Thursday, February 9, 2012

മോഡി സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ 2002ലെ വംശഹത്യയുടെ സമയത്ത്നരേന്ദ്രമോഡി സര്‍ക്കാര്‍ കാട്ടിയ നിഷ്ക്രിയത്വവും അനാസ്ഥയും സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ചതായി ഹൈക്കോടതി കുറ്റപ്പെടുത്തി. വംശഹത്യയ്ക്കിടെ തകര്‍ക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ അഞ്ഞൂറിലധികം ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് ഭാസ്കര്‍ ഭട്ടാചാര്യ, ജസ്റ്റിസ് ജി ബി പാര്‍ഡിവാല എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഗുജറാത്ത് ഇസ്ലാമിക് റിലീഫ് കമ്മിറ്റിയുടെ (ഐആര്‍സിജി) ഹര്‍ജി പരിഗണിച്ചാണ് വിധി. എട്ടുവര്‍ഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് വിധിയുണ്ടായത്. വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തുവെന്ന ആരോപണം നേരിടുന്ന മോഡിക്ക് കോടതിയുടെ വിമര്‍ശം കനത്ത തിരിച്ചടിയായി. നിഷ്ക്രിയത്വവും അനാസ്ഥയും കാട്ടിയ സര്‍ക്കാരിന് ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കലാപത്തില്‍ തകര്‍ന്ന വീടുകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കിയ സര്‍ക്കാര്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാനും പണം അനുവദിക്കണം. നഷ്ടപരിഹാരത്തിനായുള്ള ആരാധനാലയങ്ങളുടെ അപേക്ഷ സ്വീകരിച്ച് തീരുമാനമെടുക്കാന്‍ 26 ജില്ലകളിലെ പ്രിന്‍സിപ്പല്‍ ജഡ്ജിമാര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

അപേക്ഷകളിലെ തീരുമാനം ആറുമാസത്തിനകം ഹൈക്കോടതിയെ അറിയിക്കണം. കലാപത്തില്‍ തകര്‍ക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശ ചെയ്ത പശ്ചാത്തലത്തില്‍ 2003ലാണ് ഐആര്‍സിജി കോടതിയെ സമീപിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചെങ്കിലും കോടതിയില്‍ ശക്തമായി എതിര്‍ത്തു. മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഭരണഘടനയുടെ 27-ാംവകുപ്പിന്റെ ലംഘനമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മതസ്ഥാപനങ്ങള്‍ പുതുക്കിപണിയാന്‍ നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും വാദിച്ചു. സര്‍ക്കാരിന്റെ ഈ വാദമാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയത്. വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലാണെന്ന് ഐആര്‍സിജിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എം ടി എം ഹക്കീം പറഞ്ഞു.

2002ല്‍ ഗോധ്ര സംഭവത്തെ തുടര്‍ന്നാണ് ഗുജറാത്തില്‍ മോഡി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ കലാപം പൊട്ടി പുറപ്പെട്ടത്. സംഘപരിവാറും മോഡി സര്‍ക്കാരും കൈകോര്‍ത്ത് ന്യൂനപക്ഷവിഭാഗത്തെ ഉന്മൂലനംചെയ്യാന്‍ പദ്ധതിയിട്ട് നടപ്പാക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികളായ ആയിരങ്ങളാണ് വംശഹത്യയ്ക്ക് ഇരയായത്. ന്യൂനപക്ഷങ്ങളുടെ നൂറുകണക്കിന് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനം കലാപകാരികളെ സഹായിക്കുകയാണ് ചെയ്തത്.

deshabhimani 090212

1 comment:

  1. ഗുജറാത്തില്‍ 2002ലെ വംശഹത്യയുടെ സമയത്ത്നരേന്ദ്രമോഡി സര്‍ക്കാര്‍ കാട്ടിയ നിഷ്ക്രിയത്വവും അനാസ്ഥയും സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ചതായി ഹൈക്കോടതി കുറ്റപ്പെടുത്തി. വംശഹത്യയ്ക്കിടെ തകര്‍ക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ അഞ്ഞൂറിലധികം ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് ഭാസ്കര്‍ ഭട്ടാചാര്യ, ജസ്റ്റിസ് ജി ബി പാര്‍ഡിവാല എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

    ReplyDelete