Sunday, February 19, 2012

ബിമന്‍ ബസു വീണ്ടും സിപിഐ എം ബംഗാള്‍ സെക്രട്ടറി

സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി ബിമന്‍ ബസുവിനെ വീണ്ടും തെരഞ്ഞെടുത്തു. 83 അംഗ സംസ്ഥാനകമ്മിറ്റിയില്‍ 75 പേരെ സമ്മേളനം തെരഞ്ഞെടുത്തു. മറ്റുള്ളവരെ പിന്നീട് തീരുമാനിക്കും. സംസ്ഥാനകമ്മിറ്റിയില്‍ 22 പുതുമുഖങ്ങളും 12 വനിതകളുമുണ്ടാകും. 14 പുതുമുഖങ്ങളെയും 11 വനിതകളെയും സമ്മേളനം തെരഞ്ഞെടുത്തു. ഒഴിവുകള്‍ പിന്നീട് നികത്തും. മുന്‍ കമ്മിറ്റിയില്‍നിന്ന് 21 പേര്‍ ഒഴിവായി. കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനായി കാന്തി ബിശ്വാസിനെ തെരഞ്ഞെടുത്തു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെ തെരഞ്ഞെടുത്തു. ജനറല്‍ സെകട്ടറി പ്രകാശ് കാരാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് ബിമന്‍ ബസുവിനെ തെരഞ്ഞെടുത്തത്. പ്രതിനിധിസമ്മേളനത്തിന് സമാപനംകുറിച്ച് പ്രകാശ് കാരാട്ട്, ബിമന്‍ ബസു, വിനയ് കോനാര്‍ എന്നിവര്‍ സംസാരിച്ചു.

2006ല്‍ അനില്‍ ബിശ്വാസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ബിമന്‍ ആദ്യം സംസ്ഥാന സെക്രട്ടറിയായത്. 2008ല്‍ നടന്ന സംസ്ഥാന സമ്മേളനം വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1940 ജൂലൈ ഒന്നിന് കൊല്‍ക്കത്തയിലെ സമ്പന്ന കുടുംബത്തില്‍ പിറന്ന ബിമന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. 1970ല്‍ എസ്എഫ്ഐ രൂപീകരിച്ചപ്പോള്‍ ആദ്യ ജനറല്‍ സെക്രട്ടറിയായി. "71ല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും 78ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായി. "83ല്‍ കേന്ദ്രകമ്മിറ്റിയില്‍ ക്ഷണിതാവായി. 85ല്‍ കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം "98ല്‍ പൊളിറ്റ്ബ്യൂറോ അംഗമായി.
(വി ജയിന്‍)

അടിച്ചമര്‍ത്തല്‍ ചെറുക്കും; ജനകീയ പോരാട്ടം ശക്തമാക്കും

അക്രമത്തിനും അടിച്ചമര്‍ത്തലിനും മുമ്പില്‍ മുട്ടുമടക്കില്ലെന്നും ജനകീയപോരാട്ടം ശക്തമാക്കുമെന്നുമുള്ള പ്രഖ്യാപനത്തോടെ സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു. തൊഴിലാളികളും കൃഷിക്കാരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും ഏതു പ്രതിസന്ധിയിലും അവരോടൊപ്പം നിലയുറപ്പിക്കാനും എല്ലാ പാര്‍ടി ഘടകങ്ങളോടും സമ്മേളനം ആഹ്വാനംചെയ്തു. പാര്‍ടി വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാനും വ്യാപിപ്പിക്കാനുമുള്ള നിര്‍ദേശങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. പോരായ്മകള്‍ പരിഹരിച്ച് സിപിഐ എം ജനങ്ങള്‍ക്കുവേണ്ടി ശക്തമായി പോരാടും.

മൂന്നര പതിറ്റാണ്ടായി സംസ്ഥാന ഭരണം നയിച്ച പാര്‍ടി ഇപ്പോള്‍ പ്രതിപക്ഷത്താണ്. മാറിയ പ്രത്യേക പരിതസ്ഥിതിയില്‍ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി സഭയ്ക്കകത്തും പുറത്തും ജനകീയ പ്രശ്നങ്ങളുന്നയിച്ച് പോരാടുമെന്ന് 23-ാം സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു. പ്രതിനിധി സമ്മേളനം ശനിയാഴ്ച സമാപിച്ചു.

പുതിയ സംസ്ഥാന കമ്മിറ്റിയെയും 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയില്‍ 64 പേര്‍ പങ്കെടുത്തു. പാര്‍ടി നേരിടുന്ന അക്രമങ്ങളും പ്രവര്‍ത്തന അനുഭവങ്ങളും പ്രതിനിധികള്‍ പങ്കുവച്ചു. ചര്‍ച്ചയ്ക്ക് പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു മറുപടി പറഞ്ഞു.

