Thursday, February 16, 2012

ഭരണപാളയത്തിലെ കൂട്ടക്കുഴപ്പം

കെഎസ്യു ഭാരവാഹി തെരഞ്ഞെടുപ്പിനിടെയുണ്ടായ കൂട്ടത്തല്ലും ലാത്തിച്ചാര്‍ജും വലതുപക്ഷത്തിന്റെ യഥാര്‍ഥമുഖപത്രത്തിനുപോലും മറച്ചുവയ്ക്കാനായിട്ടില്ല. "കെഎസ്യു തെരഞ്ഞെടുപ്പ്: കോഴിക്കോട്ട് ഗ്രൂപ്പ്തിരിഞ്ഞ് തമ്മിലടി" എന്നാണ് ആ പത്രം ഒന്നാംപേജില്‍ പ്രസിസിദ്ധീകരിക്കേണ്ടിവന്ന സചിത്രവാര്‍ത്ത. ഇത് ഒറ്റപ്പെട്ടതല്ല. കോണ്‍ഗ്രസിന്റെ പോഷകസംഘടനകളിലോരോന്നിലും തീവ്രമായ കുഴപ്പം നടക്കുന്നു. കോണ്‍ഗ്രസിലാകട്ടെ, അടിതൊട്ട് മുടിവരെ പ്രശ്നങ്ങളാണ്. ഡിസിസി പ്രസിഡന്റിനെ ഓഫീസിന് പുറത്തുനിര്‍ത്തുന്നതും വളഞ്ഞിട്ട് മുദ്രാവാക്യം മുഴക്കുന്നതും പാര്‍ടി ഓഫീസുകള്‍ ഗ്രൂപ്പ് യുദ്ധവേദികളാകുന്നതും അത്തരം സംഘര്‍ഷത്തില്‍ പൊലീസിന് ഇടപെടേണ്ടിവരുന്നതും പതിവായി മാറി.
യുഡിഎഫിനകത്തെ ഇതര കക്ഷികളും വ്യത്യസ്തമല്ല. മുസ്ലിംലീഗ് നേതൃത്വം രണ്ടുപക്ഷമായി പിളര്‍ന്ന് പോരടിക്കുന്നു. ജില്ലാ തെരഞ്ഞെടുപ്പുകള്‍ നടത്താനാകാതെവരുന്നു. കേരള കോണ്‍ഗ്രസില്‍ ഒരു നേതാവിനെ തകര്‍ക്കാന്‍ മറ്റൊരു നേതാവ് വ്യാജക്കേസുണ്ടാക്കിയ സംഭവം വരെയുണ്ടായി. അച്ഛനും മകനും മാത്രം നേതാക്കളായുള്ള പാര്‍ടിയിലുള്ള പോരാകട്ടെ എല്ലാ പരിധിയും ലംഘിക്കുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ടിയെന്ന് വീമ്പുപറയുന്ന കോണ്‍ഗ്രസിന് രണ്ട് പതിറ്റാണ്ടിനിപ്പുറം ഭാരവാഹികളെ ജനാധിപത്യപരമായി തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കെപിസിസി പ്രസിഡന്റ് മുതല്‍ മണ്ഡലം പ്രസിഡന്റ് വരെ നോമിനേഷനിലൂടെ നിയമിക്കപ്പെടുന്നു. ഗ്രൂപ്പിന്റെ സ്വാധീനശേഷിയാണ് എല്ലാറ്റിനും മാനദണ്ഡം. പരസ്പരം ചെളിവാരിയെറിയല്‍മുതല്‍ മുണ്ടുരിയല്‍വരെ നടത്തി "കരുത്ത്" തെളിയിച്ചവരാണ് എല്ലാ ഗ്രൂപ്പിലെയും പ്രമുഖനേതാക്കള്‍ . കെഎസ്യു ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ, വിശാല ഐ വിഭാഗക്കാര്‍ നടത്തിയ തെരുവുയുദ്ധം ഇതിന്റെ തുടര്‍ച്ചയാണ്. അവര്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. പരസ്പരം കല്ലെറിഞ്ഞു. മാധ്യമപ്രവര്‍ത്തകരെയും വെറുതെവിട്ടില്ല. തുടക്കം ഇങ്ങനെയെങ്കില്‍ വരുംനാളുകളില്‍ കേരളത്തിന്റെ ഏറ്റവും വലിയ ക്രമസമാധാനപ്രശ്നം മുഖ്യ ഭരണകക്ഷിയുടെയും പോഷകസംഘടനകളുടെയും നേതൃത്വം പിടിച്ചെടുക്കാനുള്ള ഗ്രൂപ്പ് യുദ്ധമാകും എന്നതില്‍ തര്‍ക്കമില്ല. മൂന്ന് വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസില്‍ വാര്‍ഡ് തല മത്സരം വന്നപ്പോള്‍ത്തന്നെ ഒരു പ്രവര്‍ത്തകനെ എതിര്‍പക്ഷക്കാര്‍ ചവിട്ടിക്കൊന്നു. ഇതോടെ തെരഞ്ഞെടുപ്പ് നീട്ടിവച്ചു. ഇനിയെന്ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ആര്‍ക്കുമറിയില്ല.

