Thursday, June 14, 2012

അത് കൊലവിളി, ഇത് നാക്കുപിഴ

തിരു: അരീക്കോട് ഇരട്ടക്കൊലപാതകം കേരളത്തിലെ പത്ര- ദൃശ്യ മാധ്യമങ്ങളുടെ കാപട്യം ഒന്നുകൂടി തുറന്നുകാണിച്ചു. സിപിഐ എം വിരുദ്ധജ്വരം മൂത്ത് ഒരുമാസത്തിലേറെയായി ഉറഞ്ഞുതുള്ളുന്ന മുഖ്യധാരാമാധ്യമങ്ങളെല്ലാം അവര്‍ കൊട്ടിഘോഷിക്കുന്ന പത്രധര്‍മത്തിന്റെയും നിഷ്പക്ഷതയുടെയും മുഖംമൂടി സ്വയം വലിച്ചുകീറി.

സഹോദരന്മാരെ വെട്ടിക്കൊന്നത് നിസ്സാരസംഭവമാക്കിയ മലയാളമനോരമയും മാതൃഭൂമിയും യുഡിഎഫ് കുഴലൂത്ത് നടത്തുന്നതില്‍ ചില ചാനലുകളെ ബഹുദൂരം പിന്നിലാക്കി. മുസ്ലിംലീഗ് ക്രിമിനല്‍സംഘം രണ്ടുപേരെ വെട്ടിക്കൊന്നതും കേസില്‍ ലീഗ് എംഎല്‍എ പ്രതിയായതും ചാനലുകളുടെ നെടുങ്കന്‍ ചര്‍ച്ചയ്ക്ക് വിഷയമായില്ല. സമാധാനരാഷ്ട്രീയത്തിന്റെ വെളിച്ചപ്പാടുകളായി ചാനലുകളില്‍ മാറിമാറി ഒച്ചയിട്ട ചര്‍ച്ചാവിദഗ്ധരും അപ്രത്യക്ഷരായി. അങ്ങേയറ്റം അപഹാസ്യമായ ഈ നടപടി മാധ്യമങ്ങളുടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയാണ് വെളിപ്പെടുത്തിയത്. എവിടെപ്പോയി ചാനല്‍ സ്റ്റുഡിയോകളിലെ ചോദ്യാവലിക്കാരും ചര്‍ച്ചക്കാരുമെന്ന് ചോദിക്കേണ്ടിവന്നു ജനങ്ങള്‍ക്ക്.

ഞായറാഴ്ച അതിരാവിലെതന്നെ ഇരട്ടക്കൊലപാതകവിവരം സംസ്ഥാനത്തെ ഞെട്ടിച്ചതാണ്. പിന്നില്‍ എംഎല്‍എയടക്കമുള്ള മുസ്ലിംലീഗ് നേതാക്കളാണെന്ന വിവരം പുറത്തുവന്നതോടെ ചാനലുകള്‍ സമര്‍ഥമായി പിന്‍വാങ്ങി. ഒരു സാധാരണ കൊലക്കേസിനപ്പുറം ഒരു പ്രാധാന്യവും ചാനലുകള്‍ കണ്ടില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പി കെ ബഷീര്‍ എംഎല്‍എയെ കേസില്‍ പ്രതിയാക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി. എന്നിട്ടും മനോരമ, ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകള്‍ക്ക് കേസിലെ രാഷ്ട്രീയബന്ധമോ ക്രിമിനല്‍വാഴ്ചയോ ചര്‍ച്ചാവിഷയമായില്ല. പി കെ ബഷീര്‍ എംഎല്‍എ നടത്തിയ പ്രസംഗവും ഇക്കൂട്ടര്‍ കേട്ടഭാവം നടിച്ചില്ല.

ഇടുക്കിയിലെ ഒരു പ്രസംഗം ആഴ്ചകള്‍ കഴിഞ്ഞിട്ടും തുടര്‍ച്ചയായി സംപ്രേഷണംചെയ്ത് സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം കുത്തിക്കലക്കുന്ന ചാനലുകള്‍ അധ്യാപകനെ ചവിട്ടിക്കൊന്ന കേസില്‍ ലീഗുകാര്‍ക്കെതിരെ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന ബഷീറിന്റെ പഴയ കൊലവിളി മറച്ചുപിടിച്ചു. ഇടുക്കി പ്രസംഗം കൊലവിളി എന്നു പറഞ്ഞ ഒരു ചാനല്‍, ബഷീറിന്റെ പ്രസംഗം വെറും നാക്കുപിഴയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് പരിഹാസ്യരായി.

മനോരമയും മാതൃഭൂമിയും ഈ വാര്‍ത്ത തമസ്കരിക്കാന്‍ മത്സരിക്കുകയായിരുന്നു. ഈ രണ്ടു പത്രത്തിലും ബഷീര്‍ ഏതു പാര്‍ടിക്കാരനാണെന്നില്ല. നുണക്കഥകളുണ്ടാക്കി നിരന്തരം സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ വന്‍ പടയെത്തന്നെ ഇറക്കിവിട്ടിരിക്കുന്ന ഈ പത്രങ്ങള്‍ക്ക് ബഷീറിനെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമായത് സഹിക്കാനാകുന്നില്ല. ബന്ധുക്കളുടെ പരാതിപ്രകാരം ഏറനാട് എംഎല്‍എയ്ക്കെതിരെ കേസെടുത്തെന്ന് വിലപിക്കുന്ന മനോരമ, ബഷീര്‍ പ്രകോപനപരമായി പ്രസംഗിച്ചതായി ബന്ധുക്കള്‍ "കുറ്റപ്പെടുത്തി" എന്നും പരിഭവപ്പെടുന്നു. മാതൃഭൂമിക്കാകട്ടെ "എംഎല്‍എക്കെതിരെ പരാതിയായി എഫ്ഐആര്‍" എന്ന തലക്കെട്ടില്‍ ഒതുക്കാവുന്ന നാലുവരിമാത്രമായി ലീഗ് എംഎല്‍എയുടെ പങ്കാളിത്തം. കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ വെട്ടേറ്റ് മരിച്ചുവെന്ന തലക്കെട്ട് നല്‍കിയ മാതൃഭൂമി ഇവര്‍ കൊല്ലപ്പെടേണ്ടവര്‍തന്നെയെന്ന സന്ദേശംകൂടി നല്‍കാന്‍ മടിച്ചില്ല.

സിപിഐ എമ്മിനെ താറടിക്കാന്‍ തലകുത്തിമറിയുന്ന ന്യൂ ഇന്ത്യന്‍ എക്സ്പ്രസും യുഡിഎഫിനെ താങ്ങാന്‍ നല്ലവണ്ണം അധ്വാനിച്ചിട്ടുണ്ട്. ബഷീറിന്റെ ന്യായവാദങ്ങള്‍ക്കാണ് ആ പത്രം പ്രാധാന്യം നല്‍കിയത്. ഒഞ്ചിയവും ഇടുക്കിയും ഉപയോഗപ്പെടുത്തി സിപിഐ എം വേട്ടക്കിറങ്ങിയ മാധ്യമങ്ങളുടെ അജന്‍ഡയെക്കുറിച്ചുള്ള സംശയം,അരീക്കോട് ഇരട്ടക്കൊല കൈകാര്യംചെയ്ത രീതി നോക്കിയാല്‍ തീരും. രണ്ടുദിവസമായി ഭരണകക്ഷി എംഎല്‍എയെ വെള്ളപൂശി യുഡിഎഫ് സര്‍ക്കാരിനെ രക്ഷിച്ചുനിര്‍ത്താന്‍ പാടുപെടുകയാണവര്‍. ഏഷ്യാനെറ്റുപോലെ ചില ചാനലുകളാകട്ടെ പാര്‍ടിയില്‍നിന്ന് പുറത്തായി ബിജെപിയിലും കോണ്‍ഗ്രസിലുമൊക്കെ ചെന്നുകൂടിയവരെ വലിച്ചിറക്കി കൊണ്ടുവന്ന് ഹൈറേഞ്ചിലെ കൊലപാതകങ്ങള്‍ക്കുപിന്നാലെ നടക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനടപടികളും ഭരണപരാജയവും ഒരുവര്‍ഷത്തെ ഭരണത്തിനിടയില്‍ സംസ്ഥാനത്ത് രൂപപ്പെട്ട ജാതി- മത സ്പര്‍ധയും മറച്ചുപിടിക്കാന്‍ ക്വട്ടേഷനെടുത്ത മാധ്യമങ്ങളുടെ യഥാര്‍ഥ മുഖമാണ് അരീക്കോട് ഇരട്ടക്കൊല റിപ്പോര്‍ട്ടുചെയ്ത രീതിയിലൂടെ മറനീക്കിയത്.

***

കെ എം മോഹന്‍ദാസ്

No comments:

Post a Comment