സംഘടനാ രംഗത്തുണ്ടായ പോരായ്മകള്‍ തിരുത്തി പാര്‍ടി മുന്നോട്ടു പോകുമെന്ന് ബിമന്‍ ബസു പറഞ്ഞു. 1977ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പാര്‍ടിയിലെത്തിയവരാണ് അംഗങ്ങളില്‍ 96 ശതമാനവും. പാര്‍ടി വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും ഏതു സഹാചര്യവും നേരിടാനുമുള്ള നടപടി കൈക്കൊള്ളും. പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിനും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുമായി സമ്മേളനം പത്തിന പരിപാടി അംഗീകരിച്ചു. വിവിധ വിഷയങ്ങളില്‍ 24 പ്രമേയം പാസാക്കി. ഞായറാഴ്ച കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ ലക്ഷങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.
(ഗോപി)

വര്‍ഗസമരം വളര്‍ത്തണം: ബുദ്ധദേവ്

പശ്ചിമബംഗാളില്‍ ജനകീയ പ്രസ്ഥാനമാക്കി സിപിഐ എമ്മിനെ വളര്‍ത്താന്‍ ഉദാരവല്‍ക്കരണ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം വളര്‍ത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ പാര്‍ടി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. ബംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനവിശ്വാസം വീണ്ടെടുക്കാന്‍ ജനകീയപ്രക്ഷോഭങ്ങളും വര്‍ഗസമരവും വളര്‍ത്തിയെടുക്കണം. ശക്തമായ സംഘടനാപ്രവര്‍ത്തനത്തിലൂടെ പാര്‍ടിയുടെ കരുത്ത് വീണ്ടെടുക്കാനാകും. ബംഗാളില്‍ 67 ശതമാനവും പാവപ്പെട്ട തൊഴിലാളികളാണ്. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ , കര്‍ഷകത്തൊഴിലാളികള്‍ , നഗരങ്ങളിലെ പാവപ്പെട്ടവര്‍ , ചേരിനിവാസികള്‍ , ഭവനരഹിതര്‍ എന്നിവരാണ് സിപിഐ എം പ്രതിനിധാനംചെയ്യുന്ന യഥാര്‍ഥ വര്‍ഗം. രക്തപതാകയ്ക്കു കീഴില്‍ ഈ ജനവിഭാഗങ്ങളെയാകെ അണിനിരത്തുക എന്നതാകണം അടിയന്തര കടമ.
സിംഗൂരിലും നന്ദിഗ്രാമിലും ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഉണ്ടായ വികാരം പാര്‍ടിയെ ബാധിച്ചിട്ടുണ്ട്. ഇതിനര്‍ഥം സര്‍ക്കാര്‍ 1994ല്‍ രൂപപ്പെടുത്തിയ വ്യവസായനയം തെറ്റായിരുന്നുവെന്നല്ല. നവ ഉദാരആശയങ്ങള്‍ക്കെതിരെ സമരം നടത്തുന്നതിനൊപ്പം വ്യവസായവല്‍ക്കരണത്തിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും പാര്‍ടി തീരുമാനിച്ചിരുന്നു. വ്യവസായവല്‍ക്കരണത്തിന് ആയിരക്കണക്കിന് ഏക്കര്‍ സിംഗൂരിനു മുമ്പും ഏറ്റെടുത്തിട്ടുണ്ട്. നന്ദിഗ്രാം സംഭവത്തിനുശേഷം 6000 ഏക്കര്‍ വ്യവസായത്തിനായി ഏറ്റെടുത്തു. സിംഗൂരില്‍ വലിയൊരുവിഭാഗം ഭൂമി ഏറ്റെടുക്കുന്നതിന് അനുകൂലമായിരുന്നു. നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കില്ലെന്ന് ഗവണ്‍മെന്റ് വ്യക്തമായി അറിയിച്ചിട്ടും മാവോയിസ്റ്റുകളും പ്രതിപക്ഷവും തെറ്റായ പ്രചാരണം നടത്തി കലാപം സംഘടിപ്പിച്ചു.

ആന്ധ്രപ്രദേശ്, മഹാരാഷ്ട്രസര്‍ക്കാരുകളെപ്പോലെ ഇടതുമുന്നണി സര്‍ക്കാര്‍ ഒരിക്കലും നവഉദാര നയങ്ങളുടെ വക്താവായില്ല. പകരം ജനക്ഷേമവും വികസനവും ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചു. വികസനം വര്‍ഗസമരത്തിനു പകരമാകില്ല. എന്നാല്‍ , വര്‍ഗസമരത്തിന് സഹായകമാകുംവിധം വികസനം നടത്തേണ്ടതുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ പലയിടത്തും പാര്‍ടി കടുത്ത ആക്രമണം നേരിടുന്നതിനാല്‍ കരുതലോടെ മുന്നോട്ടുപോകണമെന്ന് ബുദ്ധദേവ് പറഞ്ഞു.

deshabhimani 190212

1 comment:

  1. സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി ബിമന്‍ ബസുവിനെ വീണ്ടും തെരഞ്ഞെടുത്തു. 83 അംഗ സംസ്ഥാനകമ്മിറ്റിയില്‍ 75 പേരെ സമ്മേളനം തെരഞ്ഞെടുത്തു. മറ്റുള്ളവരെ പിന്നീട് തീരുമാനിക്കും. സംസ്ഥാനകമ്മിറ്റിയില്‍ 22 പുതുമുഖങ്ങളും 12 വനിതകളുമുണ്ടാകും. 14 പുതുമുഖങ്ങളെയും 11 വനിതകളെയും സമ്മേളനം തെരഞ്ഞെടുത്തു. ഒഴിവുകള്‍ പിന്നീട് നികത്തും. മുന്‍ കമ്മിറ്റിയില്‍നിന്ന് 21 പേര്‍ ഒഴിവായി. കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനായി കാന്തി ബിശ്വാസിനെ തെരഞ്ഞെടുത്തു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെ തെരഞ്ഞെടുത്തു. ജനറല്‍ സെകട്ടറി പ്രകാശ് കാരാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് ബിമന്‍ ബസുവിനെ തെരഞ്ഞെടുത്തത്. പ്രതിനിധിസമ്മേളനത്തിന് സമാപനംകുറിച്ച് പ്രകാശ് കാരാട്ട്, ബിമന്‍ ബസു, വിനയ് കോനാര്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete