യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തേര്‍വാഴ്ച നടത്തിയ പെരിഞ്ചാംകുട്ടി ആദിവാസി മേഖലയില്‍ സിപിഐ എം നേതാക്കളുടെ സന്ദര്‍ശനം അവര്‍ക്ക് സാന്ത്വനമായി. തലചായ്ക്കാനിടമില്ലാതെ നിരാലംബരായ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും വാവിട്ടു കരഞ്ഞുകൊണ്ടാണ് നേതാക്കളുടെ അടുത്തേക്ക് ഓടിയെത്തിയത്. പഠനം മുടങ്ങിപ്പോയ സ്കൂള്‍കുട്ടികളും പണിയായുധങ്ങള്‍ നഷ്ടപ്പെട്ട തൊഴിലാളികളും ഊരുമൂപ്പന്‍മാരും വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. സംസ്ഥാനതലത്തിലുള്ള നേതാക്കള്‍ ആദ്യമായാണ് ഇവിടെയെത്തുന്നതെന്നും വലിയ പ്രതീക്ഷകളാണ് തങ്ങള്‍ക്ക് നേതാക്കളിലുള്ളതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ പത്തിന് 600 ല്‍പരം വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് ഇവരെ തെരുവിലേക്കും ചിലരെ ജയിലിലേക്കും വലിച്ചെറിഞ്ഞത്.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ , ജില്ലാ സെക്രട്ടറി എം എം മണി, ജില്ലാസെക്രട്ടറിയറ്റംഗം സി വി വര്‍ഗീസ്, കര്‍ഷകസംഘം ജില്ലാസെക്രട്ടറി എന്‍ വി ബേബി എന്നിവരടക്കമുള്ള സംഘമാണ് ആദിവാസി കുടിയേറ്റ മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. പെരിഞ്ചാംകുട്ടി ജങ്ഷനു സമീപത്തുനിന്ന് സന്ദര്‍ശനം ആരംഭിച്ച നേതാക്കള്‍ , കുടിയിറക്കിയ മേഖല സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ തകര്‍ത്തെറിഞ്ഞ കുടിലുകളും കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ട സിഎസ്ഐ ദേവാലയവും സന്ദര്‍ശിച്ചു.
ഒഴിപ്പിക്കലിന് തലേന്ന് രാത്രി വീടുകളിലെത്തിയ ചില പൊലീസുകാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായി സ്ത്രീകള്‍ പറഞ്ഞു. തങ്ങളുടെ 37,000 രൂപയും 1.75 പവന്റെ സര്‍ണവും ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതായി രണ്ടു പെണ്‍കുട്ടികളുമായി കഴിയുന്ന മാന്തുരുത്തില്‍ മേരി നേതാക്കളോടു പറഞ്ഞു. മകളുടെ വിവാഹത്തിനായി കൂലിപ്പണിയെടുത്ത് സ്വരൂപിച്ചതായിരുന്നു പണം. പാഠപുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചതായി ദിവ്യ, എയ്ഞ്ചല്‍ , എബല്‍ , ജിനീഷ് എന്നീ കുട്ടികള്‍ നേതാക്കളോട് വിശദീകരിച്ചു.
ഒരു നോട്ടീസും നല്‍കാതെയാണ് ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിച്ചത്. 62 പേര്‍ ഇപ്പോഴും ജയിലിലാണ്. 42 പുരുഷന്‍മാര്‍ ദേവികുളം സബ്ജയിലിലും 20 സ്ത്രീകള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുമാണ്. ജയിലില്‍പോയ സമയത്ത് ഇവരുടെ വീടുകളിലുണ്ടായിരുന്നതെല്ലാം കൊള്ളയടിക്കപ്പെട്ടു. വളര്‍ത്തുമൃഗങ്ങള്‍ എല്ലാം മോഷ്ടിക്കപ്പെട്ടു. തിരികെ വന്നവര്‍ക്കും ഭൂമിയില്‍ പ്രവേശിക്കാനാകുന്നില്ല. ചിലര്‍ കടത്തിണ്ണകളിലാണ് ഉറങ്ങുന്നത്. ആദിവാസി സഹോദരങ്ങളുടെ ദുരിതം നേരില്‍ കണ്ടുമനസിലാക്കിയ നേതാക്കള്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുനല്‍കി. ഭൂമി ലഭിക്കുന്നതിനാവശ്യമായ എല്ലാ പ്രക്ഷോഭങ്ങളിലും പെരിഞ്ചാന്‍കുട്ടിയിലെ ആദിവാസി ജനതയോടൊപ്പം തങ്ങളുണ്ടാകുമെന്ന ഉറപ്പുനല്‍കിയാണ് നേതാക്കള്‍ മടങ്ങിയത്.
