Tuesday, June 12, 2012

പൈശാചികതയ്ക്ക് അടയാളമായി 56 വെട്ടുകള്‍


അരീക്കോട് കുനിയില്‍ മുസ്ലീംലീഗുകാര്‍ കൊലപ്പെടുത്തിയ സഹോദരങ്ങളുടെ ശരീരത്തില്‍ 56 വെട്ടുകള്‍. ആശുപത്രിയിലെത്തിച്ചാലും രക്ഷപ്പെടരുതെന്ന് കൊലയാളികള്‍ കരുതിയെന്ന് വ്യക്തം. പൊലീസ് ഇന്‍ക്വസ്റ്റിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലുമാണ് കൊലപാതകത്തിന്റെ പൈശാചികത വ്യക്തമാക്കുന്ന അടയാളങ്ങളുള്ളത്. ഇരുവരുടെയും ശരീരത്തിലെ മുറിവുകള്‍ തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ ബുദ്ധിമുട്ടി. പോസ്റ്റ്മോര്‍ട്ടം നീളാന്‍ ഇതും ഒരു കാരണമായി.

കൈകള്‍ തുന്നിച്ചേര്‍ക്കാനാവാത്ത വിധമാണ് വെട്ടിനുറുക്കിയത്. ആസാദിന്റെ മൃതദേഹത്തിലാണ് ആഴത്തിലുള്ള മുറിവുകള്‍ കുടുതല്‍. തലയ്ക്കും വയറിനുമാണ് മാരക പരിക്ക്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടുള്ള മുപ്പതോളം മുറിവാണുള്ളത്. തലയുടെ രണ്ട് ഭാഗവും വെട്ടിപ്പൊളിച്ചു. വയറിന് വെട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുചാടി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും വിഫലമായി. ദേഹമാസകലം പരിക്കുണ്ട്. കൈവിരലുകളും അറ്റു. അബൂബക്കറിന് തലയ്ക്കും കൈകള്‍ക്കുമാണ് പരിക്ക്. ശരീരത്തില്‍ ആകെ 23 വെട്ടും കുത്തും. ഇരുകൈകളും കൊത്തിക്കീറിയ നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പ് ഇരുവരുടെയും രക്തം ഏറെ നഷ്ടപ്പെട്ടു. കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് അന്വേഷക സംഘം കരുതുന്നു. കൊല്ലാനുള്ള ദിവസവും സമയവും അക്രമികള്‍ നേരത്തെ തീരുമാനിച്ചു. മരണം ഉറപ്പാക്കുന്ന അക്രമരീതിയാണ് സ്വീകരിച്ചതും.
(ആര്‍ രഞ്ജിത്)

പ്രേരണയായത് എംഎല്‍എയുടെ പ്രസംഗം : സിപിഐ എം

മലപ്പുറം: അരീക്കോട്ടെ ഇരട്ട കൊലപാതകത്തിന് കാരണമായത് പി കെ ബഷീര്‍ എംഎല്‍എയുടെ പ്രസംഗമാണെന്ന് സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മുമ്പു നടന്ന കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ അക്രമികളെ പ്രേരിപ്പിച്ചത് എംഎല്‍എയുടെ പ്രസംഗമാണ്. അതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് എംഎല്‍എയ്ക്ക് ഒഴിഞ്ഞു മാറാനാകില്ല. ഈ സാഹചര്യത്തില്‍ പൊലീസ് കര്‍ശന നടപടിയെടുക്കണം. എംഎല്‍എക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ അമാന്തം കാണിക്കരുത്.

ലീഗിന്റെ മാറിയ മുഖമാണ് ബഷീറിലൂടെ തെളിയുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ലീഗ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന കാര്യം പൊതുജന മധ്യത്തില്‍ തുറന്നുകാട്ടപ്പെട്ടു. കൊല്ലപ്പെട്ട അബൂബക്കറിന്റെ ഭാര്യ തെരഞ്ഞെടുപ്പ് കേസില്‍ ബഷീറിനെതിരെ സാക്ഷിയായതാണ് വിരോധത്തിനുകാരണമായത്. പൊലീസ് എഫ്ഐആറില്‍ എംഎല്‍എക്കെതിരെ വിശദമായ പരാമര്‍ശങ്ങളുണ്ട്. പ്രതിപട്ടികയിലും എംഎല്‍എയുണ്ട്. ഇതിനാല്‍ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം. അക്രമത്തിനെതിരെന്ന് പൊതുജനമധ്യത്തില്‍ പ്രസംഗിക്കുകയും അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലീഗിന്റെ പൊയ്മുഖം ഇവിടെ അഴിഞ്ഞുവീണു.