കോണ്‍ഗ്രസില്‍ അരങ്ങേറുന്ന ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ് കണ്ണൂരിലെ ഫ്ളക്സ് യുദ്ധം. എംപിയായ കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ സ്ഥാപിച്ച ബോര്‍ഡ് എസ് പി അനൂപ് കുരുവിള ജോണ്‍ ഇടപെട്ട് നീക്കി. ഉത്തരവാദികളായ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഇതോടെയാണ് യുദ്ധം തുടങ്ങിയത്. ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യവിമര്‍ശവുമായി സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ രക്ഷയ്ക്കായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും അണിനിരന്നതോടെ യുദ്ധം കൊടുമ്പിരിക്കൊണ്ടു. ഒടുവില്‍ അനൂപ് കുരുവിള ജോണിനെ കണ്ണൂരില്‍നിന്ന് മാറ്റുകയും ആറ് പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തതോടെയാണ് യുദ്ധം തെല്ലെങ്കിലും ശമിച്ചത്.

കുത്തഴിഞ്ഞ സംവിധാനമായി യുഡിഎഫ് മാറിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ മുതല്‍ വിഴിഞ്ഞം പദ്ധതി വരെയുള്ള വിഷയങ്ങളില്‍ കേരളത്തിന് അനുകൂലമായി ഒരു തീരുമാനവുമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനായിട്ടില്ല. എന്നാല്‍ , ജനങ്ങളെ ദ്രോഹിക്കുന്നതില്‍ ഒരു മടിയും കാട്ടുന്നുമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നില്ല, സഹകരണ ബാങ്കുകള്‍ ഓര്‍ഡിനന്‍സിലൂടെ പിടിച്ചെടുക്കുന്നു, സഹകരണമേഖലയെ തകര്‍ക്കുന്ന വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു- തെറ്റായ നയങ്ങളുടെ പരമ്പരയാണ് അരങ്ങേറുന്നത്. അതിനിടയിലാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ . യുഡിഎഫ് ഭരണമേറ്റെടുത്തിട്ട് എട്ട് മാസം തികയുമ്പോള്‍ എട്ട് വര്‍ഷത്തെ ദുരിതങ്ങള്‍ കേരളജനത അനുഭവിച്ചുകഴിഞ്ഞു. ഈ അവസ്ഥ കൂടുതല്‍ രൂക്ഷമായി തുടരുമെന്നതിന്റെ സൂചനയാണ് കോഴിക്കോട്ടെ കൂട്ടത്തല്ല്. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നിടത്തേക്കാണ് അത് ഉയരുന്നത്.

*
deshabhimani editorial 160212

3 comments:

  1. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ടിയെന്ന് വീമ്പുപറയുന്ന കോണ്‍ഗ്രസിന് രണ്ട് പതിറ്റാണ്ടിനിപ്പുറം ഭാരവാഹികളെ ജനാധിപത്യപരമായി തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കെപിസിസി പ്രസിഡന്റ് മുതല്‍ മണ്ഡലം പ്രസിഡന്റ് വരെ നോമിനേഷനിലൂടെ നിയമിക്കപ്പെടുന്നു. ഗ്രൂപ്പിന്റെ സ്വാധീനശേഷിയാണ് എല്ലാറ്റിനും മാനദണ്ഡം. പരസ്പരം ചെളിവാരിയെറിയല്‍മുതല്‍ മുണ്ടുരിയല്‍വരെ നടത്തി "കരുത്ത്" തെളിയിച്ചവരാണ് എല്ലാ ഗ്രൂപ്പിലെയും പ്രമുഖനേതാക്കള്‍ . കെഎസ്യു ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ, വിശാല ഐ വിഭാഗക്കാര്‍ നടത്തിയ തെരുവുയുദ്ധം ഇതിന്റെ തുടര്‍ച്ചയാണ്. അവര്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. പരസ്പരം കല്ലെറിഞ്ഞു. മാധ്യമപ്രവര്‍ത്തകരെയും വെറുതെവിട്ടില്ല. തുടക്കം ഇങ്ങനെയെങ്കില്‍ വരുംനാളുകളില്‍ കേരളത്തിന്റെ ഏറ്റവും വലിയ ക്രമസമാധാനപ്രശ്നം മുഖ്യ ഭരണകക്ഷിയുടെയും പോഷകസംഘടനകളുടെയും നേതൃത്വം പിടിച്ചെടുക്കാനുള്ള ഗ്രൂപ്പ് യുദ്ധമാകും എന്നതില്‍ തര്‍ക്കമില്ല. മൂന്ന് വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസില്‍ വാര്‍ഡ് തല മത്സരം വന്നപ്പോള്‍ത്തന്നെ ഒരു പ്രവര്‍ത്തകനെ എതിര്‍പക്ഷക്കാര്‍ ചവിട്ടിക്കൊന്നു. ഇതോടെ തെരഞ്ഞെടുപ്പ് നീട്ടിവച്ചു. ഇനിയെന്ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ആര്‍ക്കുമറിയില്ല.

    ReplyDelete
  2. പഴയങ്ങാടി: മുസ്ലിംലീഗ് മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് തെരുവിലേക്ക്. പ്രസിഡന്റിന്റെ വീട് ആക്രമിച്ചു. കല്യാശേരി മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് പി ഒ പി മുഹമ്മദലി ഹാജിയും എസ് കെ പി സക്കറിയയുമായിരുന്നു മത്സരിച്ചത്. മുഹമ്മദലി ഹാജി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഫലപ്രഖ്യാപനത്തിനിടെ ഉന്തിലും തള്ളിലുംപെട്ട് പലര്‍ക്കും പരിക്കേറ്റു. രാത്രി പത്തോടെ ഒരു സംഘം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ പുതിയങ്ങാടിയിലെ പി ഒ പി മുഹമ്മദലി ഹാജിയുടെ വീട് ആക്രമിച്ചു. ജനലുകള്‍ തകര്‍ത്തു. മുഹമ്മദലി ഹാജിയുടെ പരാതിയില്‍ കെ മഹമൂദ്, അബ്ദുള്‍ ഗഫൂര്‍ , കെ കാദര്‍കുട്ടി, എ വി മഹമൂദ് എന്നിവര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.

    ReplyDelete
  3. കാസര്‍കോട്: പാര്‍ടിയില്‍നിന്ന്പുറത്താക്കിയ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 25 മുതല്‍ ഡിസിസി ഓഫീസിനുമുന്നില്‍ വീണ്ടും നിരാഹാര സമരം നടത്തുമെന്ന് കോണ്‍ഗ്രസ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന ശ്രീജയന്‍ ഉദയമംഗലം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 27ന് ഡിസിസി ഓഫീസിന് മുന്നില്‍ സമരം നടത്തിയെങ്കിലും ചില നേതാക്കള്‍ സമരപ്പന്തല്‍ തകര്‍ത്തിരുന്നു. കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമു ഇടപെട്ട് തന്നെ പാര്‍ടിയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മൂന്നാഴ്ച കഴിഞ്ഞിട്ടും തിരിച്ചെടുക്കാന്‍ പാര്‍ടി നേതൃത്വം തയ്യാറായിട്ടില്ല. തന്നോട് ആഭിമുഖ്യം പുലര്‍ത്തുന്ന പ്രവര്‍ത്തകരെ വധശ്രമം (308) അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പുവും സി കെ ശ്രീധരനും ബേക്കല്‍ പൊലീസില്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും ശ്രീജയന്‍ പറഞ്ഞു.

    ReplyDelete