Thursday, February 9, 2012

പുതിയ കുതിപ്പിനുള്ള നിര്‍ദേശങ്ങളുമായി ക്രിയാത്മക ചര്‍ച്ച

വിമര്‍ശ-സ്വയം വിമര്‍ശ പ്രക്രിയയുടെ സമഗ്രത ഉള്‍ക്കൊണ്ട ചര്‍ച്ചയുമായി സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം നാള്‍ . സംസ്ഥാന-ദേശീയതലങ്ങളില്‍ പാര്‍ടിയുടെ കുതിപ്പിനാവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച പ്രതിനിധികള്‍ സാര്‍വദേശീയ-ദേശീയ-പ്രാദേശിക പ്രശ്നങ്ങള്‍ ഇഴകീറി ചര്‍ച്ചചെയ്തു. ബുധനാഴ്ച 24 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതായി പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുതലാളിത്തത്തിനെതിരെ ഉയരുന്ന മുന്നേറ്റത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യയിലും പ്രക്ഷോഭങ്ങള്‍ ഉയരണമെന്ന് പ്രതിനിധികള്‍ പറഞ്ഞു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കമ്യൂണിസ്റ്റ്-ഇടതുപക്ഷ മുന്നേറ്റത്തിന് മരവിപ്പുണ്ടാക്കിയെങ്കിലും ഭിന്നമായ സ്ഥിതിവിശേഷം വളര്‍ന്നുവരികയാണ്. ലോകത്തുടനീളം കമ്യൂണിസ്റ്റ് പാര്‍ടി ശക്തിപ്രാപിക്കുന്ന സാഹചര്യം പ്രത്യേകം വിലയിരുത്തണം. ദേശീയതലത്തില്‍ പാര്‍ടിയുടെ വളര്‍ച്ചയ്ക്ക് വേഗം പോരെന്ന വിമര്‍ശവും ഉയര്‍ന്നു. ട്രേഡ്യൂണിയന്‍ മേഖലയില്‍ രൂപപ്പെടുന്ന ഐക്യം സ്വാഗതാര്‍ഹമാണ്. കാര്‍ഷികമേഖലയില്‍ ഇത്തരം മുന്നേറ്റം ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. നവ ഉദാരവല്‍ക്കരണം ഏറ്റവും പ്രതിസന്ധിയുണ്ടാക്കിയത് കാര്‍ഷിക മേഖലയിലാണ്. 10 വര്‍ഷത്തില്‍ രണ്ടരലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്തു. ഇത്രയേറെ കര്‍ഷക ആത്മഹത്യ ലോകത്ത് എവിടെയുമുണ്ടായില്ല. എന്നിട്ടും ഈ മേഖലയില്‍ ട്രേഡ്യൂണിയന്‍ മേഖലയിലേതുപോലുള്ള ഐക്യമില്ല. ഇത് പോരായ്മയായി കണ്ട് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കണം.

അഴിമതിക്കെതിരെ മറ്റ് പല സംഘടനകളും രാഷ്ട്രീയമില്ലാത്തവരും മുന്നോട്ടു വരുന്നു. ഇത്തരം പ്രശ്നങ്ങളില്‍ ഇടതുപക്ഷം മുന്‍കൈ എടുക്കണം. യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച നടപടി ശരിയായിരുന്നു. ആണവകരാര്‍ പ്രശ്നംമാത്രമാണ് ഇതിന് കാരണം പറഞ്ഞത്. അതിനൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, അഴിമതി തുടങ്ങിയ പ്രശ്നംകൂടി ഉന്നയിച്ചിരുന്നെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മുന്നേറാമായിരുന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇടതുപക്ഷ ചിന്തയുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും യോജിപ്പിച്ച് വിശാല ഐക്യത്തിന് മുന്‍കൈ വേണം. സാംസ്കാരിക മേഖലയില്‍ ദേശീയതലത്തില്‍ അജന്‍ഡ നിശ്ചയിക്കുന്നത് വര്‍ഗീയശക്തികളാണ്. മത-ജാതി സംഘടനകള്‍ ഈ അവസരം മുതലെടുക്കുന്നു. ഇത് പ്രതിരോധിക്കാന്‍ വ്യക്തമായ പരിപാടിക്ക് രൂപം നല്‍കണം. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവും ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റവും ചര്‍ച്ചചെയ്ത് അതിനനുസൃതമായ പരിപാടികള്‍ക്ക് ദേശീയ തലത്തില്‍ രൂപം നല്‍കണം-പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും സമ്മേളനം വിശദമായി ചര്‍ച്ചചെയ്തു. ചര്‍ച്ച വ്യാഴാഴ്ചയും തുടരും. വ്യാഴാഴ്ച വൈകിട്ട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറുപടി പറയും. കെ ബാലകൃഷ്ണന്‍(കാസര്‍കോട്), പുത്തന്‍കട വിജയന്‍ , വി എന്‍ മുരളി(തിരുവനന്തപുരം) എം പ്രകാശന്‍ , വി നാരായണന്‍(കണ്ണൂര്‍), എസ് ജയമോഹന്‍ , സൂസന്‍കോടി(കൊല്ലം), പി മോഹനന്‍ , കെ ടി കുഞ്ഞിക്കണ്ണന്‍(കോഴിക്കോട്) എ പത്മകുമാര്‍(പത്തനംതിട്ട), വി ഉഷാകുമാരി(വയനാട്), ആര്‍ നാസര്‍ , സജി ചെറിയാന്‍(ആലപ്പുഴ), വി ശശികുമാര്‍ , എം സ്വരാജ്(മലപ്പുറം), പി എന്‍ വിജയന്‍ , പി എസ് രാജന്‍(ഇടുക്കി), പി കെ സുധാകരന്‍ , ടി കെ നാരായണദാസ്(പാലക്കാട്), ഡോ. ബി ഇക്ബാല്‍(കോട്ടയം), കെ എം ഗോപിനാഥ്, സി ബി ദേവദര്‍ശനന്‍(എറണാകുളം), എം എം വര്‍ഗീസ്, ബാബു എം പാലിശ്ശേരി(തൃശൂര്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
(എം രഘുനാഥ്)

ദേശീയപണിമുടക്ക് വന്‍വിജയമാക്കുക: സിപിഐ എം

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി ഫെബ്രുവരി 28ന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, ബിഎംഎസ് തുടങ്ങിയ പ്രമുഖസംഘടനകളെല്ലാം യോജിച്ച് നടത്തുന്ന പണിമുടക്ക് രാജ്യചരിത്രത്തിലെ ഐതിഹാസിക പോരാട്ടമാകും. വിലക്കയറ്റം നിയന്ത്രിക്കുക, തൊഴില്‍സുരക്ഷ ഉറപ്പാക്കുക, പുതിയ തൊഴിലവസരം സൃഷ്ടിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളിക്ഷേമത്തിന് ദേശീയ സാമൂഹ്യ സുരക്ഷാനിധി രൂപീകരിക്കുക, പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക, കരാര്‍വല്‍ക്കരണം ഉപേക്ഷിക്കുക, ബോണസിനും പിഎഫിനുമുള്ള പരിധി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹനയങ്ങള്‍ക്കെതിരെ വിപുലമായ സമരം മുമ്പ് സംഘടിപ്പിച്ചിരുന്നു. നവംബര്‍ എട്ടിന്റെ ജയില്‍നിറയ്ക്കല്‍ സമരത്തില്‍ വന്‍ തൊഴിലാളി പങ്കാളിത്തമുണ്ടായി. എന്നാല്‍ , തെറ്റായ നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റുന്നില്ല. പൊതുവിതരണം ശക്തിപ്പെടുത്തിയും ഊഹക്കച്ചവടവും അവധിവ്യാപാരവും നിരോധിച്ചും മാത്രമേ വിലക്കയറ്റം നേരിടാനാകൂ. എന്നാല്‍ , വ്യാപാരമേഖലയാകെ വിദേശ-നാടന്‍ കുത്തകകള്‍ക്ക് പതിച്ചുകൊടുക്കുകയാണ് കേന്ദ്രം. വിലനിയന്ത്രണം നീക്കിയതോടെ പെട്രോള്‍വില അടിക്കടി കൂടുന്നു. മണ്ണെണ്ണ, ഡീസല്‍വില നിയന്ത്രണം ഇല്ലാതാക്കാനും നീക്കമുണ്ട്. അതേസമയം കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി ഇളവുകള്‍ നല്‍കുന്നു. 1,86,000 കോടി രൂപ സാമ്പത്തിക പാക്കേജിനായി ചെലവഴിച്ചു. നാലുലക്ഷം കോടിയുടെ നികുതിയിളവും നല്‍കി. അതേസമയം, കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങളില്‍ നിന്നുമാത്രം 50 ലക്ഷം തൊഴിലാളികള്‍ക്ക് പണി നഷ്ടമായി.

