പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിച്ചു
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉന്നത കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചര്‍ച്ചക്കും മറുപടിക്കും ശേഷം വ്യാഴാഴ്ച വൈകിട്ട് സംസ്ഥാന സമ്മേളനം അംഗീകരിച്ചു. പാര്‍ടിയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ക്രിയാത്മക ചര്‍ച്ചകളാണ് നടന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രതിനിധി സമ്മേളനം സമാപിക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് ഒരുലക്ഷം വനിതകള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷത്തിലേറെപ്പേരും കാല്‍ലക്ഷം ചുവപ്പ് സേനാംഗങ്ങളും അണിനിരക്കുന്ന മഹാറാലിക്ക് വെള്ളിയാഴ്ച വൈകിട്ട് അനന്തപുരി സാക്ഷ്യംവഹിക്കും.
റിപ്പോര്ട്ടിന്മേല് വിവിധ ജില്ലകളെ പ്രതിനിധാനംചെയ്ത് 54 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പൊതുചര്‍ച്ച പൂര്‍ത്തിയായി. തുടര്‍ന്ന് സമ്മേളന സ്റ്റിയറിങ് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേര്‍ന്ന ശേഷം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറുപടി പറഞ്ഞു. തുടര്‍ന്ന് റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിച്ചു. വി പി ജാനകി, കെ വി കുഞ്ഞിരാമന് (കാസര്‍കോട്) പി ബിജു, പുഷ്പലത, വി കെ മധു (തിരുവനന്തപുരം), പി കെ ശ്യാമള, ടി വി രാജേഷ്, എന്‍ ചന്ദ്രന് (കണ്ണൂര്‍), എക്സ് ഏണസ്റ്റ്, ജോര്‍ജ് മാത്യു, ആര് സഹദേവന് (കൊല്ലം), പി കൃഷ്ണപ്രസാദ് (വയനാട്), എം ബി രാജേഷ്, കെ എസ് സലീഖ (പാലക്കാട്), ജലജ ചന്ദ്രന് , പി പി ചിത്തരഞ്ജന് , കെ പ്രസാദ് (ആലപ്പുഴ), പ്രൊഫ. ആര് ബിന്ദു, കെ വി അബ്ദുള്‍ഖാദര്‍ (തൃശൂര്‍), റജി സക്കറിയ, പി കെ ബിജു (കോട്ടയം), എം അനില്‍കുമാര്‍ , എസ് രമേശന് , ഹെന്നി ബേബി (എറണാകുളം), ഓമല്ലൂര്‍ ശങ്കരന് (പത്തനംതിട്ട), കെ കെ ലതിക (കോഴിക്കോട്), വി പി റജീന (മലപ്പുറം), കെ പി മേരി (ഇടുക്കി), ആര് എസ് ബാബു (ദേശാഭിമാനി), കെ സജീവന് (എ കെ ജി സെന്റര്‍) എന്നിവര്‍ ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ചയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
