Thursday, February 16, 2012

ദേശീയതലത്തില്‍ മിനിമം കൂലി വേണം: ലേബര്‍ കോണ്‍ഫറന്‍സ്

എല്ലാ തൊഴിലാളികള്‍ക്കും മിനിമം കൂലി ഉറപ്പുവരുത്തണമെന്ന ആഹ്വാനത്തോടെ 44-ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന് സമാപനം. സാമൂഹ്യസുരക്ഷാ നിയമങ്ങളില്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഗുണകരമാംവിധം ഭേദഗതി കൊണ്ടുവരണമെന്നും ദേശീയതലത്തില്‍ മിനിമം കൂലി നിശ്ചയിക്കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇതിനോട് പ്രതികരിച്ചു.

ദ്വിദിന സമ്മേളനത്തില്‍ മിനിമംകൂലി, സാമൂഹ്യസുരക്ഷ, തൊഴിലും തൊഴില്‍ സാധ്യതകളും എന്നീ വിഷയത്തിലായിരുന്നു ചര്‍ച്ച. പണിയെടുക്കുന്ന എല്ലാവര്‍ക്കും ദേശീയതലത്തില്‍ മിനിമംകൂലി ഉറപ്പാക്കണമെന്ന് ട്രേഡ്യൂണിയനുകള്‍ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. തൊഴിലുടമകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും മിനിമം കൂലി ഉറപ്പുവരുത്തുകയെന്ന നിലപാടില്‍ സമ്മേളനം പൊതുവില്‍ സമവായത്തിലെത്തി. കാണ്‍ഫറന്‍സ് അംഗീകരിച്ച രേഖയുടെ ഭാഗമാക്കി ഇതു മാറ്റി. മിനിമം കൂലിയോടൊപ്പം വേരിയബിള്‍ ഡിഎയും നല്‍കണം. ബാങ്കുകളോ പോസ്റ്റ് ഓഫീസുകളോ വഴി മിനിമംകൂലി നല്‍കണം. 1957ലെ 15-ാമത് ലേബര്‍ കോണ്‍ഫറന്‍സ് തീരുമാനത്തിന്റെയും നിലവിലുള്ള സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ കേന്ദ്ര ശമ്പളകമീഷന്റെ കണക്കുപ്രകാരം 2006ല്‍ പണിയെടുക്കുന്നവര്‍ക്ക് കിട്ടേണ്ട പ്രതിമാസ മിനിമം കൂലി 9730 രൂപയാണെന്ന് ട്രേഡ്യൂണിയന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഈ തുക 15,000 രൂപയിലും അധികമാകും. മിനിമം കൂലിയൊടൊപ്പം ക്ഷാമബത്തയും ഉറപ്പാക്കണം. മിനിമം കൂലി രാജ്യത്തെല്ലായിടത്തും ഒരേപോലെ നടപ്പാക്കണമെന്നും പൊതുവില്‍ ധാരണയിലെത്തി.

പിഎഫിന് അര്‍ഹമായ ശമ്പളപരിധി 6500 രൂപയില്‍ നിന്ന് 15,000 രൂപവരെയായി ഉയര്‍ത്തണമെന്ന ആവശ്യവും കോണ്‍ഫറന്‍സ് അംഗീകരിച്ചെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. കുറഞ്ഞത് 20 ജീവനക്കാരുള്ള സ്ഥാപനത്തില്‍ പിഎഫ് വേണമെന്ന മാനദണ്ഡം പത്തു ജീവനക്കാരെന്ന നിലയില്‍ കുറയ്ക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ , ചെറുകിട സംരംഭകരുടെ സംഘടന ഇതിനോട് വിയോജിപ്പു പ്രകടിപ്പിച്ചു. പിഎഫ് പെന്‍ഷന്‍ കുറഞ്ഞത് 1000 രൂപയെങ്കിലുമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ഗ്രാറ്റുവിറ്റി നിയമം, പ്രസവാനുകൂല്യ ചട്ടങ്ങള്‍ എന്നിവയില്‍ ഭേദഗതികളും സമ്മേളനം മുന്നോട്ടുവച്ചു. പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി വര്‍ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നു. അങ്കണവാടി, ആശ, ഉച്ചക്കഞ്ഞി എന്നീ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്ന ആവശ്യവുമുയര്‍ന്നു. സാമൂഹ്യസുരക്ഷാ നിധികളുടെ നിക്ഷേപത്തുകയില്‍ നിന്നുള്ള വരുമാനത്തെ നികുതികളില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കപ്പെട്ടു. സിഐടിയുവിനെ പ്രതിനിധാനംചെയ്ത് എ കെ പിക്ക് പുറമെ ഹേമലത, സ്വദേശ് ദേബ്റോയ് എന്നിവര്‍ പങ്കെടുത്തു.

deshabhimani 160212

1 comment:

  1. എല്ലാ തൊഴിലാളികള്‍ക്കും മിനിമം കൂലി ഉറപ്പുവരുത്തണമെന്ന ആഹ്വാനത്തോടെ 44-ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന് സമാപനം. സാമൂഹ്യസുരക്ഷാ നിയമങ്ങളില്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഗുണകരമാംവിധം ഭേദഗതി കൊണ്ടുവരണമെന്നും ദേശീയതലത്തില്‍ മിനിമം കൂലി നിശ്ചയിക്കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇതിനോട് പ്രതികരിച്ചു.

    ReplyDelete