Tuesday, June 12, 2012

കൊച്ചനിയന്റെ കൊല പുനരന്വേഷിക്കണം: അമ്മ


കോണ്‍ഗ്രസുകാര്‍ പ്രതികളായ കൊച്ചനിയന്‍ കൊലക്കേസ് പുനരന്വേഷിക്കണമെന്ന് കൊച്ചനിയന്റെ അമ്മ അമ്മിണി ആവശ്യപ്പെട്ടു. എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയന്റെ യഥാര്‍ഥ ഘാതകരെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുകയായിരുന്നെന്ന് തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് കൊച്ചനിയന്റെ അമ്മയുടെ പ്രതികരണം.

"20 വര്‍ഷമായി എന്റെ പൊന്നുമോന്‍ വിട്ടുപിരിഞ്ഞിട്ട്. അവനെയോര്‍ത്ത് കണ്ണീരുവാര്‍ക്കാത്ത ദിവസമില്ല. ഒരു തെറ്റും ചെയ്യാത്ത എന്റെ മോന്‍, എന്തിനവന്റെ നെഞ്ചിലവര്‍ കത്തി കേറ്റി... ഇപ്പോള്‍ കേള്‍ക്കുന്നു യഥാര്‍ഥ പ്രതികളെ രക്ഷിച്ചെന്ന്. എത്ര വൈകിയായാലും യഥാര്‍ഥ കൊലയാളികളെ പിടികൂടിയേ പറ്റൂ." വാക്കുകള്‍ കിട്ടാതെ അമ്മിണി വിതുമ്പി.

കേസില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും അയാളെ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുകയായിരുന്നുവെന്നുമാണ് ഒന്നാം പ്രതിയായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാര്‍ വെളിപ്പെടുത്തിയത്. മന്ത്രി സി എന്‍ ബാലകൃഷ്ണനായിരുന്നു അക്കാലത്ത് ഡിസിസി പ്രസിഡന്റ്. എം കെ മുകുന്ദന്‍, മാര്‍ട്ടിന്‍ എന്നീ കെഎസ്യുക്കാരായിരുന്നു മറ്റു പ്രതികള്‍. വിചാരണ കോടതി അനില്‍കുമാറിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വിട്ടയച്ചു. യഥാര്‍ഥപ്രതികളെയല്ല അറസ്റ്റ് ചെയ്തതെന്ന് അക്കാലത്ത് കലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായിരുന്ന ഇപ്പോഴത്തെ ഡിസിസി ജനറല്‍ സെക്രട്ടറി എം ആര്‍ രാമദാസും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വം തന്നെ ചതിക്കുകയായിരുന്നുവെന്നാണ് ഒന്നരവര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച അനില്‍കുമാറിന്റെ വെളിപ്പെടുത്തല്‍. കേസ് പുനരന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായാല്‍ സഹകരിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞിരുന്നു.

1992 ഫെബ്രുവരി 29നായിരുന്നു തൃശൂരിനെ നടുക്കിയ അരുംകൊല. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും കുട്ടനെല്ലൂര്‍ ഗവ. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു ആര്‍ കെ കൊച്ചനിയന്‍. ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ രാമനിലയത്തിനടുത്ത് സ്വാഗതസംഘം ഓഫീസില്‍ ബാഡ്ജ് വാങ്ങാന്‍പോയ കൊച്ചനിയനെ കെഎസ്യു ക്രിമിനലുകള്‍ വകവരുത്തുകയായിരുന്നു. "കൊച്ചനിയന്‍ പോയശേഷം ഞങ്ങള്‍ക്ക് എല്ലാം പാര്‍ടിയാണ്. ഈ വീട് പണിതു തന്നതും പാര്‍ടിയാണ്. എല്ലാ കാര്യത്തിലും താങ്ങും തണലുമായി പാര്‍ടിക്കാരുണ്ട്." അമ്മിണിയും കൊച്ചനിയന്റെ സഹോദരന്‍ രാമചന്ദ്രനും പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലാ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായിരുന്ന മണ്ണുത്തി പട്ടാളക്കുന്ന് രായിരത്ത് കണ്ടന്‍കുട്ടിയുടെയും അമ്മിണിയുടെയും മൂന്നു മക്കളില്‍ ഇളയവനായിരുന്നു കൊച്ചനിയന്‍. കണ്ടന്‍കുട്ടി ആറുവര്‍ഷം മുമ്പ് മരിച്ചു.

deshabhimani 120612

No comments:

Post a Comment