"ഈ കത്ത് വായിക്കാനിടയായാല്‍ അതിനര്‍ഥം ഞാന്‍ നിങ്ങളെ വിട്ടുപിരിഞ്ഞെന്നാണ്. വിപ്ലവകാരികളായി വളരുക. അനീതിയോട് പൊരുതുക." ചെ ഗുവേര തന്റെ മക്കള്‍ക്കെഴുതി വച്ച കുറിപ്പിലെ ഈ വരികളിലൂടെ കണ്ണോടിച്ച ശിവശങ്കരന്‍നായര്‍ ഒരു നിമിഷം മൗനിയായി. എവിടെനിന്നോ ഒരു പ്രസരിപ്പ് എണ്‍പതുകാരന്റെ മുഖത്ത് തെളിഞ്ഞു. അതിനു കാരണമുണ്ട്, "ഹസ്താലാ വിക്ടോറിയാ സിയാംപ്രി"(വിജയംവരെ മുന്നോട്ട്) എന്ന മുദ്രാവാക്യം ഹൃദയത്തിലെഴുതിച്ചേര്‍ത്ത ലാറ്റിന്‍ അമേരിക്ക കല്ലറ പാങ്ങോട് ശിവശങ്കരന്‍നായര്‍ക്ക് സ്വന്തംനാട് പോലെ പ്രിയങ്കരമാണ്. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തിലെ "ചെറുത്തുനില്‍പ്പിന്റെ പാഠങ്ങള്‍" എന്ന ലാറ്റിന്‍ അമേരിക്കന്‍ വിഭാഗമാണ് ശിവശങ്കരന്‍നായരെ ആകര്‍ഷിച്ചത്. ആദ്യ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് വിശദീകരിക്കാന്‍ പുത്തരിക്കണ്ടത്ത് കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത ഓര്‍മകളും അദ്ദേഹം പങ്കുവച്ചു.
"ചെറുത്തുനില്‍പ്പിന്റെ പാഠങ്ങള്‍" എന്ന പ്രദര്‍ശനം ഒരു നാടിന്റെ സമഗ്രമായ ചിത്രീകരണമാണ്. ആദിമസംസ്കാരങ്ങളുടെ വിളനിലവും ധാതുസമ്പത്തിന്റെ കലവറയുമായ ഭൂഖണ്ഡത്തിന്റെ ജനകീയപോരാട്ടത്തിലേക്ക് പ്രദര്‍ശനം ചുരുള്‍നിവര്‍ക്കുന്നു. പൂര്‍വകൊളംബിയന്‍ , മെസോ അമേരിക്കന്‍ , മായന്‍ തുടങ്ങിയ സംസ്കാരങ്ങളുടെ സവിശേഷതകള്‍ അക്കമിട്ടു നിരത്തിയാണ് പ്രദര്‍ശനം തുടങ്ങുന്നത്. ലാറ്റിന്‍ അമേരിക്കന്‍ കാഴ്ചകള്‍ കാണാന്‍ മകന്‍ ആഷിഷിനെയും കൂട്ടിയെത്തിയ കലിയൂര്‍ സ്വദേശി വില്‍സണ്‍ പറഞ്ഞു: "കുട്ടികള്‍ കാണേണ്ട പ്രദര്‍ശനം. ലോകത്തെ അറിഞ്ഞു വളരേണ്ട വിദ്യാര്‍ഥികള്‍ക്ക് നല്ല അവസരമാണിത്". മലപ്പുറം എടപ്പാളില്‍ നിന്നെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മുഹമ്മദ് കുട്ടി പറയുന്നു:
"വികസനത്തിന് എല്ലാ സാധ്യതയും ഉണ്ടായിരുന്ന നാട്. പാശ്ചാത്യര്‍ അത് കൊള്ളയടിച്ചു. പക്ഷേ, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് അമേരിക്കയുടെ മൂക്കിന് താഴെ അവര്‍ ഉണര്‍ന്നെണീറ്റു. അത്ഭുതപ്പെടുത്തുന്നതാണ് ലാറ്റിന്‍ അമേരിക്കയുടെ ചരിത്രം." 1532ല്‍ ഇന്‍കാ സംസ്കാരത്തെ നാമാവശേഷമാക്കിയ ഫ്രാന്‍സിസ്കോ പിതാറോയുടെ നേതൃത്വത്തിലുള്ള സ്പാനിഷ് ആക്രമണ സംഘം 20 ദശലക്ഷം സ്വര്‍ണമാണ് കൊള്ളയടിച്ചതെന്ന് പ്രദര്‍ശനക്കുറിപ്പ് പറയുന്നു. പോരാട്ടങ്ങളുടെ വര്‍ഷങ്ങളിലേക്ക് പിടഞ്ഞെണീക്കുന്ന ലാറ്റിന്‍ അമേരിക്കയാണ് പിന്നീട് നാം കാണുന്നത്. ലോകവിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് ഇന്നും പ്രചോദനമായ വെനസ്വേലയുടെ പോരാളി സൈമണ്‍ ബൊളിവറും "സമരം എന്നതിനേക്കാള്‍ മനോഹരമായ മറ്റൊരു വാക്കില്ല" എന്നു പറഞ്ഞ ക്യൂബന്‍ വിപ്ലവകാരി ഹോസെ മാര്‍ടിയും തിളങ്ങുന്ന ചിത്രങ്ങള്‍ . 1910 മുതല്‍ 1921 വരെ തുടര്‍ന്ന മെക്സിക്കന്‍ ജനകീയസമരം റഷ്യന്‍ , ചൈനീസ് വിപ്ലവങ്ങള്‍ക്കുപോലും വിത്തിട്ടു. യാക്കോബോ അര്‍ബന്‍സിന്റെയും ഫ്രാന്‍സിസ്കോ അറാനയുടെയും നേതൃത്വത്തില്‍ ഗ്വാട്ടിമാല ഉണരുന്നതിന്റ കാഴ്ചയാണ് തുടര്‍ന്ന്. കാര്‍ലോസ് ഫോണ്‍സേക എന്ന വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ സമരതീവ്രമാവുന്ന നിക്കരാഗ്വ, സാല്‍വദോര്‍ അലന്ദെയുടെ ചിലി തുടങ്ങി അവസാനമില്ലാത്ത പോരാട്ടങ്ങളിലൂടെ പ്രദര്‍ശനം സഞ്ചരിക്കുന്നു.
വിക്ടര്‍ യാറയുടെയും നെരൂദയുടെയും കവിതകള്‍ പിന്നിടുമ്പോള്‍ ചെഗുവേരയുടെയും കാസ്ട്രോയുടെയും പ്രസരിപ്പ് പൊഴിക്കുന്ന മുഖങ്ങള്‍ . ചെയുടെ വരികള്‍ ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല മുഴുവന്‍ ഭൂഖണ്ഡങ്ങളിലും പ്രകാശം പൊഴിക്കുന്നു: "ഫിദല്‍ , സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന് താങ്കള്‍ പറഞ്ഞില്ലേ? നമുക്ക് യാത്ര തിരിക്കാം. അങ്ങ് സ്നേഹിക്കുന്ന ആ പച്ച മുതലയെ സ്വതന്ത്രയാക്കാന്‍ നമുക്ക് മുന്നോട്ടു നീങ്ങാം." തൃശൂര്‍ "സമത"യാണ് ലാറ്റിനമേരിക്കന്‍ വിഭാഗം ഒരുക്കിയത്. പ്രൊഫ. ടി എ ഉഷാകുമാരിയുടെയും പി സലിംരാജിന്റെയുമാണ് സ്ക്രിപ്റ്റ്. ഡിസൈന്‍ ചെയ്തത് അനൂപ് സണ്ണി.
(അഭിജിത്)
ചോര കിനിയും ചരിത്രത്തിന് ചിത്രസാക്ഷ്യം
ചോര തുടിക്കുന്ന ചിത്രങ്ങളിലൂടെ കേരളത്തിന്റെ ചരിത്രത്തിലേക്ക് ഒരു യാത്ര. മനുഷ്യന്‍ മനുഷ്യനെ നായ്ക്കളെപ്പോലെ ആട്ടിയകറ്റിയ കാലത്തുനിന്ന് പന്തിഭോജനത്തിലേക്കും മാറുമറയ്ക്കാനും മേല്‍മുണ്ട് ധരിക്കാനും പോരാടിയ കാലത്തുനിന്ന് തദ്ദേശസ്ഥാപനങ്ങളിലെ 50 ശതമാനം സ്ത്രീ സംവരണത്തിലേക്കുമുള്ള ചരിത്രപ്രയാണത്തിന്റെ ചിത്രസാക്ഷ്യങ്ങള്‍ . സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നേമം പുഷ്പരാജ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം "നമ്മളോര്‍ക്കുക നമ്മളെങ്ങനെ നമ്മളായെന്ന്" കേരളത്തിന്റെ ഇന്നലെകളുടെ ഓര്‍മപ്പെടുത്തലാണ്. യൂണിവേഴ്സിറ്റി കോളേജിന്റെ കിഴക്കേ അറ്റം മുതല്‍ പ്രധാന കവാടം വരെ മതിലിനോട് ചേര്‍ന്നാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ മുന്നേറ്റത്തിനായുള്ള ത്യാഗനിര്‍ഭരമായ ചരിത്രം പുതുതലമുറയിലെത്തിക്കാന്‍ പ്രദര്‍ശനത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീതിക്കും സമത്വത്തിനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള കേരളത്തിന്റെ അവകാശ പോരാട്ടങ്ങളെ ചിത്രങ്ങളിലൂടെ പുനരാനയിക്കുകയാണ് പ്രദര്‍ശനത്തില്‍ . നമ്പൂതിരി, നായര്‍ , ഈഴവന്‍ , പുലയന്‍ എന്നിങ്ങനെയുള്ള ജാതിസ്വത്വങ്ങളില്‍നിന്ന് മനുഷ്യനായി മാറാനുള്ള മലയാളിയുടെ പോരാട്ടങ്ങളുടെ ഭാവനാത്മകചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. 1888ലെ ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും തുടര്‍ന്ന് അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും വൈകുണ്ഠ സ്വാമികളുടെയുമൊക്കെ നേതൃത്വത്തില്‍ നടന്ന നവോത്ഥാനമുന്നേറ്റങ്ങളും പ്രദര്‍ശനത്തില്‍ ഇടംപിടിക്കുന്നു. പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റ് പാര്‍ടി കേരളഘടകത്തിന്റെ പിറവിയും കയ്യൂര്‍ സഖാക്കളുടെ ധീരരക്തസാക്ഷിത്വവും പുന്നപ്ര വയലാര്‍ സമരവുമെല്ലാം പ്രദര്‍ശനത്തിലുണ്ട്. കേരളത്തിന്റെ ചരിത്രത്തിനൊപ്പം വര്‍ത്തമാനകാലത്തെ സാമൂഹ്യപ്രശ്നങ്ങളും ചിത്രങ്ങളില്‍ കടന്നുവരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ അധ്യക്ഷനായി.
(സുമേഷ് കെ ബാലന്‍)
നൊമ്പരമായി വീണ്ടും ആയിഷ
എട്ടുംപൊട്ടും തിരിയാത്ത മുസ്ലിം ബാലികയുടെ വികാരനിര്‍ഭരവും സംഭവബഹുലവുമായ ദുരന്തകഥ-ആയിഷ. വയലാര്‍ രാമവര്‍മയുടെ ഖണ്ഡകാവ്യത്തിലൂടെ കേരള മനഃസാക്ഷിയെ പൊള്ളിച്ച ആയിഷയുടെ കഥ സീന പള്ളിക്കരയുടെ ഉയര്‍ന്ന ശബ്ദത്തില്‍ മാറ്റൊലിക്കൊണ്ടപ്പോള്‍ കേട്ടുനിന്നവരുടെ കണ്ണുനിറഞ്ഞു. സമൂഹത്തിലെ അനാചാരങ്ങള്‍ക്കും ചൂഷണത്തിനുമെതിരെ ശക്തമായ പടവാളായി ആയിഷയെ ജനമനസ്സുകള്‍ ഏറ്റുവാങ്ങി. വെള്ളിയാഴ്ച ഗാന്ധിപാര്‍ക്കില്‍ സിപിഐ എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കഥാപ്രസംഗം അഭൂതപൂര്‍വമായ ജനപ്രവാഹത്താല്‍ ശ്രദ്ധേയമായി. സീനയ്ക്ക് എല്ലാവിധ പിന്തുണയുമേകി ഭര്‍ത്താവ് ഭാഷാജാനും ഒപ്പമുണ്ട്. സീനയുടെ കഥാപ്രസംഗത്തിന് ബുള്‍ബുള്‍ വായിക്കുന്നത് ഭാഷാജാനാണ്. ഹയറുദീന്‍(ഓര്‍ഗന്‍), അനീഫ്(ഹാര്‍മോണിയം), ഉത്തമന്‍(തബല), ബാബു(ട്രിപ്പിള്‍ഡ്രം), സെല്‍വിദാസ്(പിന്നണിഗായിക) എന്നിവര്‍ അകമ്പടിയേകി.
അമേരിക്കയ്ക്ക് രാജ്യത്തെ അടിയറവയ്ക്കുന്ന കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് മണമ്പൂര്‍ ഡി രാധാകൃഷ്ണന്റെ "ആവര്‍ത്തനം". ബ്രിട്ടീഷ്
അധിനിവേശത്തിനെതിരെ സമരം നയിച്ച ധീരനായകരുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഒരായിരം അറിയപ്പെടാത്ത മനുഷ്യരുടെയും ഓര്‍മകളും ആവര്‍ത്തനം പങ്കുവച്ചു. ബംഗാളി എഴുത്തുകാരന്‍ ബിമല്‍ മിത്രയുടെ നോവലാണ് രാധാകൃഷ്ണന്‍ അവതരിപ്പിച്ചത്. ആറ്റിങ്ങല്‍ പ്രേമന്‍(സംവിധാനം), ആലപ്പുഴ സണ്ണി(ഓര്‍ഗന്‍), ആറ്റിങ്ങല്‍ പ്രസന്നന്‍(തബല), കല്ലമ്പലം വിജയപാലന്‍(ട്രിപ്പിള്‍ ഡ്രം), എം എസ് വേണുഗോപാല്‍(ആവിഷ്കാരം), കലാലയം ധനശീലന്‍(സംഗീതം) എന്നിവര്‍ പശ്ചാത്തലമൊരുക്കി.
(സുപ്രിയ സുധാകര്‍)
നാടന്‍പാട്ടും നാട്ടുഭക്ഷണവും: പുത്തരിക്കണ്ടത്തിന് താളക്കൊഴുപ്പ്
നാടന്‍പാട്ടിന്റെ ചേലും നാട്ടുഭക്ഷണത്തിന്റെ സ്വാദും പുത്തരിക്കണ്ടം മൈതാനിയില്‍ ഒന്നുചേര്‍ന്നു. കാര്യവട്ടം ക്യാമ്പസില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ നാടന്‍പാട്ടുമായി ആടിത്തിമിര്‍ത്തപ്പോള്‍ സദസ്സും ചേര്‍ന്നുപാടി. തമിഴ് നാടന്‍പാട്ട് വ്യത്യസ്ത അനുഭവമായി. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര വര്‍ത്തമാന പ്രദര്‍ശനത്തിലെയും ഭക്ഷണമേളയിലെയും തിരക്കിന് ഗവ. മോഡല്‍ സ്കൂളിലെ നിതീഷിന്റെ ചെണ്ടമേളം താളമിട്ടു. മോണോ ആക്ടും മിമിക്രിയും അവതരിപ്പിച്ച് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ കൈയടി നേടി. ശ്രീജിത്തും സംഘവും വയലിന്‍ വായിച്ചു. ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ സംഘനൃത്തവുമായി അരങ്ങത്തെത്തി. സ്കിറ്റ്, സംഗീതപരിപാടി എന്നിവയും കലാസന്ധ്യക്ക് കൊഴുപ്പേകി.
കുട്ടനാടന്‍ , മലബാര്‍ ഭക്ഷണവിഭവങ്ങളുള്ള ഭക്ഷണമേളയിലേക്ക് നൂറുകണക്കിനാളുകള്‍ എത്തുന്നു. വൈകിട്ട് അഞ്ചുമുതല്‍ ഒമ്പതുവരെയാണ് മേള. പുത്തരിക്കണ്ടത്തെ സിനിമാപ്രദര്‍ശനം കാണാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രേമികള്‍ എത്തുന്നു. ഭഗത്സിങ് എന്ന ഹിന്ദിചിത്രമാണ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. ഓള്‍ഗ എന്ന ജര്‍മന്‍ യുവതിയുടെ പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും കഥ പറയുന്ന ഓള്‍ഗ എന്ന ഓസ്കാര്‍ അവാര്‍ഡ് ചിത്രമാണ് ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്നത്. വൈകിട്ട് ആറിനാണ് പ്രദര്‍ശനം.
deshabhimani 040212
ഈ കത്ത് വായിക്കാനിടയായാല്‍ അതിനര്‍ഥം ഞാന്‍ നിങ്ങളെ വിട്ടുപിരിഞ്ഞെന്നാണ്. വിപ്ലവകാരികളായി വളരുക. അനീതിയോട് പൊരുതുക." ചെ ഗുവേര തന്റെ മക്കള്‍ക്കെഴുതി വച്ച കുറിപ്പിലെ ഈ വരികളിലൂടെ കണ്ണോടിച്ച ശിവശങ്കരന്‍നായര്‍ ഒരു നിമിഷം മൗനിയായി. എവിടെനിന്നോ ഒരു പ്രസരിപ്പ് എണ്‍പതുകാരന്റെ മുഖത്ത് തെളിഞ്ഞു. അതിനു കാരണമുണ്ട്, "ഹസ്താലാ വിക്ടോറിയാ സിയാംപ്രി"(വിജയംവരെ മുന്നോട്ട്) എന്ന മുദ്രാവാക്യം ഹൃദയത്തിലെഴുതിച്ചേര്‍ത്ത ലാറ്റിന്‍ അമേരിക്ക കല്ലറ പാങ്ങോട് ശിവശങ്കരന്‍നായര്‍ക്ക് സ്വന്തംനാട് പോലെ പ്രിയങ്കരമാണ്. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തിലെ "ചെറുത്തുനില്‍പ്പിന്റെ പാഠങ്ങള്‍" എന്ന ലാറ്റിന്‍ അമേരിക്കന്‍ വിഭാഗമാണ് ശിവശങ്കരന്‍നായരെ ആകര്‍ഷിച്ചത്. ആദ്യ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് വിശദീകരിക്കാന്‍ പുത്തരിക്കണ്ടത്ത് കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത ഓര്‍മകളും അദ്ദേഹം പങ്കുവച്ചു.
ReplyDelete