Thursday, February 9, 2012

എസ്ബിഐയില്‍ വന്‍കിടക്കാരുടെ ഇടപാടിന് സ്വകാര്യ ഏജന്‍സി

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിയമനം മരവിപ്പിച്ചിരിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്വകാര്യവല്‍ക്കരണ നടപടി വീണ്ടും ശക്തമാക്കുന്നു. രാജ്യത്തെ വന്‍കിടക്കാരില്‍നിന്ന് പണം ശേഖരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ നിയോഗിച്ച് ബാങ്ക് ഉത്തരവിറക്കി. കേരളത്തില്‍ വന്‍കിട ഇടപാടുകാര്‍ക്കായി റേഡിയന്റ് ക്യാഷ് മാനേജ്മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്. ക്യാഷ് ഡെപ്പോസിറ്റ് സ്ലിപ് ബുക്ക്ലെറ്റ്, സ്ക്രാച്ച് കാര്‍ഡ് ബുക്ക്ലെറ്റ്, ഏജന്‍സി ആസ്ഥാനത്തുനിന്നുള്ള കത്ത്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളുമായി കമ്പനി പ്രതിനിധികള്‍ വന്‍കിട ഉപയോക്താക്കളെ കണ്ടെത്തി പണം ശേഖരിക്കണമെന്ന് ബാങ്ക് നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് 11 കേന്ദ്രത്തില്‍ എസ്ബിഐയുടെ പണമിടപാട് നടത്താന്‍ ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍ക്ക് (കസ്റ്റമര്‍ കെയര്‍ പോയിന്റ്) അനുമതി നല്‍കിയതിനു പിന്നാലെയാണ് വന്‍കിടക്കാര്‍ക്കായി ഏജന്‍സികളെ നിയോഗിച്ചത്.

മുംബൈ ആസ്ഥാനമായ സീറോ മൈക്രോ ഫിനാന്‍സ് ആന്‍ഡ് സേവിങ്സ് ഫൗണ്ടേഷന്‍ എന്ന സ്വകാര്യസ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയര്‍ പോയിന്റുകള്‍ പലയിടത്തും ആരംഭിച്ചുകഴിഞ്ഞു. ബാങ്കിലെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ആരംഭിക്കുന്ന കസ്റ്റമര്‍ കെയര്‍ പോയിന്റുകളില്‍ സാധാരണക്കാരായ ഇടപാടുകാരാണ് എത്തുക. സര്‍വീസ് ചാര്‍ജ് കൊടുക്കേണ്ടതിനാല്‍ ഇവിടെ ഇടപാടുകാരന്റെ കീശ ചോരും. അതേസമയം, വന്‍കിടക്കാരുടെ പണമിപാടിന് നിയോഗിച്ച സ്വകാര്യ ഏജന്‍സിക്ക് കമീഷന്‍ നല്‍കുന്നത് ബാങ്കാണ്. കോടിക്കണക്കിനു രൂപ ഈയിനത്തില്‍ ബാങ്കിനും നഷ്ടമാകും. കേരളത്തില്‍ എസ്ബിഐ നിയമനങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് സ്വകാര്യവല്‍ക്കരണം വിപുലമാക്കുന്നത്.
ദീര്‍ഘകാലത്തെ നിയമന നിരോധനത്തിനുശേഷം 2008, 2009, 2010 വര്‍ഷങ്ങളില്‍ ക്ലറിക്കല്‍ തസ്തികയില്‍ ബാങ്ക് നിയമനം നടത്തി. ജീവനക്കാരുടെ അഭാവംമൂലമുള്ള ഗുരുതരസ്ഥിതിയും ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ പ്രക്ഷോഭവും ആണ് ഇതിനു വഴിവച്ചത്. എന്നാല്‍ , 2011, 2012 വര്‍ഷങ്ങളില്‍ കേരളത്തില്‍ നിയമനം നടത്തേണ്ടെന്നാണ് തീരുമാനം. സ്വകാര്യവല്‍ക്കരണ നടപടി ക്ലറിക്കല്‍ തസ്തികയില്‍ വീണ്ടും വെട്ടിക്കുറവിന് ഇടയാക്കും. ബാങ്കിലെ സ്വീപ്പര്‍ , മെസഞ്ചര്‍ അടക്കമുള്ള സബോര്‍ഡിനേറ്റ് തസ്തികയിലാകട്ടെ, 15 വര്‍ഷമായി നിയമനം നടന്നിട്ടില്ല. കരാറെടുത്തിരിക്കുന്ന കമ്പനിയാണ് സ്വീപ്പര്‍മാരെ നിയോഗിക്കുന്നത്. സ്വീപ്പര്‍ നിയമനത്തില്‍ പട്ടികവിഭാഗക്കാര്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്. നിയമനം നിര്‍ത്തിയത് ഈ വിഭാഗത്തില്‍പ്പെട്ടവരുടെ തൊഴില്‍സാധ്യത ഇല്ലാതാക്കി. എസ്ബിഐയില്‍ മെസഞ്ചര്‍ നിയമനവും നിലച്ചിരിക്കുകയാണ്. പല ശാഖയും മെസഞ്ചര്‍മാര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മെസഞ്ചര്‍മാരുടെ താല്‍ക്കാലിക ഒഴിവുപോലും നികത്താന്‍ സമ്മതിക്കുന്നില്ല. ശാഖകള്‍ തമ്മിലും പുറത്തും നടത്തേണ്ട പല കാര്യങ്ങള്‍ക്കും പുറമെയുള്ളവരെയാണ് ആശ്രയിക്കുന്നത്. ഇത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനൊപ്പം തൊഴില്‍ കാത്തിരിക്കുന്നവര്‍ക്കും തിരിച്ചടിയാണ്.

deshabhimani 090212

1 comment:

  1. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിയമനം മരവിപ്പിച്ചിരിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്വകാര്യവല്‍ക്കരണ നടപടി വീണ്ടും ശക്തമാക്കുന്നു. രാജ്യത്തെ വന്‍കിടക്കാരില്‍നിന്ന് പണം ശേഖരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ നിയോഗിച്ച് ബാങ്ക് ഉത്തരവിറക്കി. കേരളത്തില്‍ വന്‍കിട ഇടപാടുകാര്‍ക്കായി റേഡിയന്റ് ക്യാഷ് മാനേജ്മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്. ക്യാഷ് ഡെപ്പോസിറ്റ് സ്ലിപ് ബുക്ക്ലെറ്റ്, സ്ക്രാച്ച് കാര്‍ഡ് ബുക്ക്ലെറ്റ്, ഏജന്‍സി ആസ്ഥാനത്തുനിന്നുള്ള കത്ത്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളുമായി കമ്പനി പ്രതിനിധികള്‍ വന്‍കിട ഉപയോക്താക്കളെ കണ്ടെത്തി പണം ശേഖരിക്കണമെന്ന് ബാങ്ക് നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് 11 കേന്ദ്രത്തില്‍ എസ്ബിഐയുടെ പണമിടപാട് നടത്താന്‍ ഉപഭോക്തൃ സേവനകേന്ദ്രങ്ങള്‍ക്ക് (കസ്റ്റമര്‍ കെയര്‍ പോയിന്റ്) അനുമതി നല്‍കിയതിനു പിന്നാലെയാണ് വന്‍കിടക്കാര്‍ക്കായി ഏജന്‍സികളെ നിയോഗിച്ചത്.

    ReplyDelete