മാധ്യമങ്ങളും സര്‍ക്കാരും കൂടി ആടിനെ പട്ടിയാക്കുകയാണെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. പൊലീസ് ഉദ്യോഗസ്ഥരെ പൊതുയോഗത്തില്‍ പേരെടുത്തുപറഞ്ഞ് കരീം വിമര്‍ശിച്ചെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തത്, അങ്ങനെ ചെയ്യുന്നത് ഭയങ്കര തെറ്റാണ് എന്ന ധാരണയുണ്ടാക്കാനാണ്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്ത സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ക്രൂരമായ മൂന്നാംമുറ ഉപയോഗിച്ചതിനെയും പാര്‍ടി നേതാക്കളെ കള്ളക്കേസില്‍പെടുത്തുന്നതിനെയുമാണ് കരീം പൊതുയോഗങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും വിമര്‍ശിച്ചത്. മൂന്നാംമുറ പ്രയോഗിച്ച ചില ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഇന്നല്ലെങ്കില്‍ നാളെ പൊലീസ് ഉദ്യോഗസ്ഥര്‍ നിയമത്തിന് മുമ്പില്‍ സമാധാനം പറയേണ്ടിവരുമെന്നാണ് കരീം പറഞ്ഞത്.
നിയമവാഴ്ചയ്ക്ക് വിലമതിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ വന്നാല്‍, നിയമപ്രകാരമുള്ള ഭവിഷ്യത്ത് ഇത്തരം ഉദ്യോഗസ്ഥര്‍ അനുഭവിക്കേണ്ടിവരുമെന്നത് സത്യമാണ്. അത് ഉദ്യോഗസ്ഥരെ ഓര്‍മപ്പെടുത്താന്‍ ഓരോ പൗരനും അവകാശമുണ്ട്. ജനപ്രതിനിധിയും രാഷ്ട്രീയനേതാവുമായ കരീം, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം നിര്‍വഹിക്കുന്നത് പൗരന്റെ കടമയാണ്.
പി ജയരാജനെതിരെ കേസെടുത്തത് വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞതിനാണ്. നിയമവിരുദ്ധമായി നീങ്ങീയാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് പറയുന്നതില്‍ എവിടെയാണ് ഭീഷണി? നിയമം അനുസരിക്കാതെ സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ടികള്‍ക്കും വിടുപണി ചെയ്യുന്നവര്‍ നാളെ നിയമത്തിന് മുമ്പില്‍ സമാധാനം പറയേണ്ടിവരുമെന്ന് ഓര്‍മിപ്പിക്കുന്നത് എങ്ങനെ ഭീഷണിയാകും? ഇക്കാര്യം കൂടെക്കൂടെ പൊലീസ് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുകയും പൗരാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ബാധ്യതയുണ്ട്.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ വൈകിയാണെങ്കിലും നിയമത്തിന് മുമ്പില്‍ വന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. നക്സല്‍ വര്‍ഗീസിനെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിട്ട ലക്ഷ്മണ ഇപ്പോള്‍ ജയിലിലാണ്. അതുകൊണ്ട് ഇരുട്ട് മാറി വെളിച്ചം വരുമെന്നും അപ്പോള്‍ പിടിക്കപ്പെടുമെന്നും കള്ളന്മാരെ ഓര്‍മിപ്പിക്കുന്നവര്‍ നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവരാണ്.
മുസ്ലിം ലീഗ് നേതാക്കളുടെ അച്ചാരം വാങ്ങി വീടുകളിലേക്ക് പൊലീസുകാര്‍ വന്നാല്‍ നേരിടാന്‍ മുളക്വെള്ളം കരുതിവയ്ക്കണമെന്ന് എം വി ജയരാജന്‍ സ്ത്രീകളോട് അഭ്യര്‍ഥിച്ചതുപോലും ഭീഷണിയാണെന്ന് നിയമം അറിയുന്നവരാരും വാദിക്കില്ല. നിയമവിരുദ്ധ പ്രവൃത്തിയില്‍നിന്നുള്ള സ്വയംരക്ഷയ്ക്ക് ഓരോ പൗരനും അവകാശമുണ്ട്. അത് ഓര്‍മിപ്പിക്കുകയേ ജയരാജന്‍ ചെയ്തുള്ളു. എന്നാല്‍, കേസില്‍ സാക്ഷി പറയാന്‍ പോകുന്നവര്‍ തിരിച്ച് ജീവനോടെ വീട്ടിലെത്തില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ ബഷീര്‍ 2008 നവംബറില്‍ എടവണ്ണയില്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചത് തീര്‍ച്ചയായും ഭീഷണിയാണ്, നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. ഒരുതരത്തില്‍ ജുഡീഷ്യറിയെ പോലും ഭീഷണിപ്പെടുത്തുകയാണ് ബഷീര്‍ ചെയ്തത്. അതിനെതിരെ എടവണ്ണ പൊലീസ് കേസ് എടുത്തിരുന്നു. എന്നാല്‍, മഞ്ചേരി മുന്‍സിഫ് കോടതിയിലുള്ള കേസ് യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 2012 ജനുവരിയില്‍ പിന്‍വലിച്ചു. മുസ്ലിം ലീഗിന്റെ ആവശ്യത്തിന് വഴങ്ങിയാണ് ഇത് ചെയ്തത്. നിയമവാഴ്ചയെയും കോടതിയെയും വെല്ലുവിളിച്ച കേസ് പിന്‍വലിച്ചവരാണ് ഇപ്പോള്‍ പൊലീസിന്റെ നിയമവിരുദ്ധ നടപടികളെ എതിര്‍ക്കുന്നവരുടെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത്.
***
പി പി അബൂബക്കര്‍
No comments:
Post a Comment