ്രമാണ്. നടത്തിപ്പ് മാത്രമാണ് സ്വകാര്യകമ്പനികള്‍ക്ക്. കേന്ദ്രത്തില്‍ നിന്ന് പണം പറ്റി സൗരോര്‍ജരംഗത്ത് കുത്തക സ്ഥാപിക്കുന്നതിനുള്ള അവസരമാണ് ലാന്‍കോയ്ക്ക് കൈവന്നത്. ടെന്‍ഡര്‍ പിടിച്ച വിവിധ കമ്പനികളുടെ പേരുകള്‍ ലാന്‍കോയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ , കേന്ദ്രം ഒന്നുമറിഞ്ഞിട്ടില്ലെന്ന ഭാവം തുടരുകയാണ്. കേന്ദ്ര ആവര്‍ത്തനോപയോഗ ഊര്‍ജമന്ത്രാലയത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്നാല്‍ , നടപടിക്ക് മന്ത്രാലയം തയ്യാറായിട്ടില്ല. സര്‍ക്കാരിതര സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റാണ് വന്‍ അഴിമതി പുറത്തുകൊണ്ടുവന്നത്.
(എം പ്രശാന്ത്)

deshabhimani 020212

1 comment:

  1. 2ജി സ്പെക്ട്രം മാതൃകയില്‍ വീണ്ടുമൊരു വന്‍ അഴിമതി. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ സൗരോര്‍ജദൗത്യത്തിന്റെ (ജെഎന്‍എന്‍എസ്എം) പേരിലാണ് അഴിമതി അരങ്ങേറിയത്. മാനദണ്ഡം മറികടന്ന് കോണ്‍ഗ്രസ് എംപിയുടെ ഊര്‍ജകമ്പനിയെ കേന്ദ്രം വഴിവിട്ട് സഹായിക്കുകയായിരുന്നു. ആന്ധ്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി എല്‍ രാജഗോപാലിന്റെ ലാന്‍കോ ഇന്‍ഫ്രാടെക്കിന് 235 മെഗാവാട്ട് സൗരോര്‍ജ ഉല്‍പ്പാദനത്തിനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയത്. ഇതോടെ പൊതുഖജനാവില്‍നിന്ന് 13,000 കോടി രൂപയാണ് സബ്സിഡിയായി ലാന്‍കോ കമ്പനിക്ക് കൈവരുന്നത്. മാത്രമല്ല സൗരോര്‍ജ ഉല്‍പ്പാദനരംഗത്ത് കുത്തകയ്ക്കുള്ള അവസരവും ലഭിച്ചു.

    ReplyDelete