Tuesday, June 12, 2012

133 ഏക്കര്‍ റിയല്‍ എസ്റ്റേറ്റ് ലോബിക്ക്


ഭവനിര്‍മാണ ബോര്‍ഡ് വിവിധ ഭവനപദ്ധതികള്‍ക്കും മറ്റുമായി ഏറ്റെടുത്തശേഷം ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന 133.68 ഏക്കര്‍ സ്ഥലം സ്വകാര്യ കെട്ടിടനിര്‍മാണ കമ്പനികള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും വിട്ടുകൊടുക്കാന്‍ നീക്കം. ബോര്‍ഡിന്റെ പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നതിനുള്ള 2012ലെ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ഭേദഗതി ബില്ലിനു പിന്നില്‍ കോടികളുടെ ഭൂമി കൈമാറ്റമാണ് ലക്ഷ്യം. തിങ്കളാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

പാര്‍പ്പിട നിര്‍മാണത്തിനും വാണിജ്യസമുച്ചയങ്ങള്‍ക്കുമായി ഏറ്റെടുത്തശേഷം തരിശ്ശിട്ടിരിക്കുന്ന ഭൂമി സ്വകാര്യവ്യക്തികള്‍ക്കും കമ്പനികള്‍ക്കും വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ബോര്‍ഡ് ഏറ്റെടുത്തശേഷം വെറുതെ ഇട്ടിരിക്കുന്ന 133.68 ഏക്കറില്‍ 52.18 ഏക്കര്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ്. തിരുവനന്തപുരത്തുമാത്രം 16 ഏക്കര്‍ ഭൂമി ഉപയോഗിക്കാതെയുണ്ട്. കൊച്ചി നഗരപരിധിയില്‍ 20 ഏക്കര്‍ 17 സെന്റും കോഴിക്കോട്ട് 15 ഏക്കര്‍ 99 സെന്റും സ്ഥലം ഇത്തരത്തിലുണ്ട്. ഇവയുടെ മതിപ്പുവിലപോലും ബോര്‍ഡ് കണക്കാക്കിയിട്ടില്ല. മുനിസിപ്പാലിറ്റികളിലും പഞ്ചായത്ത് പ്രദേശങ്ങളിലുമായി 75 ഏക്കറാണ് ബോര്‍ഡിന്റെ കൈവശമുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഭവനപദ്ധതികള്‍ നടപ്പാക്കാനും വാണിജ്യസമുച്ചയങ്ങള്‍ നിര്‍മിക്കാനുമായി സ്വകാര്യ വ്യക്തികളില്‍നിന്നും സര്‍ക്കാരില്‍നിന്നും നൂറുകണക്കിന് ഏക്കറാണ് ബോര്‍ഡ് ഏറ്റെടുത്തത്. എന്നാല്‍, വസ്തു ഉടമകള്‍ക്ക് ഇതുവരെ 3,84,74,339 രൂപ മാത്രമാണ് ബോര്‍ഡ് നല്‍കിയത്. വില നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് 15 കേസ് കോടതിയിലുണ്ട്. ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരംപോലും നല്‍കാതിരിക്കെയാണ് കോടികള്‍ വിലവരുന്ന ഭൂമി ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കും മറ്റുമായി വിട്ടുകൊടുക്കുന്നത്.

ദുര്‍ബലവിഭാഗങ്ങള്‍ക്കായി വിഭാവനംചെയ്ത അകലകുന്നം ഭവനപദ്ധതി, അയര്‍കുന്നം പദ്ധതി എന്നിവയ്ക്ക് ഏറ്റെടുത്ത ഭൂമിയും ബോര്‍ഡ് വെറുതെ ഇട്ടിരിക്കയാണ്. ഇതിനു പുറമെ റാന്നി, പഴവങ്ങാടി, ചെറുകോല്‍, ഇരുവള്ളിപ്ര, ഏനാദിമംഗലം എന്നിവിടങ്ങളില്‍ ഭവനപദ്ധതിക്ക് നീക്കിവച്ച ഭൂമിയും റാന്നി റവന്യൂ ടവര്‍, മല്ലപ്പള്ളി റവന്യൂ ടവര്‍, പ്രവാസി ഭവന പദ്ധതി, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവനപദ്ധതി, ഇന്നവേറ്റീവ് ഭവന പദ്ധതി (കോഴിക്കോട്), റിഹാബിലിറ്റേഷന്‍ ശാന്തിനഗര്‍ (കോഴിക്കോട് ബംഗ്ലാദേശ് കോളനി) എന്നിവയ്ക്ക് ഏറ്റെടുത്ത ഭൂമിയും ഉപയോഗിച്ചിട്ടില്ല.
(കെ ശ്രീകണ്ഠന്‍)

deshabhimani 120612

No comments:

Post a Comment