Thursday, February 9, 2012

സിപിഐ സമ്മേളനത്തിന് തുടക്കമായി


യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ-ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭത്തിന് ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കണമെന്ന ആഹ്വാനവുമായി സിപിഐ 21-ാം സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. രക്തസാക്ഷികളുടെയും മണ്‍മറഞ്ഞ നേതാക്കളുടെയും സ്മരണകള്‍ നിറഞ്ഞുനിന്ന ജെ ചിത്തരഞ്ജന്‍ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ഉദ്ഘാടനംചെയ്തു. സമ്മേളനത്തില്‍ 603 പ്രതിനിധികള്‍ പങ്കെടുക്കുന്നു.

പ്രതിനിധിസമ്മേളന നഗറില്‍ മുതിര്‍ന്ന നേതാവ് സി എ കുര്യന്‍ പതാക ഉയര്‍ത്തി. പ്രതിനിധികള്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഒ എന്‍ വി കുറുപ്പ് രചിച്ച് ഉദയന്‍ അഞ്ചല്‍ ചിട്ടപ്പെടുത്തിയ "സമരാങ്കണങ്ങളില്‍ വീണവരേ..." എന്നു തുടങ്ങുന്ന വിപ്ലവഗാനത്തോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ കെ പ്രകാശ്ബാബു സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളായ ഡി രാജ, ആനി രാജ, സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ , വെളിയം ഭാര്‍ഗവന്‍ , പന്ന്യന്‍ രവീന്ദ്രന്‍ , സി ദിവാകരന്‍ , കെ ഇ ഇസ്മയില്‍ , സി എന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. കെ ആര്‍ ചന്ദ്രമോഹനന്‍ രക്തസാക്ഷി പ്രമേയവും ടി പുരുഷോത്തമന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സി കെ ചന്ദ്രപ്പന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും സി എന്‍ ചന്ദ്രന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ഗ്രൂപ്പ് ചര്‍ച്ച നടന്നു. കാനം രാജേന്ദ്രന്‍ ചെയര്‍മാനും പ്രൊഫ. മീനാക്ഷി തമ്പാന്‍ , വി ചാമുണ്ണി, പി പി സുനില്‍ , ഇ എസ് ബിജിമോള്‍ , ടി വി ബാലന്‍ , ജി കൃഷ്ണപ്രസാദ് എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി "കേരളത്തിന്റെ സമഗ്ര വികസനം" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. സി ദിവാകരന്‍ മോഡറേറ്ററായി. രമേശ് ചെന്നിത്തല, എം പി വീരേന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം വ്യാഴാഴ്ച രാവിലെ 9.30ന് ആരംഭിക്കും. സാഹിത്യസദസ്സ് വൈകിട്ട് 5.30ന് ഒ എന്‍ വി കുറുപ്പ് ഉദ്ഘാടനംചെയ്യും. ശനിയാഴ്ച ചുവപ്പുസേനാ പരേഡ്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും. പൊതുസമ്മേളനം പി എ സോളമന്‍ നഗറില്‍ (കന്റോണ്‍മെന്റ് മൈതാനം) വൈകിട്ട് 6.30ന് എ ബി ബര്‍ദന്‍ ഉദ്ഘാടനംചെയ്യും.

ഇടത് പാര്‍ടികളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യം: ബര്‍ദന്‍

കൊല്ലം: സാമ്രാജ്യത്വ അധിനിവേശത്തിനും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും എതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ ഇടതുപാര്‍ടികളുടെ ശക്തമായ യോജിപ്പാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഐ 21-ാം പാര്‍ടി കോണ്‍ഗ്രസ് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമെന്നും സിപിഐ സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

ആഗോള മൂലധനശക്തികള്‍ക്കും രാജ്യത്ത് അനുദിനം വളരുന്ന കുത്തകകള്‍ക്കും വേണ്ടിയുള്ള ഭരണമായി കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മാറി. 2ജി ഉള്‍പ്പെടെയുള്ള അഴിമതികള്‍ ഇതിന്റെ ഫലമാണ്. ഈ നയങ്ങള്‍ക്കെതിരെ സംഘടിതവും അല്ലാത്തതുമായ പ്രക്ഷോഭം ശക്തിപ്പെട്ടുവരികയാണ്. ഇതിനു ശരിയായ ദിശാബോധം നല്‍കാനും ശക്തമാക്കാനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേ കഴിയൂ. ജനങ്ങളുടെ ജീവിതപ്രയാസങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനും ബദല്‍നയം മുന്നോട്ടുവയ്ക്കാനും കമ്യൂണിസ്റ്റ് പാര്‍ടികള്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷശക്തികളെയാണ് രാജ്യവും ജനങ്ങളും പ്രതീക്ഷയോടെ നോക്കുന്നത്. ഭൂമിക്കും തൊഴിലിനും ആരോഗ്യസുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ജനാധിപത്യാവകാശത്തിനും ധാര്‍മികമൂല്യങ്ങള്‍ക്കും വേണ്ടി ജനങ്ങള്‍ പ്രക്ഷോഭരംഗത്തേക്കു വരികയാണ്. ഇതിനു മൂര്‍ത്തമായ രൂപം നല്‍കാന്‍ സിപിഐ ശ്രമിക്കും-ബര്‍ദന്‍ പറഞ്ഞു.