ക്രിയാത്മക ചര്‍ച്ചകളാണ് നടന്നതെന്ന് സമ്മേളന നടപടിവിശദീകരിച്ച് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ കാര്യക്ഷമമായി നടപ്പാക്കുന്നതിന് തുടര്‍ച്ചയായ പരിശോധന വേണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നതായും കോടിയേരി പറഞ്ഞു. സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ജീര്ണതകള്പാര്ടി പ്രവര്‍ത്തകരെയും ബാധിച്ചേക്കാം. ജീര്‍ണതകളില്‍ നിന്നുള്ള പൂര്‍ണമായ മോചനത്തിന് ജാഗ്രതയോടെയുള്ള ഇടപെടലിന് തെറ്റുതിരുത്തല്‍ രേഖ കര്‍ശനമായി പാലിക്കണം. മദ്യപാനം, മാഫിയാ പ്രവര്‍ത്തനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവ സമൂഹത്തില്‍ വര്‍ധിക്കുന്നു. ഇവയ്ക്കെതിരെ തുടര്‍ച്ചയായി ഇടപെടുന്നില്ലെങ്കില്‍ നവോത്ഥാന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ടികളും കെട്ടിപ്പടുത്ത ഉന്നതമായ മതനിരപേക്ഷബോധവും സാംസ്കാരികമൂല്യങ്ങളും തകരും. ഇതു തകരാതെ നോക്കുന്നതിനുള്ള ബാധ്യത സിപിഐ എമ്മിന് ഉണ്ടെന്നും അത് ഏറ്റെടുക്കാന്‍ പാര്‍ടിയെ സജ്ജമാക്കണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
കരുത്താര്‍ജിച്ച് പുതിയ ഉയരങ്ങളിലേക്ക്
കോട്ടയം സമ്മേളനത്തിനു ശേഷമുള്ള നാല് വര്‍ഷത്തെ തീക്ഷ്ണമായ സമരാനുഭവങ്ങളുടെ കരുത്തുമായി അഭിമാനകരമായ വളര്‍ച്ചയുടെ പാതയില്‍ സിപിഐ എം മുന്നേറുന്നതിന്റെ പ്രഖ്യാപനമാണ് തലസ്ഥാനത്തുനിന്നുയരുന്നത്. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളെ ബാധിക്കുന്ന എണ്ണമറ്റ വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് ഭാവിപരിപാടിക്ക് രൂപം നല്കുന്ന പാര്‍ടി സംസ്ഥാനസമ്മേളനം ബഹുജനപങ്കാളിത്തംകൊണ്ട് ചരിത്രമെഴുതിക്കഴിഞ്ഞു. സമ്മേളനത്തിന്റെ അനുബന്ധപരിപാടികള്‍ ആരംഭിച്ചതുമുതല്‍ വിവാദങ്ങളും കെട്ടുകഥകളുമായി രംഗത്തിറങ്ങിയവരെ നിരാശയുടെ പടുകുഴിയില്‍ തള്ളി ജനലക്ഷങ്ങള്‍ സമ്മേളനത്തെ നെഞ്ചേറ്റി. പാര്‍ടി സമ്മേളനത്തിനെതിരെ വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്ക് ഇത്തവണയുമുണ്ടായി. എന്നാല്‍ ഒന്നും ഏശിയില്ല.
സമ്മേളനമാരംഭിച്ച ദിവസം തന്നെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ചോര്‍ന്നതായി അവകാശപ്പെട്ട് "വാര്‍ത്താവിസ്ഫോടനം" നടത്തിയ ചാനലുകള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് മരവിപ്പിച്ചെന്ന പെരുംനുണയുമായാണ് വ്യാഴാഴ്ച പ്രത്യക്ഷപ്പെട്ടത്. സമ്മേളനം ഏകകണ്ഠമായി പ്രവര്‍ത്തനറിപ്പോര്‍ട്ട് അംഗീകരിച്ചത് മറച്ചുവെച്ച് മണിക്കൂറുകളോളം ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. കെട്ടുകഥകള്‍ ഒന്നൊന്നായി പൊളിഞ്ഞിട്ടും ഒട്ടും നാണമില്ലാതെ സിപിഐ എം വിരുദ്ധമാധ്യമങ്ങള്‍ നുണക്കോട്ടകെട്ടാന് മത്സരിക്കുകയായിരുന്നു.
