Saturday, February 18, 2012

വിപ്ലവ ഗായകന്‍ ആമച്ചല്‍ കൃഷ്ണന്‍ അന്തരിച്ചു

കാട്ടാക്കട: വിപ്ലവഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ആമച്ചല്‍ കൃഷ്ണന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് ആമച്ചലിലെ വസതിയില്‍ വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

പതിറ്റാണ്ടുകളോളം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു 'സഖാവ്' എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന ആമച്ചല്‍ കൃഷ്ണന്‍. തൊഴിലാളിവര്‍ഗത്തെയും ഒരു കാലഘട്ടത്തെയും തന്റെ വിപ്ലവഗാനങ്ങളിലൂടെ രോമാഞ്ചമണിയിച്ച ആമച്ചല്‍ കൃഷ്ണന്‍ തെക്കന്‍ തിരുവിതാംകൂറിന്റെ മണ്ണില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് വലിയ പങ്ക് വഹിച്ചു. ആമച്ചല്‍ പ്രദേശത്ത് ഒരു അലക്കുതൊഴിലാളി കുടുംബത്തില്‍ വളര്‍ന്ന കൃഷ്ണന്‍, ചെറുപ്പത്തിലേ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്നു. തുടര്‍ന്ന് പുരോഗമനാശയങ്ങളുടെ വഴിതേടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. ജന്മിത്വത്തിനും തൊഴിലാളിവര്‍ഗ ചൂഷണത്തിനുമെതിരായ നിരവധിയായ പ്രക്ഷോഭസമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

1954ലെ ട്രാന്‍സ്‌പോര്‍ട്ട് സമരം, കാട്ടാക്കട ചന്തസമരം, പൊന്നാന്‍ചുണ്ട് തോട്ടം സമരം തുടങ്ങിയവയില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ അതിക്രൂരമായ മര്‍ദ്ദനത്തിന് വിധേയനായ അദ്ദേഹത്തെ പൊലീസ് ഉപേക്ഷിച്ചനിലയില്‍ പുനലൂരിലെ പൊന്തക്കാടുകളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടെടുക്കുകയായിരുന്നു. സി പി ഐ എല്‍ സി സെക്രട്ടറി, താലൂക്ക് കമ്മിറ്റിയംഗം, പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കള്‍: കൗമുദി (വെണ്‍മണി എച്ച് എസ് ആലപ്പുഴ), ഷൈലജ, അശോകന്‍, മേദിനി, അജയന്‍, അജിത, സുരേഷ്‌കുമാര്‍. മരുമക്കള്‍: സെബാസ്റ്റ്യന്‍, മോഹനന്‍, പ്രേമകുമാരി(എല്‍ ഐ സി), ശ്രീധരന്‍, സുധ, സുദര്‍ശനന്‍, നിമി.

ആമച്ചല്‍ കൃഷ്ണന്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്തു. ത്യാഗധനനായ കമ്മ്യൂണിസ്റ്റായിരുന്നു ആമച്ചല്‍ കൃഷ്ണനെന്ന് സി പി ഐ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഒളിവിലും തെളിവിലും പ്രവര്‍ത്തിച്ച ആമച്ചല്‍ കൃഷ്ണന്‍ സാധാരണക്കാരുടെ മനസ്സുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആഴത്തില്‍ പ്രതിഷ്ഠിക്കാന്‍ പ്രയത്‌നിച്ചിരുന്നു. ആ തലമുറയിലെ അവസാന കണ്ണികളിലൊരാളായിരുന്നു ആമച്ചല്‍ കൃഷ്ണനെന്ന് പന്ന്യന്‍ അനുസ്മരിച്ചു.

ആമച്ചല്‍ കൃഷ്ണന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഓര്‍മ്മകള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിന് സഹായകരമാകുമെന്നും സി പി ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി പറഞ്ഞു.

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, സി പി ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. പി രാമചന്ദ്രന്‍നായര്‍, അഡ്വ. ജി ആര്‍ അനില്‍, കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, അഡ്വ. ജെ വേണുഗോപാലന്‍നായര്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് മീനാങ്കല്‍ കുമാര്‍, മണ്ഡലം സെക്രട്ടറിമാരായ പള്ളിച്ചല്‍ വിജയന്‍, കള്ളിക്കാട് ചന്ദ്രന്‍, കെ പി ഗോപകുമാര്‍, സി പി എം സംസ്ഥാന കൗണ്‍സില്‍ അംഗം ആനാവൂര്‍ നാഗപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം അന്‍സജിതാ റസല്‍, പഞ്ചായത്ത് പ്രസിഡന്റ് ജി സ്റ്റീഫന്‍, ശ്രീസജി, ആര്‍ വി രാജേഷ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

janayugom 180212

1 comment:

  1. പതിറ്റാണ്ടുകളോളം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു 'സഖാവ്' എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന ആമച്ചല്‍ കൃഷ്ണന്‍. തൊഴിലാളിവര്‍ഗത്തെയും ഒരു കാലഘട്ടത്തെയും തന്റെ വിപ്ലവഗാനങ്ങളിലൂടെ രോമാഞ്ചമണിയിച്ച ആമച്ചല്‍ കൃഷ്ണന്‍ തെക്കന്‍ തിരുവിതാംകൂറിന്റെ മണ്ണില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് വലിയ പങ്ക് വഹിച്ചു. ആമച്ചല്‍ പ്രദേശത്ത് ഒരു അലക്കുതൊഴിലാളി കുടുംബത്തില്‍ വളര്‍ന്ന കൃഷ്ണന്‍, ചെറുപ്പത്തിലേ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്നു. തുടര്‍ന്ന് പുരോഗമനാശയങ്ങളുടെ വഴിതേടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. ജന്മിത്വത്തിനും തൊഴിലാളിവര്‍ഗ ചൂഷണത്തിനുമെതിരായ നിരവധിയായ പ്രക്ഷോഭസമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

    ReplyDelete