Saturday, February 4, 2012

തണ്ണീര്‍പാടങ്ങള്‍ നശിച്ചു; ദേശാടനപക്ഷികളെ കാണാനില്ല

ചാത്തന്നൂര്‍ : ജൈവകലവറയുടെ ഉറവിടങ്ങളായ തണ്ണീര്‍പാടങ്ങള്‍ നശിച്ചു. ചിറക്കരയുടെ നെല്ലറയായ പോളച്ചിറ ഏലായില്‍ ദേശാടനപക്ഷികളുടെ വരവ് നിലച്ചു. കുറേകാലം മുമ്പുവരെ ഡിസംബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെ ദേശാടനപക്ഷികള്‍ പോളച്ചിറ ഏലായില്‍ ധാരാളം എത്തിയിരുന്നു. സൈബീരിയയില്‍നിന്നുള്ള പക്ഷികള്‍ പോലും ഇവിടേക്ക് പറന്നെത്തുമായിരുന്നു. ഉത്തരേന്ത്യയില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടങ്ങുന്നതോടെ ആയിരക്കണക്കിന് കാതം പറന്ന് പോളച്ചിറയില്‍ എത്തുന്ന പക്ഷിക്കൂട്ടം പ്രജനനം നടത്തി കുഞ്ഞുങ്ങളുമായാണ് മടങ്ങിയിരുന്നത്. കൊയ്ത്തു കഴിയുന്ന പാടങ്ങളിലെ നെന്മണികളും മത്സ്യങ്ങളുമൊക്കെയാണ് ഇവയുടെ ആഹാരം. ഏലായുടെ ചുറ്റുവട്ടത്തുള്ള കൂറ്റന്‍ വൃക്ഷങ്ങളില്‍ കൂട് കൂട്ടി മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. വിവിധ തരത്തിലുള്ള ആയിരക്കണക്കിന് വൈവിധ്യമേറിയ ഇനത്തിലുള്ള പക്ഷികള്‍ ദേശാടനത്തിനായി പോളച്ചിറയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കലും വറ്റാത്ത തണ്ണീര്‍തടങ്ങളും ജൈവസസ്യങ്ങളുമൊക്കെ പക്ഷികള്‍ക്ക് താവളമൊരുക്കിയിരുന്നു.

എന്നാല്‍ ഇന്ന് പോളച്ചിറയില്‍ ഏലായും തണ്ണീര്‍തടങ്ങളും അപ്രത്യക്ഷമായി. ഏലായുടെ പല ഭാഗങ്ങളിലും കൈയേറ്റക്കാരുടെ കടന്നുകയറ്റത്തോടെ ദേശാടനപക്ഷികളുടെ ശനിദശയും തുടങ്ങി. പക്ഷികള്‍ കൂടുകൂട്ടിയിരുന്ന വൃക്ഷങ്ങള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റി. കൃഷിയും മുടങ്ങി. പക്ഷിവേട്ടക്കാരുടെ നിലയ്ക്കാത്ത വെടിയൊച്ചയും ആരവങ്ങളും കാരണം അവശേഷിച്ച നാടന്‍പക്ഷികള്‍ പോലും പോളച്ചിറ വിട്ടകന്നു. അപൂര്‍വങ്ങളായ മത്സ്യങ്ങളുടെ കലവറ തന്നെയായിരുന്നു പോളച്ചിറ ഏലാ. വര്‍ഷംതോറും ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളായിരുന്നു ഇവിടെനിന്ന് പിടിച്ചുകൊണ്ടിരുന്നത്. മനുഷ്യന്റെ അത്യാര്‍ത്തിയില്‍ മത്സ്യസമ്പത്തും നശിച്ചു. ഏലായുടെ കരപ്രദേശങ്ങള്‍ മണ്ണിട്ട് നികത്തി ക്രഷര്‍യൂണിറ്റുകള്‍ ആംരംഭിച്ചതോടെ ജൈവസാന്നിധ്യവും നശിച്ചു തുടങ്ങി. കര്‍ഷകസംഘങ്ങളുടെ നേതൃത്വത്തില്‍ ഏലായില്‍ നെല്‍കൃഷി പുനരാരംഭിച്ചെങ്കിലും വേണ്ടത്ര പ്രയോജനം ലഭിച്ചില്ല. ഒരു ഇരുപ്പൂകൃഷിക്ക് യോഗ്യമായ രീതിയില്‍ പോളച്ചിറ ഏലാ ഒരുക്കിയെടുക്കാന്‍ പെട്ടിയും പറയും സ്ഥാപിച്ചെങ്കിലും ഒരുവിഭാഗം സാമൂഹിക വിരുദ്ധര്‍ അവയെല്ലാം നശിപ്പിച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക നടപടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ അവയെല്ലാം നാശത്തിന്റെ വക്കിലാണ്. ഏലായിലെ അവശേഷിച്ച പ്രദേശങ്ങള്‍ എങ്കിലും സംരക്ഷിക്കുന്നതിനായി ഏലാ സംരക്ഷണ സമിതി രൂപീകരിച്ചെങ്കിലും അനധികൃത കയ്യേറ്റക്കാര്‍ ഏലാ നികത്തുന്നതും കുഴിച്ചു മണ്ണെടുക്കുന്നതും നോക്കിനില്‍ക്കുവാനെ കഴിയുകയുള്ളൂ.
(ആര്‍ മോഹന്‍ദാസ്)

deshabhimani 040212

1 comment:

  1. ജൈവകലവറയുടെ ഉറവിടങ്ങളായ തണ്ണീര്‍പാടങ്ങള്‍ നശിച്ചു. ചിറക്കരയുടെ നെല്ലറയായ പോളച്ചിറ ഏലായില്‍ ദേശാടനപക്ഷികളുടെ വരവ് നിലച്ചു. കുറേകാലം മുമ്പുവരെ ഡിസംബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെ ദേശാടനപക്ഷികള്‍ പോളച്ചിറ ഏലായില്‍ ധാരാളം എത്തിയിരുന്നു. സൈബീരിയയില്‍നിന്നുള്ള പക്ഷികള്‍ പോലും ഇവിടേക്ക് പറന്നെത്തുമായിരുന്നു. ഉത്തരേന്ത്യയില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടങ്ങുന്നതോടെ ആയിരക്കണക്കിന് കാതം പറന്ന് പോളച്ചിറയില്‍ എത്തുന്ന പക്ഷിക്കൂട്ടം പ്രജനനം നടത്തി കുഞ്ഞുങ്ങളുമായാണ് മടങ്ങിയിരുന്നത്. കൊയ്ത്തു കഴിയുന്ന പാടങ്ങളിലെ നെന്മണികളും മത്സ്യങ്ങളുമൊക്കെയാണ് ഇവയുടെ ആഹാരം. ഏലായുടെ ചുറ്റുവട്ടത്തുള്ള കൂറ്റന്‍ വൃക്ഷങ്ങളില്‍ കൂട് കൂട്ടി മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. വിവിധ തരത്തിലുള്ള ആയിരക്കണക്കിന് വൈവിധ്യമേറിയ ഇനത്തിലുള്ള പക്ഷികള്‍ ദേശാടനത്തിനായി പോളച്ചിറയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കലും വറ്റാത്ത തണ്ണീര്‍തടങ്ങളും ജൈവസസ്യങ്ങളുമൊക്കെ പക്ഷികള്‍ക്ക് താവളമൊരുക്കിയിരുന്നു.

    ReplyDelete