Saturday, February 4, 2012

2ജി: ട്രായ് ലേല നടപടി തുടങ്ങി; പൊതു ഖജനാവിന് വന്‍ നേട്ടമാകും

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2ജി സ്പെക്ട്രം വീണ്ടും ലേലംചെയ്ത് ലൈസന്‍സ് അനുവദിക്കാന്‍ ടെലിഫോണ്‍ റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപടി തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ 2008ല്‍ ചട്ടം ലംഘിച്ച് വിതരണം ചെയ്ത 122 ജി സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ ലേലം. ലേലം നടത്തി ലൈസന്‍സ് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയം നാലുമാസമാണ്.

ലേലത്തിനു മുന്നോടിയായി വിവിധ മൊബൈല്‍ -നെറ്റ് കമ്പനികളുടെ ഉടമകളോടും ഓഹരി ഉടമകളോടും ട്രായ് അഭിപ്രായം ആരാഞ്ഞു. ഫെബ്രുവരി അഞ്ചിനുമുമ്പ് തങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 3 ജി ബാന്‍ഡില്‍ മുമ്പ് ചെയ്തതുപോലെ 22 ഏരിയകളില്‍ പുതുതായി ലേലം നടത്തുമെന്ന് ട്രായ് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ സുധീര്‍ഗുപ്ത പറഞ്ഞു.

സുപ്രീംകോടതി കൃത്യമായ സമയപരിധി വച്ചരിക്കുന്നതിനാല്‍ സമയം നീട്ടിക്കൊടുക്കാനാകില്ല. സമയപരിധിക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. സര്‍ക്കിള്‍ മാറുന്നതനുസരിച്ച് സ്പെക്ട്രം വിലയിലും മാറ്റംവരും. സ്പെക്ട്രം ലൈസന്‍സിന് അപേക്ഷിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും ട്രായിയുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൊതു ഖജനാവിന് വന്‍ നേട്ടമാകും

2ജി സ്പെക്ട്രം ലൈസന്‍സ് റദ്ദാക്കിയ സുപ്രീംകോടതി നടപടിയുടെ നേട്ടം പൊതു ഖജനാവിന്. ലേലം വഴി 2ജി ലൈസന്‍സ് നല്‍കുമ്പോള്‍ ലക്ഷക്കണക്കിന് കോടി രൂപയാണ് ഖജനാവിലേക്ക് വരിക. മൂന്നു മാസത്തിനുള്ളില്‍ "ട്രായ്" ലേലം നടത്തി സ്പെക്ട്രം ലൈസന്‍സ് വിതരണം നടത്തണം. ലേലത്തിനുള്ള നടപടി ട്രായ് തുടങ്ങി കഴിഞ്ഞു. തന്നിഷ്ടപ്രകാരം ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന പരിഗണനയില്‍ ലൈസന്‍സ് നല്‍കിയതിലൂടെ ചിദംബരവും രാജയും ഖജനാവിനുണ്ടാക്കിയ നഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല. 2008നുമുമ്പും ശേഷവും നടന്ന സ്പെക്ട്രം വില്‍പ്പനയുടെ നിലവാരം അനുസരിച്ച് സിഎജി കണക്കാക്കിയ നഷ്ടം 1.76 ലക്ഷം കോടി രൂപയാണ്. നടക്കാനിരിക്കുന്ന ലേലത്തിലൂടെ സിഎജി കണക്കാക്കിയതിനേക്കാള്‍ പതിന്മടങ്ങ് തുക കിട്ടിയേക്കാമെന്നാണ് സാമ്പത്തികവിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ സാമ്പത്തികമേഖലയ്ക്ക് തന്നെ ഉണര്‍വുനല്‍കും ഇത്.

2008ല്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പത്തികമേഖലയ്ക്ക് 2010 ലെ 3 ജി സ്പെക്ട്രം ലേലം കൈത്താങ്ങായി. 2011-12ല്‍ സ്പെക്ട്രം ലേലം വഴി 13,000 കോടി രൂപ വരുമാനം പ്രതീക്ഷിച്ചെങ്കിലും 2 ജി അഴിമതി ഉയര്‍ത്തിയ അന്തരീക്ഷവും ടെലികോംവകുപ്പിന്റെ അമിതഭയവും മൂലം അത്രയും കിട്ടിയില്ല. ടെലിനോര്‍ , സിസ്റ്റമ പോലുള്ള കമ്പനികള്‍ വന്‍മുതല്‍മുടക്ക് നടത്തിക്കഴിഞ്ഞ സാഹചര്യത്തിലാണ് ലൈസന്‍സ് റദ്ദായത്. എങ്ങനെയും ലൈസന്‍സ് തുടരാനുള്ള ശ്രമം അവര്‍ നടത്തും. ഇത് ലേലത്തുക പരമാവധി വര്‍ധിപ്പിക്കുമെന്ന് മാര്‍ക്കറ്റിങ് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

അതേസമയം, മൊബൈല്‍ കമ്പനികള്‍ക്ക് വന്‍തോതില്‍ വായ്പ നല്‍കിയ ബാങ്കുകളെ സുപ്രീംകോടതി വിധി എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ പരിശോധന തുടങ്ങി. മൊബൈല്‍ക്കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് എസ്ബിഐ ആണ്. തങ്ങള്‍ 4500 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ടെങ്കിലും ആവശ്യമായ ഈട് വാങ്ങിയിട്ടുണ്ടെന്നും വരാനിരിക്കുന്ന ലേലത്തില്‍ ഈ കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ ഏത് വിധം ബാധിക്കുമെന്ന് പറയാനാകില്ലെന്ന് സിഎംഡി സന്തോഷ്നായര്‍ പറയുന്നു. വിവിധ ബാങ്കുകള്‍ 15,000 കോടി രൂപ വ്യത്യസ്ത മൊബൈല്‍ കമ്പനികള്‍ക്കായി നല്‍കിയിട്ടുണ്ട്. ലേലം നടന്ന ശേഷം ലൈസന്‍സ് കിട്ടാത്ത കമ്പനികളുടെ എണ്ണം അറിഞ്ഞാല്‍ മാത്രമേ ബാങ്കുകളെ ഏതുവിധം ബാധിക്കുമെന്ന് അന്തിമമായി പറയാന്‍ കഴിയു.

ഇതും വായിക്കാം....:)

സാമ്പത്തികവളര്‍ച്ച കുറയും: പ്രധാനമന്ത്രി

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷിച്ചത്രയുണ്ടാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം വളര്‍ച്ച 8.4 ശതമാനമായിരുന്നെങ്കില്‍ ഈ വര്‍ഷം അത് ഏഴിനും 7.5നും ഇടയിലാകും. ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിസന്ധി തരണംചെയ്യാനുള്ള ശേഷി രാജ്യം നേടിയിട്ടുണ്ട്. കാര്‍ഷികവളര്‍ച്ച കഴിഞ്ഞവര്‍ഷം 6.6 ശതമാനമായി ഉയര്‍ന്നത് സംസ്ഥാനങ്ങളുടെ ജാഗ്രതകൊണ്ടാണ്. സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്നം അടിസ്ഥാന വികസനത്തിന്റേതാണ്. പാലങ്ങളും റോഡുകളും നഗരങ്ങളില്‍ ഫ്ളൈഓവറുകളുമടക്കം കൂടുതല്‍ വികസനം നടപ്പാക്കേണ്ടതുണ്ട്. ദേശീയ വികസന നയമനുസരിച്ച് ഇതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. കോള്‍ഡ് സ്റ്റോറേജ്, പാണ്ടികശാലകള്‍ തുടങ്ങി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയും ഒട്ടേറെ നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

അഴിമതി തുടച്ചുനീക്കാനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. വിസില്‍ബ്ലോവേഴ്സ്ബില്ലും മറ്റും പാര്‍ലമെന്റ് പാസാക്കി. 40 കോടി വീടുകളെക്കൂടി ആധാറിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു വ്യാഴവട്ടത്തിനിടയില്‍ ജിഡിപിയില്‍ 25 ശതമാനം വര്‍ധനയും ഒരു കോടി തൊഴിലവസരം സൃഷ്ടിക്കലുമാണ് ലക്ഷ്യം. 2018 ആകുന്നതോടെ 26 കോടി വിദഗ്ധതൊഴിലാളികള്‍ ആവശ്യമായി വരും. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് അടിസ്ഥാന മേഖലകളില്‍ പദ്ധതികള്‍ ആസൂത്രണംചെയ്യണമെന്നും ഇതിന് ചീഫ് സെക്രട്ടറിമാര്‍ മുന്‍കൈയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

deshabhimani 040212

1 comment:

  1. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2ജി സ്പെക്ട്രം വീണ്ടും ലേലംചെയ്ത് ലൈസന്‍സ് അനുവദിക്കാന്‍ ടെലിഫോണ്‍ റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപടി തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ 2008ല്‍ ചട്ടം ലംഘിച്ച് വിതരണം ചെയ്ത 122 ജി സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ ലേലം. ലേലം നടത്തി ലൈസന്‍സ് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയം നാലുമാസമാണ്.

    ReplyDelete