Sunday, February 19, 2012

കൂട്ടായ്മയുടെ ശക്തിയായി വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഗമം

കോഴിക്കോട്: സമൂഹത്തിലും തൊഴിലിടങ്ങളിലും വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ ഉറപ്പാക്കാന്‍ ജില്ലയിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഗമം തീരുമാനിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ എല്ലാ മാസവും ഒരുമിച്ചുകൂടി അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള സ്ഥിരം കൂട്ടായ്മയും  രൂപീകരിക്കപ്പെട്ടു. മാര്‍ച്ച് എട്ട് മുതല്‍ 17 വരെ കോഴിക്കോട്ട് നടക്കുന്ന ജെന്റര്‍ ഫെസ്റ്റിവലിന് മുന്നോടിയായാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒത്തുകൂടിയത്.

മറ്റെല്ലാ തൊഴിലിടങ്ങളിലുമെന്നപോലെ മാധ്യമ സ്ഥാപനങ്ങളിലും വനിതാ മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരും വിവേചനങ്ങളും അസൗകര്യങ്ങളും അനുഭവിക്കുന്നുണ്ട്. മുമ്പെന്നത്തേക്കാളും മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ചാനലുകളില്‍ ഏറിയ പങ്കും വനിതാമാധ്യമപ്രവര്‍ത്തകരാണ്. പുരുഷനൊപ്പം തന്നെ തൊഴിലെടുക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ എന്ന നിലയിലുള്ള പരിഗണന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് മിക്ക സ്ഥാപനങ്ങളിലും നിഷേധിക്കപ്പെടുന്നുണ്ട്. പുരുഷനൊപ്പം നിന്ന് ജോലിചെയ്യുമ്പോഴും ജോലിക്കയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ വിവേചനം നേരിടുന്നതായി കൂട്ടായ്മയില്‍ പരാതിയുയര്‍ന്നു.
സ്ത്രീകള്‍ ജോലിയെടുക്കുന്നിടത്ത് നിയമാനുസൃതം രൂപീകരിക്കേണ്ട പീഡന വിരുദ്ധസമിതി മാധ്യമ സ്ഥാപനങ്ങളിലില്ല. രാത്രി ജോലി കഴിഞ്ഞിറങ്ങുന്ന വനിതകളെ സ്ഥാപനങ്ങള്‍ ഉത്തരവാദിത്വത്തോടെ താമസസ്ഥലത്ത് എത്തിക്കുന്നില്ല. സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമമുറിയോ ടോയ്‌ലറ്റോ ഇല്ല. സര്‍ക്കാര്‍ വനിതാ ഹോസ്റ്റലില്‍പോലും രാത്രി നിശ്ചിത സമയത്തിനകം പ്രവേശനം നല്‍കുന്നില്ല തുടങ്ങിയ പ്രശ്‌നങ്ങള്‍ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. പ്രസവാവധി ആറുമാസമാക്കുക, മാസമുറക്കാലത്ത് ഡ്യൂട്ടി സമയമാറ്റം അനുവദിക്കുക, മാധ്യമസ്ഥാപനത്തില്‍ ക്രഷ് അനുവദിക്കുക, നാപ്കിന്‍ ഡ്രോപിംഗ് സൗകര്യമേര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.

തൊഴില്‍ മേഖലയിലെ മറ്റ് സ്ത്രീകളെപോലെ മാധ്യമ രംഗത്തും സ്ത്രീകള്‍ ഇരട്ടഭാരം ചുമക്കേണ്ടിവരുന്നുവെന്ന് അഭിപ്രായമുയര്‍ന്നു. സ്ത്രീകള്‍ക്കെതിരെയുളള ഏത് അതിക്രമത്തേയും പീഡനം എന്ന വാക്കിലൊതുക്കുന്നതില്‍ പുരുഷതാല്‍പര്യമുണ്ട്. ബലാല്‍ക്കാരത്തിനിരയായ സ്ത്രീയെക്കുറിച്ചുളള വാര്‍ത്തയില്‍ ബലാല്‍സംഗം എന്ന വാക്കുതന്നെ ഉപയോഗിക്കണം. പിടിയിലായവര്‍ പുരുഷനാണെങ്കില്‍ അയാളുടെ പേര് മാത്രം നല്‍കുകയും സ്ത്രീയാണെങ്കില്‍ തലക്കെട്ടില്‍പോലും വനിതാ ഉദ്യോഗസ്ഥ എന്നെഴുതുകയും ചെയ്യുന്നു. മാധ്യമഭാഷയിലെ ഇത്തരം ചതിക്കുഴികള്‍ തിരിച്ചറിയണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

ന്യൂഡല്‍ഹിയിലെ വിമന്‍സ് പ്രസ് ക്ലബ്ബ് മാതൃകയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും വിശ്രമിക്കാനും പഠനങ്ങളിലേര്‍പ്പെടാനും വനിതാ പ്രസ് ക്ലബ്ബുകള്‍ ആവശ്യമാണെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതുള്‍പ്പെടെ കോഴിക്കോട് നഗരത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പൊതുവേദി രൂപീകരിക്കുന്നതിന്റെ ആദ്യപടിയായി നിരഞ്ജലി വര്‍മ്മ കണ്‍വീനറായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട്ടെ സംഗമത്തിന്റെ മാതൃകയില്‍ എല്ലാ ജില്ലകളിലും വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എം സുചിത്ര ആമുഖപ്രഭാഷണം നടത്തി. ജെന്റര്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ. നൂര്‍ബിനാ റഷീദ്, ഡോ. പി ബി ലാല്‍കാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, സന്ധ്യ എസ് എന്‍ എന്നിവര്‍ സംസാരിച്ചു.

janayugom 190212

1 comment:

  1. സമൂഹത്തിലും തൊഴിലിടങ്ങളിലും വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ ഉറപ്പാക്കാന്‍ ജില്ലയിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഗമം തീരുമാനിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ എല്ലാ മാസവും ഒരുമിച്ചുകൂടി അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള സ്ഥിരം കൂട്ടായ്മയും രൂപീകരിക്കപ്പെട്ടു. മാര്‍ച്ച് എട്ട് മുതല്‍ 17 വരെ കോഴിക്കോട്ട് നടക്കുന്ന ജെന്റര്‍ ഫെസ്റ്റിവലിന് മുന്നോടിയായാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒത്തുകൂടിയത്.

    ReplyDelete