Wednesday, February 22, 2012

ലീഗ് ഭ്രാന്തിനെ ചങ്ങലയ്ക്കിടണം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സകലപരിധിയും വിടുകയാണ്. കണ്‍മുന്നിലുള്ള എന്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ഉപാധിയാണ് അധികാരവും ആയുധബലവും എന്ന് തെറ്റായി ധരിക്കുന്ന അവിവേകികളുടെ കൂട്ടമായി ആ പാര്‍ടി മാറിയതിന്റെ ദൃഷ്ടാന്തമാണ് തളിപ്പറമ്പിലും കണ്ണൂര്‍ ജില്ലയുടെ ഇതര ഭാഗങ്ങളിലും കാണുന്നത്. കാസര്‍കോട്ട് കലാപമുണ്ടാക്കിയ ലീഗുകാരെ രക്ഷിക്കാന്‍ അന്വേഷണകമീഷനെത്തന്നെ ഇല്ലാതാക്കിയ ഭരണത്തിന്റെ അഹന്ത ലീഗണികളുടെ സമനില തെറ്റിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ സമുന്നത നേതാക്കളെയും ജനപ്രതിനിധികളെയും റോഡിലിട്ട് കൊലപ്പെടുത്താന്‍ തിങ്കളാഴ്ച ലീഗ് സംഘം ആര്‍ത്തട്ടഹസിച്ച് പാഞ്ഞടുത്തത് അത്യന്തം അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ലീഗില്‍ കനത്തരീതിയില്‍ തീവ്രവാദചിന്തയുള്ള ക്രിമിനല്‍ മനോഭാവക്കാരുടെ തള്ളിക്കയറ്റമുണ്ടായിരിക്കുന്നു. ലീഗ് പ്രവര്‍ത്തകരെയും തീവ്രവാദികളെയും എളുപ്പം തിരിച്ചറിയാനാവാത്ത നില രൂപപ്പെട്ടിരിക്കുന്നു. രാജ്യദ്രോഹത്തിന്റെ ഗണത്തില്‍വരുന്ന തീവ്രവാദം കൈമുതലാക്കിയവരെ സംരക്ഷിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകുന്നു.

തളിപ്പറമ്പില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവരടക്കമുള്ളവരെ വധിക്കാന്‍ ശ്രമിക്കുകയും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ക്കുകയുംചെയ്ത സംഭവമുണ്ടായപ്പോള്‍ അതിനെ അപലപിക്കാനോ അണികളെ അടക്കി നിര്‍ത്താനോ അല്ല മുസ്ലിം ലീഗ് നേതൃത്വം മുതിര്‍ന്നത്. മറിച്ച് ഒരു കള്ളക്കഥയുണ്ടാക്കി ആക്രമണത്തിന് ന്യായീകരണം നിരത്താന്‍ ലീഗ് ജനറല്‍സെക്രട്ടറിതന്നെ രംഗത്തിറങ്ങി. "സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ കാര്‍തട്ടി കെ പി അന്‍സാര്‍ എന്ന യൂത്ത്ലീഗ് പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു. നിര്‍ത്താതെപോയ കാര്‍ ക്ഷുഭിതരായ ജനക്കൂട്ടം തടയുകയും പിടിച്ചുവയ്ക്കുകയുംചെയ്തിരുന്നു" എന്നാണ് ലീഗ് ജനറല്‍സെക്രട്ടറിയുടെ കഥ. അങ്ങനെയൊരു സംഭവം അവിടെ ആരും അറിഞ്ഞതല്ല. "ജയരാജന്റെ കാറ് തട്ടി യൂത്ത്ലീഗ് പ്രവര്‍ത്തകന് പരിക്കേറ്റ വിവരം ദൃശ്യമാധ്യമങ്ങള്‍ ഒളിപ്പിച്ചുവച്ചതും നീതികേടായിപ്പോയി" എന്നുകൂടി ലീഗ് നേതാവ് പറയുമ്പോള്‍ ചിത്രം വ്യക്തമാണ്. ഇങ്ങനെയൊരു സാങ്കല്‍പ്പിക കഥയുണ്ടാക്കിയാല്‍ ന്യായീകരിക്കപ്പെടുന്നതാണോ സിപിഐ എം നേതാക്കള്‍ക്കുനേരെയുണ്ടായ വധശ്രമം എന്ന് വിശേഷബുദ്ധിയുള്ള ലീഗുകാര്‍ ചിന്തിക്കാതിരിക്കില്ല.

