ഇപ്പോള്‍ത്തന്നെ അപ്രഖ്യാപിത ലോഡ് ഷെഡിങ് ആരംഭിച്ചിട്ടുണ്ട്. വേനലിനുമുന്നേതന്നെ ഇടുക്കിയില്‍ അമിതോല്‍പ്പാദനം നടത്തിയതാണ് വിനയായത്. ഇടുക്കിയില്‍നിന്ന് 13 ദശലക്ഷം യൂണിറ്റുവരെ ഉല്‍പ്പാദിപ്പിച്ചാണ് കേരളം ഇപ്പോള്‍ ഇരുട്ടകറ്റുന്നത്. സംഭരണശേഷിയുടെ 32 ശതമാനം വെള്ളം മാത്രമാണ് ഇടുക്കിസംഭരണിയിലുള്ളത്. ആവശ്യകതയുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ത്തും അപര്യാപ്തമാണിത്. ചെറുകിട പദ്ധതികളില്‍നിന്ന് പരമാവധി ഉല്‍പ്പാദനം നടത്തിയും പുറമെനിന്ന് വൈദ്യുതി വാങ്ങിയും മഴക്കാലത്ത് വൈദ്യുതി ആവശ്യകത നിറവേറ്റുകയായിരുന്നു പതിവ്. മഴക്കാലത്ത് കുറഞ്ഞവിലയ്ക്ക് പുറമെനിന്ന് വൈദ്യുതി ലഭിക്കും. എന്നാല്‍ , അതിനു തയ്യാറാകാതെ ഇടുക്കിയില്‍ അമിത ഉല്‍പ്പാദനം നടത്തി. അതാണ് ഇപ്പോള്‍ പ്രതിസന്ധിക്ക് കാരണമായത്.
പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കായംകുളം താപനിലയത്തില്‍ ഉല്‍പ്പാദനം പുനരാരംഭിക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം. ഇത് വൈദ്യുതിബോര്‍ഡിനെ സാമ്പത്തികമായി തകര്‍ക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ നിരക്കനുസരിച്ച് താപവൈദ്യുതി ഉല്‍പ്പാദനത്തിന് യൂണിറ്റിന് 10.60 രൂപയാണ് ചെലവ്. പൂര്‍ണതോതില്‍ നിലയം പ്രവര്‍ത്തിപ്പിച്ചാല്‍ ഏഴര ദശലക്ഷം യൂണിറ്റ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കാം. ഇതിലൂടെ ബോര്‍ഡിന് പ്രതിമാസം നഷ്ടമാകുന്നത് 250 കോടിയോളം രൂപയാണ്. കഴിഞ്ഞമാസം വൈദ്യുതി വാങ്ങാന്‍ 460 കോടി ചെലവിട്ട ബോര്‍ഡിന് കായംകുളത്തെ ഉല്‍പ്പാദനം പുനരാരംഭിക്കുന്നതോടെ ചെലവ് 700 കോടിയിലെത്തും. ശമ്പളം അടക്കമുള്ള ചെലവുകള്‍ ഇതിനു പുറമെയാണ്. വൈദ്യുതിനിരക്ക് ഇനത്തില്‍ പ്രതിമാസം 550 കോടി മാത്രമാണ് പിരിഞ്ഞുകിട്ടുന്നത്. ഈ സാഹചര്യത്തില്‍ ബോര്‍ഡ് കടക്കെണിയിലേക്ക് നീങ്ങുമെന്ന് വ്യക്തം.
ഉപയോഗം പ്രതിദിനം 58 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുന്നു. ഒമ്പതുമുതല്‍ 10 വരെ ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇപ്പോള്‍ പുറമെനിന്ന് വാങ്ങുന്നുണ്ട്. പുറമെ പവര്‍ എക്സ്ചേഞ്ച്, ജിണ്ടാല്‍ അടക്കമുള്ള ഏജന്‍സികളില്‍നിന്ന് വാങ്ങുന്നു. സ്വകാര്യനിലയങ്ങളുടെ വൈദ്യുതി വില്‍പ്പന കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചതും പ്രസരണ ലൈനുകള്‍ ആന്ധ്രപ്രദേശും തമിഴ്നാടും മുന്‍കൂട്ടി ബുക്ക്ചെയ്തതുംമൂലം പുറമെനിന്നുള്ള വൈദ്യുതിയുടെ ലഭ്യത അടുത്തമാസങ്ങളില്‍ കുത്തനെ കുറയും. വേനലില്‍ വൈദ്യുതി ഉപയോഗം വര്‍ധിക്കും. അപ്പോള്‍ ഇരുട്ടില്‍ കഴിയുക എന്നതുമാത്രമാകും പ്രതിവിധി. പരീക്ഷകള്‍ നടക്കുന്ന സമയമായതിനാല്‍ ഈ പ്രതിസന്ധി സംസ്ഥാനത്തെ രൂക്ഷമായി ബാധിക്കും.