കൊച്ചി ആകാശനഗര പദ്ധതിക്കുള്ള അനുമതി പിന്‍വലിക്കണം: വി എസ്

കൊല്ലം: പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന കൊച്ചി ആകാശനഗര പദ്ധതിക്കുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരദേശ പരിപാലന അതോറിറ്റിയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പും അനുമതി നിഷേധിച്ച പദ്ധതിയാണിതെന്നും വി എസ് പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാര്‍ സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

നിയമവിരുദ്ധമായാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. കായലിനു മുകളില്‍ കോണ്‍ക്രീറ്റുകൊണ്ട് ആകാശനഗരമുണ്ടാക്കുന്ന പദ്ധതിയുമായി സംരംഭകര്‍ കഴിഞ്ഞ സര്‍ക്കാരിനെയും സമീപിച്ചിരുന്നു. പരിസ്ഥിതി സംബന്ധമായ അനുമതികളും ഉന്നതാധികാര സമിതിയുടെ സമ്മതവും തേടിയശേഷം മന്ത്രിസഭ അന്തിമ തീരുമാനമെടുക്കാനാണ് അന്ന് തീരുമാനിച്ചത്. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന തീരദേശ പരിപാലന അതോറിറ്റിയുടെയും ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെയും അഭിപ്രായം ഹൈക്കോടതിയെയും അറിയിച്ചിരുന്നു. കായല്‍ കൈയേറിയും പരിസ്ഥിതിക്ക് കോട്ടംവരുത്തിയുമുള്ള പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്നും വി എസ് പറഞ്ഞു. വയല്‍ നികത്തല്‍ സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും വി എസ് പറഞ്ഞു. തണ്ണീര്‍തടങ്ങളും പാടങ്ങളും നികത്തുന്നത് തടയുന്ന നിയമത്തെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കം. നിര്‍ഭാഗ്യവശാല്‍ അതിന് സഹായകമായ വിധിയാണ് കോടതിയില്‍നിന്നുണ്ടായത്.

അടിസ്ഥാന സൗകര്യ വികസനത്തില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. കൊച്ചി മെട്രോ പദ്ധതി കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭമായി നടപ്പാക്കാന്‍ അനുമതി നല്‍കിയിട്ടില്ല. പദ്ധതിക്ക് അനുമതി വൈകിപ്പിച്ച് ശ്രീധരനെയും ഡിഎംആര്‍സിയെയും ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വി എസ് പറഞ്ഞു. ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു. പാലക്കാട്ടെ ഭൂഗര്‍ഭ ജലത്തിന്റെ തോത് ക്രമാതീതമായി കുറയുമ്പോള്‍ കോച്ച് ഫാക്ടറി കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമല്ലെന്ന് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. "കേരളത്തിന്റെ സമഗ്ര വികസനം" എന്ന വിഷയം കെ പി രാജേന്ദ്രന്‍ അവതരിപ്പിച്ചു. സി ദിവാകരന്‍ എംഎല്‍എ മോഡറേറ്ററായി. അഡ്വ. കെ രാജു എംഎല്‍എ സ്വാഗതം പറഞ്ഞു. എ ബി ബര്‍ദന്‍ , സുധാകര്‍ റാവു, സി കെ ചന്ദ്രപ്പന്‍ , കെ ഇ ഇസ്മയില്‍ , പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 090212

1 comment:

  1. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ-ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭത്തിന് ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കണമെന്ന ആഹ്വാനവുമായി സിപിഐ 21-ാം സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. രക്തസാക്ഷികളുടെയും മണ്‍മറഞ്ഞ നേതാക്കളുടെയും സ്മരണകള്‍ നിറഞ്ഞുനിന്ന ജെ ചിത്തരഞ്ജന്‍ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ഉദ്ഘാടനംചെയ്തു. സമ്മേളനത്തില്‍ 603 പ്രതിനിധികള്‍ പങ്കെടുക്കുന്നു.

    ReplyDelete