Saturday, February 18, 2012

മാര്‍ക്സിന്റെ ജീവിതത്തിലൂടെ


മാര്‍ക്സിനെക്കുറിച്ച് ആദ്യ ലേഖനമെഴുതിയതാര്. ലോകത്തിന്റെ ബൗദ്ധികജീവിതവും സാമൂഹ്യ-രാഷ്ട്രീയമണ്ഡലവും ഇളക്കിമറിച്ച ദാര്‍ശനിക പ്രതിഭയെ നമ്മുടെ നാടിന് പരിചയപ്പെടുത്തിയതാര്. മാര്‍ക്സിസ്റ്റുകാര്‍ക്ക് മാത്രമല്ല, രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കും അറിയാന്‍ താല്‍പര്യമുള്ളതാകും കാള്‍മാര്‍ക്സിന്റെ ഇന്ത്യന്‍ അരങ്ങേറ്റം. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമെന്ന് പ്രഖ്യാപിച്ച പോരാളിയായ ബാലഗംഗാധര തിലകനാണ് മാര്‍ക്സിനെ ഇന്ത്യന്‍ രാഷ്ട്രീയലോകത്ത് അവതരിപ്പിക്കുന്നത്. 1881-ലായിരുന്നു തിലകന്‍ വിപ്ലവപ്രതിഭയെക്കുറിച്ചുള്ള പരാമര്‍ശവുമായി ലേഖനം എഴുതിയത്-"ദി മറാത്ത"യില്‍ . മെയ്ദിനത്തിലാണ് തിലകന്‍ തൊഴിലാളിവര്‍ഗത്തിന്റെ ആചാര്യനെക്കുറിച്ച് ലേഖനമെഴുതിയതെന്നതും സവിശേഷതയാണ്. 1903ല്‍ "അമൃതബസാര്‍ പത്രിക"യിലാണ് വിശദമായി വിലയിരുത്തുന്ന ലേഖനം പ്രസിദ്ധീകൃതമാകുന്നത്. "റൈസ് ഓഫ് എ ഫോറിന്‍ സോഷ്യലിസ്റ്റ് "എന്ന തലക്കുറിപ്പില്‍ . 1912 മാര്‍ച്ചില്‍ മാര്‍ക്സിന്റെ ജീവചരിത്രവും പറുത്തുവന്നു. "കാള്‍ മാര്‍ക്സ് ആധുനികനായ ഋഷി"എന്ന പേരില്‍ . സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെ വിപ്ലവനേതാവായ ലാലാ ഹര്‍ദയാലായിരുന്നു ലേഖനകര്‍ത്താവെന്നതും ശ്രദ്ധേയം. "മോഡേണ്‍ റിവ്യു" പത്രത്തിലായിരുന്നു ലേഖനം.

മാര്‍ക്സിനെ, കൃതികളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കെ ദാമോദരന്‍ , സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരടക്കമുള്ളവരെയും പ്രദര്‍ശനം പരിചയപ്പെടുത്തും. ലോകമാകെ വീണ്ടും മാര്‍ക്സിനെ അന്വേഷിക്കുന്ന കാലമാണിത്. മാര്‍ക്സിസത്തിന്റെ പ്രസക്തി അംഗീകരിച്ച് പുതിയ പുതിയ ജനവിഭാഗങ്ങളും പണ്ഡിതരും സമതയുടെ ആശയവും ദര്‍ശനവും പഠിക്കാന്‍ മുന്നോട്ട്വരുന്ന ആവേശകരമായ സാഹചര്യത്തില്‍ മാര്‍ക്സിന്റെ, മാര്‍ക്സിസത്തിന്റെ ബൗദ്ധികസാന്നിധ്യം ഇന്ത്യ അനുഭവിച്ചതിന്റെ ആദ്യചരിത്രങ്ങള്‍ വിശദീകരിക്കുന്ന പ്രദര്‍ശനം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ചരിത്രപ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണമാകും. കോഴിക്കോട് ടൗണ്‍ഹാളിനടുത്ത് ഒരുങ്ങുന്ന പ്രദര്‍ശനത്തില്‍ മാര്‍ക്സിനെ ഇന്ത്യ വായിച്ചതിന്റെ, അറിഞ്ഞതിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കാന്‍ അവസരമുണ്ട്. മാര്‍ച്ച് അഞ്ചിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

deshabhimani 180212

1 comment:

  1. മാര്‍ക്സിനെക്കുറിച്ച് ആദ്യ ലേഖനമെഴുതിയതാര്. ലോകത്തിന്റെ ബൗദ്ധികജീവിതവും സാമൂഹ്യ-രാഷ്ട്രീയമണ്ഡലവും ഇളക്കിമറിച്ച ദാര്‍ശനിക പ്രതിഭയെ നമ്മുടെ നാടിന് പരിചയപ്പെടുത്തിയതാര്. മാര്‍ക്സിസ്റ്റുകാര്‍ക്ക് മാത്രമല്ല, രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കും അറിയാന്‍ താല്‍പര്യമുള്ളതാകും കാള്‍മാര്‍ക്സിന്റെ ഇന്ത്യന്‍ അരങ്ങേറ്റം. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമെന്ന് പ്രഖ്യാപിച്ച പോരാളിയായ ബാലഗംഗാധര തിലകനാണ് മാര്‍ക്സിനെ ഇന്ത്യന്‍ രാഷ്ട്രീയലോകത്ത് അവതരിപ്പിക്കുന്നത്. 1881-ലായിരുന്നു തിലകന്‍ വിപ്ലവപ്രതിഭയെക്കുറിച്ചുള്ള പരാമര്‍ശവുമായി ലേഖനം എഴുതിയത്-"ദി മറാത്ത"യില്‍

    ReplyDelete