Wednesday, February 15, 2012

കേരളത്തിന്റെ റയില്‍വേ വികസനം അട്ടിമറിക്കുന്നു

കേരളത്തിലെ റയില്‍വേ വികസനപദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നു. ഇതേതുടര്‍ന്ന് കേരളത്തിലെ ഏതാണ്ട് എല്ലാ റയില്‍വേജോലികളും ഇഴഞ്ഞുനീങ്ങുകയോ തുടങ്ങാതിരിക്കുകയോ ആണ്. ഫണ്ടില്ല എന്നതാണ് റയില്‍വേ ഇതിന് കാരണം പറയുന്നതെങ്കിലും ബജറ്റിലുള്‍പ്പെടെ കേരളത്തിനനുവദിച്ച തുകകള്‍ വകമാറ്റി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

റയില്‍വേജോലികള്‍ ചെയ്യുന്ന കരാറുകാരുടെ ഉള്‍പ്പെടെയുള്ള  ബില്ലുകള്‍പോലും ആറുമാസമായി മാറിനല്‍കുന്നില്ല. ഏതാണ്ട് 20 കോടിയോളം രൂപയുടെ ബില്ലാണ് കരാറുകാര്‍ക്കുമാത്രം നല്‍കാനുള്ളത്. ബില്ലുകള്‍ പാസാക്കാന്‍ പണമില്ലാത്തതിനാല്‍ സ്‌റ്റേഷനുകളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്. സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം നീളംകൂട്ടല്‍, പുതിയ പ്ലാറ്റ്‌ഫോം പണി, തിരുവനന്തപുരം സ്‌റ്റേഷനില്‍ലിഫ്റ്റ് പിടിപ്പിക്കല്‍, ഫുട് ഒാവര്‍ബ്രിഡ്ജുകളുടെ പണി എന്നിങ്ങനെ പ്രധാനപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും മുടങ്ങിയിരിക്കുകയാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ബില്ലുകള്‍ എപ്പോള്‍ മാറികൊടുക്കുമെന്നുപോലും പറയാന്‍ അധികൃതര്‍ക്കായിട്ടില്ല.

റയില്‍വേബോര്‍ഡില്‍നിന്നും സതേണ്‍ റയില്‍വേക്ക് അനുവദിക്കുന്ന തുകകള്‍ കേരളത്തിലേക്ക് തരാതെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ശബരിപാതയ്ക്ക് ഈവര്‍ഷം 82 കോടി രൂപ അനുവദിച്ചു. അതില്‍ 32 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനായിരുന്നു. പക്ഷേ ഈവര്‍ഷം ചെലവാക്കാനായി ആകെ അനുവദിച്ചിരിക്കുന്നത് 4.5 കോടി രൂപ മാത്രമാണ്. 2011-12-ല്‍ തിരുവനന്തപുരം ഡിവിഷനിലേക്ക് അറ്റകുറ്റപ്പണിക്കായി 40 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇവിടെ പണി പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ബില്ലുകള്‍പോലും മാറ്റിക്കൊടുക്കാതെ 15 കോടി രൂപ ഇതില്‍നിന്നും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും റയില്‍വേയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രിയോ മുഖ്യമന്ത്രിയോ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. റയിലുകള്‍തമ്മില്‍ ബന്ധിപ്പിക്കുന്ന വെല്‍ഡിംഗ്‌വര്‍ക്കുകള്‍പോലുള്ള പണികള്‍പോലും വളരെ പതുക്കെയാണ്  നടക്കുന്നത്.

അന്യസംസ്ഥാനക്കാരായ  ഉദ്യോഗസ്ഥര്‍ കൂട്ടമായി കേരളത്തിലെ പദ്ധതികള്‍ വൈകിപ്പിക്കുന്നതാണെന്ന ആരോപണം ശക്തമാണ്. കേരളത്തിന്റെ റയില്‍വേ വികസനപദ്ധതികള്‍ക്ക് വര്‍ഷങ്ങളായി യാതൊരു പരിഗണനയും നല്‍കാതെ മുരടിപ്പിക്കാന്‍ തമിഴ്‌നാട്‌ലോബിയിലെ ഉദ്യോഗസ്ഥര്‍  ശ്രമിക്കുമ്പോഴും നമ്മുടെ മന്ത്രിമാര്‍ ഇതൊന്നുമറിഞ്ഞില്ല എന്നപോലെയാണ് പെരുമാറുന്നത്.

janayugom 150212

1 comment:

  1. കേരളത്തിലെ റയില്‍വേ വികസനപദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നു. ഇതേതുടര്‍ന്ന് കേരളത്തിലെ ഏതാണ്ട് എല്ലാ റയില്‍വേജോലികളും ഇഴഞ്ഞുനീങ്ങുകയോ തുടങ്ങാതിരിക്കുകയോ ആണ്. ഫണ്ടില്ല എന്നതാണ് റയില്‍വേ ഇതിന് കാരണം പറയുന്നതെങ്കിലും ബജറ്റിലുള്‍പ്പെടെ കേരളത്തിനനുവദിച്ച തുകകള്‍ വകമാറ്റി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

    ReplyDelete