ആര്‍എസ്എസിന്റെ കൊലക്കത്തിയില്‍നിന്ന് ജീവന്‍ കഷ്ടിച്ച് ബാക്കിയായ രാഷ്ട്രീയ നേതാവാണ് പി ജയരാജന്‍ . ആ ജയരാജനെ കൊല്ലാന്‍ ലീഗിന്റെ തണലിലുള്ള തീവ്രവാദികള്‍ രംഗത്തിറങ്ങി എന്നുവരുമ്പോള്‍ സിപിഐ എം വര്‍ഗീയതയ്ക്കെതിരെ എടുക്കുന്ന സന്ധിയില്ലാത്ത നിലപാടുതന്നെയാണ് വെട്ടിത്തിളങ്ങുന്നത്. ജീവന്‍ ത്യജിച്ചും ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന പാര്‍ടിയുടെ ആഹ്വാനം നെഞ്ചേറ്റി കലാപത്തീയണയ്ക്കാന്‍ ചെങ്കൊടിയേന്തി കര്‍മപഥത്തിലിറങ്ങിയവരാണ് കണ്ണൂര്‍ജില്ലയിലെ കമ്യൂണിസ്റ്റുകാര്‍ . ആ പ്രസ്ഥാനത്തെയും അതിന്റെ നായകരെയും തീവ്രവാദം തലയ്ക്കുകയറിയ ഏതാനും അക്രമികളെ രംഗത്തിറക്കി തകര്‍ക്കാമെന്ന് ലീഗ്നേതൃത്വം കരുതുന്നുവെങ്കില്‍ ആ ദുര്‍ബലമായ ദുര്‍ബുദ്ധിയെ ഓര്‍ത്ത് സഹതപിക്കുകയേ തരമുള്ളൂ. തീവ്രവാദസ്വഭാവമുള്ള അമ്പതോളം പേരടങ്ങുന്ന സംഘമാണ് പട്ടുവം അരിയില്‍ ആക്രമണം നടത്തിയത്. അതില്‍ ലീഗ്നേതാക്കളുണ്ടായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തതുകൊണ്ടുമാത്രമാണ് ഏറ്റവും ഭയാനകമായ കാര്യങ്ങള്‍ സംഭവിക്കാതിരുന്നത്.

ലീഗിന്റെ ഈ ആക്രമണശൈലി പരിശീലനം സിദ്ധിച്ച തീവ്രവാദികളുടേതില്‍നിന്ന് വ്യത്യസ്തമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മുഖംമൂടിയണിഞ്ഞ് ആക്രമണമുണ്ടായി. ചെത്തുതൊഴിലാളിയെ ആക്രമിച്ചു കാലുകള്‍ വെട്ടിമാറ്റാന്‍ ശ്രമിച്ചു. പ്രതിഷേധ പ്രകടനത്തിനുനേരെയും അക്രമമുണ്ടായി. വായനശാലാ കെട്ടിടം തകര്‍ത്തു. രണ്ടുബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് സിപിഐ എം മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജനെ (42) പത്രവിതരണത്തിനിടെ വടിവാള്‍കൊണ്ട് വെട്ടിവീഴ്ത്തിയത്. രാജന്റെ ഇരുകാലും അറ്റനിലയിലാണ്. സിപിഐ എം പ്രവര്‍ത്തകന്റെ വീടും കടയും ആക്രമിച്ചു. തുടര്‍ച്ചയായി അക്രമം നടക്കുകയും പൊലീസ് നിസ്സംഗരായി കണ്ടുനില്‍ക്കുകയും ചെയ്തപ്പോഴാണ്, സ്ഥിതി നേരിട്ടു മനസിലാക്കാന്‍ നേതാക്കള്‍ ചെന്നത്. അവരെയും ആക്രമിച്ചു.

ലീഗില്‍ തീവ്രവാദികളുടെയും അധികാരഗര്‍വിന്റെയും നിലതെറ്റിയ ആഘോഷമാണെങ്കില്‍ അതിന് കാവല്‍നില്‍ക്കുക എന്ന നാണംകെട്ട ദൗത്യമാണ് കേരള പൊലീസ് ഏറ്റെടുത്തിരിക്കുന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കൈയിലാണെങ്കിലും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കേന്ദ്രങ്ങളില്‍ പൊലീസിനെ പ്രാദേശികമായി ലീഗ് നിയന്ത്രിക്കുന്നു. അതിന്റെ ഫലമായി സംരക്ഷിക്കപ്പെടുന്നതും പരിപോഷിപ്പിക്കപ്പെടുന്നതും തീവ്രവാദശക്തികളാണ്. ലീഗ് നേതൃത്വം ചെല്ലും ചെലവും കൊടുത്ത് തീവ്രവാദ ശക്തികളെ വളര്‍ത്തുകയാണ് എന്ന് ആരോപണമുയര്‍ന്നത് ആ പാര്‍ടിയുടെ ഉന്നതങ്ങളില്‍നിന്നുതന്നെയാണെന്നതും ആരും മറന്നിട്ടില്ല. ഈ തീക്കളി അവസാനിപ്പിച്ചേ തീരൂ. ഭരണത്തിന്റെ അഹങ്കാരവുമായി മുക്രയിടുന്ന ലീഗിന് കേരളത്തിലെ മതനിരപേക്ഷ-ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മൂക്കുകയറിടേണ്ടതുണ്ട്. ലീഗിന്റെ ചെലവില്‍ ഭരണത്തിലിരിക്കുന്നു എന്ന ഗതികേടുകൊണ്ട് കോണ്‍ഗ്രസ് മൗനത്തിലാണ്. ഒരുഭാഗത്ത് ഭരണത്തിന്റെ മറവില്‍ പ്രകൃതിവിഭവങ്ങള്‍ പോലും കൊള്ളയടിക്കുകയും അഴിമതിയുടെ പരമ്പരകള്‍ സൃഷ്ടിക്കുകയുംചെയ്യുന്നവര്‍ തീവ്രവാദ അക്രമത്തിന്റെ വാളുകൂടി ചുഴറ്റുമ്പോള്‍ മൗനംപാലിക്കുന്നതും കുറ്റകരംതന്നെ. കാസര്‍കോട്ടെയും നാദാപുരത്തെയും അഴിഞ്ഞാട്ടമാണ് ലീഗ് തളിപ്പറമ്പിലേക്ക് വ്യാപിപ്പിച്ചത്. ഇത് ഇനിയും തടയപ്പെട്ടില്ലെങ്കില്‍ അക്രമത്തിന്റെ വ്യാപ്തി ലീഗ് ഉള്ളിടത്തെല്ലാം പരക്കും. അതിനുമുമ്പ് ചങ്ങലയ്ക്കിട്ടേ തീരൂ.

deshabhimani editorial 220212

2 comments:

  1. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സകലപരിധിയും വിടുകയാണ്. കണ്‍മുന്നിലുള്ള എന്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ഉപാധിയാണ് അധികാരവും ആയുധബലവും എന്ന് തെറ്റായി ധരിക്കുന്ന അവിവേകികളുടെ കൂട്ടമായി ആ പാര്‍ടി മാറിയതിന്റെ ദൃഷ്ടാന്തമാണ് തളിപ്പറമ്പിലും കണ്ണൂര്‍ ജില്ലയുടെ ഇതര ഭാഗങ്ങളിലും കാണുന്നത്. കാസര്‍കോട്ട് കലാപമുണ്ടാക്കിയ ലീഗുകാരെ രക്ഷിക്കാന്‍ അന്വേഷണകമീഷനെത്തന്നെ ഇല്ലാതാക്കിയ ഭരണത്തിന്റെ അഹന്ത ലീഗണികളുടെ സമനില തെറ്റിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ സമുന്നത നേതാക്കളെയും ജനപ്രതിനിധികളെയും റോഡിലിട്ട് കൊലപ്പെടുത്താന്‍ തിങ്കളാഴ്ച ലീഗ് സംഘം ആര്‍ത്തട്ടഹസിച്ച് പാഞ്ഞടുത്തത് അത്യന്തം അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ലീഗില്‍ കനത്തരീതിയില്‍ തീവ്രവാദചിന്തയുള്ള ക്രിമിനല്‍ മനോഭാവക്കാരുടെ തള്ളിക്കയറ്റമുണ്ടായിരിക്കുന്നു. ലീഗ് പ്രവര്‍ത്തകരെയും തീവ്രവാദികളെയും എളുപ്പം തിരിച്ചറിയാനാവാത്ത നില രൂപപ്പെട്ടിരിക്കുന്നു. രാജ്യദ്രോഹത്തിന്റെ ഗണത്തില്‍വരുന്ന തീവ്രവാദം കൈമുതലാക്കിയവരെ സംരക്ഷിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകുന്നു.

    ReplyDelete
  2. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പട്ടുവം അരിയില്‍ സന്ദര്‍ശിക്കുമ്പോള്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന് അറിയാതെ പോയത് പൊലീസ് ഇന്റലിജന്‍സിന്റെ കഴിവുകേടാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. എന്നാല്‍ പൊലീസിന് വീഴ്ചവന്നിട്ടില്ലെന്നും ഡിജിപി പറഞ്ഞു. അരിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസില്‍നിന്ന് നീതി ലഭിച്ചിട്ടില്ലെന്ന് പരാതി ഉണ്ടെങ്കില്‍ പരിശോധിക്കും. ജനങ്ങളുടെ ഭീതി അകറ്റുകയാണ് പ്രധാനം. പി ജയരാജനെ ആക്രമിച്ചതിലും ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലും ഉള്‍പെട്ട പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഉടന്‍ അറസ്റ്റ് ഉണ്ടാകും. സമാധാന ശ്രമങ്ങള്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ സേനയെ നിയോഗിക്കും. കണ്ണൂരിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെത്തിയ ഡിജിപി കണ്ണപുരം, തളിപ്പറമ്പ് അരിയില്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

    ReplyDelete