Wednesday, February 8, 2012

കിളിരൂര്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്


കിളിരൂര്‍ പീഡനക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും പിഴയും. ഒരുപ്രതിക്ക് അഞ്ചുവര്‍ഷം അധികതടവും ശിക്ഷയുണ്ട്. അഞ്ചുപേരും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ രണ്ടു മുതല്‍ ആറുവരെ പ്രതികളായ പ്രവീണ്‍ (29), മനോജ് (35), ലതാനായര്‍ (50), പ്രശാന്ത് (28) എന്നിവര്‍ക്കാണ് പ്രത്യേക കോടതി ജഡ്ജി ടി എസ് പി മൂസത് ശിക്ഷ വിധിച്ചത്. ഇവര്‍ നാലുപേര്‍ക്കും 10 വര്‍ഷവും 35,000 രൂപ പിഴയും അഞ്ചാം പ്രതി ബിനു എന്ന കൊച്ചുമോന് (35) പതിനഞ്ചു വര്‍ഷവും 45,000 രൂപയുമാണ് ശിക്ഷ. ഏഴാം പ്രതി സോമനാഥനെ(52) കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടു.

കിളിരൂര്‍ സ്വദേശി ശാരി എസ് നായരെ(17) ടിവി സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഒന്നാം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ ശാരിയുടെ വല്യമ്മ ഓമനക്കുട്ടിയുടെ മൊഴിയും മറ്റു സാക്ഷിമൊഴികളും പരിഗണിച്ചാണ് അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കുമരകം പൊലീസ് രജിസ്റ്റര്‍ ചെയ്ത് പിന്നീട് സിബിഐക്ക് കൈമാറിയ കേസിലാണ് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ , അമ്മ ശ്രീദേവി എന്നിവരടക്കം 67 സാക്ഷികളെ കോടതി വിസ്തരിച്ചത്. 41 രേഖയും ഹാജരാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ , കൂട്ട ബലാല്‍സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍ , കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. 2003 ആഗസ്ത് 18നാണ് ശാരിയെ കുമളിയില്‍വച്ച് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഇടപ്പള്ളി, പഴനി, ഗുരുവായൂര്‍ എന്നീവിടങ്ങളിലും പീഡിപ്പിച്ചു. 2004 ആഗസ്തില്‍ വയറുവേദനയെത്തുടര്‍ന്ന് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. പീഡനവിവരം പുറത്തായതിനെത്തുടര്‍ന്ന് പ്രതി പ്രവീണ്‍ ശാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച ശാരി നവംബര്‍ 13ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

പ്രവീണ്‍ , മനോജ്, പ്രശാന്ത് എന്നിവര്‍ കെഎസ്ആര്‍ടിസി ജീവനക്കാരാണ്. 2003 ആഗസ്ത് 18ന് ഷൂട്ടിങ് ലൊക്കേഷന്‍ കാണിക്കാനെന്ന വ്യാജേനയാണ് ശാരിയെയും വലിയമ്മ ഓമനക്കുട്ടിയെയും കുമളിയില്‍ എത്തിച്ചത്. കുമളി ഗസ്റ്റ് ഹൗസില്‍ പ്രവീണ്‍ , മനോജ്, ബിനു എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഓമനക്കുട്ടിവഴിയാണ് ശാരിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയത്. പിന്നീട് ബിനു ഇടനിലക്കാരി ലതാനായരെയും വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തി. പഴനിയിലും ഗുരുവായൂരിലും വച്ച് പീഡിപ്പിച്ച സമയത്ത് ലതാനായരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി.

deshabhimani news

1 comment:

  1. കിളിരൂര്‍ പീഡനക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും പിഴയും. ഒരുപ്രതിക്ക് അഞ്ചുവര്‍ഷം അധികതടവും ശിക്ഷയുണ്ട്. അഞ്ചുപേരും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ രണ്ടു മുതല്‍ ആറുവരെ പ്രതികളായ പ്രവീണ്‍ (29), മനോജ് (35), ലതാനായര്‍ (50), പ്രശാന്ത് (28) എന്നിവര്‍ക്കാണ് പ്രത്യേക കോടതി ജഡ്ജി ടി എസ് പി മൂസത് ശിക്ഷ വിധിച്ചത്. ഇവര്‍ നാലുപേര്‍ക്കും 10 വര്‍ഷവും 35,000 രൂപ പിഴയും അഞ്ചാം പ്രതി ബിനു എന്ന കൊച്ചുമോന് (35) പതിനഞ്ചു വര്‍ഷവും 45,000 രൂപയുമാണ് ശിക്ഷ. ഏഴാം പ്രതി സോമനാഥനെ(52) കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടു.

    ReplyDelete