മുമ്പും സമാനരീതിയില്‍, എംഎല്‍എ കൊലപാതകത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ക്ലസ്റ്റര്‍ പരിശീലനത്തിനെത്തിയ അധ്യാപകനെ ചവിട്ടിക്കൊന്ന യൂത്ത് ലീഗുകാര്‍ക്കെതിരെ സാക്ഷിപറയാന്‍ പോകുന്നവര്‍ ജീവനോടെ തിരിച്ചു വരില്ലെന്നായിരുന്നു അന്ന് മുസ്ലീംലീഗ് ഏറനാട് മണ്ഡലം പ്രസിഡന്റായിരുന്ന ബഷീര്‍ പ്രസംഗിച്ചത്. ബഷീറിനെതിരെ അന്ന് കേസെടുത്തിരുന്നെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചു. ഞായറാഴ്ച രാത്രി കുനിയില്‍ കൊല്ലപ്പെട്ട അബൂബക്കറും ആസാദും ലീഗ് ഗുണ്ടകളാല്‍ കൊല്ലപ്പെടുന്ന ആദ്യ വ്യക്തികളല്ല.2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പെരിന്തല്‍മണ്ണ കുന്നപ്പള്ളിയില്‍ കൊല്ലപ്പെട്ട സുബ്രഹ്മണ്യനാണ് സമീപകാലത്ത് ലീഗിന്റെ കൊലക്കത്തിക്കിരയായവരില്‍ ഒരാള്‍. അധികാരത്തിന്റെ പിന്‍ബലവും രാഷ്ട്രീയസ്വാധീനവുമുപയോഗിച്ച് രക്ഷപ്പെടാമെന്ന ധാരണയാണ് ലീഗുകാരെ നയിക്കുന്നതെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.


"കൊലവിളി" പുറത്ത് കേബിള്‍ ഔട്ട്

മലപ്പുറം: ലീഗ് എംഎല്‍എയുടെ "കൊലവിളി" ചാനലുകളിലൂടെ പുറത്തുവന്നതോടെ ജില്ലയുടെ പലഭാഗങ്ങളിലും ടെലിവിഷന്‍ കേബിളുകള്‍ പ്രവര്‍ത്തനരഹിതമായി. പി കെ ബഷീര്‍ എംഎല്‍എയുടെ വിവാദപ്രസംഗം തിങ്കളാഴ്ച പകല്‍ മൂന്നോടെയാണ് ചാനലുകള്‍ സംപ്രേഷണംചെയ്തത്. ഇതേ തുടര്‍ന്നാണ് പലയിടത്തും കേബിള്‍ബന്ധം നിശ്ചലമായത്. മുമ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്ക്രീം കേസുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ചാനലുകളിലൂടെ പുറത്തുവന്നപ്പോഴും ഇത്തരത്തില്‍ ടെലിവിഷന്‍ കേബിളുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.


പ്രതികരിക്കാതെ ലീഗ് നേതൃത്വം

മലപ്പുറം: എംഎല്‍എ കൊലക്കേസില്‍ പ്രതിയായിട്ടും ഒരു പ്രതികരണവുമില്ലാതെ മുസ്ലിംലീഗ് നേതൃത്വം. നാടിനെ നടുക്കിയ കൊലപാതകത്തെക്കുറിച്ച് ലീഗ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചതേയില്ല. എംഎല്‍എ പ്രതിയായതിനെ കുറിച്ച് ലീഗ് സംസ്ഥാന-ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ച അരീക്കോടിനടുത്ത് കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊന്നതിനെ തുടര്‍ന്നാണ് പി കെ ബഷീറിന്റെ പ്രസംഗം പുറത്തുവന്നത്. കഴിഞ്ഞ മൂന്നിനാണ് ബഷീര്‍ കുനിയില്‍ വിവാദപ്രസംഗം നടത്തിയത്. ഒരാഴ്ച തികഞ്ഞപ്പോഴേക്കും ബഷീര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചവര്‍ കൊല്ലപ്പെട്ടു. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എംഎല്‍എയെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടും ലീഗ്-യുഡിഎഫ് നേതൃത്വം ബഷീറിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല.



പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റുചെയ്യണം: വി എസ്

തിരു: മലപ്പുറത്ത് അരീക്കോട് കുനിയില്‍ കൊലക്കേസ് പ്രതികളായ സഹോദരങ്ങളെ പൈശാചികമായി കൊലപ്പെടുത്തിയ കേസില്‍ പി കെ ബഷീര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൊളക്കാടന്‍ കുഞ്ഞാപ്പു, കൊളക്കാടന്‍ ആസാദ് എന്നിവരെ കൊലപ്പെടുത്തിയത് ലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എയുടെ പ്രേരണയോടെയാണെന്ന് വ്യക്തമായിരിക്കയാണ്. ബഷീര്‍ ഉള്‍പ്പെടെ വധഗൂഢാലോചനയില്‍ പങ്കെടുത്തവരെയും കൊലനടത്തിയവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കര്‍ശനടപടി സ്വീകരിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

പി കെ ബഷീര്‍ എംഎല്‍എക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ഡിവൈഎഫ്ഐ

