സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയതോടെ സംസ്ഥാനത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്ന ആശങ്ക ശക്തമായി.
കേന്ദ്രത്തിന്റെ നികുതി വിഹിതത്തില്‍ കുറവ് വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കേന്ദ്ര വിഹിതത്തില്‍ കുറവ് വന്നതോടെ സംസ്ഥാന വിഹിതത്തിലും കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. സംസ്ഥാന ബജറ്റിന് മുന്നോടിയായിട്ടുള്ള മുഖ്യമന്ത്രിയുടൈ ഈ വെളിപ്പെടുത്തല്‍ സംസ്ഥാനം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം സര്‍ക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് വകുപ്പുതിരിച്ചുള്ള വിലയിരുത്തല്‍ നടത്തി. എല്ലാവകുപ്പുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ പൊതുചര്‍ച്ച നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ധന, റവന്യുവകുപ്പുകളുടെ ചര്‍ച്ചയാണ് ഇന്നലെ നടന്നത്. ധനവകുപ്പ് സെക്രട്ടറി വി പി ജോയി മന്ത്രിസഭാ യോഗത്തില്‍ ബജറ്റിന് മുന്നോടിയായുള്ള സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് വിശദീകരണം നല്‍കി.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി കേന്ദ്രത്തിന്റെ നികുതി വിഹിതത്തില്‍ കുറവ് വന്നതാണ് നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ധനവകുപ്പ് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു. കേന്ദ്ര വിഹിതത്തില്‍ കുറവ് വരുന്നതിനനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന വിഹിതത്തിലും കുറവുണ്ടാകും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി നികുതി വിഹിതത്തില്‍ കുറവ് വരുമെന്ന് ധനമന്ത്രിമാരുടെ യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായുള്ള പ്രശ്‌നങ്ങള്‍ രണ്ട് മാസം കൂടി തുടര്‍ന്നാല്‍ ധനസ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന വിലയിരുത്തലാണ് മന്ത്രിസഭായോഗത്തിലുണ്ടായത്.
ജനസമ്പര്‍ക്ക പരിപാടിയില്‍ വന്നിട്ടുള്ള വിവിധ പ്രശ്‌നങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും വിശദമായ നോട്ടു തയ്യാറാക്കി ഇന്നലത്തെ യോഗത്തില്‍ മന്ത്രിമാര്‍ക്ക് നല്‍കി. ജനസമ്പര്‍ക്ക പരിപാടിയെ സംബന്ധിച്ച വിമര്‍ശനങ്ങളും ഇന്നലത്തെ യോഗത്തിലുണ്ടായി. ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ച ഈമാസം എട്ടിന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ നടക്കും. ധനസ്ഥിതി സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുപോയതിനാല്‍ സാധാരണ അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നുരാവിലെ വീണ്ടും മന്ത്രിസഭായോഗം ചേരും.
കണ്‍സോര്‍ഷ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാന്‍ അനുമതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പോര്‍ട്ട് ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിന്റെ സാമ്പത്തിക ബിഡ് പരിശോധിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വെല്‍സ്പണ്‍ കമ്പനിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാഅനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം.
കമ്പനിയുടെ ടെണ്ടറില്‍ ക്വാട്ട് ചെയ്തിരിക്കുന്ന തുകയും വ്യവസ്ഥകളും സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് അനുകൂലമാണോ എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ടെണ്ടര്‍ സമര്‍പ്പിച്ച മാറ്റൊരു കമ്പനിയായ മുന്ദ്ര പോര്‍ട്‌സിന് നേരത്തേ ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.
ഇടപ്പള്ളി-മണ്ണുത്തി പാതയുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പാതയ്ക്കരികിലായുള്ള സര്‍വീസ് റോഡ് ആറുമാസം കൊണ്ട് പണി പൂര്‍ത്തിയാക്കി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറു മാസം കൊണ്ട് സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും. നിര്‍മാണം പൂര്‍ത്തിയായ ഏഴ് പാലങ്ങളില്‍ നടപ്പാത ഉടനെ നിര്‍മിക്കും. നടപ്പാത നിര്‍മിച്ചാല്‍ ടോള്‍ പിരിവ് ആരംഭിക്കും. ഇരുവശവും 80 കിലോമീറ്ററാണ് സര്‍വീസ് റോഡിന്റെ നീളം. 27.6 കിലോമീറ്റര്‍ പുതുതായി സര്‍വീസ് റോഡ് വേണം. സര്‍വീസ് റോഡിന്റെ പണി ആരംഭിക്കാന്‍ ബന്ധപ്പെട്ട കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. 45 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പിന്നീട് നാഷണല്‍ ഹൈവേ അതോറിട്ടിയുടെ അനുമതി വാങ്ങുമ്പോള്‍ ചെലവാക്കിയ പണം തിരികെ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ചെയര്‍മാനായും തൊഴില്‍മന്ത്രി വൈസ്‌ചെയര്‍മാനായും തിരുവനന്തപുരം ആസ്ഥാനമായി അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് തുടങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ, ധന, വിദ്യാഭ്യാസ, ഗ്രാമവികസന മന്ത്രിമാരും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും അക്കാദമിയില്‍ അംഗങ്ങളായിരിക്കും. ശബരിമല സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ആശുപത്രി സ്ഥിരമായി നിലനിര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി രണ്ടുഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഏഴ് തസ്തികകള്‍ അനുവദിച്ചു. ആശുപത്രി നിലനിര്‍ത്തുന്നതിനായി 21.02 ലക്ഷം രൂപ ചെലവ് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ജല അതോറിട്ടിക്ക് 18 കോടി രൂപ അനുവദിച്ചു. തായ്‌വാന്‍ ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്ത തിരുവനന്തപുരം ചിത്രാഹോമിലെയും കോഴിക്കോട് ഗേള്‍സ് ഹോമിലെയും സംവിധാകരമായ അഞ്ച് പെണ്‍കുട്ടികളില്‍ നാലുപേരുടെ യാത്രച്ചെലവിന് അഞ്ചുലക്ഷം രൂപ അനുവദിച്ചു.
janayugom 020212
സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയതോടെ സംസ്ഥാനത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്ന ആശങ്ക ശക്തമായി.
ReplyDelete