Wednesday, February 22, 2012

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ തീരുമാനമായില്ല

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം മുന്‍വര്‍ഷത്തെ പോലെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. പ്രവേശനത്തിന്റെയും ഫീസിന്റെയും കാര്യത്തില്‍ നിലപാടില്ലാത്ത സര്‍ക്കാര്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിലായിരുന്നു അസോസിയേഷനുമായുള്ള ചര്‍ച്ച. വൈകിട്ട് അഞ്ചിന് ആരംഭിച്ച ചര്‍ച്ച അഞ്ച് മിനിറ്റിനകം അവസാനിച്ചു. 50 ശതമാനം മെറിറ്റ് സീറ്റില്‍ മൂന്നരലക്ഷം രൂപയും മാനേജ്മെന്റ് സീറ്റില്‍ ഏഴരലക്ഷം രൂപയുമാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ , സര്‍ക്കാര്‍ നിലപാടൊന്നും അറിയിച്ചില്ല. ചൊവ്വാഴ്ച എറണാകുളത്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനം അറിയിക്കാമെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മുഴുവന്‍ സീറ്റിലും ഒരേ ഫീസ് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. എല്ലാ സീറ്റിലും നാലരലക്ഷം രൂപ ഫീസ് എന്നാണ് നിലപാട്. 50 ശതമാനം മെറിറ്റ് സീറ്റെന്നത് അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. ഇതുതന്നെയാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷവും സ്വീകരിച്ച നിലപാട്.

2012-13 അധ്യയനവര്‍ഷം മുതല്‍ സ്വാശ്രയപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം അവകാശപ്പെട്ടിരുന്നത്. ഇതിനകം രണ്ട് തവണ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായും മാനേജ്മെന്റ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റുകളെ അനുനയിപ്പിക്കാനായില്ല. കഴിഞ്ഞ വര്‍ഷവും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അവര്‍ക്ക് തോന്നിയപോലെ പ്രവേശനം നടത്തുകയായിരുന്നു. മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനാകട്ടെ, അവസാന നിമിഷമാണ് വഴങ്ങിയത്. കഴിഞ്ഞ ആറ് വര്‍ഷമായി 25,000 മുതല്‍ 1,38,000 രൂപ വരെയാണ് മെറിറ്റ് സീറ്റില്‍ അസോസിയേഷന് കീഴിലുള്ള കോളേജുകള്‍ വാങ്ങുന്ന വാര്‍ഷിക ഫീസ്. മെറിറ്റ് സീറ്റിലെ ഈ ഫീസ് രണ്ടര ഇരട്ടി മുതല്‍ പതിനാലിരട്ടിവരെ വര്‍ധിപ്പിച്ച് മൂന്നരലക്ഷമാക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. മാനേജ്മെന്റ് സീറ്റില്‍ ഫീസ് അഞ്ചരലക്ഷം രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് ഏഴരലക്ഷം ആക്കണമെന്നാണ് അസോസിയേഷന്റെ ഇപ്പോഴത്തെ ആവശ്യം. പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ചൊവ്വാഴ്ച എറണാകുളത്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി നടത്തുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ അവരുമായി വിലപേശലിന് തയ്യാറാകില്ലെന്നാണ് അറിയുന്നത്.

deshabhimani 210212

No comments:

Post a Comment