ഈ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേട് ഒന്നു മാത്രമാണ്. കേന്ദ്രസര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങള്‍ ചെറുത്ത് വൈദ്യുതിമേഖലയില്‍ വലിയ നേട്ടം കൈവരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിരുന്നു. ആ വികസനമാതൃക തകര്‍ത്താണ് യുഡിഎഫ് സര്‍ക്കാര്‍ വൈദ്യുതിമേഖലയില്‍ രൂക്ഷമായ പ്രതിസന്ധി ക്ഷണിച്ചുവരുത്തിയത്. കേന്ദ്രസമ്മര്‍ദം അതിജീവിച്ച് ബോര്‍ഡിനെ വിഭജിക്കാതെ പൊതുമേഖലയില്‍ ഒറ്റസ്ഥാപനമായി നിലനിര്‍ത്താനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഉല്‍പ്പാദന പ്രസരണ വിതരണമേഖലകളിലും പുരോഗതി കൈവരിച്ചു.
കേന്ദ്രപദ്ധതിയായ ആര്‍ജിജിവിവൈ പ്രകാരം സഹായം ലഭ്യമാകാതിരുന്നിട്ടും പ്രാദേശിക വിഭവസമാഹരണത്തിലൂടെ കഴിഞ്ഞ സര്‍ക്കാര്‍ രൂപംനല്‍കിയ സമ്പൂര്‍ണ വൈദ്യുതീകരണ നടപടിയുടെ ഭാഗമായി പാലക്കാട് രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി. തൃശൂര്‍ , എറണാകുളം, ആലപ്പുഴ ജില്ലകളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. 85 മണ്ഡലം കഴിഞ്ഞ സര്‍ക്കാര്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. 2006ല്‍ ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം 39 ദശലക്ഷം യൂണിറ്റില്‍നിന്ന് 2011ല്‍ 55 ദശലക്ഷം യൂണിറ്റായിട്ടും പവര്‍കട്ടും ലോഡ്ഷെഡിങ്ങുമില്ലാതെ വൈദ്യുതിവിതരണം സാധ്യമാക്കി. ബോര്‍ഡിന്റെ കടം 2005-06ല്‍ 4541 കോടിയായിരുന്നത് 2011 മാര്‍ച്ചോടെ 1066 കോടിയായി കുറഞ്ഞു. നിരക്കില്‍ വര്‍ധന വരുത്താതെയായിരുന്നു ഇത്. ഈ വികസനമാതൃക തകര്‍ത്താണ് കേരളത്തെ വൈദ്യുതിപ്രതിസന്ധിയുടെ തമോഗര്‍ത്തത്തിലേക്ക് തള്ളിയിടുന്നത്.
deshabhimani editorial 210212
കൊടുംചൂടിനൊപ്പം ലോഡ്ഷെഡിങ്ങും വരികയാണ്. മലയാളിയുടെ ഈ വേനല്‍ക്കാലം വൈദ്യുതിക്ഷാമത്തിന്റേതുമായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അത് മറികടക്കാനുള്ള ശ്രമങ്ങളാകട്ടെ സംസ്ഥാനത്തിനുമേല്‍ കടുത്ത അധികഭാരം കയറ്റിവയ്ക്കുന്നതാണ്. വേണ്ടസമയത്ത് വൈദ്യുതി കിട്ടില്ല; കിട്ടുന്ന വൈദ്യുതിക്ക് വലിയ വിലകൊടുക്കേണ്ടിവരികയും ചെയ്യും. യുഡിഎഫ് സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ കേരളത്തെ വെളിച്ചത്തില്‍നിന്ന് ഇരുട്ടിലേക്ക് കൈപിടിച്ച് നടത്തുകയാണ്. സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന് യുഡിഎഫിനെ പരിലാളിക്കുന്ന പത്രത്തിനുപോലും പറയേണ്ടിവന്നിരിക്കുന്നു. സര്‍ക്കാരിന്റെ പിടിപ്പുകേടും ആസൂത്രണത്തിലെ പിഴവും കേരളത്തെ ഇരുട്ടിലേക്ക് കൂടിക്കൊണ്ടുപോകുമെന്ന് മാസങ്ങള്‍ക്കുമുമ്പുതന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഒറ്റത്തവണപോലും ലോഡ് ഷെഡിങ്ങോ പവര്‍കട്ടോ വേണ്ടി വന്നിട്ടില്ല. ഈ അവസ്ഥയില്‍നിന്നാണ് യുഡിഎഫ് അധികാരത്തിലെത്തി ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കൂരിരുട്ടിലേക്ക് നയിക്കുന്നത്.
ReplyDelete