കോഴിക്കോട്: മലപ്പുറം അരിയില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ത്ത പി കെ ബഷീര്‍ എംഎല്‍എക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഇരട്ടകൊലപാതകം. ലീഗ് സംസ്ഥാന പ്രസിഡന്റ് ഇരുന്ന വേദിയിലാണ് എംഎല്‍എ പകരംവീട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്. പ്രകോപനപരമായ പ്രസംഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസ് അട്ടിമറിക്കാനായി ഉന്നത ഇടപെടല്‍ നടക്കുന്നു. മുസ്ലിം ലീഗിന്റെ തടവറയിലാണ് ഉമ്മന്‍ചാണ്ടി. അതിനാല്‍ കേസന്വേഷണം സുതാര്യമായിരിക്കുമെന്ന് കരുതുന്നില്ല. ഇരട്ടക്കൊലപാതകം വ്യക്തിവൈരാഗ്യമായി ചിത്രീകരിക്കാനാണ് മാധ്യമ ശ്രമം. ചന്ദ്രശേഖരന്‍ വധം ഒരു മാസമായി ആഘോഷിക്കുന്ന മാധ്യമങ്ങള്‍ ലീഗ് എംഎല്‍എയുടെ കൊലവിളി കണ്ടില്ലെന്ന് നടിക്കുകയാണ്. കൊടിയുടെ നിറം നോക്കി കൊലപാതകത്തെ പക്ഷപാതപരമായാണ് മാധ്യമങ്ങള്‍ കാണുന്നത്. മാധ്യമ ലോകം എല്ലാ ജീവനും ഒരേ വില നല്‍കാത്തതെന്താണ്. കഴിഞ്ഞ നാല് മാസത്തിനിടെ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ വിലപിക്കുന്നവര്‍ അത്തരത്തിലുള്ള എല്ലാ കൊലപാതകങ്ങളും കാണണം.

പൈശാചിക കൊലപാതകങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്. കൊല്ലത്ത് ആറുമാസം പ്രായമായ കുഞ്ഞിനും ഭാര്യക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന ഡിവൈഎഫ്ഐ നേതാവ് സുനില്‍കുമാറിനെ വെട്ടിക്കൊന്നവര്‍ അദ്ദേഹത്തിന്റെ വെട്ടിയെടുത്ത കൈയുമായി പ്രകടനം നടത്തിയത് മറക്കാറായിട്ടില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. കുറേ കമ്യൂണിസ്റ്റുകാരെ പിടികൂടി ചാനലുകളില്‍ ചര്‍ച്ചയാക്കുകയാണ്. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനേ ഇത് സഹായകരമാകൂ. കൊലപാതക രാഷ്ട്രീയത്തിനെതിരെ വരുംദിവസങ്ങളില്‍ "രക്തസാക്ഷ്യം" എന്ന പേരില്‍ പ്രചാരണ പരിപാടി നടത്തും. കൊലപാതകങ്ങള്‍ക്കെതിരെ സമൂഹത്തെ ചിന്തിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. രക്തസാക്ഷി കുടുംബങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും സ്വരാജ് പറഞ്ഞു. ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


പി കെ ബഷീര്‍ രാജിവയ്ക്കണം: സിപിഐ

മലപ്പുറം: അരീക്കോട് കുനിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി പി സുനിര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി ഉണ്ണികൃഷ്ണന്‍, ടി കെ സുന്ദരന്‍ എന്നിവര്‍ പ്രതിഷേധിച്ചു. ഇരട്ടക്കൊലപാതകത്തില്‍ ആറാം പ്രതിസ്ഥാനത്തുനില്‍ക്കുന്ന ഏറനാട് എംഎല്‍എ പി കെ ബഷീറിനെ എംഎല്‍എ സ്ഥാനം രാജിവയ്പ്പിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് മുസ്ലിംലീഗ് തയ്യാറാവണം. ലീഗിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പി കെ ബഷീറിനെ നിയമസഭാ അംഗത്വം രാജിവയ്പ്പിച്ച് അന്വേഷണത്തില്‍ സഹകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.


എല്‍ഡിഎഫ് നേതാക്കള്‍ ഇന്ന് സന്ദര്‍ശിക്കും

മലപ്പുറം: ഇരട്ട കൊലപാതകം നടന്ന അരീക്കോട് കുനിയില്‍ പ്രദേശം ചൊവ്വാഴ്ച എല്‍ഡിഎഫ് എംഎല്‍എമാര്‍ സന്ദര്‍ശിക്കും. എംഎല്‍എമാരായ എളമരം കരീം, പി ശ്രീരാമകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍, എ കെ ശശീന്ദ്രന്‍, സി കെ നാണു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് രാവിലെ പത്തിന് എത്തുക. ഏറനാട് മണ്ഡലത്തില്‍ ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

deshabhimani 120612

No comments:

Post a Comment