Sunday, June 3, 2012
തിരുവഞ്ചൂരിന്റെ നിയമവിരുദ്ധ സന്ദര്‍ശനം ന്യായീകരിക്കാന്‍ കള്ളക്കഥ
ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ബ്ലോക്കില്‍ കൂട്ടിപ്പോയിട്ടുണ്ടെന്ന വാര്‍ത്ത പൊളിയുന്നു. മന്ത്രിയായ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍പോലും സെന്‍ട്രല്‍ ജയിലില്‍ പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ല. ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യം വ്യക്തമായറിയാം. ജയിലില്‍ നടക്കുന്ന പരിപാടയില്‍ മാധ്യമ പ്രവര്‍ത്തകരെ കത്ത് നല്‍കി ക്ഷണിച്ചത് ജയില്‍ അധികൃതരാണ്. ഇതില്‍ കോടിയേരിക്ക് ഒരു പങ്കുമില്ല. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമവിരുദ്ധമായി മാധ്യമപ്രവര്‍ത്തകരെ ജയില്‍ ബ്ലോക്കിനകത്ത് പ്രവേശിപ്പിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ കള്ളക്കഥ മെനഞ്ഞത്.
മെയ് 21ന് തിരുവഞ്ചൂര്‍ ജയിലിലെത്തിയത് പുതിയ വാര്‍ഡര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കാനാണ്. ജയിലിന് പുറത്തുള്ള പരേഡ്ഗ്രൗണ്ടിലായിരുന്നു പരിപാടി. ചടങ്ങിനുശേഷമാണ് അഞ്ച്, എട്ട് ബ്ലോക്കുകളില്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റി തടവുകാരുടെ ഫോട്ടോ എടുപ്പിച്ചത്. ഈ ബ്ലോക്കുകള്‍ സന്ദര്‍ശിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നില്ല. ചില ഉദ്യോഗസ്ഥരുടെയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഗൂഢാലോചനപ്രകാരമാണ് മന്ത്രി മാധ്യമ പ്രവര്‍ത്തകരെ ഉള്ളില്‍ കയറ്റിയത്. ജിംനേഷ്യം, പാര്‍ടി സ്തൂപം തുടങ്ങി മാധ്യമങ്ങള്‍ നേരത്തെ പ്രചരിപ്പിച്ച കാര്യങ്ങളൊന്നും കാണാനായില്ല. തുടര്‍ന്ന് മന്ത്രി ഈ ബ്ലോക്കുകളിലെ ചുവരില്‍ പതിച്ച സിപിഐ എം നേതാക്കളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. നടന്നുപോകുന്ന തടവുകാരുടെയടക്കം ഫോട്ടോ എടുത്തു. ഇത് തടവുകാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ജയില്‍ ചട്ടങ്ങളുടെ ലംഘനവുമാണ്.
മന്ത്രിയുടെ നിയമവിരുദ്ധ നടപടി വാര്‍ത്തയായത് വലതുപക്ഷ മാധ്യമങ്ങളെ ചൊടിപ്പിച്ചു. ഇവര്‍ പ്രചരിപ്പിക്കുന്ന രീതിയില്‍ ഒന്നുംജയിലില്‍ നടക്കുന്നില്ലെന്ന് പുറംലോകം അറിഞ്ഞതിലുള്ള വൈക്ലബ്യം പുറമെ. ഇതാണ് കള്ളക്കഥയ്ക്കു പിന്നില്‍.
2010 ജൂണ്‍ ഏഴിന് ജയിലിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ഉദ്ഘാടനത്തിന് വന്നപ്പോള്‍ കോടിയേരി മാധ്യമപ്രവര്‍ത്തകരെ ജയിലിനകത്ത് കൊണ്ടുപോയെന്നാണ് ഒരു പ്രചാരണം. ഈ പരിപാടിക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചത് ജയില്‍ സൂപ്രണ്ടാണ്. അന്ന് കോടിയേരിയും മാധ്യമ പ്രവര്‍ത്തകരും ബ്ലോക്കുകളില്‍ പോയിരുന്നില്ല. ഇ കെ നായനാരും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ പോയിട്ടുണ്ടെന്നത് ശരിയാണ്. അവരൊന്നും മാധ്യമപ്രവര്‍ത്തകരെ കൂട്ടി ബ്ലോക്കുകളില്‍ പോയി തടവുകാരുടെ ഫോട്ടോ എടുത്തിരുന്നില്ല. 2011 മെയ് നാലിന് ജയില്‍ എഡിജിപി അലക്സാണ്ടര്‍ ജേക്കബ് ചപ്പാത്തി നിര്‍മാണയന്ത്രം ഉദ്ഘാടനംചെയ്തപ്പോള്‍ അധികൃതരുടെ ക്ഷണപ്രകാരം മാധ്യമ പ്രവര്‍ത്തകര്‍ പോയിരുന്നു. ജയില്‍ ബ്ലോക്കിനകത്ത് നേതാക്കളുടെ ചിത്രം വരച്ചതും പതിച്ചതും വലിയ പാതകമായാണ് വ്യാഖ്യാനിക്കുന്നത്. യഥാര്‍ഥത്തില്‍ ജയില്‍ ചുവരുകളില്‍ രാഷ്ട്രീയ നേതാക്കളേക്കാള്‍ സിനിമാ നടീനടന്മാരുടെയും ദൈവങ്ങളുടെയും ചിത്രങ്ങളാണ്. 25 വര്‍ഷം മുമ്പ് വരച്ച ചിത്രങ്ങള്‍വരെയുണ്ട്. രാഷ്ട്രീയനേതാക്കളില്‍ സിപിഐ എമ്മുകാരുടേത് മാത്രമല്ല, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരുടെയും ചിത്രങ്ങളുണ്ട്. ഇതൊക്കെ വലിയ രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ കടുത്ത മനോവൈകല്യമാണ്.
deshabhimani 030612
Labels:
കണ്ണൂര്‍,
നുണപ്രചരണം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment