മലപ്പുറം: അരീക്കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടും
ലീഗ് എംഎല്‍എയ്ക്കെതിരെ അന്വേഷണമില്ല. കുനിയില്‍ കൊളക്കാട്ടില്‍
അബൂബക്കര്‍, ആസാദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ
ആറാം പ്രതിയാക്കി പൊലീസ് കേസെടുത്തെങ്കിലും തല്‍ക്കാലം അന്വേഷണം
വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ബന്ധുക്കളുടെ പരാതിയുണ്ടായിട്ടും
അന്വേഷണസംഘം ഇതുവരെ എംഎല്‍എയെ ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് പുള്ളിപ്പാടന്‍ ഫിറോസ്, സുബീഷ് എന്ന പൊന്നു
എന്നിവരടക്കം നാലുപേര്‍ കസ്റ്റഡിയിലുള്ളതായാണ് വിവരം. കൊലയ്ക്ക് ഉപയോഗിച്ച
പച്ച ടാറ്റാസുമോ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുമ്പ്
കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഹത്തീഖ് റഹ്മാന്റെ സഹോദരന്‍ മുക്താറാണ്
വാഹനം വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളി സ്വദേശി
റഫീഖില്‍നിന്ന് 70,000 രൂപയ്ക്ക് കഴിഞ്ഞ രണ്ടാം തിയ്യതിയാണ് മുക്താര്‍ സുമോ
വാങ്ങിയത്. മുക്കം സ്വദേശി അനീഷ് മുഖേനയായിരുന്നു കച്ചവടം. ഇവരെ ചോദ്യം
ചെയ്തതില്‍നിന്ന് കിട്ടിയ മൊഴിയുടെ അടിസ്ഥാനത്തില്‍, കൊല നടത്താന്‍
വേണ്ടിയാണ് മുക്താര്‍ വാഹനം വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. മമ്പാട്
പുള്ളിപ്പാടത്ത് ടാറ്റാ സുമോ ഉപേക്ഷിച്ചശേഷം ഫിറോസ് ഏര്‍പ്പാടാക്കിയ
വണ്ടിയിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കസ്റ്റഡിയിലുള്ള പൊന്നു ഫിറോസിന്റെ
ഓട്ടോ ഡ്രൈവറാണ്.
കൊലപാതകത്തിന് ദൃക്സാക്ഷിയായ കൊളക്കാട്ടില്‍ നജീബിന്റെ മൊഴിയുടെ
അടിസ്ഥാനത്തിലാണ് എംഎല്‍എ ഉള്‍പ്പെടെ ആറുപേരെയും കണ്ടാലറിയാവുന്ന അഞ്ചു
പേരെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തത്. എഫ്ഐആര്‍പ്രകാരം
പ്രതിചേര്‍ക്കപ്പെട്ടവരെ ചോദ്യംചെയ്യലാണ് അന്വേഷണത്തിലെ പ്രാഥമിക നടപടി.
എന്നാല്‍ പി കെ ബഷീറിനെ ചോദ്യംചെയ്യാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.
എംഎല്‍എയുടെ പേര് ഒഴിവാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍
ആവശ്യപ്പെട്ടിരുന്നതായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ബന്ധുക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് എംഎല്‍എയെ
ആറാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.
ലീഗ് ക്രിമിനലുകള്‍ ലക്ഷ്യമിട്ടത് മൂന്നുപേരെ
മഞ്ചേരി: അരീക്കോട്ട് മുസ്ലിംലീഗ് ക്രിമിനല്‍സംഘം ലക്ഷ്യമിട്ടത്
മൂന്നുപേരെ. കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവര്‍ക്കൊപ്പം
ഇവരുടെ പിതാവിന്റെ സഹോദരന്‍ നജീബിനെയും വകവരുത്തുകയായിരുന്നു ഉദ്ദേശ്യം.
മൂവരും കുനിയില്‍ അങ്ങാടിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ
തുടര്‍ന്നായിരുന്നു മിന്നല്‍ വേഗത്തില്‍ ആക്രമണം. തലനാരിഴയ്ക്കാണ് നജീബ്
രക്ഷപ്പെട്ടത്.
പ്രതിപ്പട്ടികയിലെ തിരിച്ചറിഞ്ഞ അഞ്ചുപേരും സജീവ മുസ്ലിംലീഗ്
പ്രവര്‍ത്തകരാണ്. അഞ്ചാംപ്രതി എന്‍ കെ അഷ്റഫ് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ്
പ്രസിഡന്റാണ്. മുഖംമൂടി അണിഞ്ഞെത്തിയവരും കുനിയില്‍ പ്രദേശത്തെ
പ്രവര്‍ത്തകര്‍തന്നെയാണെന്നാണ് നിഗമനം.
നജീബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ സംബന്ധിച്ചും വ്യക്തമായ സൂചന
ലഭിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയവര്‍ നജീബിനെ കൃത്യമായി
പരിചയമുള്ളവരാണ്. നജീബും ഇരട്ട സഹോദരനായ നാസറും സുഹൃത്തുക്കള്‍ക്കുപോലും
തിരിച്ചറിയാനാവാത്തവിധം സാദൃശ്യമുള്ളവരാണ്. അക്രമിസംഘത്തിലൊരാള്‍ "അതാ
നജീബ്. ആ നായയെയും വെട്ട്" എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമിച്ചത്.
കുനിയില്‍ പ്രദേശത്തുള്ളവരായതുകൊണ്ടാണ് നജീബിനെ ഒറ്റനോട്ടത്തില്‍
തിരിച്ചറിഞ്ഞതെന്നാണ് പൊലീസിന്റെ നിഗനം.
പ്രദേശത്തെ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് അബൂബക്കറും ആസാദും നജീബും
അങ്ങാടിയില്‍ നില്‍ക്കുന്നുണ്ടെന്ന് അക്രമിസംഘത്തെ അറിയിച്ചത്. ഇവര്‍
ഏതാനും ദിവസങ്ങളായി കൊളക്കാടന്‍ വീടിനുസമീപം ചുറ്റിപ്പറ്റി നടക്കുന്നത്
കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച
സുമോ ആഴ്ചകളോളം പ്രദേശത്ത് കണ്ടവരുണ്ട്. എംഎല്‍എയുടെ നിര്‍ദേശപ്രകാരം
പ്രാദേശിക ലീഗ് നേതൃത്വമാണ് ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തത്.
ജനുവരിയില്‍ അത്തീഖ്റഹ്മാന്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിലും മുസ്ലിംലീഗ്
അക്രമികള്‍ സ്ഥലത്തെത്തിയത് ഇതേ കാറിലാണ്. ഇതിന്റെ നമ്പര്‍ അന്ന് പൊലീസിന്
ലഭിച്ചിരുന്നു. അന്വേഷണത്തില്‍ ഈ നമ്പര്‍ കോഴിക്കോട്ടുള്ള ഒരു
ബൈക്കിന്റേതാണെന്ന് കണ്ടെത്തി.
മുഖ്യപ്രതി മുസ്ലിംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടി
മുമ്പ് മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം
അനുഭവിച്ചിട്ടുണ്ട്. ഇര്‍ഷാദ്, സുഡാനി റഷീദ്, മുക്താര്‍ എന്നിവര്‍ കുനിയിലെ
സജീവ ലീഗ് പ്രവര്‍ത്തകരാണ്. പ്രദേശത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരായി
നടന്നിരുന്ന അക്രമങ്ങളിലും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു.
ബഷീറിന് പൊലീസ് കാവല്‍
തിരു: മലപ്പുറം ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ മുസ്ലിംലീഗ് നേതാവ് പി
കെ ബഷീര്‍ എംഎല്‍എക്ക് പൊലീസ് കാവല്‍. നിയമസഭയ്ക്കകത്തും എംഎല്‍എ
ഹോസ്റ്റലിലും വാച്ച് ആന്‍ഡ് വാര്‍ഡുകാരായ പൊലീസാണ് കാവല്‍. എംഎല്‍എ
ഹോസ്റ്റലില്‍ ബഷീറിന്റെ മുറിക്കു പുറത്ത് മൂന്ന് പൊലീസുകാരാണ് ചൊവ്വാഴ്ച
ഉച്ചമുതല്‍ കാവല്‍ നില്‍ക്കുന്നത്. എംഎല്‍എ ഹോസ്റ്റലിന് പുറത്തുപോകുമ്പോഴും
പൊലീസ് സംരക്ഷണമുണ്ട്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും
പ്രത്യേക നിര്‍ദേശപ്രകാരമാണ് കൊലക്കേസ് പ്രതിക്ക് സംരക്ഷണം. എഫ്ഐആറില്‍
ആറാം പ്രതിയായിട്ടും ഇയാളെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ്
സര്‍ക്കാരിന്റേത്. ഇതിനെതിരെ സഭയില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.
ഇത് അവഗണിച്ച സര്‍ക്കാര്‍, പ്രതിക്ക് പൊലീസ് സംരക്ഷണം നല്‍കി ഒപ്പം
നിര്‍ത്തുകയാണ്.
പ്രതി സഭയില്‍ ; സഭ സ്തംഭിച്ചു
മലപ്പുറം ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ മുസ്ലിംലീഗ് നേതാവ് പി കെ
ബഷീര്‍ എംഎല്‍എ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് നിയമസഭയില്‍. കൊലക്കേസ്
പ്രതിയെ സംരക്ഷിക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍
നടപടിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ സ്തംഭിച്ചു. ശൂന്യവേളയില്‍
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന്
അവതരണാനുമതി തേടിയത്. നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ലീഗ്
എംഎല്‍എന്യായീകരിക്കാനും സംഭവത്തെ നിസ്സാരവല്‍ക്കരിക്കാനും നടത്തിയ ശ്രമം
പ്രതിപക്ഷത്തെ രോഷാകുലരാക്കി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍
അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.
തുടര്‍ന്ന് ഒരുമണിക്കൂറിലേറെ സഭ നിര്‍ത്തിവച്ചു. സ്പീക്കര്‍
കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ബഷീറിനെ സംരക്ഷിക്കുന്ന
നിലപാടായിരുന്നു ഭരണപക്ഷത്തിന്. ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷം
വ്യക്തമാക്കി.
വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികളുമായി സഹകരിക്കാനാകില്ലെന്ന് പ്രതിപക്ഷ
നേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. ഒരു ക്രിമിനലിനെ ഇരുത്തിക്കൊണ്ട്
സഭ നടത്താനാകില്ലെന്നും പ്രതികളെ സംരക്ഷിക്കാനുള്ള ന്യായീകരണമാണ്
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരത്തുന്നതെന്നും പ്രതിപക്ഷ നേതാവ്
പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച്
പ്രതിഷേധിച്ചു. രണ്ട് മിനിറ്റിനകം സ്പീക്കര്‍ നടപടി പൂര്‍ത്തിയാക്കി സഭ
പിരിഞ്ഞതായി അറിയിച്ചു. ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകം ആസൂത്രണംചെയ്ത പ്രതി
ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും തണലില്‍ സഭയിലിരിക്കുന്ന
സാഹചര്യം കേരള നിയമസഭയില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് കോടിയേരി
ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ബഷീറിനെ ഉടന്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം. പ്രഥമ വിവര
റിപ്പോര്‍ട്ടിലെ പ്രതികളെ ഒഴിവാക്കാനും കേസ് അട്ടിമറിക്കാനും ഗൂഢാലോചന
നടക്കുന്നു. അത്യന്തം ഗുരുതരമായ വിഷയം സഭ നിര്‍ത്തിവച്ച്
ചര്‍ച്ചചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍
ബഷീറിന്റെ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച അന്‍വര്‍ പ്രഥമവിവര
സത്യവാങ്മൂലം എടുക്കുമ്പോള്‍ സന്നിഹിതനായത് പരിശോധിക്കുമെന്നു പറഞ്ഞ
ആഭ്യന്തരമന്ത്രി പ്രതികള്‍ക്കനുകൂലമായ നിലപാട് വെളിപ്പെടുത്തുകയായിരുന്നു.
സത്യവാങ്ങ്മൂലം പ്രഥമ വിവര റിപ്പോര്‍ട്ട് അല്ലെന്നും മന്ത്രി
അവകാശപ്പെട്ടു. ഇതേ നിലപാട് മുഖ്യമന്ത്രിയും ആവര്‍ത്തിച്ചതോടെ സഭ
ബഹളത്തില്‍ മുങ്ങി. പ്രഥമവിവര സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍
പ്രതികളെ അറസ്റ്റ്ചെയ്ത് കീഴ്വഴക്കമുണ്ടാക്കണോ എന്നും മുഖ്യമന്ത്രി
ചോദിച്ചു. പ്രഥമ വിവര റിപ്പോര്‍ട്ടിലും ബഷീര്‍ പ്രതിയാണെന്ന് കോടിയേരി
റിപ്പോര്‍ട്ട് വായിച്ച് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെയും
ആഭ്യന്തരമന്ത്രിയുടെയും വാദം പൊളിഞ്ഞു.
ഇരട്ടക്കൊല: കുടുംബത്തിന് ആശ്വാസവുമായി എംഎല്‍എമാര്‍
മലപ്പുറം: മുസ്ലീംലീഗ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവരുടെ വീടുകള്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ സന്ദര്‍ശിച്ചു. എളമരം കരീം, പി ശ്രീരാമകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍, എ കെ ശശീന്ദ്രന്‍, സി കെ നാണു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.
കൊല്ലപ്പെട്ടവരുടെ ഉപ്പ ഗുലാംഹുസൈനും ബന്ധുക്കളും സംഭവങ്ങള്‍ എംഎല്‍എമാരോട് വിവരിച്ചു. "പെട്ടെന്നുണ്ടായ പ്രകോപനമല്ല കൊലപാതകത്തിനു പിന്നില്‍. കൊല്ലാന്‍ തീരുമാനിച്ചാണ് സംഘമെത്തിയത്. വലിയതോതിലുള്ള അക്രമങ്ങള്‍ എന്റെ കുടുംബത്തിനുനേരെ മുമ്പും നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കേസില്‍ പി കെ ബഷീറിനെതിരെ മരുമകള്‍ സാക്ഷിപറഞ്ഞതാണ് വൈരാഗ്യത്തിന്റെ പ്രധാന കാരണം. വീട് ആക്രമിക്കാന്‍ ശ്രമമുണ്ടായി. അന്നൊക്കെ ഞങ്ങള്‍ നല്‍കിയ പരാതികളില്‍ പൊലീസ് അന്വേഷണം നടത്തിയില്ല"- ഗുലാം ഹുസൈന്‍ പറഞ്ഞു.
പൊലീസും ലീഗുകാരും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയെ കുറിച്ചായിരുന്നു ബന്ധു കൊളക്കാടന്‍ മൂസയുടെ പരാതി. "കൊളക്കാടന്‍ നാസര്‍ ആക്രമിക്കപ്പെട്ട കേസില്‍ എഫ്ഐആര്‍ പോലും പൊലീസ് കോടതിയില്‍ എത്തിച്ചില്ല. ലീഗ് പ്രവര്‍ത്തകന്‍ ഹത്തീഖ് റഹ്മാന്റെ കൊലപാതകത്തിനു പിന്നിലും ഗൂഢാലോചനയുണ്ട്. സംഘടിച്ചെത്തിയ ലീഗുകാരാണ് ഹത്തീഖ് റഹ്മാനെ കുത്തിയതെന്നാണ് കരുതുന്നത്. ഇത് കൊളക്കാടന്‍ കുടുംബത്തിന്റെ തലയില്‍ കെട്ടിവച്ചു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത തൊണ്ടിപോലും പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ല" അദ്ദേഹം പറഞ്ഞു.
വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംഎല്‍എമാര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പി കെ ബഷീര്‍ എംഎല്‍എയായ ശേഷമാണ് ഇവിടം സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായതെന്നായിരുന്നു നാട്ടുകാരുടെ പരാതി. ചൊവ്വാഴ്ച രാവിലെ പത്തോടെ വീട്ടിലെത്തിയ എംഎല്‍എമാര്‍ ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി കെ ഹംസ, കെ ഉമ്മര്‍മാസ്റ്റര്‍, ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, സിപിഐ ജില്ലാസെക്രട്ടറി പി പി സുനീര്‍, ടി കെ സുന്ദരന്‍, അഡ്വ. സഫറുള്ള, മുക്കം മുഹമ്മദ് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കോടിയേരി
തിരു: മലപ്പുറം ഇരട്ടക്കൊലക്കേസില്‍ കോടതിയില്‍ കൊടുത്ത പ്രഥമവിവര റിപ്പോര്‍ട്ട് തെറ്റാണെന്ന് മുഖ്യമന്ത്രി പറയുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പി കെ ബഷീര്‍ എംഎല്‍എ ആറാംപ്രതിയായ പ്രഥമവിവര റിപ്പോര്‍ട്ട് നിലനില്‍ക്കെ പ്രതിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെ നീത്യന്യായ വ്യവസ്ഥ സംരക്ഷിക്കാന്‍ കഴിയുമെന്നും കോടിയേരി ചോദിച്ചു. കോടതിയില്‍ കൊടുത്ത എഫ്ഐആര്‍ മാറ്റിനല്‍കുന്നതുവരെ ബഷീര്‍ പ്രതിയാണ്. ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ എജിയെ വിളിച്ചുവരുത്തണം. രണ്ടുപേരുടെ ഭൂരിപക്ഷംമാത്രമുള്ള സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ ബഷീറിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
രാജ്യസഭാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ സര്‍ക്കാരിന്റെ പരാജയം ഒഴിവാക്കാന്‍ കൊലക്കേസ് പ്രതിയെ സംരക്ഷിക്കുകയാണ്. ഇരട്ടക്കൊലപാതകം ആസൂത്രണംചെയ്തത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ലഘൂകരിച്ച് കാട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊലപാതകം നടക്കുമെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടും അവഗണിച്ചു. ലീഗ് പൊതുയോഗത്തില്‍ ബഷീര്‍ വധഭീഷണി മുഴക്കി. മുമ്പ് അധ്യാപകനെ ചവിട്ടിക്കൊന്ന കേസില്‍ സാക്ഷി പറയുന്നവര്‍ ജീവനോടെ വീട്ടിലെത്തില്ലെന്ന് പ്രഖ്യാപിച്ചയാളാണ് ബഷീര്‍. അന്ന് ബഷീറിനെതിരെ എടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. അറസ്റ്റിന് നിര്‍ദേശം നല്‍കേണ്ട ആഭ്യന്തരമന്ത്രിക്കും സഭാനാഥനായ മുഖ്യമന്ത്രിക്കും സമീപം കൊലക്കേസ് പ്രതി ഇരിക്കുന്നു. ഉദ്യോഗസ്ഥ ഗ്യാലറിയിലിരുന്ന് ഡിജിപി ഇത് കാണുന്നു. എന്തൊരു വിരോധാഭാസമാണ്. എന്തുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല. സ്പീക്കര്‍ സമ്മതിക്കാത്തതുകൊണ്ടാണെങ്കില്‍ അത് വ്യക്തമാക്കണം.
രണ്ടുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതി സഭയില്‍ സൈ്വരവിഹാരം നടത്തുന്നു. ആറ് മന്ത്രിമാര്‍ ആ ജില്ലയില്‍നിന്നുണ്ടായിട്ടും ഒരാള്‍പോലും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ഈ സര്‍ക്കാര്‍ വന്നശേഷം പത്ത് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രതികളെ കെപിസിസി ഓഫീസിലും ഡിസിസി ഓഫീസുകളിലും സംരക്ഷിക്കുകയാണ്. ഇപ്പോള്‍ ലീഗ് ക്രിമിനലുകള്‍ രണ്ടുപേരെ കൊന്നു. ഇതിനൊന്നും പ്രത്യേക അന്വേഷണ സംഘവുമില്ല, കഥകളുമില്ല. ബഷീറിനെ അറസ്റ്റ് ചെയ്ത് ഉടന്‍ കോടതിയില്‍ ഹാജരാക്കണം. എഫ്ഐആറില്‍പെട്ട പ്രതികളെ ഒഴിവാക്കാനും കേസ് അട്ടിമറിക്കാനും നടത്തുന്ന ഗൂഢാലോചനയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
ലീഗ് നേതൃത്വം പ്രതിക്കൂട്ടില്‍
മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ട കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എ ഉള്‍പ്പെടെ ലീഗുകാര്‍ പ്രതികളായതോടെ മുസ്ലിംലീഗ് നേതൃത്വം വെട്ടിലായി. ബഷീറിനെ കൊള്ളാനോ തള്ളാനോ ആവാതെ ലീഗ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. ഇതുസംബന്ധിച്ച് ഇപ്പോള്‍ ഔദ്യോഗിക പ്രതികരണം വേണ്ടെന്ന് സംസ്ഥാന ലീഗ്നേതൃത്വം തീരുമാനിച്ചു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ലീഗുകാരെ കേസില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമവും തുടങ്ങി. പ്രതിപ്പട്ടികയിലുണ്ടെന്ന് അരീക്കോട് പൊലീസ് പറയുന്ന ആറുപേരും ലീഗുകാരാണ്. ഒന്നാംപ്രതി മണ്ണില്‍തൊടി അഹമ്മദ്കുട്ടി ലീഗിന്റെ ഏറനാട് മണ്ഡലം സെക്രട്ടറിയാണ്. അഞ്ചാം പ്രതിയായ എന്‍ കെ അഷ്റഫ് കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ലീഗിന്റെ തിരുവമ്പാടി മണ്ഡലം സെക്രട്ടറിയുമാണ്. മറ്റ് മൂന്നുപേരും അരീക്കോട്ടെ അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരാണ്. ഈ സാഹചര്യത്തിലാണ് പ്രതികരിച്ച് വഷളാക്കേണ്ടെന്ന തീരുമാനം ലീഗ് നേതൃത്വം കൈക്കൊണ്ടത്.
അതിനിടെ പ്രതികളിലൊരാളായ മുക്താര്‍ വിദേശത്തേക്ക് കടന്നാതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. മറ്റുപ്രതികളും ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ട്. വിമാനത്താവളംവഴി പ്രതികള്‍ ഗള്‍ഫിലേക്ക് കടക്കാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം. എന്നാല്‍ മാത്രമേ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാനാകൂ. ലീഗ് നേതൃത്വം ഇടപെട്ട് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനുള്ള നീക്കം തടഞ്ഞുവെന്നാണ് വിവരം.
ബഷീറിന്റെ പ്രസംഗം പ്രശ്നമാണെന്നാണ് ലീഗിന് ലഭിച്ച നിയമോപദേശം. ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടല്ല അരീക്കോട്ടെ പ്രശ്നമെന്നാണ് ബഷീര്‍ പ്രസംഗിച്ചത്. തെരഞ്ഞെടുപ്പുരാഷ്ട്രീയമാണ് പ്രശ്നമെന്ന് ബഷീര്‍ പറഞ്ഞുവെക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ബഷീറിനെ ചോദ്യംചെയ്യുന്നതുപോലും ക്ഷീണംചെയ്യുമെന്നാണ് ലീഗിന്റെ നിലപാട്. ഇക്കാര്യം ലീഗ് നേതൃത്വം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. പാര്‍ടിയുടെ പ്രതിഛായ തകര്‍ത്ത ബഷീറിനോട് വിശദീകരണം തേടണമെന്ന ആവശ്യം ലീഗില്‍ ശക്തമാണ്. അഖിലേന്ത്യാ പ്രസിഡന്റ്് ഇ അഹമ്മദിന്റെ അടുത്തയാളായ ബഷീറിനെ സംസ്ഥാന നേതൃത്വത്തിന് വലിയ താല്‍പര്യമില്ല.
No comments:
Post a Comment