നാലുവര്‍ഷത്തിനിടെ ബഹുജനസ്വാധീനവും സ്വീകാര്യതയും കെട്ടുറപ്പും സംഘടനാശേഷിയും കൂടുതല്‍ വര്‍ധിക്കുകയും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്ടിയോടുണ്ടായിരുന്ന അകല്‍ച്ച അവസാനിക്കുകയുംചെയ്ത പശ്ചാത്തലത്തിലാണ് തിരുവനന്തപുരം സമ്മേളനം. മുന്സമ്മേളനകാലങ്ങളില് കെട്ടഴിച്ചുവിട്ട കള്ളക്കഥകള്‍ക്ക് ഇത്തവണ സാധ്യതയില്ലെന്നു കണ്ടവര്‍ മതവികാരം മുതലെടുക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍ , സമ്മേളനത്തിന്റെ അനുബന്ധപരിപാടികളില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ അലിഞ്ഞില്ലാതായി. മതവികാരമുണര്‍ത്തി പാര്‍ടിയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചവര്‍ക്ക് മതമേലധ്യക്ഷര്‍തന്നെ മറുപടി നല്കി. യേശുവിന്റെ ചിത്രം ചരിത്രപ്രദര്‍ശനത്തില്‍ വച്ചതിനെച്ചൊല്ലി കോലാഹലമുയര്ത്തിയവരെ, യേശുവിനെ വിപ്ലവകാരിയായി വിശേഷിപ്പിച്ചതില്‍ അഭിമാനംകൊള്ളുകയാണ് വേണ്ടതെന്ന് വൈദികശ്രേഷ്ഠര്‍ ഓര്‍മപ്പെടുത്തി. സമ്മേളനത്തിന്റെ സര്‍വതലസ്പര്‍ശിയായ അംഗീകാരം സിപിഐ എം വിരുദ്ധശക്തികളെ പ്രകോപിപ്പിച്ചതിന്റെ സൂചനയാണ് മതസ്പര്‍ധ ഇളക്കിവിടാനുള്ള ഗൂഢനീക്കം.
ചിത്രവധം ഏശാതായപ്പോള്‍ പുതിയ കഥകളായി. പ്രവര്‍ത്തനറിപ്പോര്‍ട്ട് ചോര്‍ന്നെന്ന കള്ളവുമായി ഒരു ചാനല്‍ സമ്മേളനത്തിന്റെ ആദ്യനാള്‍ രംഗത്തിറങ്ങി. സ്തോഭജനകമെന്നു ധ്വനിപ്പിച്ച വാര്‍ത്തയ്ക്കു പിന്നാലെ പ്രവര്‍ത്തനറിപ്പോര്‍ട്ടിനെക്കുറിച്ചുള്ള കഥകള്‍ മറ്റ് മാധ്യമങ്ങളും ഏറ്റുപിടിച്ചു. ഈ "ബ്രേക്കിങ്" വാര്‍ത്തയ്ക്ക് 24 മണിക്കൂര്‍പോലും ആയുസ്സുണ്ടായില്ല. പൊളിറ്റ് ബ്യൂറോയും കേന്ദ്ര-സംസ്ഥാന കമ്മിറ്റികളും അംഗീകരിച്ച് നേരത്തേ പ്രസിദ്ധീകരിച്ച പ്രമേയങ്ങളും രേഖകളുമാണ് പ്രവര്ത്തനറിപ്പോര്ട്ടായി ചിത്രീകരിച്ചത്. പിബി അംഗം കോടിയേരി ബാലകൃഷ്ണന് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചതോടെ അവര്‍ പുതിയ വിവാദങ്ങളുടെ പണിപ്പുരയിലേക്ക് നീങ്ങി.
സംസ്ഥാനം അഭിമുഖീകരിക്കുന്ന നിര്‍ണായകമായ ഒട്ടേറെ വിഷയം സമ്മേളനം ചര്‍ച്ചചെയ്തു. പുത്തന്‍പണക്കാര്‍ ഭൂപ്രഭുത്വത്തെ ഓര്‍മിപ്പിക്കുംവിധം സാമൂഹ്യഘടന നിയന്ത്രിക്കുന്നതും തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായി കേരളം മാറുന്നതും അസംഘടിതമേഖലയിലെ ചൂഷണവും കോര്‍പറേറ്റുകള്‍ ഭൂമി കൈയടക്കുന്നതും മദ്യപാനവും മാഫിയാപ്രവര്‍ത്തനവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും അന്ധവിശ്വാസവും അനാചാരവും സമൂഹത്തെ കീഴ്പ്പെടുത്തുന്ന അവസ്ഥയുമൊക്കെ ചര്‍ച്ചാവിഷയമായി. എന്നാല്‍ , മാധ്യമങ്ങള്‍ ഇതെല്ലാം തമസ്കരിച്ച് വ്യാജവാര്‍ത്താ നിര്‍മിതിയില്‍ മുഴുകി. വ്യാഴാഴ്ചത്തെ വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രതിനിധികള്‍ വ്യാജസൃഷ്ടികള്‍ക്ക് ആധികാരികത തേടി എത്തി. മാധ്യമങ്ങളില്‍ വന്നതൊന്നും സമ്മേളനത്തിലെ കാര്യങ്ങളല്ലെന്ന് വ്യക്തമാക്കിയ കോടിയേരി അവ മാധ്യമങ്ങളുടെ അഭിപ്രായമായി വേണമെങ്കില്‍ പരിഗണിക്കാമെന്ന് പരിഹസിക്കുകയുംചെയ്തു.