തൊഴില്‍നിയമങ്ങള്‍ ക്രൂരമായി ലംഘിക്കപ്പെടുമ്പോഴും ഉടമകള്‍ക്കനുകൂലമായ നിയമഭേദഗതിക്ക് അണിയറയില്‍ ഒരുക്കമുണ്ട്. തൊഴിലാളിസംഘടന രൂപീകരിക്കാനുള്ള അവകാശത്തിന് സമരംചെയ്യേണ്ട സ്ഥിതിയാണുള്ളത്. ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ഓഹരിവിറ്റഴിക്കലും തുടരുന്നു. മഹാരത്ന, നവരത്ന കമ്പനികളില്‍ നൂറ്ശതമാനമായിരുന്ന സര്‍ക്കാര്‍ ഓഹരികള്‍ ഗണ്യമായി കുറയ്ക്കുകയാണ്. ഒഎന്‍ജിസി, ഭെല്‍ , സെയില്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരിവിറ്റ് 40,000 കോടി സമാഹരിക്കാനാണ് കേന്ദ്രതീരുമാനം. പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്ന് ഒന്നരലക്ഷം കോടി രൂപയോളം 2009-10ല്‍മാത്രം ലാഭമുണ്ടായിട്ടും ഇവ സ്വകാര്യകുത്തകകള്‍ക്ക് കൈമാറാനാണ് ശ്രമം. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങി സാമ്രാജ്യത്വ അനുകൂലനയങ്ങള്‍ക്ക് വേഗംകൂട്ടുന്ന കേന്ദ്രസര്‍ക്കാരിനെതിരായ വലിയ ജനമുന്നേറ്റം 28ന്റെ പണിമുടക്കിലുണ്ടാകും. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ , തപാല്‍ , തുറമുഖം, കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ എന്നിവരുടെ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തെ എല്ലാവിഭാഗം ജനങ്ങളും പിന്തുണയ്ക്കാനും വിജയമാക്കാനും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ അഭ്യര്‍ഥിച്ചു.

ചാനല്‍ കാണിച്ചത് മുമ്പ് പ്രസിദ്ധീകരിച്ച പാര്‍ടി രേഖകള്‍ : കോടിയേരി

സിപിഐ എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോര്‍ന്നിട്ടില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനാരേഖയൊന്നും ഇതുവരെ പുറത്ത് പോയിട്ടില്ല. എന്നാല്‍ , ഇതിനുമുമ്പ് അംഗീകരിച്ചതും വെബ്സൈറ്റില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതുമായ രേഖകള്‍ റിപ്പോര്‍ട്ടാണെന്നപേരില്‍ ചിലര്‍ വാര്‍ത്തയാക്കുകയായിരുന്നെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പ്രവര്‍ത്തനറിപ്പോര്‍ട്ടിന്റെ അനുബന്ധമായി കൊടുത്ത ഈ ഭാഗം ആര്‍ക്കും പരിശോധിക്കാന്‍ കഴിയുന്നതാണ്. ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച ഈ രേഖകളില്‍ കേന്ദ്രകമ്മിറ്റിയുടെ തെറ്റ് തിരുത്തല്‍രേഖ ഉള്‍പ്പെടെ ഉണ്ട്. പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും പ്രമേയങ്ങളും ഉണ്ട്. ഇതാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ഇത് പുതിയ കാര്യമല്ല. ആദ്യം കാണുന്നവര്‍ക്ക് പുതിയതാണെന്ന് തോന്നുന്നതാകാമെന്നും കോടിയേരി പറഞ്ഞു.

നോക്കുകൂലി പൂര്‍ണമായും ഇല്ലാതാക്കണം

നോക്കുകൂലി പൂര്‍ണമായും ഇല്ലാതാക്കാന്‍ ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ പ്രതിനിധികള്‍ നിര്‍ദേശിച്ചു. നോക്കുകൂലിക്കെതിരെ കഴിഞ്ഞ സമ്മേളനത്തില്‍ പാര്‍ടി എടുത്ത നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് പലയിടത്തും നോക്കുകൂലി ഇല്ലാതാക്കാനായി. എന്നാല്‍ , പൂര്‍ണമായും ഇല്ലാതായിട്ടില്ല. ഇതു പരിഹരിക്കണം.

പാര്‍ടിയുടെ അടിസ്ഥാനഘടകമായ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ഓരോ ബ്രാഞ്ച് അതിര്‍ത്തിയിലുമുള്ള ജനവിഭാഗങ്ങളെ പ്രത്യേകം പഠിച്ച് അവരെ പാര്‍ടിയിലേക്ക് കൊണ്ടുവരണം. മുമ്പ് തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴിലാളികളുമാണ് പാര്‍ടിയിലേക്ക് കൂടുതലായി വന്നിരുന്നത്. ഉന്നത-സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ ഉള്‍പ്പെടെ വലിയ ജനവിഭാഗം ഇന്നുണ്ട്. അവരെക്കൂടി പാര്‍ടിയിലേക്ക് കൊണ്ടുവരണം. പാര്‍ടി വിദ്യാഭ്യാസം കൂടുതല്‍ വിപുലമാക്കാനും അന്യവര്‍ഗ ചിന്ത ഇല്ലാതാക്കാനും കഴിയണം. ഇക്കാര്യത്തില്‍ കോട്ടയം സമ്മേളനത്തിനു ശേഷം ഇ എം എസ് അക്കാദമി അടക്കം ഉപയോഗിച്ച് നല്ലതോതില്‍ രാഷ്ട്രീയവിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞു. ഇത് പോരെന്നും ബഹുജന രാഷ്ട്രീയ വിദ്യാഭ്യാസപരിപാടിക്ക് രൂപംനല്‍കണമെന്നും അഭിപ്രായമുയര്‍ന്നു. കേരളത്തില്‍ പാര്‍ടിക്ക് അനുകൂലമായ ധാരാളം ഘടകമുണ്ട്. കഴിഞ്ഞ കാലത്ത് ഇത് വേണ്ടത്ര ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. അതിനു കാരണം വിഭാഗീയ നിലപാടാണ്. ഐക്യവും കെട്ടുറപ്പും ശക്തിപ്പെടുത്തി ശത്രുവര്‍ഗത്തെ ദുര്‍ബലമാക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിര്‍ദേശിച്ചു.

സാംസ്കാരികജീര്‍ണത ചെറുക്കാന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിനു കഴിയണം: ഒ എന്‍ വി

സാംസ്കാരിക ജീര്‍ണതയെ ചെറുക്കാന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിലും മാര്‍ക്സിസ്റ്റ് ദര്‍ശനത്തിലും വിശ്വസിക്കുന്ന സമൂഹം ഉണര്‍ന്നെണീക്കണമെന്ന് പ്രൊഫ. ഒ എന്‍ വി കുറുപ്പ്. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "പുരോഗമനസാഹിത്യപ്രസ്ഥാനവും മലയാളസാഹിത്യവും" എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ഒ എന്‍ വി.
മനുഷ്യനന്മയ്ക്കായി എക്കാലത്തും പ്രയോജനപ്പെടുത്താവുന്ന ശാശ്വതമായ വിത്താണ് മാര്‍ക്സിസം. മതാതീതമായ മാനവികതയാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത്. മഹത്തായ ആദര്‍ശമാണിത്; രാഷ്ട്രീയ പ്രകടനപത്രികയല്ല. ഇതിന്റെ മുള നശിക്കാതെ ഹൃദയത്തിലിട്ട് വളര്‍ത്തണം. അതില്‍നിന്ന് പുറത്തേക്കുവരുന്ന ജീവവായുവിലെ സര്‍ഗാത്മക ചൈതന്യം പ്രയോജനപ്പെടുത്തി മനുഷ്യസമൂഹത്തോടുള്ള കടപ്പാടും ഉത്തരവാദിത്തവും നിറവേറ്റാന്‍ പുരോഗമനസാഹിത്യകാരന്മാര്‍ക്ക് കഴിയണം. സാഹിത്യകാരന്മാര്‍ ആര്‍ക്കും വശംവദരാകേണ്ട കാര്യമില്ല. സ്വത്വം നിലനിര്‍ത്തി ആശയപ്രകാശനത്തിന് അവര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ "കിഴക്കേക്കോട്ട" ഒരുങ്ങുന്നു

സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഇ ബാലാനന്ദന്‍ നഗര്‍ അണിഞ്ഞൊരുങ്ങുന്നത് ചരിത്രപ്രസിദ്ധമായ "കിഴക്കേകോട്ട"യുടെ മാതൃകയില്‍ . കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയമുന്നേറ്റത്തിന് നവോന്‍മേഷമേകിയ നവകേരളയാത്രയുടെ സമാപന വേദിയൊരുക്കിയ തച്ചോട്ടുകാവു സ്വദേശി ഹൈലേഷിന്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാരാണ് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയും തയ്യാറാക്കുന്നത്. ഇരമ്പിയാര്‍ക്കുന്ന കടലിനഭിമുഖമായി മുന്നേറുന്ന പായ്ക്കപ്പലിന്റെ മാതൃകയിലായിരുന്നു ശംഖുമുഖത്ത് അന്ന് വേദിയൊരുക്കിയത്. പാളയം പള്ളിയ്ക്കും രക്തസാക്ഷി മണ്ഡപത്തിനും അഭിമുഖമായി 2800 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ പടകൂറ്റന്‍ സമ്മേളനവേദി ഒരുങ്ങുന്നത്. വേദിയുടെ പിന്‍ഭിത്തിയാണ് കിഴക്കോട്ടയുടെ മാതൃകയില്‍ പണിയുന്നത്. കോട്ടയുടെ മധ്യത്തിലായി 10 അടി ഉയരത്തിലുള്ള മാര്‍ക്സിന്റെ അര്‍ദ്ധകായ പ്രതിമയും ഉണ്ടാകും. നഷ്ടപ്പെടാന്‍ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ലാത്തവന്റെ കാരിരുമ്പിന്റെ കരുത്തുള്ള മുഷ്ടികള്‍ കോട്ടയുടെ ഗോപുരാഗ്രത്തില്‍ ഉയര്‍ന്നു നില്‍ക്കും. വേദിയുടെ മുന്നില്‍ കരിങ്കല്‍ ശില്‍പ്പമാതൃകയിലുള്ള സമരചിത്രങ്ങള്‍ അണിനിരക്കും. വേദിയുടെ മേലാപ്പില്‍ തിളങ്ങുന്ന അരിവാള്‍ ചുറ്റികയും ഉണ്ടാകും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുന്ന സിപിഐ എമ്മിന്റെ സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയും ചരിത്രത്തിലിടംപിടിക്കാന്‍ തയ്യാറെടുക്കുകയാണ്.

deshabhimani 090212

1 comment:

  1. വിമര്‍ശ-സ്വയം വിമര്‍ശ പ്രക്രിയയുടെ സമഗ്രത ഉള്‍ക്കൊണ്ട ചര്‍ച്ചയുമായി സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം നാള്‍ . സംസ്ഥാന-ദേശീയതലങ്ങളില്‍ പാര്‍ടിയുടെ കുതിപ്പിനാവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച പ്രതിനിധികള്‍ സാര്‍വദേശീയ-ദേശീയ-പ്രാദേശിക പ്രശ്നങ്ങള്‍ ഇഴകീറി ചര്‍ച്ചചെയ്തു. ബുധനാഴ്ച 24 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതായി പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete