Friday, February 10, 2012

"മറനീക്കിയത് ബിജെപിയുടെ ജീര്‍ണമുഖം"

സദാചാര പൊലീസ് ചമയുന്ന ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ യഥാര്‍ഥമുഖമാണ് കര്‍ണാടക നിയമസഭയില്‍ വെളിപ്പെട്ടതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കര്‍ണാടക മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വി ജെ കെ നായര്‍ പറഞ്ഞു. രാഷ്ട്രീയധാര്‍മികതയെയും സദാചാരത്തെയുംപറ്റി ബിജെപിക്ക് ഇനി മിണ്ടാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ അശ്ലീലചിത്രം കണ്ട മന്ത്രിമാരായ ലക്ഷ്മണ്‍ സവാദി, സി സി പാട്ടീല്‍ , കൃഷ്ണ ജെ പാലേമര്‍ എന്നിവര്‍ രാജിവച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു വി ജെ കെ. ബിജെപിയുടെ രാഷ്ട്രീയം എത്രമാത്രം മലീമസമാണെന്നതിന്റെ തെളിവാണ് ഈ സംഭവം. നിയമസഭക്ക് ഇത്രമാത്രം ഗുരുതരമായ അനാദരവും അപമാനവുമുണ്ടാക്കിയവരെ ബിജെപി ഇനിയും പുറത്താക്കിയിട്ടില്ല. ബിജെപിയും മന്ത്രിമാരും ജനാധിപത്യത്തിന് നാണക്കേടാണ്. ലൈംഗികാപവാദങ്ങളും ജീര്‍ണതയും ഈ കക്ഷിയുടെ മുഖമുദ്രയാണ്. ഇക്കാര്യത്തില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും വ്യത്യാസമില്ല. പേരില്‍ രണ്ടുപാര്‍ടികളാണെങ്കിലും ഒരേ തൂവല്‍ പക്ഷികള്‍ . ഇവരുടെ സംസ്കാരം അത്രത്തോളം അധഃപതിച്ചതാണ്.

ഇത് കര്‍ണാടകത്തില്‍ മറനീക്കി പുറത്തുവരുന്നത് ആദ്യമല്ല. മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. എക്സൈസ് മന്ത്രി എം പി രേണുകാചാര്യയും ഭക്ഷ്യമന്ത്രി ഹാലപ്പയും രാജിവെക്കേണ്ടവന്നത് സ്ത്രീപീഡനകേസിലാണ്. വനിത-ശിശു ക്ഷേമ മന്ത്രിയായിരുന്നു ഇപ്പോള്‍ നീലച്ചിത്രം കണ്ട് രാജിവച്ച സി സി പാട്ടീല്‍ . എന്ത് സ്ത്രീക്ഷേമമാണ് നടത്തിയിരുന്നതെന്ന് മനസിലായില്ലേ. ഭൂമാഫിയയുടെ ദല്ലാളായി ഭരിക്കുക, ഖനികുത്തകകളുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യം സംരക്ഷിക്കുക, അങ്ങനെ പണം സമ്പാദിക്കുക. അധികാരവും അഴിമതിയും ആഗോളവല്‍ക്കരണവും ചേര്‍ന്നുള്ള അശ്ലീലമാണ് കര്‍ണാടകത്തില്‍ അരങ്ങുതകര്‍ക്കുന്നത്.

ഇതിനെതിരെ ബദല്‍ രാഷ്ട്രീയമുന്നണി ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് സിപിഐ എം. ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ എല്ലാ ഇടപെടലും നടത്തുന്നുണ്ട്. വിലക്കയറ്റവും കര്‍ഷക ആത്മഹത്യയും പട്ടിണിമരണവും പോഷകാഹാരക്കുറവുമെല്ലാം കര്‍ണാടകത്തിലെ പൊള്ളുന്ന ജീവിതവിഷയങ്ങളാണ്. ഇവയെല്ലാമേറ്റെടുത്ത് ബഹുജനപ്രക്ഷോഭത്തിന് പാര്‍ടി മുന്‍കൈയെടുക്കുന്നു. സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് ഉഡുപ്പിയില്‍ സവര്‍ണ ധാര്‍ഷ്ട്യത്തെ വെല്ലുവിളിച്ച് അയിത്തവിരുദ്ധ സമരം സംഘടിപ്പിച്ചത്. നല്ല സാമൂഹ്യശ്രദ്ധയും ജനപിന്തുണയും ഈ സമരത്തിന് ലഭിച്ചു. ഭൂസമരമാണ് മറ്റൊരു പ്രധാന പ്രക്ഷോഭം. മെയ്മാസം ബംഗളൂരുവില്‍ കാല്‍ലക്ഷം കൃഷിക്കാരെ അണിനിരത്തി അനിശ്ചിതകാല കുത്തിയിരുപ്പ് സമരം ആരംഭിക്കും. ദേവദുര്‍ഗിലും റായ്ചൂരിലും പോഷകാഹാരക്കുറവെന്ന പേരില്‍ അറിയപ്പെടുന്ന പ്രശ്നം പട്ടിണിയാണ്. ഈ പ്രശ്നത്തിലും ബഹുജനസമരം ആസൂത്രണം ചെയ്യുകയാണ്. കാര്‍ഷികപ്രതിസന്ധിമൂലം ആത്മഹത്യയിലേക്ക് നീങ്ങിയ ബിജാപ്പുര്‍ , മാണ്ഡ്യ തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷിക്കാരുടെ സമരനിര വളര്‍ത്തിയെടുത്തുവരികയാണെന്നും വി ജെ കെ പറഞ്ഞു.
(പി വി ജീജോ)

കര്‍ണാടക എജിയുടെ രാജി ബിജെപി സമ്മര്‍ദംമൂലം

ബംഗളൂരു: കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ ആര്‍ വി ആചാര്യയുടെ രാജിക്കു കാരണം ബിജെപി ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അപ്രിയനായതാണ് ആചാര്യക്ക് പുറത്തേക്കുള്ള വഴിതുറന്നത്. ജയലളിതയെ പ്രീണിപ്പിക്കാനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിലപാടിന് വിഘാതമായി കേസുമായി മുന്നോട്ടുപോയതാണ് ആചാര്യയെ അനഭിമതനാക്കിയത്. മാസങ്ങളായി ബിജെപി സര്‍ക്കാരില്‍നിന്ന് കടുത്ത സമ്മര്‍ദം നേരിട്ടിരുന്നുവെന്ന് ആചാര്യ രാജിക്കുശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒരേസമയം രണ്ടുപദവി വഹിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ആചാര്യ ജയലളിത കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , ആചാര്യ അഡ്വക്കറ്റ് ജനറല്‍ പദവി രാജിവയ്ക്കുകയായിരുന്നു. ജയലളിത കേസില്‍നിന്ന് തന്നെ ഒഴിവാക്കേണ്ടെന്ന കൃത്യമായ സൂചന ഈ നീക്കത്തിലൂടെ ആചാര്യ സര്‍ക്കാരിന് നല്‍കി.

കര്‍ണാടക ചീഫ് ജസ്റ്റിസിന്റെ ഉത്തരവു പ്രകാരമാണ് ആചാര്യ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയത്. ജയലളിതയ്ക്കെതിരെയുള്ള കേസ് നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങവെയാണ് ആചാര്യയുടെ രാജിക്കായി ബിജെപി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയത്. ആചാര്യ നിയമപ്രകാരം നീങ്ങിയാല്‍ തങ്ങള്‍ക്കൊപ്പം വരാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലുള്ള ജയലളിത ശിക്ഷിക്കപ്പെടുമോ എന്ന ആശങ്കയാണ് ബിജെപിയുടെ "സമ്മര്‍ദ" കാരണമായി വിലയിരുത്തപ്പെടുന്നത്. ജയലളിത കേസ് കര്‍ണാടകത്തിലേക്ക് മാറ്റിയ സുപ്രീംകോടതിയാണ് മുതിര്‍ന്ന അഭിഭാഷകനായ തന്നെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ നിര്‍ദേശിച്ചതെന്ന് ആചാര്യ മാധ്യമങ്ങളോട് പറഞ്ഞു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വക്കറ്റ് ജനറലായും ഒരേസമയം പ്രവര്‍ത്തിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലാണ് ആചാര്യയുടെ രാജിക്ക് കാരണമെന്ന് മുന്‍ ലോകായുക്ത സന്തോഷ് ഹെഗ്ഡെ പറഞ്ഞു. എഴുപത്തെട്ടുകാരനായ ആചാര്യ 2004 മുതല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ്.

ബിജെപി സര്‍ക്കാര്‍ രാജിവയ്ക്കണം: സിപിഐ എം

ബംഗളൂരു: നിയമസഭാ സമ്മേളനത്തിനിടെ മൊബൈല്‍ഫോണില്‍ നീലച്ചിത്രം കണ്ടെന്ന് മൂന്നു മന്ത്രിമാര്‍ സമ്മതിച്ച സാഹചര്യത്തില്‍ ബിജെപി സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് സിപിഐ എം കര്‍ണാടക സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കളങ്കിതരായ മൂന്നുപേരെയും എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യരാക്കി ക്രിമിനല്‍ -സൈബര്‍ ചട്ടപ്രകാരം കേസെടുക്കണം. സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച സിപിഐ എം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കളങ്കിതരെ രക്ഷിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സ്പീക്കര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഭൂമി, ഖനന അഴിമതികള്‍ക്കു പിന്നാലെ ബിജെപി മന്ത്രിമാര്‍ ലൈംഗിക അരാജകത്വത്തിലേക്ക് നീങ്ങുന്നുവെന്നാണ് തെളിയുന്നത്. രാജിവച്ച മന്ത്രിമാര്‍ക്കു പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ആര്‍എസ്എസ് നിലപാട് വ്യക്തമാക്കണം. അഴിമതിയാരോപണം നേരിടുന്ന ഒരു ഡസനിലേറെ മന്ത്രിമാരെ ബിജെപിയും സംഘപരിവാറും സംരക്ഷിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ അവഗണിക്കുന്ന ബിജെപി സര്‍ക്കാര്‍ എങ്ങനെയും ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. രാഷ്ട്രീയവും ധാര്‍മികവുമായ മൂല്യം നഷ്ടപ്പെടുത്തിയ ബിജെപി സര്‍ക്കാര്‍ രാജിവയ്ക്കണം- നേതാക്കള്‍ ആവശ്യപ്പെട്ടു.

ദക്ഷിണ കാനറയിലെ ഉപ്പിനങ്ങടിയില്‍ പ്രകോപനപ്രസംഗം നടത്തി വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് കല്ലടുക്ക പ്രഭാകറിനെ അറസ്റ്റുചെയ്യണമെന്നും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജി എന്‍ നാഗരാജ്, എസ് വൈ ഗുരുശാന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

deshabhimani 100212

1 comment:

  1. സദാചാര പൊലീസ് ചമയുന്ന ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ യഥാര്‍ഥമുഖമാണ് കര്‍ണാടക നിയമസഭയില്‍ വെളിപ്പെട്ടതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കര്‍ണാടക മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വി ജെ കെ നായര്‍ പറഞ്ഞു.

    ReplyDelete