(കെ എം മോഹന്‍ദാസ്)
സമ്മേളനത്തില്‍ നടന്നതല്ല മാധ്യമങ്ങള്‍ പറഞ്ഞത്: കോടിയേരി
സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും വിമര്ശങ്ങളുമൊന്നും പാര്‍ടി സമ്മേളനത്തില്‍ നടന്നതല്ലെന്ന് സമ്മേളനനടപടികള്‍ വിശദീകരിച്ച് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ടിയില്‍ എല്ലാവരും വിമര്‍ശത്തിനു വിധേയമാണ്. മറ്റു പാര്‍ടികളെപ്പോലെ ഏതെങ്കിലും ഒരാള്‍ വിമര്‍ശത്തിന് അതീതമല്ല. വിമര്ശമുണ്ടായാല് അത് പരിശോധിച്ച് മുന്നോട്ടുപോകും. കോണ്‍ഗ്രസില്‍ സോണിയാഗാന്ധിയെയും ലീഗില്‍ പാണക്കാട് തങ്ങളെയും മാണി കേരള കോണ്‍ഗ്രസില്‍ മാണിയെയും ആര്‍ക്കും വിമര്‍ശിക്കാന്‍ അധികാരമില്ല. അതുപോലെയല്ല സിപിഐ എം. വ്യക്തിപരമായി ഓരോരുത്തരും ചര്‍ച്ചയ്ക്ക് മറുപടി പറയുന്ന രീതി പാര്‍ടിയില്‍ ഇല്ലെന്ന് വിമര്‍ശത്തിന് വി എസ് മറുപടി പറയുമോ എന്ന ചോദ്യത്തിനു മറുപടിയായി കോടിയേരി വ്യക്തമാക്കി.
സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്ന 15 പേരുണ്ടെങ്കില്‍ അവരെല്ലാം മറുപടി പറയുന്നതല്ല പാര്‍ടി രീതി. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്ന് വിമര്‍ശം പരിശോധിച്ച് സെക്രട്ടറി മറുപടി പറയും. വി എസിനെതിരെ ആരോപണങ്ങള്‍ എന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ല. ഏതെങ്കിലും ഒരാളെ കുറ്റവിചാരണ നടത്തി മാറ്റി നിര്‍ത്തുന്നത് പാര്‍ടി രീതിയല്ല. അത് വെള്ളിയാഴ്ച സമ്മേളനം കഴിയുന്നതോടെ വ്യക്തമാകുമെന്നും കോടിയേരി പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും മീഡിയാ കമ്മിറ്റി ചെയര്മാന് എസ് ആര് ശക്തിധരനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 100212
സമ്മേളനമാരംഭിച്ച ദിവസം തന്നെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ചോര്‍ന്നതായി അവകാശപ്പെട്ട് "വാര്‍ത്താവിസ്ഫോടനം" നടത്തിയ ചാനലുകള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് മരവിപ്പിച്ചെന്ന പെരുംനുണയുമായാണ് വ്യാഴാഴ്ച പ്രത്യക്ഷപ്പെട്ടത്. സമ്മേളനം ഏകകണ്ഠമായി പ്രവര്‍ത്തനറിപ്പോര്‍ട്ട് അംഗീകരിച്ചത് മറച്ചുവെച്ച് മണിക്കൂറുകളോളം ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. കെട്ടുകഥകള്‍ ഒന്നൊന്നായി പൊളിഞ്ഞിട്ടും ഒട്ടും നാണമില്ലാതെ സിപിഐ എം വിരുദ്ധമാധ്യമങ്ങള്‍ നുണക്കോട്ടകെട്ടാന് മത്സരിക്കുകയായിരുന്നു.
ReplyDelete