Tuesday, February 14, 2012

നേഴ്സിങ് സമരത്തില്‍ വെളിപ്പെടുന്നത് ക്രൂരമായ വിവേചനം: കോടിയേരി

ശ്രീകണ്ഠപുരം: തൊഴില്‍മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിന്റെയും പീഡനത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് നേഴ്സിങ് സമരത്തിലൂടെ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചെങ്ങളായി എടത്തുംതറ ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ കെട്ടിടം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 11 ലക്ഷം നേഴ്സുമാരില്‍ 9 ലക്ഷവും കടക്കെണിയില്‍പ്പെട്ടിരിക്കയാണ്. പഠനത്തിനെടുത്ത ബാങ്ക്വായ്പ തിരച്ചടക്കാനാവുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 8000 രൂപ മിനിമം വേതനം നല്‍കുന്നത് 24 ആശുപത്രികള്‍ മാത്രം. ഈ ചൂഷണത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരികയാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണ്. പൊതുവായ നിരക്കിന്റെ മുന്നിരട്ടിയിലേറെയാണ് സ്ത്രീകളുടെ തൊഴിലില്ലായ്മ. സത്രീ തൊഴിലാളികള്‍ക്ക് മിനിമം വേതനമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ല. പുരുഷന്മാരോടൊപ്പമുള്ള തൊഴിലുകളില്‍ സ്ത്രീകള്‍ക്ക് തുല്യവേതനവും ലഭിക്കാറില്ല. ഇത്തരം വിവേചനങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ വേദി കൂടിയായി വായനശാലകള്‍ മാറണമെന്ന് കോടിയേരി പറഞ്ഞു.

ജെയിംസ് മാത്യു എംഎല്‍ എ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വൈക്കത്ത് നാരായണന്‍ ലൈബ്രറി ഉല്‍ഘാടനം ചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി പി വി ഗോപിനാഥ് ഇഎംഎസിന്റെ ചിത്രം അനാഛാദനം ചെയ്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് കെ വി സുമേഷ്, പഞ്ചായത്ത് പ്രസിഡണ്ട് കെ മിനേഷ്, എം വേലായുധന്‍ , വി പി മോഹനന്‍ , എ ജനാര്‍ദ്ദനന്‍ , കെ പി സരിത എന്നിവര്‍ സംസാരിച്ചു. പി വി രാജന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. വി ശ്രീനിവാസന്‍ സ്വാഗതവും എം വി വിനോദ് നന്ദിയും പറഞ്ഞു.

deshabhimani 140212

2 comments:

  1. തൊഴിലാളികള്‍ക്ക് മിനിമംകൂലി ഉറപ്പാക്കുന്നതിന് സമഗ്രനിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് 44-ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ കേരളം ആവശ്യപ്പെട്ടു. മിനിമം കൂലി പ്രശ്നത്തില്‍ കേരളത്തില്‍ പല ആശുപത്രികളിലും നേഴ്സുമാര്‍ സമരത്തിലാണെന്ന് യോഗത്തില്‍ പങ്കെടുത്ത തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും മിനിമം കൂലി ഉറപ്പുവരുത്തുകയും അവരുടെ സേവന സാഹചര്യങ്ങള്‍ സംരക്ഷിക്കുകയും വേണം. നേഴ്സുമാര്‍ സമരംചെയ്യുന്നതിന്റെ പേരില്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ആശുപത്രി ഉടമകള്‍ ശ്രമിക്കേണ്ടെന്ന് മന്ത്രി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ചെയ്യുന്ന എല്ലാവര്‍ക്കും പൊതുമേഖലയില്‍ തൊഴില്‍ കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ തൊഴില്‍ വൈദഗ്ധ്യം നല്‍കുന്നതിന് കേന്ദ്രം സഹായം നല്‍കണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete
  2. കൊച്ചി: സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ ജീവിതസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ. ചൊവ്വാഴ്ച നഗരത്തില്‍ ബോട്ട്ജെട്ടിക്കു സമീപം ചേര്‍ന്ന സമ്മേളനം, നേഴ്സുമാരുടെ സമരത്തെ സഹായിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ഥിച്ചു. 25 വര്‍ഷം മുമ്പെങ്കിലും തുടങ്ങേണ്ട സമരമായിരുന്നു ഇതെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ. കെ എസ് ഡേവിഡ് പറഞ്ഞു. ആതുരശുശ്രൂഷാരംഗത്ത് അടിമവേലക്കാരാണ് സ്വകാര്യമേഖലയിലെ നേഴ്സുമാര്‍ എന്നതാണ് യാഥാര്‍ഥ്യം- അദ്ദേഹം പറഞ്ഞു. ആതുരശുശ്രൂഷാരംഗത്ത് സുപ്രധാനമായ സാന്ത്വനത്തിന്റെ പ്രതീകമാണ് ആശുപത്രി നേഴ്സുമാര്‍ എന്ന് എഴുത്തുകാരന്‍ കെ എല്‍ മോഹനവര്‍മ പറഞ്ഞു. ഏറ്റവും ബഹുമാന്യതയോടെ കാണേണ്ട ഈ വിഭാഗം സേവകരോട് ഇന്നുള്ള സമീപനം അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി രോഗങ്ങളോട് പോരടിച്ച് അതിജീവിച്ച തനിക്ക് ആതുരശുശ്രൂഷാരംഗത്തെ നേഴ്സുമാരുടെ സേവനമാഹാത്മ്യം അനുഭവബോധ്യമാണെന്ന് പത്രപ്രവര്‍ത്തക ലീല മേനോന്‍ പറഞ്ഞു. എല്ലാ ഭേദങ്ങളും മാറ്റിവച്ച് നേഴ്സുമാരുടെ സമരത്തിനു പിന്നില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലക്കൊണ്ട് സഹായിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. അഡ്വ. നാസര്‍ , കെ എ അലി അക്ബര്‍ , ഡോ. എസ് ഡി സിങ്, ചാള്‍സ് ജോര്‍ജ്, ജ്യോതി നാരായണന്‍ , നേഴ്സസ് സംഘടനാ ഭാരവാഹി സുധീഷ്, ടി സി സഞ്ജിത്ത് എന്നിവരും സംസാരിച്ചു. പത്രപ്രവര്‍ത്തകന്‍ പി ജയനാഥ് അധ്യക്ഷനായി. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവി കുറ്റിക്കാട് സ്വാഗതം പറഞ്ഞു.

    ReplyDelete