നേരിടുന്ന ദുരിതത്തിന്റെ തീവ്രത വിവരിച്ച് ആദിവാസികള്‍
പെരിഞ്ചാംകുട്ടി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പൊലീസും വനപാലകരും ആട്ടിയോടിച്ച ആദിവാസി ജനത സിപിഐ എം നേതാക്കളുടെ മുമ്പില്‍ വിവരിച്ചത് ദയനീയാവസ്ഥ. ഇനിയെന്തുചെയ്യുമെന്ന ചോദ്യംമാത്രം മനസില്‍ സൂക്ഷിച്ച് നീറിനീറി ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന മണ്ണിന്റെ നേരവകാശികള്‍ക്ക് കോടിയേരി ബാലകൃഷ്ണനും വൈക്കം വിശ്വനും ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നുനല്‍കി. കുടിയിറക്കപ്പെട്ട 210 ആദിവാസി കുടുംബങ്ങളില്‍ 62 പേര്‍ ഇപ്പോഴും ജയിലിലാണ്. 42 പുരുഷന്‍മാര്‍ ദേവികുളം സബ്ജയിലിലും 20 സ്ത്രീകള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും. ബാക്കിയുള്ളവരെല്ലാം പെരിഞ്ചാംകുട്ടി കവലയില്‍ നേതാക്കളുടെ സന്ദര്‍ശനം കാത്തുനില്‍ക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി ഇവിടെ താമസിച്ചും കൃഷിചെയ്തുംവന്ന 210 കുടുംബങ്ങളെ തങ്ങളുടെ വസ്ത്രപോലും എടുക്കാന്‍ സമയം നല്‍കാതെ അറസ്റ്റുചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു. 25 ലധികം കുട്ടികള്‍ക്ക് പഠനം നഷ്ടപ്പെട്ടു. പാഠപുസ്തകങ്ങളും യൂണിഫോമും തീയിട്ടുനശിപ്പിച്ചു. ഒരുവയസുള്ള കുഞ്ഞിനെപ്പോലും ജയിലിലടച്ചു. കുടിയിറക്കപ്പെട്ടവര്‍ തങ്ങളുടെ നിസഹായവസ്ഥയും ദയനീയതയും നേതാക്കളുടെ മുന്നില്‍ നിരത്തി. മറ്റൊരു മുത്തങ്ങയുടെ തനിയാവര്‍ത്തനമാണിവിടെ അരങ്ങേറിയതെന്നുംആദിവാസിനിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് തങ്ങളെ ബലപ്രയോഗം നടത്തി അറസ്റ്റുചെയ്തതെന്നും അവര്‍ പറഞ്ഞു.
തിങ്കളാഴ്ച പകല്‍ മൂന്നോടെയാണ് പ്രതിപക്ഷ ഉപനേതാവും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ജില്ലാ സെക്രട്ടറി എം എം മണി, സി വി വര്‍ഗീസ്, എന്‍ വി ബേബി എന്നിവരോടൊപ്പം പെരിഞ്ചാംകുട്ടി സന്ദര്‍ശിക്കാന്‍ എത്തിയത്. പെരിഞ്ചാംകുട്ടി പ്രവേശന കവാടത്തില്‍ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ നേതാക്കളെ സ്വീകരിച്ചു. ഉദ്യോഗസ്ഥര്‍ നശിപ്പിച്ച കുടിലുകളും ആരാധനാലയങ്ങളും കൃഷിയിടങ്ങളും നേതാക്കള്‍ നടന്നുകണ്ടു. തിരികെയെത്തിയ നേതാക്കള്‍ കുടിയിറക്കപ്പെട്ടവരുടെ പരാതികള്‍ കേട്ടു.
സന്ദര്‍ശനശേഷം പെരിഞ്ചാംകുട്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, സെക്രട്ടറിയറ്റംഗം സി വി വര്‍ഗീസ്, രാജാക്കാട് ഏരിയ സെക്രട്ടറി വി എ കുഞ്ഞുമോന്‍ , ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ എസ് രാജന്‍ , കെ എ ശശി, കെ വി ഏലിയാസ്, പി രാമന്‍ , ജോസ് വട്ടോളി എന്നിവര്‍ പങ്കെടുത്തു. സമരസമിതി സെക്രട്ടറി വി കെ സലിം സ്വാഗതവും കണ്‍വീനര്‍ വി എ കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു. ആദിവാസി ക്ഷേമസമിതി തയ്യാറാക്കിയ നിവേദനവും നേതാക്കള്‍ക്ക് കൈമാറി.
ഉദ്യോഗസ്ഥരുടെ പിഴവ് യഥാര്‍ഥ പട്ടയമുള്ളവര്‍ക്ക് നിജസ്ഥിതി രേഖ ലഭിക്കുന്നില്ല
നെടുങ്കണ്ടം: സ്വന്തം ഭൂമിക്ക് പട്ടയമുണ്ടെങ്കിലും റവന്യൂ രേഖകള്‍ ശരിയല്ലാത്തതിനാല്‍ ഉടുമ്പന്‍ചോല താലൂക്കിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് നിജസ്ഥിതി സര്‍ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഭൂമിയുടെ നിജസ്ഥിതി സര്‍ടിഫിക്കറ്റ് ഇല്ലാതെ ബാങ്കുകള്‍ വായ്പ നല്‍കില്ലെന്ന സ്ഥിതി നിലവിലുള്ളതിനാല്‍ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഭവനനിര്‍മാണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കുന്നതിനായി കര്‍ഷകര്‍ വില്ലേജ്, താലൂക്ക് ഓഫീസുകളും സര്‍വെ സൂപ്രണ്ട് ഓഫീസുകളും കയറിയിറങ്ങി നന്നേ വിഷമിക്കുകയാണ്. പാവപ്പെട്ടവര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിരാശരാകുമ്പോള്‍ പണവും സ്വാധീനവുമുള്ളവര്‍ കുറുക്കുവഴികളിലൂടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സര്‍ടിഫിക്കറ്റുകള്‍ നേടുകയും യഥാസമയം ബാങ്ക് വായ്പ നേടുകയും ചെയ്യുന്നു.
പാമ്പാടുംപാറ പത്തിനിപ്പാറ ആശാരിപ്പറമ്പില്‍ രാജു, തന്റെ ആകെയുള്ള 30 സെന്റ് വസ്തുവിന്റെ പട്ടയവുമായി നിജസ്ഥിതി സര്‍ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു.മകളുടെ വിവാഹ ആവശ്യത്തിന് ജില്ലാ സഹകരണബാങ്കില്‍നിന്നും വായ്പയെടുക്കുന്നതിനാണ് ഈ ദരിദ്ര കര്‍ഷകന്‍ നിജസ്ഥിതി സര്‍ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. പാമ്പാടുംപാറ വില്ലേജില്‍ സര്‍വെ 25/1ല്‍ 30 സെന്റ് വസ്തുവിന്റെ പട്ടയം കൈവശമുണ്ടെങ്കിലും താലൂക്ക് ഓഫീസിലെ രേഖകളില്‍ 28 സെന്റ് സ്ഥലംമാത്രമെ ഉള്ളുവെന്ന് പലതവണ താലൂക്ക് ഓഫീസ് കയറിയിറങ്ങി കഴിഞ്ഞപ്പോഴാണ് അറിയുന്നത്.സര്‍വെ രേഖകള്‍കൂടി പരിശോധിച്ചെങ്കിലേ ഇത് ശരിയാക്കാന്‍ കഴിയുകയുള്ളു എന്നാണ് ബന്ധപ്പെട്ട സെക്ഷന്‍ ക്ലര്‍ക്കിന്റെ ഭാഷ്യം. ഇതിന് താലൂക്ക് സര്‍വെയര്‍ വരണമത്രെ. സര്‍വെയറാകട്ടെ പതിവായി അവധിയിലുമാണ്. യഥാസമയം നിജസ്ഥിതി സര്‍ടിഫിക്കറ്റ് ബാങ്കില്‍ കൊടുക്കാന്‍ കഴിയാതെ വന്നതിനാല്‍ വായ്പ ലഭിക്കാതെ മകളുടെ വിവാഹം മുടങ്ങിയതായി രാജു പറയുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും താലൂക്ക് ഓഫീസ് കയറിയിറങ്ങുന്ന ആയിരക്കണക്കിന് ഹതഭാഗ്യരായ കര്‍ഷകരില്‍ ഒരാള്‍ മാത്രമാണ് രാജു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ കുടിയേറിയവരാണ് കൃഷിക്കാരില്‍ ഏറെപ്പേരും. വീറുറ്റ കര്‍ഷക സമരങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി നല്‍കിയ പട്ടയങ്ങളുടെ ഓഫീസ് രേഖകളാണ് ഇപ്പോള്‍ ശരിയല്ലെന്ന് പറയുന്നത്. സര്‍ക്കാര്‍ തന്നെ ഗ്രോ മോര്‍ ഫുഡ് പദ്ധതിയിലും കേരള കോളനൈസേഷന്‍ സ്കീമിലും ഉള്‍പ്പെടുത്തി നല്‍കിയ കല്ലാര്‍ പട്ടംകോളനി ഉള്‍പ്പെടെയുള്ള ഭൂമിയുടെപോലും രേഖകള്‍ ശരിയല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൃഷിനാശവും വിലയിടിവും കടബാധ്യതകളുംമൂലം ജീവിതം ക്ലേശപൂര്‍ണമാകുമ്പോള്‍ കൃഷിക്കാരന്റെ ഏറ്റവും അവസാനത്തെ പിടിവള്ളിയാണ് ഭൂമിയുടെ പട്ടയം. ഇത് പണയപ്പെടുത്തി വായ്പയെടുത്തെങ്കിലും തല്‍കാലം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന മലയോര കൃഷിക്കാരെയാണ് ഉദ്യോഗസ്ഥര്‍ വലയ്ക്കുന്നത്. ഫയലുകളുടെ കുറവുകളും മറ്റ് നൂലാമാലകളും നിരത്തി കൃഷിക്കാരെ വിഷമവൃത്തത്തിലാക്കുന്നതിനുപകരം സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പട്ടയങ്ങള്‍ സാധൂകരിക്കപ്പെടുകയാണ് വേണ്ടത്.
deshabhimani news
യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തേര്‍വാഴ്ച നടത്തിയ പെരിഞ്ചാംകുട്ടി ആദിവാസി മേഖലയില്‍ സിപിഐ എം നേതാക്കളുടെ സന്ദര്‍ശനം അവര്‍ക്ക് സാന്ത്വനമായി. തലചായ്ക്കാനിടമില്ലാതെ നിരാലംബരായ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും വാവിട്ടു കരഞ്ഞുകൊണ്ടാണ് നേതാക്കളുടെ അടുത്തേക്ക് ഓടിയെത്തിയത്. പഠനം മുടങ്ങിപ്പോയ സ്കൂള്‍കുട്ടികളും പണിയായുധങ്ങള്‍ നഷ്ടപ്പെട്ട തൊഴിലാളികളും ഊരുമൂപ്പന്‍മാരും വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. സംസ്ഥാനതലത്തിലുള്ള നേതാക്കള്‍ ആദ്യമായാണ് ഇവിടെയെത്തുന്നതെന്നും വലിയ പ്രതീക്ഷകളാണ് തങ്ങള്‍ക്ക് നേതാക്കളിലുള്ളതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ പത്തിന് 600 ല്‍പരം വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് ഇവരെ തെരുവിലേക്കും ചിലരെ ജയിലിലേക്കും വലിച്ചെറിഞ്ഞത്.
ReplyDelete